Image

എന്‍.ആര്‍.ഐ. ടാക്‌സ്‌ കോഡില്‍ നിന്ന്‌ സാധരണക്കാരായ ഗള്‍ഫുകാരെ ഒഴിക്കാന്‍ ശ്രമിക്കും: രവി

Published on 07 March, 2012
എന്‍.ആര്‍.ഐ. ടാക്‌സ്‌ കോഡില്‍ നിന്ന്‌ സാധരണക്കാരായ ഗള്‍ഫുകാരെ ഒഴിക്കാന്‍ ശ്രമിക്കും: രവി
മസ്‌കറ്റ്‌: അടുത്തമാസം ഒന്ന്‌ മുതല്‍ നിലവില്‍ വരുന്ന എന്‍.ആര്‍.ഐ. ടാക്‌സ്‌ കോഡില്‍ നിന്ന്‌ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളംവിങ്‌ നല്‍കിയ സ്വീകരണത്തില്‍ പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വ്യവസായം നടത്തുകയും അവയുടെ നികുതി ഒഴിവാക്കാന്‍ യഥാര്‍ഥത്തില്‍ പ്രവാസി അല്ലാത്ത ചില വ്യവസായികള്‍ പ്രവാസികള്‍ക്കുള്ള ആനുകൂല്യത്തിന്റെ മറവില്‍ നികുതി വെട്ടിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ നിശ്ചിതകാലയളവില്‍ ഇന്ത്യയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക്‌ നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശം ധനകാര്യമന്ത്രാലയം മുന്നോട്ടുവച്ചത്‌. ഇത്‌ സാധാരണപ്രവാസികള്‍ക്ക്‌ തിരിച്ചടിയാകുമെന്ന്‌ താന്‍ പല വേദികളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പരാതിയുമായി പ്രവാസികളുടെ പ്രതിനിധികള്‍ ദല്‍ഹിയില്‍ എത്തിയാല്‍ പ്രധാനമന്ത്രി, ധനകാര്യമന്ത്രി എന്നിവരുടെ മുന്നില്‍ നേരിട്ട്‌ ഈ പ്രശ്‌നം അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ നിലവില്‍ താലൂക്കില്‍ അപേക്ഷ നല്‍കുന്നതിന്‌ പകരം ജില്ലാ കലക്ട്രേറ്റില്‍ അപേക്ഷ സ്വീകരിക്കുന്നതിന്‌ സംവിധാനമുണ്ടാക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ ഭരണഘടനാ സ്ഥാപനമായ കമീഷനാണ്‌. പ്രവാസികളുടെ ഇന്‍ഷൂറന്‍സ്‌ ആനുകൂല്യങ്ങള്‍ കലക്ട്രേറ്റുകളില്‍ കെട്ടികെടുക്കുന്നുവെന്ന പരാതി സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തും.

ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ പ്രവാസികളുടെ കെ്‌ളയിമുകളില്‍ എട്ട്‌ ശതമാനം മാത്രമേ വിതരണം ചെയ്‌തിട്ടുള്ളു എന്ന പ്രശ്‌നം പരിശോധിക്കും. ഒമാനില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്റെ സര്‍വീസുകള്‍ വെട്ടികുറച്ച നടപടി എയര്‍ഇന്ത്യയുമായി ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കും. എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്റെ തലപ്പത്ത്‌ മലയാളമറിയുന്നവര്‍ വേണം എന്നതിനാല്‍ നിലവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മാറ്റി മലയാളിയെ നിയമിച്ചിരുന്നു. മലയാളി ഉദ്യോഗസ്ഥന്‍ സ്‌മാര്‍ട്ട്‌ ആയതിനാല്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മലയാളംവിങ്‌ കണ്‍വീനര്‍ ടി. ഭാസ്‌കരന്‍, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ താജുദ്ദീന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്‌ ജന.സെക്രട്ടറി ബാബു രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
എന്‍.ആര്‍.ഐ. ടാക്‌സ്‌ കോഡില്‍ നിന്ന്‌ സാധരണക്കാരായ ഗള്‍ഫുകാരെ ഒഴിക്കാന്‍ ശ്രമിക്കും: രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക