Image

കടകംപള്ളിയെ പരിഹസിക്കുന്നതെന്തിന് ? (മനോജ് മനയില്‍)

Published on 15 September, 2017
കടകംപള്ളിയെ പരിഹസിക്കുന്നതെന്തിന് ? (മനോജ് മനയില്‍)
ദേവസ്വം വകുപ്പു മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തിയതിനെ രാഷ്ട്രീയ ഹിന്ദുക്കള്‍ ആദ്യം പരിഹസിച്ചു. എന്നാല്‍, ഈ മന്ത്രി അമ്പലത്തില്‍ കയറിയതു പരക്കെ വിമര്‍ശിക്കപ്പെടുകയും ഇടതു നേതൃത്വം കടകംപള്ളിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഇതേ രാഷ്ട്രീയ ഹിന്ദുക്കള്‍ ഇടതു നിലപാടിനെ വിമര്‍ശിക്കുകയും, ഇതേ പാര്‍ട്ടിയിലെ ഇതര മതസ്ഥരായ നേതാക്കള്‍ അവരവരുടെ വിശ്വാസം പുലര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നു ചിത്രങ്ങളും വാര്‍ത്തകളും തെളിവായി കൊണ്ടു വരികയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കടകംപള്ളിയുടെ ഗുരുവായൂര്‍ അമ്പല സന്ദര്‍ശന (ദര്‍ശനമല്ല) വുമായി ബന്ധപ്പെട്ട് മന്ത്രിയ്‌ക്കോ ഇടതു മുന്നണിയിലൊ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമെന്നു എനിക്കു തോന്നുന്നില്ല. കാരണം ഇടതു നേതൃത്വം അറിയാതെ ഈ മന്ത്രി ഗുരുവായൂരില്‍ വന്ന് ഈ നാടകം കളിക്കില്ല തന്നെ. കടകംപള്ളി ഗുരുവായൂരില്‍ വന്നത്, ബീഫ് ഫെസ്റ്റ് നടക്കുമ്പോള്‍ മുസ്ലീംങ്ങളെ പ്രീണിപ്പിക്കാന്‍ അവിടെച്ചെന്ന് ബീഫ് കഴിക്കുന്നതുപോലെ, കൃസ്ത്യന്‍ ആഘോഷം നടക്കുമ്പോള്‍ അവിടെച്ചെന്ന് പോര്‍ക്ക് കഴിക്കുന്നത് പോലെ ശ്രീകൃഷ്ണ ജയന്തിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ വന്ന് 'പ്രസാദം'കഴിക്കുന്നു! ഇതാണു ലളിതമായ സൂത്രവാക്യം.

കൃസ്ത്യന്‍, ഇസ്ലാം മതവിഭാഗത്തില്‍പ്പെട്ടവരെ അതത് നേതാക്കള്‍ ആവോളം പ്രീണിപ്പിക്കുകയും അവരുടെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ഇടതുപക്ഷത്തിന്റെ ഈ പ്രീണന നയം ഇടക്കാലത്ത് നന്നായി തിരിച്ചറിയുകയും അവരില്‍ വലിയൊരു വിഭാഗം ആത്മസംഘര്‍ഷം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയെ തടയാനാണു, പവിത്രതയില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗുരുവായൂരില്‍ത്തന്നെ മന്ത്രിയെത്തിയതും കണ്ണൂരില്‍ സി. പി. എം. ശോഭായാത്രയുടെ മിമിക്രി അവതരിപ്പിച്ചതും. (പവിത്രതയില്‍ ഗുരുവായൂര്‍ മുന്നില്‍ നില്‍ക്കുന്നത് അവിടുത്തെ തന്ത്രികുടുംബത്തിന്റെ നിഷ്ഠയുടേയും വിശാലമായ ഹൈന്ദവ താല്‍പ്പര്യത്തിന്റേയും പുറത്താണു. മറ്റുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ക്ക് നിഷ്ഠയും ഹിന്ദു താല്പ്പര്യവും ലവലേശമില്ല. വയറ്റുപ്പിഴപ്പ് ഒന്നുമാത്രമാണു അവരുടെ അടിസ്ഥാന വികാരം).

കടകംപള്ളിയുടെ അമ്പലസന്ദര്‍ശനത്തോടെ കമ്യൂണിസ്റ്റ് ഹിന്ദുക്കളുടെയിടയിലേക്ക് വ്യക്തമായ ഒരു സന്ദേശം പകര്‍ന്നു നല്‍കാന്‍ ഇടതുപക്ഷത്തിനായിരിക്കുന്നു. അത്, കമ്യൂണിസ്റ്റുകള്‍ക്ക് അമ്പലത്തില്‍ പോകാം. അതിനു പുതിയകാലത്തില്‍ തടസ്സങ്ങളൊന്നും ഇല്ല എന്നതാണു! എന്നുപറഞ്ഞാല്‍, നേരത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഉള്ള ഹിന്ദുക്കളുടെ മതപരമായ ആശങ്കയെ ദുരീകരിച്ചു എന്നര്‍ത്ഥം. കാരണം, കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയാണു കമ്യൂണിസ്റ്റു പാര്‍ട്ടി എന്നു നാം മറന്നു പോകരുത്.

കാര്യങ്ങള്‍ ഇനങ്ങനെയൊക്കെയാണെങ്കിലും എന്റെ ചോദ്യം മറ്റൊന്നാണു. എങ്ങനെയാണു കടകംപള്ളി സുരേന്ദ്രനു ഗുരുവായൂര്‍ അമ്പലത്തില്‍ കയറാന്‍ പറ്റിയത്? ഈ മന്ത്രി ഭക്തനാണോ? അല്ല. ഈ മന്ത്രി വിശ്വാസിയാണോ? അല്ല. ഇനി ദേവസ്വം മന്ത്രിയാണെന്ന ന്യായീകരണമാണെങ്കില്‍, ഇടതുമുന്നണിയില്‍ തന്നെ ദേവസ്വംവകുപ്പു മന്ത്രിയായിരുന്ന ജി. സുധാകരന്‍ പരമാവധി അമ്പലങ്ങളെ ഒഴിവാക്കുകയും പോയാല്‍ തന്നെ തൊഴാന്‍ പോലും തയ്യാറായിരുന്നുമില്ല. അതായത് ദേവസ്വം മന്ത്രിയാണെങ്കില്‍ പോലും അമ്പലത്തില്‍ കയറാതിരിക്കാനോ, കയറിയാല്‍ തന്നെ തൊഴാന്‍ കൂട്ടാക്കാതെ നില്‍ക്കാനോ ഉള്ള സ്വാതന്ത്ര്യം ആ വകുപ്പ് കയ്യാളുന്ന ആള്‍ക്കുണ്ടെന്നര്‍ഥം.

അവിശ്വാസിയും ഭക്തനുമല്ലാതിരിക്കെ കടകംപള്ളി സുരേന്ദ്രനു ഗുരുവായൂര്‍ അമ്പലത്തില്‍ കയറാന്‍ പറ്റിയത്, അയാള്‍ ഹിന്ദു ആണെന്നതു കൊണ്ടാണു. എന്നാല്‍, ചോദിച്ചാല്‍ അദ്ദേഹം ഹിന്ദുവാണെന്നു സ്വയം സമ്മതിക്കാതെ, താനൊരു കമ്യൂണിസ്റ്റ് എന്നായിരിക്കും പറയുക. അതവിടെ നില്‍ക്കട്ടെ. ആനയും അമ്പാരിയുമായി ഇദ്ദേഹത്തെ അമ്പലം അധികാരികള്‍ സ്വീകരിച്ചത് അദ്ദേഹം ഹിന്ദുവാണെന്ന് ഒറ്റക്കാരണം കൊണ്ടാണു. ഇതെങ്ങനെ സാധിച്ചു? ഇതു സാധിച്ചത്, നമ്മുടെ അമ്പലങ്ങളില്‍ നടമാടുന്ന തെറ്റായ ഒരു കീഴ്വഴക്കത്തിന്റെ ഫലമായാണു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഒന്നടങ്കം, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാണെന്ന് ഖേദപൂര്‍വം പറയേണ്ടി വരും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല. അതായത്, ഹിന്ദുവായാല്‍ മതി വിശ്വാസം വേണമെന്നില്ല. വിശ്വാസിയായാലും അഹിന്ദുവായാല്‍ പ്രവേശനമില്ല. അതുകൊണ്ടാണു യേശുദാസിനു പ്രവേശനം അനുവദിക്കാതെ ഹിന്ദുവാണെന്ന
ഒറ്റക്കാരണത്താല്‍ അവിശ്വാസിയായ കടകംപള്ളി സുരേന്ദ്രനെ അമ്പലത്തില്‍ പ്രസാദം കൊടുത്ത് സ്വീകരിക്കുന്നത്. ഇത് ആരുടെ കുറ്റമാണു?

സംശയമേതുമില്ല. ഹിന്ദുക്കളുടെ കുറ്റം മാത്രമാണു. അഹിന്ദുക്കള്‍ക്കല്ല, അവിശ്വാസികള്‍ക്കാണു പ്രവേശന നിഷേധം വേണ്ടതെന്ന് ചങ്കൂറ്റത്തോടെ പറയാനും അവിശ്വാസികളെ തടയാനും ഹിന്ദു സമൂഹം തയ്യാറാവണം. എങ്കില്‍ നമുക്കു കാണാം, ഇടതുമുന്നണിയുടെ ഹിന്ദു വോട്ടുബാങ്കിനു വേണ്ടിയുള്ള ഇവരുടെ കപട നാടകം എവിടെ എത്തും എന്നത്. താന്‍, വിശ്വാസിയാണെന്നു പരസ്യമായി എഴുതിക്കൊടുത്ത് മാത്രമേ ഇത്തരം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കൂ എന്നു വരുന്നിടത്ത് ഈ കപട നാടകത്തിനു തിരശ്ശീല വീഴും.

കേരളത്തിലെ പ്രമുഖമായ മൂന്നു ക്ഷേത്രങ്ങളായ ശബരിമല, ഗുരുവായൂര്‍, പദ്മനാഭസ്വാമി എന്നിവിടങ്ങളില്‍ നടമാടുന്ന സാമൂഹ്യ വിരുദ്ധ നടപടികള്‍ നോക്കാം:
ഗുരുവായൂര്‍ - അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഇതു 'അവിശ്വാസികള്‍ക്ക് പ്രവേശനമില്ല എന്നു തിരുത്തണം.
(ഇതൊഴിച്ചാല്‍ ഈ ക്ഷേത്രം പൊതുവേ ഹിന്ദു സമൂഹത്തിനെ അല്‍പ്പമെങ്കിലും പരിഗണിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. ഉദാഹരണമായി സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കുന്ന വിഷയം ഉയര്‍ന്നു വന്നപ്പോള്‍ അത് വളരെ തന്മയത്വമായി പരിഹരിക്കുകയും സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്നു ഉത്തരവിറക്കുകയും ചെയ്തു).
ശബരിമല - എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ട്. ഹിന്ദു സമാജത്തിലെ ഭൂരിപക്ഷമായ യുവതികള്‍ക്ക്
മാത്രം പ്രവേശനമില്ല! (നോക്കൂ കൃസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും യാതൊരു വിലക്കുമില്ലാത്ത ശബരിമലയില്‍ ഹിന്ദു സമാജത്തിലെ യുവതികള്‍ക്ക് പ്രവേശനമില്ല! ഇതു മാറ്റുകയും 365 ദിവസം നട തുറക്കുകയും താഴമണ്‍ തന്ത്രിമാരുടെ പണപ്പിരിവ് അവസാനിപ്പിക്കുകയും വേണം. കാരണം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും തന്ത്രിമാര്‍ അമ്പലത്തില്‍ പൊരുന്നയിരിക്കുന്നില്ല. അതിന്റെ ആവശ്യം ശാസ്ത്രത്തില്‍ പറയുന്നുമില്ല).

പത്മനാഭസ്വാമി - ഇപ്പോള്‍ പണക്കാരനായ ദൈവം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. അത് അവിശ്വാസികള്‍ക്ക് എന്നാക്കണം. മറ്റൊരു ഹീനമായ നടപടി നമ്മുടെ അമ്മമാരും സഹോദരിമാരും യഥേഷ്ടം ഉപയോഗിക്കുന്ന ചുരിദാര്‍ ധരിച്ചാല്‍ അവിടെ പ്രവേശനമില്ല. (കേട്ടാല്‍ തോന്നും ശ്രീ പത്മനാഭന്‍ എം.സി.ആര്‍. മുണ്ട് കമ്പനിയുടെ എം.ഡി.ആണെന്ന്!) ഈ ഹീനമായ നടപടിയെ പിന്തുണയ്ക്കാനും അനുയായികളുണ്ടായി. ഇതും മാറണം. എന്നുമാത്രമല്ല, വിശ്വാസിക്ക് അമ്പലക്കാരുടെ തെറി കേള്‍ക്കാതെ ദര്‍ശനം നടത്താന്‍ സംവിധാനം ഉണ്ടാക്കണം.

സ്വയം തിരുത്താതെയും മാറാതെയും മറ്റുള്ളവര്‍ മാറണം എന്ന് എങ്ങനെയാണു ഹിന്ദു സമാജത്തിനു വാശിപിടിക്കാന്‍ കഴിയുക?
കടകംപള്ളിയെ പരിഹസിക്കുന്നതെന്തിന് ? (മനോജ് മനയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക