Image

കേരള കോണ്‍ഗ്രസ് മുടിഞ്ഞ തറവാട്; ജോസഫ് പാര്‍ട്ടിയെ വിറ്റു: പി.സി.ജോര്‍ജ്(ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 14 September, 2017
കേരള കോണ്‍ഗ്രസ് മുടിഞ്ഞ തറവാട്; ജോസഫ് പാര്‍ട്ടിയെ വിറ്റു: പി.സി.ജോര്‍ജ്(ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: കേരളാ കോണ്‍ഗ്രസ് മുടിഞ്ഞു പോയ തറവാടാണെന്നും മാണിയുടെ കാലശേഷം കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ മരുന്നിനുപോലുമുണ്ടാകില്ലെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. പി.ജെ.ജോസഫ് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ വിറ്റു തുലക്കയായിരുന്നെന്നും തന്നെപ്പോലെയുള്ള നിരവധി പേര്‍ തങ്ങളുടെ ബുദ്ധിയും യൗവ്വനവും ഇക്കാലമത്രയും ജോസഫിനു അടിയറ വയ്ക്കുകയാണെന്നും അദ്ദേഹം ഈ മലയാളിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്നോടൊപ്പം പണ്ട് കെ.എസ്.സി.യിലും മറ്റും പ്രവര്‍ത്തിച്ച പല നേതാക്കന്‍മാരും ഇപ്പോള്‍ അമേരിക്കയില്‍ വന്ന സന്തോഷത്തിലാണ് ജീവിക്കുന്നത്. അവരോട് കേരളാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞപ്പോള്‍ അവര്‍ എന്നെ തല്ലാന്‍ വന്നു. കാരണം അത്രയ്ക്കും അവര്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നുണ്ട്. എന്നെപ്പോലെ കേരളാ കോണ്‍ഗ്രസിനു വേണ്ടി ബുദ്ധിയും കഴിവും ആരോഗ്യവും ഈ രണ്ടു കാട്ടു...(ബാക്കിഭാഗം പറയുന്നില്ലെന്ന് അദ്ദേഹം അവ്യക്തമായി സൂചിപ്പിച്ചു) പണയം വച്ചപ്പോള്‍ രണ്ടുപേരും കൂടി ആ പ്രസ്ഥാനം തന്നെ വിറ്റു ചുട്ടുകട്ട് കാശുമേടിച്ച് ഇല്ലാതാക്കി. അത് തിരിച്ചറഞ്ഞതോടെയാണ് താന്‍ ആ പ്രസ്ഥാനം തന്നെ വിട്ടത്്.
മാണിഭൂലോക കള്ളനാണെന്നു പറഞ്ഞ ജോര്‍ജ് ജോസഫിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ജോസഫ് സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി പാര്‍ട്ടിയെ വിറ്റുപോലും കാശുണ്ടാക്കി. ലോകത്ത് പാര്‍ട്ടി നേതാവ് പാര്‍ട്ടി ഓഫീസ് വിറ്റതായി കേട്ടിട്ടുണ്ടോ എന്നു ചോദിച്ച അദ്ദേഹം തിരുവനന്തപുരം പാര്‍ട്ടി ഓഫീസ് വിറ്റതിനു പിന്നില്‍ ജോസഫ് കളിച്ച വൃത്തികെട്ട നാടകങ്ങളെക്കുറിച്ചും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫീസ് ജോര്‍ജ് സെബാസ്റ്റിയന്റെയും പി.ജെ.ജോസഫിന്റെയും പേരില്‍ വാങ്ങി. ഭരണത്തില്‍ നിന്നും പുറത്തായതിനുശേഷം ഒരു ദിവസം പി.ജെ.ജോസഫ് വിളിച്ചു 'ജോര്‍ജെ, നമുക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസ് അങ്ങ് വിറ്റാലോ എന്ന്. വെറുതെ എന്തിനാ ഇങ്ങനെ ഒരു ഓഫീസ്. ആന്റണി രാജുവിന് ആളാകാനായി. നമുക്കാ പാര്‍ട്ടി ഓഫീസ് വേണ്ടാ?' ഞാന്‍ പറഞ്ഞു. ഓഫീസ് വിറ്റാല്‍ നമുക്ക് നാണക്കേടാകും. വേണ്ട വിറ്റുചുട്ടുതിന്നു എന്ന പേരു ദോഷം കിട്ടും അവിടെകിടക്കട്ടെ'- ഞാന്‍ പറഞ്ഞു. 'ആന്റണി രാജുവിന്‍ ആളുകളിക്കാനല്ലാതെ നമുക്കെന്തു ഗുണമാ. പാര്‍ട്ടിക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല.' പി.ജെ.പറഞ്ഞു.

ഞാന്‍ പറഞ്ഞു ദയവുചെയ്ത് ഓഫീസ് വില്‍ക്കരുത്. അയാള്‍ ആളു കളിച്ചോട്ടെ നമുക്കെന്താണെന്നും ഞാന്‍ പറഞ്ഞു. ആളുകളെ തമ്മിലടിപ്പിക്കാന്‍ പി.ജെ. ബഹുമിടുക്കനാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ദിവസം കോട്ടയത്ത് വച്ച് ജോര്‍ജ് സെബാസ്റ്റിയനും കെ.ജി.ജോസഫുമൊക്കെയുള്ള മീറ്റിംഗില്‍ വില്‍പ്പനയെക്കുറിച്ച് ചര്‍ച്ച നടന്നു. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. പിന്നീട് എം.എല്‍.എ. ഹോസ്റ്റലില്‍ എത്തി ആന്റണി രാജുവിനെ വിളിച്ചു പറഞ്ഞു 'ആന്റണി രാജൂ നമ്മുടെ ഓഫീസ് വില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു കേട്ടോ' - അതുപറഞ്ഞതും ആന്റണി രാജു ഒറ്റച്ചിരി. അപ്പോള്‍ പി.സി. ഒന്നും അറിഞ്ഞില്ലായിരുന്നോ. 'നമ്മുടെ ഓഫീസ് എപ്പോഴേ വിറ്റു. കഴിഞ്ഞയാഴ്ച 27 ലക്ഷം രൂപയ്ക്ക് കച്ചവടം നടത്തി മൂന്നു ലക്ഷം രൂപ അഡ്വാന്‍സും വാങ്ങി ഔസേപ്പച്ചന്‍ പോയി.' - ആന്റണി രാജു പറഞ്ഞപ്പോള്‍ ഞാന്‍ ചമ്മിപ്പോയി. ഇതൊക്കെയാണ് ജോസഫ് ഗ്രൂപ്പ്, മാണിഗ്രൂപ്പിന്റെ കാര്യം ഇതിലും കഷ്ടമാണ്- ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് രണ്ടു ഗ്രൂപ്പുകള്‍ 85 ല്‍ ഒന്നിച്ചു. ചെയര്‍മാന്‍ കെ.എം.മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ ജോസഫ് ഒന്നിച്ചപ്പോള്‍ നേതാക്കളെ ഉള്‍ക്കൊള്ളിക്കാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ രണ്ട് സ്ഥാനങ്ങള്‍. ലോകത്തെവിടെയെങ്കിലും പാര്‍ട്ടികള്‍ക്ക് രണ്ട് ട്രഷറര്‍മാരെ കേട്ടിട്ടുണ്ടോ? പിന്നീട് അവര്‍ പിളര്‍ന്നപ്പോള്‍ രണ്ട് ട്രഷറര്‍മാരും ജോസഫിന്റെ കൂടെ ചേര്‍ന്ന് ഉണ്ടായിരുന്ന പണമെല്ലാം തട്ടിയെടുത്തു. ഇതൊക്കെയാണ് നടന്നിട്ടുള്ളത്. രണ്ട് പേരും റവന്യൂമന്ത്രിമാരായിരുന്നിട്ട് ഇടുക്കി ജില്ലയില്‍ ആളുകള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കേരളാ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ എല്ലാ നേതാക്കള്‍ക്കും കേരളാ കോണ്‍ഗ്രസിന്റെ പാരമ്പര്യത്തില്‍ നിന്നുവന്നവരല്ല. കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ ഇവര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. മാണി 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍  മാണി കോണ്‍ഗ്രസിലായിരുന്നു. അദ്ദേഹം ആ കാലഘട്ടത്തില്‍ ഡി.സി.സി. പ്രസിഡന്റായിരുന്നു. എം.എല്‍.എ. സ്ഥാനാര്‍ത്ഥിത്വവും ഒരു ലക്ഷം രൂപയും ഒരു ജീപ്പും കൊടുത്തപ്പോഴാണ് മാണി കേരളാ കോണ്‍ഗ്രസില്‍ വരുന്നത്. ജോസഫ് കേരളാ കോണ്‍ഗ്രസില്‍ വരുന്നത് 1969 ലാണ്.  സ്വതന്ത്ര പാര്‍ട്ടിയില്‍ ആയിരുന്നപ്പോള്‍ അമേരിക്കയിലേയ്ക്കു പെങ്ങളോടൊപ്പം പോകാന്‍ നില്‍ക്കുമ്പോള്‍ കെ.എം.ജോര്‍ജ് ചെന്ന് ക്ഷണിച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാര്‍ട്ടിയില്‍ എത്തുന്നത്. ഈ രണ്ടുപേരും കൂടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടിയെ നശിപ്പിച്ചു. മാണി ബജറ്റ് ഉണ്ടാക്കുന്നതിനു മുമ്പുതന്നെ വിറ്റുകാശാക്കി, ജോസഫ് വില്‍ക്കാവുന്നതെല്ലാം വിറ്റ് കാശാക്കി.

സംശുദ്ധ രാഷ്ട്രീയത്തിലെ കറപുരളാത്തവന്‍ എന്നതൊക്കെ പച്ചക്കള്ളമാണ്. ജോസഫ് ഓരോ തെരഞ്ഞെടുപ്പിലും സ്വത്തുക്കള്‍ വിറ്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ശുദ്ധ നുണയാണ്. തന്റെ അറിവില്‍ ജോസഫ് ഇന്നു വരെ ഒരു സെന്റ് ഭൂമി പോലും വിറ്റിട്ടില്ല. എന്നാല്‍ തിരുവനന്തപുരം പാര്‍ട്ടി ഓഫീസ് വിറ്റ് ജോസഫ് കീശയിലാക്കിയ ചരിത്രമുണ്ട്. തനിക്ക് നേരിട്ട് അറിവുള്ള സത്യമാണിത്. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിന്റെ കാരണം ജോസഫ് ഇന്നു വരെ പുറത്തു പറഞ്ഞിട്ടില്ല. താനും ജോസഫും തമ്മില്‍ ഒരേ കാര്യത്തിലാണ് തെറ്റിയിട്ടുള്ളത്. കൈക്കൂലി വാങ്ങരുന്നത്, നല്‍കരുത്, കൂട്ടു നില്‍ക്കരുത് എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു നടക്കുന്ന ആളാണ് ഇങ്ങനെയൊക്കെ ചെയ്തത് എ്‌ന് താന്നറിഞ്ഞപ്പോള്‍ പ്രതികരിച്ചു പോയി. കാരണം അദ്ദേഹത്തെ ആരാധിച്ചുകൊണ്ടു നടക്കുന്ന വ്യക്തിയാണ് ഞാന്‍. 2003 ല്‍ ജോസഫ് എന്നെ പുറത്താക്കി. 1980 ല്‍ ജോസഫ് ഗ്രൂപ്പില്‍ വന്നയാളാണ്. മാണിയും ജോസഫും വിഭജിച്ചപ്പോള്‍ പൂഞ്ഞാറില്‍ മത്സരിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ജോസഫ് എന്റെ വീ്ട്ടില്‍വന്ന് ക്ഷണിച്ചതാണ്. മത്സരിക്കാന്‍ താനില്ലെന്ന് തറപ്പിച്ചു പറഞ്ഞതാണ്. ഒടുവില്‍ പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി മത്സരിക്കാന്‍ തീരുമാനിച്ചു. തീരുമാനമെടുത്തപ്പോള്‍ നൂറുശതമാനം ആത്മാര്‍ത്ഥമായി നിലകൊണ്ടു.

ഇനി കേരളാ കോണ്‍ഗ്രസിന്റെ കാര്യം പരിതാപകരമാണ്. മാണിക്ക് 87 വയസായി. നിയമസഭയില്‍ എഴുന്നേറ്റുനിന്നു സംസാരിക്കാന്‍ പോലും പറ്റുന്നില്ല. പറയുന്ന കാര്യങ്ങള്‍ക്ക് ഒരു ലക്കു ലഗാനുമില്ല. നിയമസഭയില്‍ നിന്നു പലപ്പോഴും താനാണ് കൈപിടിച്ചുപുറത്തുകൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കാതിരിക്കാന്‍ പാടില്ലല്ലോ. പ്രസംഗിക്കുമ്പോള്‍ പലപ്പോഴും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. ഉതുപ്പാന്‍ മോട്ടാര്‍ സൈക്കിളില്‍ കയറിയപോലെയാണ് മാണിയുടെ കാര്യം. പോയി അങ്ങു വീഴുകയാണ്. സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തുകയില്ല. എന്നാലും എനിക്ക് അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനമാണ്. ഒരു ശത്രുതയുമില്ല. എന്നെ ഒത്തിരി ദ്രോഹിച്ചു. കാണാനുള്ളത് കട്ടു. പക്ഷേ അദ്ദേഹത്തിന്റെ മകന്‍ നാറി പോവില്ലെ. മക്കളെ വളര്‍ത്തുമ്പോള്‍ നന്നായി വളര്‍ത്തണം. അദ്ദേഹത്തിനു പറ്റിയതെന്താണെന്നുവച്ചാല്‍ മകനെ ഉഡുപ്പിയിലും മറ്റുമാണ് പഠിപ്പിച്ചത്. എങ്ങനെ ശരിയാകും. അവനു ജനവുമായി ബന്ധമുണ്ടോ, ഒരു പ്രത്യേക സാഹചര്യത്തില്‍ എം.പി.യായി. ഇനി കെട്ടിവച്ചതുകിട്ടുകയില്ല. ജനം അത്രക്കു ശത്രുതയായി. സരിതാക്കേസില്‍ നാറിപ്പോയില്ലെ. മാണിയുടെ മകനു സരിത കേസില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞില്ലെ. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവളുടെ ഡയറിയിലെ ആറാമത്തെ പേജ് ജോസ്.കെ.മാണിയുടെ പേര് ഉയര്‍ത്തിക്കാട്ടിയത് എല്ലാവരും കണ്ടതല്ലെ. നാറിപോയി. 25 എം.എല്‍.എ.മാരുണ്ടായിരുന്നു കേരളാ കോണ്‍ഗ്രസില്‍ ഇപ്പോള്‍ എണ്ണം ആറായി. അതില്‍ തന്നെ ജോസഫും മോന്‍സും വേറെയാ. മാണിയോടുള്ള സ്‌നേഹം കൊണ്ട് റോഷി അഗസ്റ്റിന്‍ കൂടെയുണ്ട്. അദ്ദേഹം മാന്യനാണ്. ജയരാജും മകനെ അംഗീകരിക്കില്ല. മാണിയുടെ കാലത്തിനുശേഷം റോഷി ജോസ് കെ.മാണിയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. മാണി ഇപ്പോള്‍ വഴിയാധാരമായി നില്‍ക്കുകയാണ്. യു.ഡി.എഫിലുമില്ല എല്‍.ഡി.എഫിലുമില്ല ബി.ജെ.പി.യിലുമില്ല. മാണിയുടെ കൂടെ ആകെയുള്ള എം.എല്‍.എ. ജോസ്.കെ.മാണിമാത്രം. പിന്നെയുള്ളത് ജോസഫാണ്. ജോസഫിന്റെ മാനസികനില തകരാറിലാണെന്ന് തെളിച്ചുപറായതെ വ്യക്തമാക്കി. ചിലദിവസം നല്ല വെളുത്ത വസ്ത്രം ധരിച്ച് എത്തും. ചിലപ്പോള്‍ ആറും ഏഴും ദിവസം തുടര്‍ച്ചയായി മാറാത്ത മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തും. ഗുളിക കഴിക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. വിവാദമായ വിമാനയാത്രയൊക്കെ അതിന്റെ ഭാഗമാണ്. ഈ രോഗമുള്ളവര്‍ക്ക് ആസക്തി കൂടതലാണ്. ജോസഫ് നിയമസഭയില്‍ നിന്നാലും പ്രസംഗമൊന്നുമില്ല. പൊതുയോഗങ്ങളിലും മറ്റും ഒരു മിനിറ്റാണ് പ്രസംഗം- ജോര്‍ജ് പറഞ്ഞു.

കെ.എം.ജോര്‍ജ് ഒരു കള്ളനാണെന്ന് പറഞ്ഞ് ഒരു കാലത്ത് ജോസഫും ടി.എം.ജേക്കബുമൊക്കെ തെറ്റിദ്ധരിപ്പിച്ചു. കേരളാ കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയം പൊളിയാന്‍ കാരണം അവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തതിനാലാണ്.

96-ല്‍ ജോസഫ് മന്ത്രിയായതിനു ശേഷമാണ് കുഴപ്പങ്ങള്‍ എല്ലാം തുടങ്ങിയത്. മൂന്നു സുപ്രധാന വകുപ്പുകള്‍ ലഭിച്ച ജോസഫും തന്റെ സില്‍ബന്ധികളും അഴിമതിയുടെ കൂത്തരങ്ങു തന്നെയാണ് നടത്തിയത്. പി.ഡബ്ല്യൂ.ഡി.യുടെ ഷെഡ്യൂള്‍ പുതുക്കി കരാറില്‍ നിന്ന് കോടികള്‍ വാങ്ങി. അന്ന് ഒരു പാട്ട മെറ്റലിനു മൂന്നരരൂപയുണ്ടായിരുന്ന സാഹചര്യത്തില്‍ 27 രൂപയാക്കി വരെ ഉയര്‍ത്തി.
96-ല്‍ ജോസഫിന്റെ വകുപ്പുകളുടെ ഭരണകാര്യനിര്‍വഹണം സുഗമമാക്കുന്നതിനായി താന്‍ ഉള്‍പ്പെട്ട ഒരു ടീമിനെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. പ്ലസ്ടു അനുവദിക്കുന്നതില്‍ കോഴ വാങ്ങിയത് താനല്ല. ജോസഫു തന്നെയാണ്. ഇക്കാര്യത്തില്‍ താന്‍ എതിരുനില്‍ക്കുകയാണ് ചെയ്തത്. ഒരിക്കല്‍ പാര്‍ട്ടി ചെയര്‍മാന്‍ ഈപ്പന്‍ വര്‍ഗീസ് പാര്‍ട്ടി ഫണ്ട് വിപുലീകരിക്കുന്നതു സംബന്ധിച്ച് ഒരു നിര്‍ദ്ദേശവുമായി തന്റെ പക്കല്‍ വന്നു. ഒരു സ്‌ക്കൂളിനു പ്ലസ്ടു അനുവദിക്കാന്‍ 10 ലക്ഷം രൂപ വച്ച് 20 സ്‌ക്കൂളുകള്‍ അനുവദിച്ചാല്‍ മാനേജ്‌മെന്റില്‍ നിന്നു രണ്ടുകോടി കിട്ടും. പാര്‍ട്ടിക്കു ഒരു ഫണ്ടാകുമല്ലോ എന്ന് പറഞ്ഞു. ഞാന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. ദൈവത്തെ ഓര്‍ത്ത് അങ്ങനെ ചെയ്യരുതെന്നും ജോസഫിനെ ദ്രോഹിക്കുന്നതിനു തുല്യമാണെന്നും താന്‍ പറഞ്ഞു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഒരു സ്‌റ്റേറ്റു കാര്‍ വന്നു നിന്നു. പി.ജെ.ജോസഫായിരുന്നു അത്. വന്നപ്പാടെ ഈപ്പച്ചന്‍ പറഞ്ഞു ഔസേപ്പച്ചാ ജോസഫ് സമ്മതിക്കത്തില്ല. ഒന്നു പറയാതെ ജോസഫ് ഇറങ്ങിപ്പോയി. താന്‍ വിച്ചാരിച്ചു തന്നെ വിളിച്ചു വരുത്തിയതുപോലെ ജോസഫിനെയും ഈപ്പച്ചന്‍ വിളിച്ചുവരുത്തിയതാണെന്ന്. പിന്നീടാണറിയുന്നത് ജോസഫാണ് ഈ പരിപാടി തന്നെ ആസൂത്രണം ചെയ്തതെന്ന്. പിന്നീട് പ്ലസ്ടുവിന്റെ കമ്മിറ്റിയിലെല്ലാം കെ.സി.ജോസഫ് വന്നു തുടങ്ങിയപ്പോഴാണ് മനസിലായത്.
പ്ലസ്ടു അനുവദിക്കുന്നതിന് താന്‍ ഉള്‍പ്പെട്ട എല്‍ഡിഎഫ് എം.എല്‍.എ.മാരുടെ ഒരു ക്മ്മിറ്റി രൂപീകരിച്ചിരുന്നു. സി.പി.ഐ.യിലെ കെ.ഇ.ഇന്ത്യയില്‍, ആര്‍.എസ്.പി.യിലെ ചന്ദ്രചൂഢന്‍, കോണ്‍ഗ്രസ് എസിലെ എ.കെ.ശശീന്ദ്രന്‍ എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങള്‍. 20 സ്‌ക്കൂളുകള്‍ അനുവദിക്കാന്‍ വേണ്ടി കൂടിയ കമ്മിറ്റി തീരുമാനങ്ങളെടുക്കാതെ വലിച്ചുനീട്ടിക്കൊണ്ടിരുന്നപ്പോള്‍ താന്‍ ഇടപെട്ടു. അങ്ങനെ തിരുവനന്തപുരത്തുകൂടിയ ഒരു കമ്മിറ്റിയില്‍ കെ.സി.ജോസഫിനെക്കൂടി തിരുകിയറ്റി. 20 സ്‌ക്കൂളുകള്‍ അനുവദിക്കുന്നതില്‍ 17 എണ്ണത്തിലും കാശു വാങ്ങി എന്ന ഉറപ്പിന്റെ വെളിച്ചത്തില്‍ തന്റെ എതിര്‍പ്പു മൂലം 17 വെട്ടി. തുടര്‍ന്ന് എന്നെ ഒഴിവാക്കി അവര്‍ സ്‌ക്കൂളുകള്‍ക്ക് അനുമതി നല്‍കി. ഈ കമ്മിറ്റിയില്‍ ജോസഫ് ആരോപിച്ചതുപോലെ താനല്ല ജോസഫും സില്‍ബന്ധികളുമാണ് ക്രമക്കേട് നടത്തിയത്.

മക്കള്‍ രാഷ്ട്രീയം കേരളത്തില്‍ പരാജയപ്പെടാന്‍ കാരണവും അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തിലെ പാകപ്പിഴകള്‍കൊണ്ടുമാണ്. പി.സി.തോമസിന് ഉറച്ച നിലപാടില്ലാത്തതായിരുന്നു പരാജയകാരണം. പി.സി.തോമസ് കേരളാ കോണ്‍ഗ്രസുകാരനായിരുന്നില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കെ.എസ്.യു.ക്കാരനായിരുന്നു. തോമസിന്റെ അനിയന്‍ ജഗന്‍ ചാക്കോ കെ.എസ്.സി.ക്കാരനായിരുന്നു. പക്ഷേ നറുക്കു വീണത് തോമസിന്റെ പേരിലായിരുന്നു. അങ്ങനെ ചാക്കോയുടെ പേരില്‍ അവര്‍ എം.പി.യായ പി.ജെ.ജോസഫിനെതിരെ അടിക്കാന്‍ വടിയായിട്ടുകൊണ്ടുവന്നതാണ് പി.സി.തോമസിനെ എന്നാല്‍ മകനെ വളര്‍ത്താന്‍ ആ വടികൊണ്ടുതന്നെ മാണി പി.സി. തോമസിനെയും അടിച്ചു.

കെ.എം.ജോര്‍ജിന്റെ മക്കളില്‍ ഫ്രാന്‍സിസ് ജോര്‍ജിനു നറുക്കു വീണതും അതുപോലെ തന്നെയാണ്. ഫ്രാന്‍സിസ് ജോര്‍ജ് ഒരിക്കലും ആക്ടീവ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നില്ല. ഫ്രാന്‍സീസിനൊരു ചേട്ടനുണ്ടായിരുന്നു. ന്യൂമാന്‍ കോളജിലെ ചെയര്‍മാന്‍വരെയായിരുന്നു. എന്റെ അടുത്ത സുഹൃത്തായിരുന്നു. അവനെ പിന്നീട് രാഷ്ട്രീയത്തില്‍ കണ്ടില്ല. മദ്യത്തിന് അടിമയായിപ്പോയെന്നു കേട്ടു. പി.സി.തോമസിനെ നേരിടാന്‍ പി.ജെ.ജോസഫ് കൊണ്ടുനടന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിനെ. അതൊന്നും അത്മാര്‍ത്ഥത കൊണ്ടായിരുന്നില്ല. ഇപ്പോള്‍ പി.സി.തോമസുമില്ല. ഫ്രാന്‍സിസ് ജോര്‍ജുമില്ല.

ജോമോന്‍ ഗോപി വരച്ചാല്‍ മതി. എല്ലാ സ്വഭാവദൂഷ്യങ്ങള്‍ക്കും അടിമയാണ് ജോസ് കെ.മാണി. അത് നൂറു ശതമാനവും സത്യമാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ജോര്‍ജ് പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കലും ജോസ് കെ.മാണിയെ ചുമന്നിട്ടില്ല. 89 ലെ തെരഞ്ഞെടുപ്പില്‍ അവനെതിരായിരുന്നു. എന്നാല്‍ അന്നെനിക്ക് ഒരബദ്ധം പറ്റി. തിടനാട് വച്ച് തെരഞ്ഞെടുപ്പു പര്യടനത്തിനെതിരെ വണ്ടിനിര്‍ത്തി കൈകൂപ്പി താണപേക്ഷിച്ചു രക്ഷിക്കണമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ നിനക്കെതിരാണ്. ഇക്കുറി നിന്നെ സഹായിക്കാനാവില്ല. അടുത്ത തവണ നോക്കാം. ആ തവണ അവന്‍ എട്ടു നിലയില്‍ പൊട്ടി. വാക്കു പറഞ്ഞു (തിടനാട് പള്ളിയുടെ മുറ്റത്തു വച്ചാണ് പറഞ്ഞത്. മാത്തോട്ടം കുടുംബക്കാര്‍ ഏറ്റവും കൂടുതല്‍. ഭക്തിയുള്ള പള്ളിയാണത്.) പോയില്ലെ അടുത്ത തെരഞ്ഞെടുപ്പില്‍ അവനെ സഹായിച്ചു. അവന്‍ ജയിക്കുകയും ചെയ്തു. ഇനി സഹായിക്കുകയില്ലെന്നു മാത്രമല്ല, രാജ്യത്തിനു നഷ്ടമാണ് ഇതുപോലുള്ള സാധനങ്ങള്‍ വളര്‍ന്നുവരുന്നത്.

കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് ഇനി പ്രസക്തിയില്ല. കേരള കോണ്‍ഗ്രസിലെ ഒറ്റ നേതാക്കളെപ്പോലും താന്‍ രൂപീകരിച്ച 'കേരള ജനപക്ഷം' എന്ന പാര്‍ട്ടിയിലേക്ക് അടുപ്പിക്കില്ല. അഴിമതി. നടത്തില്ല കൂട്ടുനില്‍ക്കില്ല എന്നു ഉറപ്പുനല്‍കിയാല്‍ നേതാക്കളെ സ്വീകരിക്കും. കയറിക്കൂടിയശേഷം അഴിമതി നടത്തിയാല്‍ അടിച്ചു പുറത്താക്കും. തന്റെ പാര്‍ട്ടിയില്‍ നേതാക്കളില്ലാ എന്നതാണഅ ഒരു കുറവുള്ളതെന്നു തുറന്നു സമ്മതിച്ച ജോര്‍ജ് 140 മണ്ഡലങ്ങളിലും പാര്‍ട്ടി അംഗത്വം ആരംഭിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്ന ലേബല്‍ തന്നെ പുതിയ പാര്‍ട്ടിയില്‍ നിന്ന് എടുത്തുകളഞ്ഞത് മന:പൂര്‍വ്വമാണെന്നു സൂചിപ്പിച്ച ജോര്‍ജ് ആ ലേബല്‍ ഉപയോഗിച്ചാല്‍ വളര്‍ന്നു വരുന്ന തലമുറ തന്നെ തല്ലുമെന്നും പറഞ്ഞു.
അവസാനിച്ചു.

കേരള കോണ്‍ഗ്രസ് മുടിഞ്ഞ തറവാട്; ജോസഫ് പാര്‍ട്ടിയെ വിറ്റു: പി.സി.ജോര്‍ജ്(ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക