Image

ഇക്വിഫാക്‌സില്‍ നിന്ന് ചോരുന്നത് 14 കോടി 30 അക്കൗണ്ടുകളുടെ വിവരങ്ങള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 September, 2017
ഇക്വിഫാക്‌സില്‍ നിന്ന് ചോരുന്നത് 14 കോടി 30 അക്കൗണ്ടുകളുടെ വിവരങ്ങള്‍ (ഏബ്രഹാം തോമസ്)
അറ്റ്‌ലാന്റ: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും രഹസ്യ സ്വകാര്യ വിവരങ്ങള്‍ ചോരുക സാധാരണമായിരിക്കുന്നു. ചോര്‍ച്ച ഉണ്ടാവുമ്പോള്‍ ഡേറ്റ ഹാസ് ബീന്‍ കംപ്രൊമൈസ്ഡ് എന്ന വിശേഷണത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുക. അമേരിക്കയിലെ മൂന്ന് വലിയ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സികളില്‍ ഒന്നായ ഇക്വിഫാക്‌സില്‍ നിന്ന് 14 കോടി 30 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നതാണ് പുതിയ വാര്‍ത്ത.

വിവിധ വായ്പകള്‍ക്കും കുറെ വര്‍ഷങ്ങളായി ജോലിക്കും അപേക്ഷിക്കുന്നവരുടെ സ്വകാര്യവിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിംഗ് ഏജന്‍സികള്‍ നല്‍കുന്നത്. ഇവയ്ക്ക് പുറമെ മറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ഗവണ്‍മെന്റ് ഏജന്‍സികളെയോ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോഴും ക്രെഡിറ്റ് ബ്യൂറോകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടാറുണ്ട്. വ്യക്തികളുടെ ജീവിതം നിയന്ത്രിക്കുന്നത് ഈ ബ്യൂറോകളാണെന്ന് പറയാം. വ്യക്തികളുടെ ഓരോ പ്രവര്‍ത്തിക്കും ക്രെഡിറ്റ് സ്‌കോറുകള്‍ കൂടുകയും കുറയുകയും ചെയ്യുന്നു. വ്യക്തികളുടെ വിവരം ആരാഞ്ഞ് ഏതെങ്കിലും സ്ഥാപനം ബ്യൂറോയെ സമീപിച്ചാല്‍ പോലും വ്യക്തികളുടെ ക്രെഡിറ്റ് സ്‌കോറുകളില്‍ നിന്ന് നിശ്ചിത പോയിന്റുകള്‍ കുറയാറുണ്ട്. മൊത്തം അമേരിക്കക്കാരുടെ 44% ത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതായാണ് ഇക്വി ഫാക്‌സ് സമ്മതിച്ചിരിക്കുന്നത്. കഴിഞ്ഞ മേയ് യില്‍ ആരംഭിച്ച ചോര്‍ച്ച കണ്ടെത്തിയത് ജൂലൈയിലാണ്. ഇതിന് രണ്ട് മാസത്തിന് ശേഷം ഇക്വിഫാക്‌സ് ഇക്കാര്യം വെളിപ്പെടുത്തി പ്രസ്താവന പുറപ്പെടുവിച്ചത്.

സോഷ്യല്‍ സെക്യൂരിറ്റി നമ്പരും ജനനത്തീയതികളും വ്യക്തികളുടെ ഏറ്റവും രഹസ്യ സ്വകാര്യ വിവരങ്ങളാണ്. ഒന്‍പത് നമ്പരുകളുള്ള സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ മുഴുവന്‍ എഴുതി ആര്‍ക്കും കൈമാറരുതെന്ന് വിവിധ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത സംഭവങ്ങളും അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്. പകരം അവസാന നാല് നമ്പരുകള്‍ മാത്രം പുറത്തറിയിക്കുക എന്നാണ് ഔദ്യോഗിക നിര്‍ദ്ദേശം. എങ്കിലും ഈ വിവരങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളും അവരുടെ ഏജന്‍സികളും ഉള്ളതായി പരാതി നിരന്തരം ഉയരാറുണ്ട്.

ഇക്വിഫാക്‌സിലെ ചോര്‍ച്ചയ്ക്ക് ഒരു ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം സൗജന്യമായി ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനത്തിനൊപ്പം ചെറിയ അക്ഷരത്തില്‍(ഫൈന്‍പ്രിന്റില്‍) ചില നിര്‍ബന്ധനകളുമുണ്ട്. ഇവ അംഗീകരിച്ചാല്‍ മാത്രമേ സൗജന്യം ലഭ്യമാകൂ. വിവരങ്ങള്‍ ചോര്‍ന്നതായി അറിയിച്ചതിന് ശേഷം തങ്ങളുടെ വെബ്‌സൈറ്റില്‍ പോയി ഓരോരുത്തരും അവരവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഇക്വിഫാക്‌സ് പറഞ്ഞു. പെട്ടെന്ന് തന്നെ ഈ വെബ്‌സൈറ്റ് ഓവര്‍ ലോഡ് മൂലം പ്രവര്‍ത്തനരഹിതമായെന്നും കമ്പനിയുടെ ടോള്‍ ഫ്രീ നമ്പറും കാര്യക്ഷമമല്ലെന്നും പരാതി ഉണ്ടായി.

തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു എന്നാരോപിച്ച് വളരെയധികം ഉപഭോക്താക്കള്‍ കോടതികളെ സമീപിച്ചു. കേസുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇവ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ടുകളായി മാറ്റണമെന്നും നിര്‍ദേശമുണ്ട്. ഇങ്ങനെയായാല്‍ കമ്പനിക്ക് ഓരോ വ്യക്തിക്കും നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാം. മൊത്തം ഒരു തുക നല്‍കിയാല്‍ മതി. ഈ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടവര്‍ക്കിടയില്‍ തുല്യമായി ഭാഗിച്ചു നല്‍കും. അറ്റേര്‍ണിമാരുടെ ഫീസും മറ്റ് ചെലവുകളും കുറച്ചതിന് ശേഷം. സാധാരണ ഓരോരുത്തര്‍ക്കും ലഭിക്കുക ഏതാനും ഡോളറുകള്‍ മാത്രം ആയിരിക്കും. അവര്‍ നേരിട്ട നഷ്ടം വളരെ വലുതായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക