Image

ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ

അനില്‍ കെ പെണ്ണുക്കര) Published on 16 September, 2017
ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ
നിരവധി നാടകങ്ങള്‍ നാം കണ്ടിട്ടുണ്ട്. പക്ഷെ ഇത് വളരെ വ്യത്യസ്തമായ ഒരു നാടകാനുഭവം തന്നെ. ഇതുവരെ കണ്ടിട്ടുള്ള എല്ലാ ഏകപാത്ര നാടകങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു നാടക അനുഭവമായിരുന്നു ' ജോസഫിന്റെ റേഡിയോ ' എന്ന ഏകാംഗ നാടകം .

ജയചന്ദ്രന്‍ തകഴിക്കാരന്‍ ആണ് ഈ  ഏകാംഗം അവതരിപ്പിക്കുന്നത്.ജയചന്ദ്രന്‍ തകഴിക്കാരന് 2012, '13, '14 വര്‍ഷങ്ങളില്‍ സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാണികളുടെ പിന്തുണയും സഹകരണവും ആവശ്യമുള്ള 'അറീന' സമ്പ്രദായത്തിലാണ് 45 മിനിറ്റ് നീളുന്ന നാടകാവതരണം. 1300 ലധികം വേദികള്‍ പിന്നിട്ട 'ജോസഫിന്റെ റേഡിയോ'യുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് കെ സി രമേശ് കോട്ടയമാണ്.

അതിരു നിശ്ചയിക്കാത്ത വേദിയില്‍ രംഗസജ്ജീകരണങ്ങളോ പ്രകാശവിന്യാസമോ സംഗീതത്തിന്റെ അകമ്പടിയോ എന്തിനേറെ, കാണികളും നടനും എന്ന വേര്‍തിരിവുപോലും ഇല്ലാതെ ഒരു നാടകം. സാധാരണക്കാരനായ ജോസഫ് ലോകത്തെ അറിയുന്നത് തന്റെ റേഡിയോയില്‍വരുന്ന വാര്‍ത്തയിലൂടെയും പരിപാടികളിലൂടെയുമാണ്. ഒരുദിവസം റേഡിയോ നിലച്ചതോടെ ജോസഫ് ഒറ്റപ്പെട്ടുപോകുന്നു. തുടര്‍ന്ന് ജോസഫ് റേഡിയോ നന്നാക്കാന്‍ മെക്കാനിക്കിനെ സമീപിക്കുന്നു. മെക്കാനിക് ജോസഫിനോട് അഞ്ചുനിമിഷം പുറത്തു കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുന്നു.

അഞ്ചുനിമിഷം എന്നത് അഞ്ചുവര്‍ഷമായി വളര്‍ന്നിട്ടും റേഡിയോ നന്നാക്കിക്കിട്ടുന്നില്ല. റേഡിയോ മറ്റൊരു മെക്കാനിക്കിനെ ഏല്‍പ്പിക്കുന്നു. അവിടെയും ഇത് ആവര്‍ത്തിക്കുമ്പോള്‍ റേഡിയോക്ക് അല്ല റോഡിയോ നിലയത്തിനാണ് തകരാറ് എന്ന് ജോസഫ് അറിയുന്നു. ജനാധിപത്യത്തിലെ പൗരന്റെ അവകാശം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇടതുകൈവിരലില്‍ പുരട്ടുന്ന മഷിയോടെ അവസാനിക്കുന്നുവെന്ന്. ഇന്ത്യന്‍ ജനാധിപത്യം ഫാസിസത്തിലേക്ക് ചുവടുവയ്ക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ആത്മീയതയും യോഗയും ധ്യാനവും മോചനമാര്‍ഗമാണ് എന്നു പ്രചരിപ്പിക്കുന്നതിലെ കാപട്യം തുറന്നുകാട്ടി ചെറുത്തുനില്‍പ്പിന് ആസ്വാദകരെ ആഹ്വാനംചെയ്ത് നാടകം മുന്നേറുന്നു.

ഒരു സാധാരണ കരിമ്പ് കര്‍ഷകനായ ജോസഫിനോട് ചുറ്റും നടക്കുന്ന അനീതിയെക്കുറിച്ചും വിലാപങ്ങളെക്കുറിച്ചുമെല്ലാം സത്യം വിളിച്ചുപറഞ്ഞിരുന്ന, തിരിച്ചറിവായിരുന്ന റേഡിയോ നിശബ്ദമാകുന്നിടത്തെ നാടകാരംഭം മുതല്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് പ്രതികരണമറ്റ് അവനവനിലേക്ക് ഒതുങ്ങികൂടിയ ഇന്നിന്റെ കെട്ടകാലത്തെ തുറന്നു കാട്ടുകയും അതിനോട് കലഹിക്കുകയുമാണ് നാടകത്തിലുടനീളം ജോസഫ്. ജനാധിപത്യത്തെ, അവകാശങ്ങളെ സംരക്ഷിക്കാന്‍ കണ്ണും കാതും തുറന്നുപിടിച്ച് ജാഗരൂഗരായിരിക്കാനുള്ള ചിന്തയാണ് നാടകം പങ്കുവെയ്ക്കുന്നത്.

രംഗത്ത് എത്തുന്ന ജോസഫിന്റെ കഥാപാത്രത്തിന്റേയും രംഗത്തില്ലാത്ത മറ്റു കഥാപാത്രങ്ങളുടേയും സാന്നിധ്യം അഭിനയ മികവുകൊണ്ട് പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതിന് അംഗചലനത്തിലും ശബ്ദക്രമീകരണത്തിലും തകഴിക്കാരന്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. കാതും കണ്ണും അടച്ചുപിടച്ച് ചുറ്റും നടക്കുന്നതൊന്നുമറിയാതെ മൗനം ഭജിച്ചിരിക്കുന്ന ഈ കാലത്തെ സമൂഹമനസ്സിന്റെ ദയനീയ അവസ്ഥ രംഗത്ത് ഒരു അനുഭവമാകുമ്പോള്‍ നടനോടൊപ്പം കാഴ്ചക്കാരും കണ്ണുനീരണിയുന്നു.

നാടാകാവതരണത്തില്‍ ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ, നാടകം അവസാനിക്കുമ്പോള്‍ കാണികളുടെ മനസ്സില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രതിധ്വനി തിരിച്ചറിവിന്റെ അലകളായിതന്നെ നിലനില്‍ക്കും.

ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ  ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ  ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ  ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ  ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ  ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ  ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക