Image

ആരാണ് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നതും പൂജിച്ച്, പരിപാലിക്കുന്നതും?(ഡല്‍ഹി കത്ത്- പി.വി.തോമസ് )

പി.വി.തോമസ് Published on 15 September, 2017
ആരാണ് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നതും പൂജിച്ച്, പരിപാലിക്കുന്നതും?(ഡല്‍ഹി കത്ത്- പി.വി.തോമസ് )
പോയി മാസം അവസാനം ഗുര്‍മീത് രാം റഹീംസിംങ്ങ് എന്ന ആള്‍ ദൈവത്തെ 15 വര്‍ഷം നീണ്ടുനിന്ന വിചാരണക്ക്, ശേഷം രണ്ട് ബലാല്‍സംഗകേസുകളില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചതും ഇതെതുടര്‍ന്നുള്ള അക്രമങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടതും 1,000- ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതും ദല്‍ഹിയും ഹരിയാനയും പഞ്ചാബും ഒരു സായുധകലാപത്തിന്റെ നിഴലിലായതും മോഡി ഗവണ്‍മെന്റ് അതിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്തതും തുടര്‍ന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ബലാല്‍സംഗിയായ ആള്‍ദൈവത്തിന്റെ ഹരിയാണയിലെ ഗുഡ്ഗാവിന് സമീപം ഉള്ള സിര്‍സയിലെ ദേരാ സച്ചാ സൗദ എന്ന 800 ഏക്കര്‍ മതകേന്ദ്രത്തില്‍ പോലീസ് നടത്തിയ രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയില്‍ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവന്നതും രാഷ്ട്രത്തിന്റെ മനഃസാക്ഷിയെ ഞടുക്കിയിരിക്കുകയാണ്. ഇത് ഇന്‍ഡ്യയിലെ ആള്‍ദൈവങ്ങളുടെ ലൈംഗീക-സാമ്പത്തീക-രാഷ്ട്രീയ-സാമൂഹ്യ-മത അരാജകത്വത്തിലേക്ക് ഒരിക്കല്‍ക്കൂടെ വിരല്‍ ചൂണ്ടിയിരിക്കുകയാണ്. ആരാണ് ഈ ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നതും പൂജിച്ച് പരിപാലിക്കുന്നതും? ചോദ്യം ഗൗരവമേറിയത് ആണ്.
ബാബ രാം റഹിം എന്ന ആള്‍ ദൈവം അല്ലെങ്കില്‍ കള്ളസന്യാസി ഒറ്റപ്പെട്ട ഒരു സംഭവം അല്ല. ഇന്‍ഡ്യയില്‍ ഒട്ടേറെ വ്യാജ ആള്‍ ദൈവങ്ങള്‍ കാലാകാലങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. അവതരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഋഷിപുംഗവന്മാരുടെ കേശം കൊണ്ട് നിറഞ്ഞ ആര്‍ഷഭാരതത്തിലെ ഋഷികേശും ഇവിടെ ആണ്. രാം റഹിമുമാരുടെ കാമകേളികൊണ്ട് മലീമസം ആയ സിര്‍സയും ഇവിടെ ആണ്. കഷ്ടം തന്നെ എന്നല്ലാതെ എന്താണ് പറയേണ്ടത്? സംഭവത്തിന്റെ ഗൗരവം മനസിലാക്കണമെങ്കില്‍ ഇതിന് ശേഷം സെപ്തംബര്‍ 10-ാം തീയതി സന്യാസിമാരുടെ അത്യുന്നത സമതി ആയ അഖിലഭാരതീയ അഖാഡ പരിഷത്ത് എടുത്ത ഒരു തീരുമാനം പരിശോധിച്ചാല്‍ മതി. 14 വ്യാജ ആള്‍ ദൈവങ്ങളെ ആണ് പരിഷത്ത് കള്ള ആള്‍ ഈശ്വരന്മാരായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രമുഖന്‍ ആണ് ബലാല്‍സംഗി ബാബ രാം റഹിം. ഇദ്ദേഹത്തിനെതിരെ വധകേസുകളും മറ്റ് ക്രിമിനല്‍കേസുകളും ഉണ്ട്.

ഈ കോളത്തിലൂടെ അങ്ങനെ പ്രഖ്യാപിക്കപ്പെട്ട ഈ വ്യാജആള്‍ ദൈവങ്ങളെ ചുരുക്കത്തില്‍ ഒന്ന് പരിചയപ്പെടുത്താം എന്ന് വിചാരിക്കുന്നു. തലക്കെട്ടില്‍ സൂചിപ്പിച്ചതുപോലെയുള്ള ആഴത്തിലുള്ള ചോദ്യത്തിലേക്ക് വഴിയെ വരാം. ആശാരാം ബാപ്പു എന്ന ഒരു ആള്‍ ദൈവം ഉണ്ട്. ഈ വിദ്വാന് ഒരു വലിയ ആദ്ധ്യാത്മീയ സാമ്രാജ്യം ഉണ്ട്. അത്യാധുനിക ആശ്രമവും ആഢംബര കാരവ്യൂഹവും ഉണ്ട്. ഇപ്പോള്‍ ജയിലില്‍ ആണ്. കുറ്റം പതിവ് ബലാല്‍സംഗം തന്നെ. ജാമ്യം കിട്ടാതെ ഈ യോഗിവര്യന്‍ മാസങ്ങളായി അഴിയെണ്ണുകയാണ്. രാധ മാ എന്ന സുഖീന്ദര്‍ കൗര്‍, രാംപാല്‍, നിര്‍മ്മല്‍ ബാബ എന്നിവരും പരിക്ഷത്ത് പ്രഖ്യാപിച്ച വ്യാജന്മാരുടെ പട്ടികയില്‍പ്പെടുന്നു. മുന്‍ ആര്‍.എസ്.എസ്.അംഗവും 2007 മക്ക മസ്ജിദ് സ്‌ഫോടന കേസിലെ പ്രതിയും ആയ അസീമാനന്ദും ഈ വ്യാജ ആള്‍ ദൈവപട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബലാല്‍സംഗം, തട്ടിപ്പ്, കളവ് തുടങ്ങി ഒട്ടേറെ കേസുകളില്‍ അകപ്പെട്ട വ്യാജ ആള്‍ ഈശ്വരന്മാരുടെ ഒരു ലീസ്റ്റ് തന്നെ പരിഷത്ത് വെളിയില്‍ വിട്ടിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്നു! സച്ചിന്‍ ദത്ത എന്ന ബില്‍ഡര്‍ ബാബ, ബ്രിഹസ് പദി ഗിരി, മല്‍ഖാന്‍ ഗിരി, കുഷ്മുനി, ആശാംറാം ബാപ്പുവിന്റെ മകന്‍ നരയന്‍ സഹി, ഓം നമായ ശിവഹബാബ, ഇഛധാരി ഭീമാനന്ദ് ബാബ അങ്ങനെ വളരെ പേര്‍. ഇവരെല്ലാം രാജ്യത്തിന്റെ നാനാഭാഗത്തായി  അവരുടെ  വലവിരിച്ച് വച്ച് ഇരകളെ പിടിച്ച് സായൂജ്യം അടയുകയാണ്.

തീര്‍ന്നില്ല. ഈ ലിസ്റ്റില്‍ പെടാത്ത വേറെയും വ്യാജ ആള്‍ ദൈവങ്ങള്‍ ഉണ്ട്. അവര്‍ നിരോധനം ഏല്‍ക്കാതെ നിര്‍ബ്ബാദം അവരുടെ പുണ്യകര്‍മ്മങ്ങളില്‍ വ്യാപരിച്ച് വിരാചിക്കുന്നു. സമ്പത്ത് കൊയ്യുന്നു. ആത്മീയവും ഭൗതീകവും ആയ മൂര്‍ച്ചയില്‍ മദിക്കുന്നു. കര്‍ണ്ണാടകയിലെ നിത്യ ആനന്ദവും(ബലാല്‍സംഗം, വഞ്ചന), ജമ്മുകാശ്മീരിലെ ഗുല്‍സര്‍ പീറ്റും(ബലാല്‍സംഗം), ഗോവയിലെ പാസ്റ്റര്‍ ഡിസൂസയും(വധം), ഒഡീഷയിലെ സാരഥി ബാബയും(വഞ്ചന), ആന്ധ്രയിലെ സായ്ബാബയും(ഭൂമി തട്ടിപ്പ്), ഉത്തര്‍പ്രദേശിലെ ശോഭന്‍ സര്‍ക്കാറും(ചതി, കളവ്, തട്ടിപ്പ്) ഇവരില്‍പ്പെടുന്നു.

ഈ വ്യാജ ആള്‍ദൈവങ്ങള്‍ വളരുന്നത് ഒട്ടേറെ സങ്കീര്‍ണ്ണമായ കാരണങ്ങളാല്‍ ആണ്. ഇതില്‍ രാഷ്ട്രീയ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദാരിദ്ര്യവും, അജ്ഞതയും, അന്ധവിശ്വാസവും, ശാസ്ത്രീയ ബോധം ഇല്ലായ്മയും, സാമൂഹ്യ-സാമ്പത്തീക അസുരക്ഷിതത്വവും, ജാതി-മത ഉച്ചനീചത്വവും സ്ത്രീ-പുരുഷഭേദം ഇല്ലാതെ ഈ വക വ്യാജ ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നു. സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഇവര്‍ വിശ്വാസികള്‍ക്ക് കപട വാഗ്ദാനങ്ങള്‍  നല്‍കുന്നു, തെറ്റായ ആത്മവിശ്വാസം നല്‍കുന്നു, താല്‍ക്കാലിക ആശ്വാസവും ഐഡന്റിറ്റിയും കൂട്ടായ്മയും, ചിലപ്പോള്‍, സാമ്പത്തീക സഹായവും, ഭക്ഷണവും നല്‍കുന്നു. മറുവശത്ത് കോടികളുടെ കച്ചവടം ആണ് ഇതിന്റെ പേരില്‍ നടക്കുന്നത്. ചില ആത്മീയ ടെലിവിഷന്‍ ചാനലുകള്‍ നിരീക്ഷിച്ചാല്‍ ഈ ആള്‍ ദൈവങ്ങളുടെ സ്വാധീനം മനസിലാകും. നൂറുകണക്കിന്, എന്തിന് ആയിരക്കണക്കിന്, ഭക്തജനങ്ങള്‍ ആണ് ഇവരുടെ ദര്‍ശനത്തിനായി ഉപദേശത്തിനായി, സ്പര്‍ശനത്തിനും ആലിംഗനത്തിനും ആയി ഒഴുകിയെത്തുന്നത്. അവിടെ പൊട്ടിക്കരച്ചിലും, ഗദ്ഗദവും, വിലാപവും, കേണപേക്ഷിക്കലും പതിവ് ആണ്. ഒടുവില്‍ ആള്‍ ദൈവം സിംഹാസനം പോലുള്ള ഇരിപ്പടത്തില്‍ ഉപവിഷ്ഠനായി ചില വാക്കുകള്‍ ഉരുവിടും. വിശ്വാസിക്ക് ആശ്വാസം ആയി. ആത്മവിശ്വാസം ഇല്ലാത്ത അജ്ഞാനിയായ ഈ വിശ്വാസിയെ ഈ വക കപടപ്രവാചകന്മാരില്‍ നിന്നും ആര് രക്ഷിക്കും. അതിന് നിയമം ഇല്ല. അല്ലെങ്കില്‍ അതിന് ഒരു രാം റഹിം സംഭവിക്കണം.
അജ്ഞാനികളും നിരക്ഷരരും മാത്രം ആണ് ഈ ആള്‍ ദൈവ കെണിയില്‍ വീഴുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ഭരണാധികാരികളും, ഉദ്യോഗസ്ഥമേലാളന്മാരും ന്യായാധിപന്മാരും ഇവരുടെ ആരാധനവൃന്ദത്തില്‍ ഉണ്ട്. നോക്കുക, ആരെല്ലാം ആയിരുന്നു മഹര്‍ഷിമഹേഷ്യോഗിയുടെയും ആചാര്യരജനീഷിന്റെയും(ഓഷോ), സത്യസായ്ബാബയുടെയും, മാതാ അമൃതാനന്ദമയിയുടെയും, ചന്ദ്രസ്വാമിയുടെയും, ധീരേന്ദ്ര ബ്രഹ്മചാരിയുടെയും, എല്ലാം അനുഗ്രഹാശിസുകള്‍ തേടി മുട്ടുകുത്തി നമിച്ചത്! അതില്‍ ഇന്ദിരഗാന്ധിയും പി.വി.നരസിംഹറാവുവും എന്ന മുന്‍ പ്രധാനമന്ത്രിമാര്‍ ഇല്ലായിരുന്നോ? പിന്നെ എന്തിന് ഈ സാധുക്കളെ പഴിക്കണം? എന്ത് മാതൃകയാണ്, എന്ത് സന്ദേശം ആണ് ഈ രാഷ്്ട്രീയ-ഉദ്യോഗസ്ഥ മേധാവികള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്? പലതലങ്ങളില്‍ പല രീതിയില്‍ ആണ് ഇവര്‍ ഈ ആള്‍ദൈവങ്ങളെ പരസ്പര സഹായ അടിസ്ഥാനത്തില്‍ വളര്‍ത്തുന്നത്. ഒടുവില്‍ രാം റഹിമിനെപോലെ ബിന്ദ്രന്‍ വാലയെ പോലെ കൈവിട്ടുപോകുമ്പോള്‍ അറസ്റ്റും വെടിവെയ്പ്പും. രാം റഹിമിനെ കയ്യാമം വച്ച് കാരാഗൃഹത്തില്‍ അടച്ചത് അദ്ദേഹത്തെ വളര്‍ത്തി വലുതാക്കി ആള്‍ ദൈവം ആക്കിയ രാഷ്ട്രീയക്കാര്‍ അല്ല. ശക്തമായ ഒരു നീതിവ്യവസ്ഥ ആണ്. കോടതി ആണ്. ആള്‍ ദൈവങ്ങള്‍ സമാന്തര ഭരണകൂടവും രാജ്യത്തിനുള്ളില്‍ രാജ്യവും സ്ഥാപിച്ച് വാഴുമ്പോള്‍ ഭരണകൂടങ്ങള്‍ അവരുടെ സഹായം തേടിയിട്ടേ ഉള്ളൂ, തെരഞ്ഞെടുപ്പു കാലത്ത്. അവരുടെ പാര്‍ശ്വവര്‍ത്തികളായി പ്രവര്‍ത്തിച്ച് അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തിട്ടേയുള്ളൂ, ഭൂമി ആയിട്ടും മറ്റ് ഔദാര്യങ്ങള്‍ ആയിട്ടും. അതുകൊണ്ടാണ് ഈ ആള്‍ ദൈവങ്ങളുടെ ദേരകളില്‍ ബലാല്‍സംഗം നിത്യ സംഭവം ആകുന്നത്. സ്ത്രീകള്‍ ആണ് ആള്‍ദൈവങ്ങളുടെ പ്രധാന ഇരകള്‍. അവരുടെ ശബ്ദം പുറം ലോകം കേള്‍ക്കാതിരിക്കുന്നതും അതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് രാം റഹിമിന് രണ്ട് ഭൂഗര്‍ഭപാതകള്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചത്. ഒന്ന് രക്ഷപ്പെടുവാന്‍. അതിന്റെ നീളം ആറ് കിലോമീറ്റര്‍. മറ്റൊന്ന് വനിത ഹോസ്റ്റലിലേക്ക്. അനധികൃത ആയുധ സംഭരണവും ദേര ആശുപത്രിയിലെ ഗര്‍ഭഛിദ്രകേസുകളും വേറെ. എന്ത് ആത്മീയത ആണ് ഈ വക ആള്‍ ദൈവങ്ങള്‍ക്ക് ഉള്ളത്?
രാം റഹിമിനും അദ്ദേഹത്തിന്റെ ദേരാസഛ സൗദയ്ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു, അതും തെരഞ്ഞെടുപ്പ് രാഷ്ട്രീയം. 2007- ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആണ് രാംറഹിം ആദ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2009-ല്‍ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും രാം റഹിം കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ 2012- ല്‍ അകാലിദളിനെയും(പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്) 2014 ല്‍ ബി.ജെ.പി.യെയും(ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്) 2017-ല്‍ അകാലി ദളിനെയും (പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്) പിന്തുണച്ചു. ദേരസച്ച സൗദയും രാംറഹിമും മദ്ധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് അവരുടെ രാഷ്ട്രീയ-ആത്മീയ സ്വാധീനം വ്യാപിപ്പിക്കവെ ആണ് അറസ്റ്റും കാരാഗൃഹവും സംഭവിക്കുന്നത്.

ആത്യന്തികമായി മനുഷ്യന്റെ നിസഹായാവസ്ഥയും രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും ആണ് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ നിസഹായ അവസ്ഥയെയും അസുരക്ഷിത ബോധത്തെയും രോഗാകുലതയെയും അജ്ഞതയെയും ആണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. മനുഷ്യ നീ പാപി ആകുന്നു. പാപത്തിന്റെ ശിക്ഷ മരണം ആകുന്നു എന്ന് പറഞ്ഞ് ഭയപ്പെടുത്തി അവന്റെ ആത്മവിശ്വാസം നശിപ്പിച്ച് അവനെ ചവിട്ടി താഴ്ത്തി അവനെ ആജ്ഞാനുവര്‍ത്തി ആക്കുന്ന ക്രിസ്തീയ ഉപദേശിയോട് തെറ്റ് മനുഷ്യ സഹജം ആണെന്നും മരണം പാപത്തിന്റെ ഫലം അല്ല അത് തികച്ചും ജീവശാസ്ത്രപരമായ ഒരു സത്യം ആണെന്നും പറയുവാനുള്ള ചങ്കൂറ്റം ഉണ്ടായാല്‍ ഒരു പൊട്ടന്‍ഷ്യല്‍ ആള്‍ ദൈവത്തെ അവിടെ നിഗ്രഹിക്കാം. എന്തിനാണ് ചെറിയതോ വലുതോ ആയ ജീവപ്രശ്‌നങ്ങളും കുടുംബപ്രാരാബ്ദങ്ങളും ആയി ജനം ഈ ആള്‍ദൈവങ്ങളെ പ്രാപിക്കുന്നത്? എന്തിന് അവരുടെ കാലില്‍ വീണുകൊടുക്കണം? അവനവന്റെ പ്രശ്‌നങ്ങള്‍ അവനവന്‍ തന്നെ അല്ലേ നേരിടേണ്ടത്? അതിന് ആള്‍ ദൈവങ്ങളുടെ അകമ്പടി എന്തിന്? രാഷ്ട്രീയക്കാരുടെ കഥ, അത് വേറെ.

ആരാണ് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കുന്നതും പൂജിച്ച്, പരിപാലിക്കുന്നതും?(ഡല്‍ഹി കത്ത്- പി.വി.തോമസ് )
Join WhatsApp News
Rev. Dr. Abraham 2017-09-18 08:59:31
Religious fundamentalism leads to error, terror. Note
That religion leads us to maturity in life, balancing 
Values. Life without upholding some.values belongs
To these sexist atheists.You know epicurean chaotic
Thinking. Science also contributes to terror and error.
Balance your Mind, Body and Spirit. Neither Buddha, nor
Jesus, nor Gandhi nor Mother Theresa promoted terror.
Humanity without religion is calamity.
andrew 2017-09-18 06:14:19

Religion is mass terrorism. The faithful in the religion; directly or unknowingly support terrorism and i.e. why terrorism exist. Fear of the unknown that dominated the primitive man still dominate the modern man. Religion exploits this weakness & promises good things for those whom they can control and eternal torture for whom they cannot control. There is no heaven or hell after death, after death you decompose to different elements. Soul is just a product of human imagination. The moment your brain die, soul dies too. But your attitude & deeds can create heaven and hell in you while living and if you are an egocentric you spread it in the family and to the rest of the society. If the faithful can start thinking rationally; they will come out of religion, when the religion become weak terrorism will deteriorate.  Do not get fooled by the propagandists, they do so because it is their means of being rich without hard work. There is no peaceful religion in this earth. So, get rid of them all, then there will be peace.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക