Image

മാവേലി വാണീടും കാലം (തോമസ് കളത്തൂര്‍)

Published on 11 September, 2017
മാവേലി വാണീടും കാലം (തോമസ് കളത്തൂര്‍)
ഏതൊരു സംസ്കാരത്തെ എടുത്തു പരിശോധിച്ചാലും, അതിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പൗരാണികമായ മിത്തുകളും ആയി ബന്ധപ്പെട്ടിരിക്കുന്നു. മലയാളികളായ നമ്മുടെ മനസ്സിന്റെ തിരശ്ശീലയില്‍ നിന്ന് മാവേലിയും തൃക്കാക്കര അപ്പനുമൊക്കെ മാഞ്ഞുപോകാന്‍ തുടങ്ങിയാലും, ഓണക്കോടിയും, പൂവിടീലും, ഇലയിട്ടു സമൃദ്ധമായ ഊണും, ഓണത്തെ ഒരു ""ഹര''മാക്കി മാറ്റുന്നു; സമൃദ്ധിയുടെ പുനരാഗമനത്തിന്റെ സ്വപ്നസാക്ഷാത്കാരങ്ങളായി. കന്നിക്കൊയ്ത്തും, പൂവിളികളും അന്യമാകുമ്പോഴും, നന്മയുടേയും ശുഭപ്രതീക്ഷയുടേയും കൈത്തിരികളുമായി, ""ഓണക്കാലം'' പ്രസാദാത്മകമായ മലയാളത്തനിമയുടെ ഉത്സവമായി മാറുന്നു. ഈ ഉത്സവദിനങ്ങളെ പുളകിതമാക്കുവാന്‍, ""എന്റെ ഓണാശംസകള്‍.''

ഭാരതത്തിന്റെ തെക്കുപടിഞ്ഞാറെ കോണില്‍, സസ്യശ്യാമള കോമളമായ ""ദൈവത്തിന്റെ സ്വന്തം നാട്'' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കൊച്ചു "കേരളം'; ഒരു കളിവള്ളത്തിന്റെ ലാവണ്യത്തോടെ, അറബിക്കടലിന്റെ തലോടലേറ്റ്, സഹ്യപര്‍വ്വതത്തിന്റെ തണലില്‍ വിശ്രമിക്കുന്നു. ഇടവപ്പാതിയിലെ ""കോള്'' ആ സൗന്ദര്യധാമത്തെ ഈറനണിയിച്ചു. വെള്ളപ്പൊക്കവും കൃഷിനാശവും ഒക്കെയായി കടന്നുവരുന്ന ""മിഥുനവും'' കടന്ന് പഞ്ഞ കര്‍ക്കിടകത്തില്‍ എത്തുന്നു. ഈ പഞ്ഞവും പട്ടിണിയും പരിവട്ടവും തരണം ചെയ്യാന്‍ ശക്തിയും ആവേശവും നല്കുന്നത്, പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണത്തെപ്പറ്റിയുള്ള സ്വപ്നങ്ങളാണ്. പൊന്നിന്‍ ചിങ്ങം കേരളത്തിന്റെ രൂപവും ഭാവവും ആകെ മാറ്റുകയാണ്. എവിടേയും പൂക്കളും വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടങ്ങളും. പൊന്നോണത്തിന്റെ വരവേല്പിന് പ്രകൃതി തോരണങ്ങള്‍ കെട്ടുകയാണ്. ഭൂമിയെ അലങ്കരിക്കുകയാണ്. പൂക്കളും ഊഞ്ഞാലുകളും, കടുവാകളിയും എവിടേയും ആഹ്ലാദത്തിമിര്‍പ്പ്. കാണം വിറ്റും ഓണമുണ്ണാന്‍ മലയാളിക്കു മടിയില്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു. മതവ്യത്യാസങ്ങളില്ലാതെ, ഉച്ഛനീചത്വങ്ങളില്ലാതെ എല്ലാവരും ഒന്നു ചേര്‍ന്നു സന്തോഷിക്കുന്ന അസുലഭ സന്ദര്‍ഭം.

മലയാളി എവിടെ പോയാലും ഓണവും ക്രിസ്തുമസും ഒക്കെ കൂടെയുണ്ടാവും. "ഓണാഘോഷം' മലയാളിക്കു മാത്രമല്ല പ്രവാസത്തില്‍ കൊച്ചിയിലും കൊല്ലത്തുമൊക്കെയായി താമസിച്ച ജൂതന്മാര്‍, തിരികെ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍, കേരളത്തില്‍ നിന്ന് ""ഓണം''കൂടി കൊണ്ടുപോകാന്‍ മറന്നില്ല. ഇന്നും യഹുദന്മാര്‍, ഇസ്രയേലില്‍ ഓണം ആഘോഷിക്കുന്നു എന്ന വാര്‍ത്ത നമുക്ക് അഭിമാനം തരുന്നതാണ്. കേരളത്തില്‍ നിന്ന്, ഭൂമിയുടെ മറുപുറത്ത് എത്തിയിട്ടും നമ്മുടെ ഐതീഹ്യങ്ങള്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു, നമ്മളെ ഒന്നിച്ചുചേര്‍ക്കുന്നു. ഇത്രയും ആളുകള്‍ ഓണാഘോഷത്തിനായി കൂടിയിരിക്കുന്നതു കാണുമ്പോള്‍ സന്തോഷമാണുണ്ടാവുക. വര്‍ഗ്ഗീതയുടെ തീക്കനലുകള്‍ പലയിടത്തും നാശം വിതയ്ക്കുമ്പോള്‍, മതസൗഹാര്‍ദ്ദത്തിന്റേതായ ഈ കൂട്ടായ്മ സമാധാനത്തിന്റെ കിരണങ്ങളെ ലോകത്തിനു സമ്മാനിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വര്‍ദ്ധിപ്പിക്കുവാനാണ്, ഐതീഹ്യങ്ങള്‍.

ഒരു ഐതീഹ്യവും ഒരു മതത്തിനും പൂര്‍ണ്ണമായി അവകാശപ്പെടാനാവില്ല. ഒന്നു ചിന്തിച്ചാല്‍, ഒരു മതത്തിനും ""തനതായ തനിമ''യ്ക്കുവേണ്ടി വാദിക്കാനുമാവില്ല. കാരണം എല്ലാം പങ്കുവെച്ചുണ്ടായതാണ്. സംസ്കാരങ്ങള്‍ അന്യോന്യം പങ്കുവെയ്ക്കുകയാണ്. ശബരിമല ശാസ്താവിന്റെ രൂപം ബൗദ്ധമാതൃകയിലാണ് കൊത്തിയിരിക്കുന്നത്. ശരണം വിളികള്‍ ബുദ്ധന്റെ ""ശരണത്രയങ്ങളെ'' ഓര്‍മ്മിപ്പിക്കുന്നു. -ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി - അഭിമാനിക്കാനായുള്ളത്, ശബരിമലയില്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നു എന്നതാണ്. ക്രിസ്ത്യന്‍ പള്ളിയും വാവരുടെ മുസ്ലീം പള്ളിയും ശബരിമല അയ്യപ്പ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിത്തീരുന്നു.

യഹൂദ അഥവ എബ്രായ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു, ഇസ്ലാമിക ചരിത്രവും. അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ഈ സ്വാധീനം കാണാവുന്നതാണ്. ഈ പങ്കുവെയ്ക്കല്‍ സംസ്കാരങ്ങളോടൊപ്പം സഞ്ചരിക്കുന്നു. പേര്‍ഷ്യരും യവനരും എല്ലാം അന്യോന്യവും മറ്റു സംസ്കാരങ്ങള്‍ക്കും സംഭാവനകള്‍ നല്‍കിയവരാണ്. വിശ്വാസങ്ങളും ഐതീഹ്യങ്ങളും കൂടിക്കലര്‍ന്ന് മുന്നോട്ടു പോകുന്നു. ഇവയെ കയറ്റിയ മതങ്ങളുടെ തോണി, നമ്മുടെ കടവിലടുക്കും മുമ്പ്, എത്രയോ കടവുകള്‍ കടന്നിരിക്കുന്നു, ഏതെല്ലാം കയറ്റിറക്കുമതികള്‍ നടന്നിരിക്കണം. ഇന്ന്, നൂറ്റാണ്ടുകളുടെയല്ലാ, സഹസ്രാബ്ദങ്ങളുടെ യാത്ര കഴിയാഞ്ഞാണെത്തിയിരിക്കുന്നത്. നമ്മുടേതെന്ന് കരുതി യുദ്ധം ചെയ്യുന്ന പലതിലും, നമ്മുടേതല്ലാത്ത എത്രയധികം, ഉള്‍ക്കൊള്ളുന്നു എന്ന് ചരിത്രങ്ങള്‍ പഠിച്ചാല്‍ മനസ്സിലാകും. ചരിത്രങ്ങള്‍ പൂര്‍ണ്ണ സത്യമായിരിക്കില്ല. വിട്ടുകളഞ്ഞതും വിട്ടുപോയതും കൂട്ടിച്ചേര്‍ത്തതുമൊക്കെ ഉണ്ടാവാം. അതുകൊണ്ട് സത്യത്തെപ്പറ്റിയും ഒരു ധാരണ വേണം.

സംസ്കാരങ്ങള്‍ പങ്കുവെയ്ക്കുന്നു. ഭക്ഷണക്രമങ്ങള്‍, ആരോഗ്യ ശാസ്ത്രങ്ങള്‍, ജീവിതക്രമങ്ങള്‍, മര്യാദകള്‍, ഭാഷകള്‍ എല്ലാം പങ്കുവെയ്ക്കുകയാണ്. വീണ്ടും പറയട്ടെ, വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒക്കെ പങ്കുവെച്ചുണ്ടായതാണ്. അറിവുകള്‍, ശാസ്ത്രങ്ങള്‍, ഒക്കെ പങ്കുവെയ്ക്കുന്നു. പല പ്രഭാഷണങ്ങളില്‍ നിന്ന് കേട്ടതും പല പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ഈ ലേഖനത്തിന്റെ/പ്രഭാഷണത്തിന്റെ ഉള്ളടക്കമായിത്തീരുന്നു, പങ്കുവെയ്ക്കലിന്റെ ഉദാഹരണമായി. ഈ സത്യം മനസ്സിലാക്കുമ്പോള്‍ മത വൈരാഗ്യത്തിന് അര്‍ത്ഥമില്ലാതാകും. ഐതീഹ്യങ്ങള്‍ അന്യോന്യം സ്‌നേഹിക്കാനും സഹകരിക്കാനും പഠിപ്പിക്കുന്നതാണ്. മാത്സര്യം ഉണ്ടാക്കാനല്ല. പ്രാദേശികവും മതപരവുമായ വിഭജനം ആവശ്യമില്ല, കാരണം എല്ലാം അന്യോന്യം പങ്കുവെച്ചുണ്ടായതാണ്.

പേര്‍ഷ്യയില്‍ സൂര്യാരാധന നിലനിന്നു. റോമര്‍ പേര്‍ഷ്യയെ കൈവശപ്പെടുത്തിയപ്പോള്‍ സൂര്യാരാധന റോമിലുമെത്തി. എ.ഡി. 4-ാം നൂറ്റാണ്ടില്‍ റോമാക്കാര്‍ ക്രിസ്തുമതം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചപ്പോള്‍, സൂര്യദേവന്റെ ജന്മദിവസമായി കണക്കാക്കിയിരുന്ന ""ഡിസംബര്‍ 25'', ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങി. ശ്രീകൃഷ്ണഭഗവാനെപ്പോലെ, കാല്‍ മടമ്പില്‍ അമ്പേറ്റു മരിച്ചു, യവനപുരാണത്തിലെ ""അക്വിലസ്''. അതായിരിക്കുമോ കാല്‍മടമ്പിലെ ഞരമ്പിന് ""അക്വിലസ് ടെന്‍ടന്‍'' എന്ന പേര് ലഭിക്കാനിടയായത്. കല്ലുരുട്ടി മലമുകളില്‍ എത്തിച്ചിട്ട്, താഴേക്ക് തിരികെ ഉരുട്ടിവിട്ട് പൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന്‍, യവന പുരാണത്തില്‍ "സിസിഫിസ്' എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നു. ഹൈന്ദവ വേദങ്ങളിലെ "പ്രജാപതിയും' യേശുക്രിസ്തുവും തമ്മില്‍ ജനന മരണങ്ങള്‍ അടക്കം താദാത്മ്യം പ്രാപിക്കുന്നതു കാണാം. പ്രാചീന അസീറിയക്കാര്‍ നടപ്പിലാക്കിയ ""60'' സെക്കന്റ് മിനിറ്റുകളുടെ കണക്കുകള്‍ 6000 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു പ്രാദേശികതയും ഇല്ലാതെ എല്ലാ മനുഷ്യരും സ്വീകരിച്ച് അനുകരിക്കുന്നു; അതുപോലെ ഒരാഴ്ചക്ക് "7' ദിവസം എന്ന കണക്കും. അസീറിയായിലെ 14 ചക്രവര്‍ത്തിമാരുടെ ഒരു പരമ്പര തന്നെ "ബലി' എന്ന പേരിലായിരുന്നു. മഹാബലി അവരില്‍ ഒരാളായിക്കൂടാ എന്നും പറയാനാവില്ല.

ഓണാഘോഷം എങ്ങനെ ഉത്ഭവിച്ചു എന്നതിനെപ്പറ്റിയും പല കഥകള്‍ പറയപ്പെടുന്നു. സിദ്ധാര്‍ത്ഥന്‍ രാജകുമാരന്‍ ബോധോദയത്തിനുശേഷം "ശ്രമണ'പദത്തിലേക്ക് പ്രവേശിച്ചത് "ശ്രാവണ' മാസത്തില്‍ ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പ്രബലമായി ബുദ്ധമതം വളര്‍ന്നു വരികയും, അവര്‍ ഓണക്കോടിയും മഞ്ഞപ്പൂക്കളുമായി അതിനെ കൊണ്ടാടുകയും ചെയ്തു. ശ്രവണപദത്തിലേക്ക് പ്രവേശിക്കുന്നവര്‍ മഞ്ഞവസ്ത്രം സ്വീകരിക്കുന്നു. തിരുവോണമുള്‍ക്കൊള്ളുന്ന ശ്രാവണമാസം പാലിയിലേക്ക് ഭാഷാന്തരം ചെയ്ത് ""ആവണം'' എന്നും കാലാന്തരത്തില്‍ ""ഓണ''മെന്നും മാറുകയുണ്ടായി. കടലില്‍ നിന്ന് മഴുവെറിഞ്ഞ് കേരളത്തെ ഉയര്‍ത്തിയെടുത്ത പരശുരാമന്‍, ബ്രാഹ്മണരുടെ യാചനയ്ക്കുത്തരമായി വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്നേല്‍ക്കുകയുണ്ടായി. അത് ഓണമായി ആഘോഷിക്കുന്നു എന്നും പറയപ്പെടുന്നു. മറ്റൊന്ന് ചേരമാന്‍ പെരുമാള്‍ മെക്കയിലേക്ക് തീര്‍ത്ഥാടനം നടത്തിയതിന്റെ ഓര്‍മ്മയാണെന്നും; ബുദ്ധമത വിശ്വാസിയായിത്തീര്‍ന്നതിനാല്‍ നിഷ്കാസിതനാക്കി നാടുകടത്തിയെന്നും, ജനങ്ങളെ സമാധാനിപ്പിക്കാന്‍ എല്ലാ വര്‍ഷവും ഒരു പ്രാവശ്യം നാടു സന്ദര്‍ശിക്കാന്‍ അനുവാദം കൊടുത്തു എന്നും, അതു ഓണമായി ആഘോഷിക്കുന്നു എന്നും പറയപ്പെടുന്നു.

ഇങ്ങനെ ഐതീഹ്യങ്ങളും ചരിത്രങ്ങളും വിവിധങ്ങളായി സംസാരിക്കുന്നു, സൗകര്യാര്‍ത്ഥം. ഏതായാലും ഒരിക്കല്‍ പുഷ്കരമായിരുന്ന ഒരു സംസ്കൃതിയുടെ ഓര്‍മ്മകളാണ് ""ഓണാഘോം''. നമുക്ക് ചരിത്രങ്ങളോട് മത്സരിക്കാനാവില്ല. തിരികെ കൊണ്ടുവന്ന് പരിശോധിക്കാനാവില്ലല്ലോ. ഐതീഹ്യങ്ങളെ ഇഴകീറി അപഗ്രഥിക്കാതെ, അതിലെ നല്ല മൂല്യങ്ങളെ ആഘോഷിക്കണം. ഒന്നിക്കാനും സന്തോഷിക്കാനുമുള്ള അവസരങ്ങളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തണം. ""ഓണം'' ഭരണസാരഥികള്‍ക്കുള്ള ഒരു താക്കീതു കൂടിയാണ്. ജനങ്ങള്‍ക്കുവേണ്ടി സത്യസന്ധമായി ഭരിച്ചാല്‍, ഭരണാധികാരികളെ വരവേല്‍ക്കാന്‍ എന്നും ജനങ്ങളുണ്ടാവും, നൂറ്റാണ്ടുകള്‍ പിന്നിട്ടാലും.

ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ നിവാസികള്‍ക്ക് പങ്കുവയ്ക്കലിന്റെ അടിസ്ഥാനപാഠം നേരില്‍ കണ്ടനുഭവിക്കാനായി ഒരു അവസരമായിരുന്നു ""ഹാര്‍വി'' എന്ന കൊടുങ്കാറ്റ് പ്രദാനം ചെയ്തത്. ജീവനുവേണ്ടിയും സ്വകുടുംബത്തിന്റെ രക്ഷയ്ക്കായും ജനലക്ഷങ്ങള്‍ പാലായനം ചെയ്യുകയായിരുന്നു. വെള്ളപ്പാച്ചിലിനെ അവഗണിച്ചുകൊണ്ട് വാഹനങ്ങള്‍ക്കും വാസ സ്ഥലങ്ങള്‍ക്കുമൊപ്പം പലരുടേയും ജീവനും, ഈ അത്യാഹിതം കവര്‍ന്നെടുത്തു. മഞ്ഞപ്പിത്തക്കാരന്‍ കാണുന്നതെല്ലാം ""മഞ്ഞ'', എന്ന പഴമൊഴിപോലെ, പലരും ഈ പ്രകൃതിക്ഷോഭത്തിന്റെ കാരണങ്ങളെ പാണ്ഡിത്യത്തോടെ വിലയിരുത്തി. എന്നാല്‍ ഒന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ തങ്ങളുടെ ജീവനെപ്പോലും വിലകല്പിക്കാതെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചു. ഹെലികോപ്റ്ററും ബോട്ടും വണ്ടികളും ഒക്കെ ഉപയോഗിച്ച് നിരന്തരമായി, രക്ഷാപ്രവര്‍ത്തനം ചെയ്തു. അവരുടെ സ്വന്തം ആരോഗ്യവും ജീവനും വരെ മറ്റുള്ളവരുടെ രക്ഷക്കായി പങ്കുവെയ്ക്കാന്‍ തയ്യാറായി. കൊടുങ്കാറ്റും വെള്ളപ്പാച്ചിലും അവരെ പിന്തിരിപ്പിച്ചില്ല. പ്രതിഫലേച്ഛ കൂടാതെ കഷ്ടപ്പെട്ട ഇവരാണ് സാക്ഷാല്‍ ""ഹീറോസ്'', അഥവാ ""പുണ്യാളര്‍'' ഈ ""പാപ പങ്കിലമായ ലോകത്തിലെ പാപികള്‍'' എന്നു ചിലര്‍ മറുപേരിട്ടു വിളിക്കുന്ന ഈ മനുഷ്യരുടെ ""നന്മ'' കാണാന്‍ കണ്ണു തുറക്കേണ്ടിയിരിക്കുന്നു. പലരുടേയും കണ്ണുകള്‍ ആത്മീയ അഹങ്കാരത്തിലും അസൂയയിലും വെറുപ്പിലും അന്ധമായിപ്പോയി. ഈ മനുഷ്യരെ അനുമോദിക്കുന്നതോടൊപ്പം മനസ്സുകൊണ്ട് വണങ്ങുക കൂടി വേണം. എല്ലാം പങ്കുവെച്ചുണ്ടായതാണ്. ഈ പങ്കുവെയ്ക്കല്‍ ഒരു സംസ്കാരമായി മാറണം. ജീനുകള്‍ വരെ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയിലാകമാനം ഈ സത്യം കാണാവുന്നതാണ്. അങ്ങനെ നാം ഒന്നായിത്തീരേണ്ടതാണ്. അത് സത്യം... മനസ്സിലാക്കാത്തത്... തെറ്റ്. മനസ്സിലാക്കാനും പരിചയിക്കാനും ഓണം പോലുള്ള ഈ കൂടിവരവുകള്‍ സഹായിക്കട്ടെ.

പൂര്‍വ്വകാല ചരിത്രങ്ങളില്‍ നാം ആക്രമണങ്ങളും കൊള്ളയും കൂട്ടക്കൊലകളും കാണുന്നു. അന്ന് ""സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്'' എന്ന വന്യവും കിരാതവുമായ മാനസികാവസ്ഥയി ലായിരുന്നു, സമൂഹം. കാലത്തിന്റെ പ്രവാഹത്തില്‍ മനസ്സുകളുടെ മാലിന്യങ്ങള്‍ അടിഞ്ഞുതാണു. മതങ്ങളിലും സാഹിത്യത്തിലും സ്‌നേഹത്തിന്റെ കതിരുകള്‍ പൊന്തിവന്നു. ബുദ്ധനും ക്രിസ്തുവും ഒക്കെ ഭൂമിയില്‍ അവതരിച്ചു. വാല്മീകി രാമായണമെഴുതി. സ്‌നേഹത്തിന്റെയും അന്യോന്യം കരുതലിന്റെയും ആവശ്യകത മനസ്സിലാക്കാന്‍ തുടങ്ങി. ഇന്ന് ഹ്യൂസ്റ്റന്‍ നഗരി നേരിട്ട, സംഹാരമൂര്‍ത്തിയായി താണ്ഡവമാടിയ ""ഹാര്‍വി'' കൊടുങ്കാറ്റിനെ ചങ്കുവിരിച്ച് നേരിട്ട, സാഹോദര്യത്തിന്റെ, സൗഹൃദത്തിന്റെ കൂട്ടായ്മയുടെ ദൃശ്യങ്ങളെ ഈറനണിഞ്ഞ കണ്ണുകളോടെയേ, നോക്കിക്കാണാനാവു. ഭയവും അസഹനീയതയും മുറ്റുന്ന കണ്ണുകളോടെ പകച്ചു നീങ്ങുന്ന കുഞ്ഞുങ്ങളും രോഗികളും വൃദ്ധരും വളര്‍ത്തുമൃഗങ്ങളും, അപകടകാരികളായ ചീങ്കണ്ണികളും ഒക്കെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടുന്നതും സുരക്ഷിതത്വത്തില്‍ എത്തിക്കുന്നതും ഈ അപരിചിത മനുഷ്യരാണ്. ഇവിടെ നിറവും മതവും പ്രാദേശികതയും എല്ലാം, എല്ലാവരും വിസ്മരിച്ചു. എല്ലാം പങ്കുവെയ്ക്കാന്‍ തയ്യാറായി, ജീവന്‍ വരെ. സമൂഹമനസ്സിന്റെ ശുദ്ധീകരണമാണ് ഇവിടെ നടന്നത്. എല്ലാ ആഘോഷങ്ങള്‍ക്കും അപ്പുറത്തേക്ക് മനുഷ്യന്‍ വളര്‍ന്നു വലുതായി, ആവശ്യങ്ങള്‍ക്കനുസൃതമായി. പങ്കുവെയ്ക്കലിന്റെ മകുടോദാഹരണമായി കാലം ഈ സംഭവത്തെ രേഖപ്പെടുത്തും. എന്നാല്‍ ഈ ദുരന്തത്തെ ആഘോഷിക്കാനും, സ്വന്ത താല്പര്യസംരക്ഷണക്കായി ജനപ്രീതി നേടാനും ശ്രമിക്കുന്നവര്‍ കുതന്ത്രങ്ങളുമായി എന്നും എവിടേയും ഇടിച്ചുകേറും. അവരുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കി അവരെ അവഗണിക്കുകയാണ് ഈ സന്ദര്‍ഭത്തിനുത്തമം എന്നു തോന്നുന്നു. നമുക്ക് പങ്കുവെയ്ക്കലിന്റെ സംസ്കാരം തുടരാം.
ഓണാശംസകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക