Image

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ 25ലേക്ക്‌ മാറ്റി

Published on 18 September, 2017
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ 25ലേക്ക്‌ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി ഈ മാസം 25ലേക്ക്‌ മാറ്റി. നാദിര്‍ഷയെ ചോദ്യം ചെയ്‌ത വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഡിജിപിക്ക്‌ കോടതി നിര്‍ദേശം നല്‍കി.

ഇനിയും ചോദ്യം ചെയ്യാനും അറസ്റ്റ്‌ ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന്‌ നാദിര്‍ഷയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. 

ഈ സാഹചര്യത്തിലാണ്‌ നാദിര്‍ഷയെ ഇനി ചോദ്യം ചെയ്യാനുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളും വിശദാംശങ്ങളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്‌. നാദിര്‍ഷയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന തെളിവുകളുടെ വിശദാംശങ്ങളും ഹാജരാക്കണം.

നാദിര്‍ഷ ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും പലതും മറച്ച് വെക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. നാദിര്‍ഷയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 

നേരത്തെ ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ അന്വേഷണ ഉദ്യോഗസ്ഥരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്നും അല്ലാത്ത പക്ഷം അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കാമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനും പെരുമ്പാവൂര്‍ സി.ഐയുമായ ബൈജു പൗലോസ് മൂന്ന് പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്.

വിവിധ മൊഴികള്‍ പരിശോധിച്ചപ്പോള്‍ നാദിര്‍ഷ കേസുമായി ബന്ധപ്പെട്ട് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക