Image

കുവൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം സമര്‍പ്പിച്ചു

Published on 07 March, 2012
കുവൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം സമര്‍പ്പിച്ചു
കുവൈറ്റ്‌ സിറ്റി: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനും 14ാമത്‌ ദേശീയ അസംബ്ലി സമ്മേളിച്ചതിനും ശേഷം ആദ്യമായി പാര്‍ലമെന്റില്‍ കുറ്റവിചാരണ പ്രമേയം സമര്‍പ്പിക്കപ്പെട്ടു. പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹിനെതിരെ എം.പി സാലിഹ്‌ അല്‍ അശ്‌ഹൂര്‍ ആണ്‌ ഇന്നലെ കുറ്റവിചാരണ പ്രമേയം സമര്‍പ്പിച്ചത്‌.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ബാങ്ക്‌ അക്കൗണ്ട്‌ വിവാദമടക്കമുള്ളവ ഉള്‍ക്കൊള്ളിച്ചാണ്‌ അല്‍ അശ്‌ഹൂര്‍ ഭരണഘടനയുടെ 100ാം ആര്‍ട്ടിക്ക്‌ള്‍ പ്രകാരം കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചത്‌. ഭരണഘടന പ്രകാരം പാര്‍ലമെന്റംഗത്തിന്‌ പ്രധാനമന്ത്രിയടക്കം ഏത്‌ മന്ത്രിക്കുമെതിരെ അവരുടെ അധികാര പരിധിയില്‍പ്പെടുന്ന വിഷയങ്ങളില്‍ കുറ്റമാരോപിച്ച്‌ കുറ്റവിചാരണ പ്രമേയത്തിന്‌ അനുമതി തേടാം. പ്രമേയം അവതരിപ്പിച്ച്‌ എട്ടു ദിവസത്തിനകം പാര്‍ലമെന്റില്‍ കുറ്റവിചാരണ നടക്കണം. ബാങ്ക്‌ അക്കൗണ്ട്‌ വിവാദത്തെ കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ്‌ നിയമം, ബിദൂനി വിഷയം തുടങ്ങിയവയും അശ്‌ഹൂറിന്റെ കുറ്റവിചാരണ പ്രമേയത്തിലുണ്ട്‌.

മുന്‍ സര്‍ക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്‌ പുതിയ സര്‍ക്കാറിനെതിരെ അവതരിപ്പിക്കുന്നതെന്ന്‌ പ്രതിപക്ഷനിരയിലെ തന്നെ ചിലരടക്കം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിലവിലെ പ്രധാനമന്ത്രി അന്ന്‌ ഉപധ്രാനമന്ത്രിയായിരുന്നതിനാല്‍ ഇതില്‍ അനൗചിത്യമില്ലെന്നാണ്‌ അശ്‌ഹൂറിന്റെ പക്ഷം. അതേസമയം, സര്‍ക്കാറിനെതിരെ ഇത്ര നേരത്തേ അതും മുന്‍ സര്‍ക്കാറിന്റെ കാലത്തെ വിഷയങ്ങളില്‍ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുന്നതില്‍ പ്രതിപക്ഷ എം.പിമാര്‍ക്കിടയില്‍ കാര്യമായ സ്വീകാര്യതയില്ലെന്നാണ്‌ സൂചന. അതുകൊണ്ടുതന്നെ കുറ്റവിചാരണ പ്രമേയം ചര്‍ച്ചക്കുവന്നാലും അത്‌ അവിശ്വാസ പ്രമേയത്തിലേക്കോ മറ്റോ എത്തില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.

പ്രധാനമന്ത്രിക്കെതിരെയുള്ളത്‌ കൂടാതെ ധനമന്ത്രി മുസ്‌തഫ അല്‍ ശിമാലി, ആഭ്യന്തര മന്ത്രി ശൈഖ്‌ അഹ്മദ്‌ ഹമൂദ്‌ അസ്വബാഹ്‌ എന്നിവര്‍ക്കെതിരെയും കുറ്റവിചാരണ പ്രമേയങ്ങള്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്‌. യഥാക്രമം എം.പിമാരായ അബ്ദുറഹ്മാന്‍ അല്‍ അന്‍ജരി, മുഹമ്മദ്‌ ജുവൈഹില്‍ എന്നിവരാണ്‌ ഇവക്കുപിന്നില്‍.
കുവൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയം സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക