Image

ഉണരുക ഉറക്കം തൂങ്ങുന്ന അല്‌മേനി (ചാക്കോ കളരിക്കല്‍)

ചാക്കോ കളരിക്കല്‍ Published on 18 September, 2017
ഉണരുക  ഉറക്കം തൂങ്ങുന്ന അല്‌മേനി (ചാക്കോ കളരിക്കല്‍)
മത്തായിയുടെ സുവിശേഷം 16 4 ല്‍ നാം ഇപ്രകാരം വായിക്കുന്നു: 'ആകാശത്തിന്റെ ഭാവപ്പകര്‍ച്ചകള്‍ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍ കാലത്തിന്റെ അടയാളങ്ങള്‍ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല.' യേശുവിന്റെ ആ താക്കീതിന്റെ അടിസ്ഥാനത്തിലാണ് കോത്തോലിക്കാ സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചത്. ആദ്യ നൂറ്റാണ്ടുകളിലെ യേശുശിഷ്യരുടെ സദ്വാര്‍ത്താധിഷ്ടിതമായ ലളിതവും നിസ്വാര്‍ത്ഥവും സത്യസന്ധവും ഉപവിയും കരുണയും നിറഞ്ഞ സഭാമൂപ്പന്മാരുടെ ശുശ്രൂഷാ ജീവിതത്തെ കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ രാജാക്കന്മാര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്ന  ഉപദേശകര്‍, നയതന്ത്രജ്ഞര്‍, ന്യായാധിപതികള്‍, രാജപ്രതിനിധികള്‍ തുടങ്ങിയവര്‍  ലൗകിക ഉദ്യോഗസ്ഥ ജീവിതമാക്കി. അതോടെ ആത്മീയതയുടെ മറവില്‍ ലൗകീകാധികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന 'വിശുദ്ധ' പാരമ്പര്യത്തിന് തുടക്കമായി. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും സമൂഹത്തില്‍ പ്രത്യേക സ്ഥാനമാനങ്ങളും സ്ഥാനവലിപ്പവും അവകാശങ്ങളും ശമ്പളവും ലഭിച്ചുതുടങ്ങി. ക്രിസ്തീയകൂട്ടായ്മ എന്ന ആശയം മാറി വിശ്വാസികളുടെ ഭരണാധികാരികളായിട്ടുള്ള സിവില്‍ അധികാരവും അവര്‍ക്കു ലഭിച്ചു. അങ്ങനെ യേശു നല്കിയ സദ്വാര്‍ത്തയും യേശുവിലുള്ള വിശ്വാസവും സംരക്ഷിക്കാനുള്ള ആത്മത്യാഗം കൈമോശംവന്ന് പാടേ വ്യത്യസ്തമായ ഒരു ക്രിസ്തീയ സംഘടിത സഭയായി പരിണമിച്ചതാണ് ഇന്നുനാം കാണുന്ന റോമന്‍ കത്തോലിക്കാസഭയെന്ന് മനസ്സിലാക്കിയ കൗണ്‍സില്‍ പിതാക്കന്മാര്‍ ഇപ്പോഴത്തെ കാലത്തിനുപകരിക്കുന്ന രീതിയില്‍ സഭയെ നവീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ഇസ്ലാമിക ഇറാന്‍ ഒഴിച്ചാല്‍ മതാധിഷ്ഠിതഭരണമുള്ള ഏകരാജ്യം റോമാനഗരത്തില്‍ സ്ഥിതിചെയ്യുന്ന വത്തിക്കാനാണ്. അതിന്റെ തലവനായ പോപ്പ് ആത്മീയഭരണവും രാജഭരണവും ഒരേസമയം നിര്‍വഹിക്കുന്നു. ആ കൊച്ചുരാജ്യത്തിന്റെ പ്രവര്‍ത്തനമണ്ഡലം പോപ്പിന്റെ പ്രതിനിധികളായ  സ്ഥാനപതികള്‍ [ecclesiastical diplomat (Nuncio)പ വഴിയും മെത്രാന്മാര്‍ വഴിയും ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. മെത്രാന്മാര്‍ കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലും ബലത്തിലും നിയമനിര്‍മാണ (legislative) കാര്യനിര്‍വാഹക (executive) നീതിന്യായ (judicial) അധികാരങ്ങളോടെ അവരെ ഭരമേല്പിച്ചിരിക്കുന്ന രൂപതയെ ഭരിക്കുന്നു.

കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്തോടെ, ദിവ്യബലിയില്‍ കേന്ദ്രീകൃതമായ ദൈവാരാധനയാണ് സഭാജീവിതത്തിന്റെ കാതല്‍ എന്ന് പൗരോഹിത്യം സ്ഥാപിച്ചെടുത്തു. അതോടെ സഭയില്‍ ക്രിസ്തുദര്‍ശനവും ക്രിസ്തുമാര്‍ഗവും തമസ്‌ക്കരിക്കപ്പെടാനാരംഭിച്ചു. ആചാരാനുഷ്ഠാനങ്ങളിലും കന്യകാമാതാവിനോടും വിശുദ്ധരോടുമുള്ള വണക്കത്തിലും ഊന്നിയുള്ള ഒരു സംഘടിത മതമായി സഭ അധഃപതിക്കാന്‍ തുടങ്ങി. വിശ്വാസികളെ അമിതമായ ഭോഗാസക്തികളില്‍നിന്നും ഭൗതികമായ ചിന്തകളില്‍നിന്നും പിന്തിരിപ്പിച്ച് നിത്യതേജസ്സിന്റെ പ്രതിഫലനമായ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള സഭാധികാരികള്‍ ആത്മീയതയില്‍നിന്ന് ബഹുദൂരമകന്ന് വികാരപരമായ ചോദനകളിലകപ്പെട്ട് ജീവിച്ചു. അങ്ങനെ റോമാസാമ്രാജ്യത്തിലെ ക്ലേര്‍ജികള്‍ മൂല്യശോഷംവന്ന ഒരു വര്‍ഗമായിമാറി.
എന്നാല്‍ നസ്രാണി സഭ യൂറോപ്യന്‍ സഭയുടെ മതരാഷ്ട്രീയ ഇടപെടലുകളിലെ ചെളിക്കുണ്ടില്‍ വീഴാതെ മാര്‍തോമാ പഠിപ്പിച്ച ആദിമസഭാസമ്പ്രദായത്തിലും നസ്രാണി കത്തനാരന്മാര്‍ യേശുശിഷ്യരുടെ മാതൃകയിലും ജീവിച്ചിരുന്നു. അവര്‍ വിവാഹിതരും വേഷത്തിലും പെരുമാറ്റത്തിലും എണങ്ങരെപ്പോലെ (അല്മായരെപ്പോലെ) യുമായിരുന്നു. ജ്ഞാനസ്‌നാനം എന്നകൂദാശയാല്‍ എല്ലാവരും ഒന്നുപോലെ ബന്ധിതരായിരുന്നു. എന്നാല്‍ പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യരുടെ ആഗമനത്തോടെ നമ്മുടെ കത്തനാരന്മാരെയും റോമാസഭയിലെ ക്ലേര്‍ജികളെപ്പോലെ വേറൊരു വര്‍ഗമാക്കി മാറ്റി. കൂടാതെ, സഭാപൗരരെ ഭരിക്കാനുള്ള അധികാരവും അവകാശവും  ദൈവത്തില്‍നിന്ന് നേരിട്ട് വൈദികര്‍ക്ക് ലഭിച്ചു എന്ന വികല ദൈവശാസ്ത്രത്തിന്റെ വിത്ത് ഉദയമ്പേരൂര്‍ സൂനഹദോസില്‍ (1599) നടുകയും ചെയ്തു. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളില്‍ ഇന്നത് വളര്‍ന്ന് പന്തലിച്ച് മുടിചൂടി നില്‍ക്കുന്നു. ഇന്നത്തെ സഭാധികാരികളുടെ പെരുമാറ്റം കണ്ടാല്‍ അവര്‍ സഭാപൗരരെക്കാള്‍ ഉന്നതരും സ്വര്‍ഗം വീതിച്ചുകൊടുക്കാന്‍ അധികാരമുള്ളവരുമാണെന്ന് തോന്നിപ്പോകും. വൈദികന്‍ പള്ളിയില്‍ ഏതു വിഡ്ഢിത്തരം പ്രസംഗിച്ചാലും ഒരല്‌മേനിക്ക് അത് തിരുത്താന്‍ അവകാശമില്ല. അവര്‍ പറയുന്നതും പെരുമാറുന്നതും തെറ്റാണെന്ന് അറിയാമെങ്കിലും വിശ്വാസി അന്ധമായി അത് അനുസരിച്ചുകൊള്ളണം. കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ സഭയില്‍ ആരംഭിച്ച ആ രോഗം ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

യേശുശിഷ്യനായ പത്രോസ് വ്യക്തമാക്കുന്നതിപ്രകാരമാണ്: ' …….. തങ്ങളെ വിളിച്ചവന്റെ അത്ഭുതപ്രവര്‍ത്തികള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട  വര്‍ഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകുന്നു.' (1 പത്രോ. 2: 9) അപ്പോള്‍ സഭാജീവിതത്തിലും സഭയുടെ നയരൂപീകരണത്തിലും അല്മായര്‍ക്ക് അര്‍ത്ഥവത്തായ രീതിയില്‍ പങ്കെടുക്കാന്‍ അവകാശവും കടമയുമുണ്ട്. എന്നാല്‍ ഇന്നത്തെ സഭാന്തരീക്ഷം അതിന് വിലങ്ങുതടിയായി നില്ക്കുകയാണ്. അല്മായ പ്രേഷിതത്വത്തിന്റെ അനിവാര്യതയെ തിരിച്ചറിയാതെ സഭാധികാരത്തിന് എത്രകാലം മുന്‍പോട്ടുപോകാന്‍ കഴിയും? ഈ സാഹചര്യത്തില്‍ ഓരോ വിശ്വാസിയും സഭാനവീകരണത്തിനായി മുറവിളി കൂട്ടുകയാണ് വേണ്ടത്. അനങ്ങാപ്പാറ നയക്കാരായ മേലധികാരികളുടെ മാര്‍ക്കടമുഷ്ടി ആപല്‍ക്കരമാണെന്നും അവര്‍ അത് തിരിച്ചറിഞ്ഞ് വേണ്ട പ്രതിവിധി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താന്‍ സഭാപൗരര്‍ക്ക് കടമയുണ്ട്. കാരണം സഭാമേലധികാരികള്‍ ചവുട്ടിനില്‍ക്കുന്ന മണ്ണ് ഇളകിത്തുടെങ്ങിയെന്നും 'മണ്ണിടിച്ചില്‍' നാം വിചാരിക്കുന്നതിലേറെ ഗുരുദരമാണെന്ന് ദൈനന്തിന സംഭവങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരിടത്ത് അനേകകോടികളുടെ ആലയം കെട്ടിപ്പടുക്കുമ്പോള്‍ മറ്റു പലയിടത്തും ആലയങ്ങള്‍ പൂട്ടിത്തുടങ്ങിയിരിക്കുന്നു. എന്താണിതിനര്‍ത്ഥം? കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 1210 മെഗാപ്പള്ളികള്‍ അമേരിക്കയില്‍ പണിതു. ആ പള്ളികളില്‍ 10,000 മുതല്‍ 50,000 വരെ വിശ്വാസികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ആ പള്ളികളില്‍ പോകുന്നവരിലധികവും കത്തോലിക്ക സഭയോട് വിടപറഞ്ഞവരാണ്. സഭാധികാരികളുടെ ആഢംബരജീവിതം, ദൂര്‍ത്ത് , അധികാരദുര്‍വിനയോഗം, വൈദികരുടെ ഇടയിലെ ലൈംഗിക അരാജകത്വം, അതുമൂലം സഭയ്ക്കുണ്ടായ സാമ്പത്തീക നഷ്ടമെല്ലാം സഭയില്‍നിന്നും വിശ്വാസികളെ അകറ്റി. ജനകോടികളുടെ കഷ്ടപ്പാടുകളും കണ്ണുനീരും ദാരിദ്ര്യവും യാതനകളും വേദനകളും കാണാന്‍ കടപ്പെട്ടവളാണ്, സഭ. ആഢംബരത്തിലും സുഖലോലുപതയിലും കഴിയുന്നവര്‍ക്ക് സാധാരണ വിശ്വാസിയുടെ പ്രശ്‌നങ്ങള്‍ എങ്ങനെ അറിയാന്‍ കഴിയും? അലറിയുള്ള നാശത്തിന്റെ സംഗീതം കൂട്ടത്തോടെ പാടുന്നതിലും നല്ലത് യേശുവചനങ്ങള്‍  ചെവിയില്‍ മന്ത്രിക്കുന്നതാണ്. അവനവന്റെ കുടിലില്‍ ദൈവത്തെ കാണുന്നതാണ് പള്ളികള്‍തോറും അലഞ്ഞുനടക്കുന്നതിലും മെച്ചം. പാവപ്പെട്ടവന്റെ ബുദ്ധിമുട്ടുകളറിഞ്ഞു അവനെ സഹായിക്കുന്നതാണ് സ്‌തോത്രകാഴ്ചകളില്‍കൂടി കാണാത്ത സ്വര്‍ഗത്തെ വാങ്ങിക്കുന്നതിലും യുക്തിസഹജം. അത്ഭുതരോഗശാന്തിയല്ലാ നമുക്കുവേണ്ടത്; മറിച്ച്, ജനസാധാരണക്കാരുടെ പ്രശ്‌നപരിഹാരത്തിനു സര്‍വ്വയജ്ഞരായ ആക്ഷന്‍ ഹീറോകളെയാണ് ഇന്നിന്റെ ആവശ്യം.

പോപ്പ് ഫ്രാന്‍സിസിന്റെ അഭിപ്രായത്തില്‍ മെത്രാന്മാരുടെ ഇടയിലും പുരോഹിതരുടെ ഇടയിലും കാര്യമായ ഗുണനിലവാരക്കുറവ് സംഭവിച്ചിട്ടുണ്ട്. ലോകരീതിനിലവാരമുള്ള പരിഷ്‌ക്കാരികളും ആത്മാരാധകരും അവനവന്റെ സ്ഥിതിയില്‍ മതിമറക്കുന്നവരും കൗശലക്കാരും തന്‍കാര്യത്തെ ന്യായീകരിക്കുന്നവരും വിലകെട്ട കുരിശുയുദ്ധങ്ങള്‍ നാടത്തുന്നവരും ഇക്കൂട്ടത്തില്‍ പെടുന്നു. വെറുതെയല്ല ഫ്രാന്‍സിസ് പാപ്പ  'എയര്‍പോര്‍ട്ട് ബിഷപ്‌സ്', 'ബേബി ബിഷപ്‌സ്'  തുടങ്ങിയ അധിക്ഷേപപദവികല്‍ സഹമെത്രാന്മാര്‍ക്ക് ചാര്‍ത്താനിടയായത്. അഴിമതികേന്ദ്രത്തിലും ചെന്നായ്ക്കളുടെ ഇടയിലും കഴിയുന്ന പാവപ്പെട്ടവരെയും ധനികരെയും ഒന്നുപോലെ കാണുന്ന മാര്‍പാപ്പ ഇത്രയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനൊള്ളൂ. നമ്മുടെ കാലഘട്ടത്തിലെ സഭയുടെ രോഗമാണിത്. ദൈവജനശുശ്‌റൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഇടയന്മാര്‍ രാജകുമാരന്മാരെപ്പോലെ അഥവാ വമ്പിച്ച കമ്പനിയുടെ ധനികനായ സിഇഒമാരെപ്പോലെ പെരുമാറുന്നത് യഥാര്‍ത്ഥ യേശുശിഷ്യരെ ഞെട്ടിപ്പിക്കേണ്ടതാണ്. എന്റെ പുസ്തകങ്ങളിലെല്ലാം സഭാനേതൃത്വത്തിന്റെ ലക്കുംലഗാനുമില്ലാത്ത പോക്കിനെക്കുറിച്ചും അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിച്ചിട്ടുണ്ട്. പുരോഹിത നിര്‍ബന്ധിത ബ്രഹ്മചര്യം, വൈവാഹിത പൗരോഹിത്യം, പുരോഹിത ബാലരതി, സ്വവര്‍ഗരതി, ജനനനിയന്ത്രണം, സ്ത്രീപൗരോഹിത്യം, കാനോന്‍നിയമം, സഭാഭരണം, അല്മായപങ്കാളിത്തം, അന്ധവിശ്വാസജഡിലമായ ആചാരങ്ങള്‍, തിരുശേഷിപ്പുവണക്കം, കുമ്പസാരം, സാധുക്കളോടും ദളിതരോടും കാണിക്കുന്ന അനീതികള്‍, ധനികരോടു കാണിക്കുന്ന പക്ഷപാതം, സഭാധികാരികള്‍ സഭാപൗരരോടുകാണിക്കുന്ന ധാര്‍ഷ്ട്യം, സഭാനവീകരണം തുടങ്ങിയ അനേക കാലിക വിഷയങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് എന്റെ കൃതികളെല്ലാം രചിച്ചിട്ടുള്ളത്. ഇനിയും എത്രയോ കാര്യങ്ങള്‍ എനിക്കും നിങ്ങള്‍ക്കും പറയാന്‍ ബാക്കികിടക്കുന്നു. ഈ ബാക്കിയാണ് പുതിയ പുതിയ സഭാനവീകരണ സംഘടനകള്‍ക്ക് ആവേശം നല്‍കേണ്ടതും നല്‍കുന്നതും. സഭാനേതൃത്വത്തില്‍നിന്നും മുക്തമായ ഒരു സമുദായനേതൃത്വത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സാമൂഹ്യവും നവീകരണാത്മകവുമായ ഒരു അജണ്ഡയായിരുന്നു യേശുവിന്റേത്. അന്നത്തെ പൗരോഹിത്യത്തെ വെല്ലുവിളിച്ച പോരാളിയുടെ അനുയായികളായ നമുക്ക് നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറി ജീവിക്കാനുള്ള പ്രത്യേകാവകാശമില്ല.
    
അറുപതുകളിലും എഴുപതുകളിലും കേരളത്തില്‍നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ, തങ്ങളുടെ മതവിശ്വാസത്തെ മുറുകെപ്പിടിച്ച  മലയാളിസമൂഹം സ്വരുമ, കഠിനാദ്ധ്വാനം, സാമ്പത്തിക സുരക്ഷിതത്വമെല്ലാം പെട്ടെന്ന് കൈവരിച്ചു. അങ്ങനെ സമ്പന്നമായ, വേരുപിടിച്ച ഒരു സമുദായമായശേഷമാണ് അധികാരത്തെ വികസിപ്പിക്കാനും നിലനിര്‍ത്താനുംവേണ്ടി വികൃതമാക്കിയ സീറോ മലബാര്‍ 'പൈതൃകത്തെ' അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്തത്. ആ മലവെള്ള പാച്ചിലില്‍ കുറെ ന്യൂ ജനറേഷന്‍ യൂദാകളും ഒഴുകിവന്നു. ഇന്ന് പല ഇടവകകളിലും ഗുണ്ടാ അച്ചന്മാരുടെ വിളയാട്ടമാണ്. അവരോട് പൊരുത്തപ്പെടാത്തവരെ ഒറ്റപ്പെടുത്തി അടിച്ചമര്‍ത്തുക എന്ന ആക്രമണനയമാണ് ആ അച്ചന്മാര്‍ക്കുള്ളത്. അജപാലനമെന്ന വക്രപ്പേരില്‍ അധികാരസ്ഥാപനത്തിനും സാമ്പത്തിക ആദായത്തിനും വന്ന ഇവര്‍ക്ക് സമുദായത്തിലെ തലയും വാലും വേണ്ട; നടുമുറി മാത്രം മതി. കാരണം അവിടെയാണല്ലോ ദശയും കൊഴുപ്പും. നാമെന്തിന് ഇവരുടെ ആട്ടും തുപ്പും കൊള്ളണം? സമഗ്രാധിപത്യക്കാരായ ഇവര്‍ക്ക് നമ്മുടെ തല അവരുടെ കക്ഷത്തില്‍ കിട്ടണം. നാമെത്തിന് അതിന് നിന്നുകൊടുക്കണം? അല്ലാ, ഞാനൊന്നു ചോദിക്കട്ടെ: അച്ചന്മാര്‍ അമേരിക്കയില്‍ വന്നത്. അല്‌മേനികള്‍ക്കെതിരായി കോടതിയില്‍ കള്ളസാക്ഷി പറയാനാണോ? അച്ചന്മാരിവിടെവന്നത് നമ്മുടെ ഭാര്യമാരെയും പെണ്‍മക്കളെയും ലൈംഗികമായി ദുരുപയോഗം ചെയ്യാനാണോ? അത്തരം അതിക്രമങ്ങളെ സഭാധികാരികള്‍ മൂടിവെയ്ക്കുന്നു. അതു കേസാകുമ്പോള്‍ നേര്‍ച്ചപൈസകൊടുത്ത് കേസൊതു ക്കുന്നു. അച്ചന്മാരിവിടെവന്നത് സുവിശേഷപ്രഘോഷണം നടത്തേണ്ട പ്രസംഗപീഠത്തില്‍ കയറിനിന്ന് അല്‌മേനികളെ 'പേപ്പട്ടികള്‍' എന്നുവിളിക്കാനാണോ? അച്ചന്മാരിവിടെവന്നത് കുറെ ശിങ്കിടികളെക്കൂട്ടി അല്‌മേനികള്‍ക്കെതിരായി കള്ളക്കേസുകൊടുക്കാനാണോ? അച്ചന്മാരിവിടെവന്നത് വെള്ളക്കാരുടെ നയമായ 'ഡിവൈഡ് ആന്‍ഡ് റൂള്‍' നടപ്പിലാക്കാനാണോ? അച്ചന്മാരിവിടെവന്നത് കുടുംബങ്ങളെ തമ്മില്‍ തമ്മിത്തല്ലിക്കാനാണോ? അച്ചന്മാരിവിടെവന്നത് അല്‌മേനികള്‍ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പൈസകൊണ്ടും അവരുടെ തലയില്‍ വലിയ സാമ്പത്തിക ചുമതലയും കയറ്റിവെച്ച് പള്ളികള്‍ വാങ്ങിക്കൂട്ടി രൂപതയ്ക്ക് മുതലുണ്ടാക്കാനാണോ? അല്മായരെ നിങ്ങള്‍ ചിന്തിക്കുവിന്‍. നിങ്ങളുടെ അദ്ധ്വാനഫലം നിങ്ങളുടെ കുടുംബത്തിനുപകരിക്കുന്നതിനുപകരം അച്ചന്മാരെ പ്രീതിപ്പെടുത്താന്‍ ഉപയോഗിക്കണോ? അമേരിക്കന്‍ മലയാളി കുട്ടികള്‍ക്ക് സീറോ മലബാര്‍ പള്ളിയും അതിലെ ചടങ്ങുകളും ഒരു 'ളൗിി്യ വേശിഴ' ആണ്. ആ കുട്ടികള്‍ക്കുവേണ്ടിയാണോ നാമീപൈസ ചെലവഴിക്കുന്നത്? എങ്കില്‍ വെള്ളത്തില്‍ വരച്ച വരപോലെ കലാശിക്കും.

അച്ചന്മാര്‍ കാട്ടിക്കൂട്ടുന്ന ലൈംഗിക അതിക്രമങ്ങളും അധികാരികളുടെ മൂടിവെയ്ക്കലും ചോദ്യപ്പെടേണ്ടതാണ്. അല്മായ സംഘടനകള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതാണ്. അതുപോലെ അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ധാര്‍മ്മികാധഃപതനത്തിന്റെ പ്രത്യക്ഷ ലക്ഷണമാണല്ലോ തെക്കുംഭാഗക്കാരുടെ സ്വവംശവിവാഹപിടിവാശിയെ സഭാധികാരം അംഗീകരിക്കാന്‍ തയ്യാറാകുന്നത്. വര്‍ഗവിദ്വേഷം യേശുപഠനങ്ങള്‍ക്ക് കടക വിരുദ്ധമാണ്. അല്മായ സംഘടനകള്‍ വര്‍ഗനീതിക്കായി പോരാടേണ്ടതാണ്. ശുദ്ധരക്തവാദം കുടുംബങ്ങളോടുള്ള ധാര്‍മിക ബലാല്ക്കാരമാണ്. ദൈവത്തിന് പ്രിയപ്പെട്ട കൂട്ടായ്മകളെ പടുത്തുയര്‍ത്താന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ക്രിസ്തീയ സംഘടനകള്‍ക്ക് ശുദ്ധരക്തവാദത്തിലുള്ള സഭാധികാരികളുടെ നിലപാട് കുടുംബ ശിഥിലീകരണമായേ കാണാന്‍ സാധിക്കൂ. അത് ക്‌നാനായ ശുദ്ധരക്ത കൂട്ടനാശമാണ്. അതുകൊണ്ടുതന്നെ തെക്കുഭാഗരുടെ  ശുദ്ധരക്തവാദത്തിലെ അപരാധം മനസ്സിലാക്കി സഭയിലെ സാമൂഹ്യസംഘടനകള്‍ വര്‍ഗീയ താല്‍പര്യങ്ങള്‍ക്കുമാത്രമായി നിലകൊള്ളുന്നവര്‍ക്കെതിരായി സന്ധിയില്ലാസമരം ചെയ്യേണ്ടതാണ്. അത് യഥാര്‍ത്ഥ യേശുശിഷ്യരുടെ മൗലികമായ കടമയാണ്. അറിഞ്ഞോ അറിയാതെയോയുള്ള എല്ലാവക വിവേചനാപരമായ വകതിരുവുകള്‍ക്കും സഭ കുറ്റക്കാരിയാണ്. നാം ക്രിസ്തുവിന്റെ രക്തത്തെയാണ്  ആരാധിക്കുന്നത്; ശുദ്ധരക്ത ഭ്രാന്തിനെയല്ല. ഇക്കാര്യത്തില്‍ ഒരു ക്രിസ്ത്യാനിക്കും നിസ്സംഗനായിരിക്കാനുള്ള പ്രത്യേകാവകാശമില്ല. കാരണം വ്യക്തികളും സംഘടനകളും അടിച്ചമര്‍ത്തലിന്റെ പ്രത്യയശാസ്ത്രത്തെ ചെറുക്കാനും സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും മൗലികവീക്ഷണം പ്രചരിപ്പിക്കാനും വിളിക്കപ്പെട്ടവരാണ്.

സഭയെ കാലോചിതമായി നവീകരിക്കുക എന്നത് ഒരു വ്യക്തിയുടെ ജോലിയല്ല. ഒരു മെത്രാനോ പുരോഹിതനോ സഭാപൗരനോ സാധിക്കുന്ന കാര്യവുമല്ല. അത് സഭാസമൂഹത്തിന്റെ കൂട്ടായ പ്രയഗ്‌നഫലമായിരിക്കണം. ഇന്ന് അമേരിക്കയില്‍ അല്മായരുടേതായ പല സ്വതന്ത്ര സംഘടനകളും രൂപംകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സഭയെ നേരായവഴിക്ക് നയിക്കാന്‍ പരിശ്രമക്കേണ്ടതാണ്. സീറോ മലബാര്‍ രൂപത അമേരിക്കയില്‍  ഇല്ലാതിരുന്ന കാലത്തും അവിടത്തെ കുടുംബങ്ങള്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ക്കും ഒരു കോട്ടവും കേടുപാടും സംഭവിച്ചിരുന്നില്ലെന്നകാര്യം ഇവിടെ പ്രസ്താവയോഗ്യമാണ്.

അല്‌മേനികളെ നിങ്ങള്‍ ഉണരുവിന്‍.


Join WhatsApp News
george v 2017-09-18 17:51:53
ശ്രീ ചാക്കോ സാറിന് അഭിനന്ദനങ്ങൾ. പുരോഹിത മാഫിയയുടെ പിടിയിൽ നിന്നും   അല്മായർ ഉണരാൻ ഇത്തിരി പ്രയാസമാണ് എന്നാലും മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇതിനു ഒരു മാറ്റം വരണമെങ്കിൽ, വരും തലമുറയെങ്കിലും രക്ഷപ്പെടണമെങ്കിൽ കുഞ്ഞുങ്ങളെ ഈ പുരോഹിതർ പറയുന്ന വിഡ്ഢിത്തരങ്ങൾ കേൾക്കാൻ വിടാതിരിക്കുക. വോട്ടു ചെയ്യാൻ, വിവാഹം ചെയ്യാൻ തുടങ്ങിയവക്ക് പ്രായം നിശ്ചയിച്ച പോലെ മത പഠനത്തിനും ഒരു പ്രായം വേണം. അല്ലാതെ ചെറു പ്രായത്തിൽ അവരെ ഈ കഥകൾ അടിച്ചേല്പിച്ചാൽ ഈ മാഫിയയുടെ പിടിയിൽ നിന്നും രക്ഷ നേടാൻ ബുദ്ധിമുട്ടാണ്
Laityman 2017-09-18 22:52:19
Chack Sir, great. We need article like this. Every point is very truth. But the majority ignorant slaves manot like this. The slave leaders, the priest heads may take arms against you and the publishers. They may use all kinds of baseless and inlogical arguments to stop this kind of articles and publications. These parasites and fundamentalists do more harm to the faith and faithfuls. The high priests make very long speeches without any substance. They also go to our social secular association as chief guests and main speakers. People like you are doing wonderful job to educate the laity. 
Revelation 2017-09-19 10:07:14
ചാക്കോച്ചാ . "എന്റെ ആലയം  പ്രാർത്ഥനാലയം  എന്ന് വിളിക്കപ്പെടും " അവിടെ പോയ്  ദൈവത്തെ വിളിച്ചിട്ടു തിരികെ പോരുക. പട്ടക്കാരെ സന്ധിക്കാൻ വല്ലതും നേർച്ച ഇടുക. അല്ലാതെ പട്ടക്കാരെ കുറ്റം പറയുന്ന കുഞ്ഞാടുകളുടെ കൂട്ടത്തിൽ നിങ്ങളൊരു മുട്ടനാട് ആകരുത് .
സകല മതങ്ങളും ഒരു സംഘടന ആണ്. അതിങ്ങനെ ഭരിക്കാനാകു. . അല്ലാതെ തനിക്കു എന്തെങ്കിലും കൂടുതൽ അറിയാമെങ്കിൽ അതൊന്നു എഴുതൂ. 
V.George 2017-09-19 07:01:13
Well written article. People need to open their eyes. I am from Puthencavu, Kerala. Every year my church in Puthencavu celebrates the memory of One Saint Anthraose. In my childhood Saint Anthraose was depicted as an old man. Then the church came out with saint's picture wearing a bishop's clothing. Now the church renamed him as Anthraose Bava. Every year bishops come to the church and energize the believers to come with offerings (money) and celebrate the memory of Anthraose Bava. I happened to read few church history books. Some of those books are being sold from Parumala Church bookstall. Those church history books depict Anthraose as an alcaholic laymen came from Syria who wandered in middle travancore and finally drowned in kallada river. So, what is the truth? Someone who read this can bring it to the attention of one of the bishops who are in New York and write a response. People don't have to follow them like donkeys, they have a right to know the truth.
Christian 2017-09-19 10:20:39
ഈവിമര്‍ശകര്‍ക്ക് ക്രിസ്തുവിലൊ സഭയിലോ പാരമ്പര്യത്തിലോ ഒന്നും വിശ്വാസമില്ല. സഭയെ നന്നാക്കാനല്ല, നശിപ്പിക്കാന്‍ ശ്രമിക്കുന്ന അഞ്ചാം പത്തികളാണു ഇവരില്‍ നല്ല പങ്കു. നിങ്ങള്‍ വിമര്‍ശിക്കു. അതു സഭയേയോ ക്രിസ്തുവിനെയൊ വിശ്വാസികളെയോ ബാധിക്കില്ല. കുറച്ച് ആര്‍.എസ്.എസുകാര്‍ കയ്യടിച്ചേക്കും 
Joseh 2017-09-19 10:32:48
ഞാനുൾപ്പെട്ട തലമുറകൾ പുരോഹിതരുടെ അടിമകളായി ജീവിതം തള്ളി നീക്കി. ഇനി ഈ തലമുറയെ  രക്ഷിക്കാൻ യാതൊരു മാർഗവുമില്ല. അടിച്ചേൽപ്പിച്ചിരിക്കുന്ന തലച്ചോറിനുള്ളിലെ പുരോഹിതവിഷം ശുദ്ധീകരിക്കാൻ ഒരിക്കലും സാധിക്കില്ല. പുതിയ തലമുറകളിൽ വിഷം നിറയ്ക്കുന്നതിനുമുമ്പ് അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കടന്നു പോവുന്ന നമ്മുടെ തലമുറകൾക്കുണ്ട്. അതിൽ ശ്രീ ചാക്കോ കളരിക്കലിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. കേരളത്തിൽ ശ്രീ ജോസഫ് പുലിക്കുന്നേൽ സാർ തുടങ്ങി വെച്ച നവോദ്ധാന ചിന്തകളെ ശ്രീ ചാക്കോയും മുറുകെപ്പിടിക്കുന്നു. പ്രായോഗികമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു.  

ദൈവശാസ്ത്രമെന്ന അബദ്ധങ്ങൾ പഠിപ്പിക്കുന്ന വേദപാഠ ക്ളാസുകളിൽ കുഞ്ഞുങ്ങളെ വിടാതിരിക്കുകയെന്നതും മാതാപിതാക്കൾ ആലോചിക്കണം. ശ്രീ ചാക്കോ കളരിക്കലിന്റെ ഇത്തരം ലേഖനങ്ങളും പുസ്തകങ്ങളും മാതാപിതാക്കൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുകയും വേണം. അദ്ദേഹം,സഭയെ നശിപ്പിക്കാനല്ല, സഭയിൽ ക്രിസ്തു ചൈതന്യം വളർത്താനാണ് ശ്രമിക്കുന്നത്. 

അദ്ദേഹത്തിൻറെ പുസ്തകത്തിലുടനീളം സന്മാർഗ ശാസ്ത്രമെന്തെന്ന് വിവരിച്ചിട്ടുണ്ട്. ക്രിസ്തു ആരെന്നും വ്യക്തമാക്കിയിട്ടുണ്ട്. സത്യമായ ക്രിസ്തുവിനു കൂന്തൻ തൊപ്പികളും അംശവടികളും ഉണ്ടായിരുന്നില്ല. ക്ലാവർ കുരിശുകൾ കൈകളിൽ പിടിച്ചിരുന്നുമില്ല.  

സീറോ മലബാർ രൂപതകളിൽ ശ്രീ ചാക്കോയുടെ പുസ്തകം പാഠ പുസ്തകമാക്കിയാൽ നമ്മുടെ കുഞ്ഞുങ്ങളും നല്ല വഴികളിൽ സഞ്ചരിക്കാനിടയാകും. ഇന്നുള്ള പൗരാഹിത്യ വ്യവസ്ഥിതികൾക്ക് മാറ്റങ്ങളും വരാം. 
george v 2017-09-19 17:40:49
ശ്രീ ജോസഫ്  നോട് പൂർണമായി യോജിക്കുന്നു. ഈ വാർത്തയുടെ കമന്റുകൾ നോക്കുമ്പോൾ മാറ്റങ്ങൾ കണ്ടു തുടങ്ങി എന്ന് തന്നെ വേണം കരുതാൻ.ക്രിസ്ത്യൻ എന്ന വ്യാജൻ (ഒരു പുരോഹിതൻ ആവാനാണ് സാധ്യത)  മാത്രം ആണ് ഒരു അസഹിഷ്ണത പ്രകടിപ്പിച്ചു കാണുന്നത്. ക്രിസ്തുവിനെ അറിയാത്ത അദ്ദേഹത്തെ പോലുള്ളവർ ആണ് അഞ്ചാം  പത്തികൾ എന്ന് വിനയത്തോടെ പറയേണ്ടി വരുന്നു.
andrew 2017-09-19 20:44:47

 Salute to thee Sirs Joseph & George

I agree to you.

I hope the lord god of the faithful will soon come down & take them away from here so that humble humans like me can live in the paradise of solitude.

Philip 2017-09-20 07:58:29
നല്ല പുരോഹിതരും ചുരുക്കമായി ഉണ്ട് . ഈയിടെ നാട്ടിൽ നിന്നും വന്ന ഒരു പുരോഹിതൻ തൻ ചൊല്ലിയ കുർബാനയുടെ കൂലി പണം  ഒരു കവറിൽ ഇട്ടു നൽകിയപ്പോൾ അത് തുറന്നു നോക്കി കണക്കു പറഞ്ഞു കൂട്ടി മേടിക്കുന്നതു നേരിൽ കാണുവാൻ സാധിച്ചു. കർത്താവ് ഈക്കൂട്ടരെ ഓർത്തു കരയുന്നുണ്ടാകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക