Image

"മോഹരഹിതര്‍' (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 14 September, 2017
"മോഹരഹിതര്‍' (കവിത: മഞ്ജുള ശിവദാസ് റിയാദ്)
ചിറകെട്ടി മൊഴികള്‍ തടഞ്ഞുവച്ചു,ചിലര്‍
ചിലതൊക്കെ പറയുവാനുണ്ടെങ്കിലും.
ചിരിപോലും അകമേ മറച്ചുവച്ചു,അവര്‍
ശിലപോലെ കഠിനരായഭിനയിച്ചു.

കോപമൊരു ഭാവമായ് കൊണ്ടുനടന്നു,തന്‍
കാലമെല്ലാര്‍ക്കും പകുത്തു നല്‍കി.
ഇച്ഛകളൊക്കെയൊളിച്ചുവച്ചു, തുച്ഛ
ജീവിത ദുഃഖം സ്വയം വരിച്ചു.

ഉറ്റവര്‍ക്കായവര്‍ കുറ്റങ്ങളേറ്റെടു
ത്തൊറ്റക്കു പ്രഹരങ്ങളേറ്റു നിത്യം.
സര്‍വ്വം സ്വയം സഹിച്ചാശ്വസിച്ചു
സ്‌നേഹബന്ധങ്ങള്‍ അത്രമേല്‍ ഓമനിച്ചു.

ചിരകാലമുള്ളിലെ തീക്കനല്‍ ചൂടേറ്റു
പുളയും ദുരഭിമാന ചിന്തയാലെ,
പരുഷമാം വാക്കുകള്‍ കൊണ്ടു മതില്‍കെട്ടി
പാവം മനസ്സിനെ പഴികേള്‍പ്പിച്ചു.

ഒടുവിലിന്നഗതിയായ് ഒരുമൂലയില്‍,തന്‍റെ
മുരടിച്ച സ്വപ്‌നങ്ങള്‍ തഴുകിടുമ്പോള്‍,
മോഹങ്ങള്‍ നോവുന്ന മേഘങ്ങളായിന്നു
പെയ്യാന്‍ കഴിയാതെ വിങ്ങിനില്‍പ്പൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക