Image

ഏകദിന നിരാഹാര പ്രാര്‍ത്ഥനയും പ്രതിഷേധവും

സാജന്‍ ജോസ് Published on 13 September, 2017
ഏകദിന നിരാഹാര പ്രാര്‍ത്ഥനയും പ്രതിഷേധവും
ലയിറ്റിസ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ സിറോ മലബാര്‍ പള്ളിയില്‍ ഏകദിന നിരാഹാര പ്രാര്‍ത്ഥനയും പ്രതിഷേധവും

ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ കുട്ടികള്‍ക്ക് മലയാളഭാഷയില്‍ ആരാധനച്ചടങ്ങുകളില്‍ പങ്കെടുക്കുവാനുള്ള അവസരമുണ്ടാക്കുക, പള്ളിഭരണസമിതികളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, ഫണ്ട് വിനിയോഗങ്ങള്‍ സുതാര്യമാക്കുക, ACH/EFT (Automated Clearing House/ electronic funds transfer) പോലുള്ള നിര്‍ബന്ധിത പിരിവുകളില്‍ നിന്നും സാധാരണക്കാരെ ഒഴിവാക്കുക, തുടങ്ങി ഇടവകജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു പറ്റം ഇടവകക്കാര്‍ക്കെതിരെ പള്ളി ഭരണ സമിതി വക്കില്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

വലിയ കുറ്റങ്ങള്‍ക്ക് ചുമത്തേണ്ട വകുപ്പുകളിട്ടാണ് വക്കില്‍ നോട്ടീസ് ഇമെയിലിലും, സര്‍ട്ടിഫൈഡ് പോസ്റ്റിലും എത്തിച്ചു കൊടുത്തിരിക്കുന്നത്. കാലിഫോര്‍ണിയ പീനല്‍ കോഡ് 182 - കുറ്റകരമായ ഗൂഢാലോചന, 236 അന്യായമായി തടവില്‍ പാര്‍പ്പിക്കുക, 302 ആരാധന തടസപ്പെടുത്തല്‍, 246 അക്രമവും പീഡനവും തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നോട്ടീസ്.

ഇതിനെതിരെ ശക്തമായ പ്രതിക്ഷേധപരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന രൂപീകരിച്ച് നീതിതേടിയുള്ള ഇടവക്കാരുടെ പരിശ്രമങ്ങളില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സുമനസ്സുകളുടെ സഹകരണത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്ത് ഞായറാഴ്ച ഏകദിന നിരാഹാര പ്രാര്‍ത്ഥനാ യജ്ഞം പള്ളിപ്പരിസരത്ത് സംഘടിപ്പിക്കുകയുണ്ടായി.

രാവിലെ ഏഴുമണിക്ക് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനാ സമരത്തില്‍ ലെയിറ്റിസ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ എട്ടോളം പ്രവര്‍ത്തകന്‍ ആദ്യന്തം പങ്കെടുത്തു. പ്രതിനിധികളെ നിരവധി ഇടവകാംഗങ്ങളെത്തി അഭിവാദ്യം ചെയ്തു.

ഇടവകക്കാരെ അകാരണമായി കള്ളക്കേസില്‍ കുടുക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച എല്ലാ പള്ളിഭരണാധികാരികളും അടിയന്തിരമായി തല്‍സ്ഥാനങ്ങളില്‍ നിന്നും മാപ്പുപറഞ്ഞ് മാറിനില്‍ക്കുക എന്നതാണ് ഈ സഹന സമര യജ്ഞങ്ങളിലൂടെ സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. നീതിലഭിക്കുന്നതുവരെ തുടര്‍ന്നു വരുന്ന എല്ലാ ഞായാറാഴ്ചകളിലും പ്രാധാന്യമുള്ള തിരഞ്ഞെടുക്കപ്പെട്ട മറ്റ് ദിവസങ്ങളിലും സമാനമായ നിരാഹാര പ്രാര്‍ത്ഥനാ യജ്ജങ്ങള്‍ സംഘടിപ്പിക്കും

അമേരിക്കയിലുള്ള ഏല്ലാ സീറോ മലബാര്‍ പള്ളികളിലും യൂണിറ്റുകള്‍ സ്ഥാപിച്ച്, പള്ളികളില്‍ നിന്നുള്ള സാമ്പത്തികവും വിശ്വാസ സംബന്ധവുമായ പീഡനങ്ങളേള്‍ക്കുന്നവരെ ആവശ്യമെങ്കില്‍ നിയമത്തിന്റെ വഴികളില്‍ സഹായിക്കുക എന്നതാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്ന്. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങങ്ങള്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങള്‍ നല്‍കുക എന്നതിലേക്കും സംഘടന ശ്രദ്ധചെലുത്തുന്നുണ്ട് എന്ന് പ്രസിഡണ്ട് ഫ്രാന്‍സ്സിസ്സ് സെബാസ്റ്റ്യന്‍ കുളക്കാട്ടോലിക്കലും നാഷണല്‍ ചെയര്‍മാന്‍ ടോജോ തോമസ്സും വ്യക്തമാക്കി.

ബിജു ആലൂക്കാരന്‍ ലോനായി സെക്രട്ടറിയായും ബിജു മാത്യു മുണ്ടമറ്റം ട്രഷററായും പ്രവര്‍ത്തിക്കുന്ന ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് ആഗോളതലത്തിലുള്ള നിരവധി പ്രവാസി സിറോ മലബാര്‍ അല്മായ കൂട്ടായ്മകളുമായി സഹകരിച്ച് സഭാധികാരികളുടെ തെറ്റായ നീക്കങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നൊരു സമ്മര്‍ദ്ദശക്തിയായി മാറും എന്ന പ്രതീക്ഷയിലാണ് വിശ്വാസിസമൂഹം.

കൂടുതല്‍ വിവരങ്ങള്‍ ലയിറ്റിസ് ഫോര്‍ ജസ്റ്റിസിന്റെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാണ്.

facebook page: https://www.facebook.com/laitiesforjustice/
Website: https://www.laitiesforjustice.org/
ഏകദിന നിരാഹാര പ്രാര്‍ത്ഥനയും പ്രതിഷേധവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക