Image

ജിമിക്കി കമ്മല്‍ കട്ടെടുത്ത മലയാളികള്‍ (പകല്‍ക്കിനാവ്- 69: ജോര്‍ജ് തുമ്പയില്‍)

Published on 18 September, 2017
ജിമിക്കി കമ്മല്‍ കട്ടെടുത്ത മലയാളികള്‍ (പകല്‍ക്കിനാവ്- 69: ജോര്‍ജ് തുമ്പയില്‍)
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഹാര്‍വിയും ഇര്‍മ്മിയും സൃഷ്ടിച്ചത് സുനാമിപ്പെരുമഴയാണെങ്കില്‍ കേരളത്തിലെ മലയാളികള്‍ക്കിടയിലേക്ക് പെയ്തിറങ്ങിയത് ഒരു ജിമിക്കി കമ്മലാണ്. ആഭരണമെന്ന നിലയില്‍ മലയാളി മങ്കമാര്‍ക്കുള്ള ആവേശത്തിനും അപ്പുറത്ത് ഒരു പാട്ടെന്ന നിലയിലാണ് ഇപ്പോള്‍ ജിമിക്കി കമ്മല്‍ പേരെടുക്കുന്നത്. കേരളം വിട്ട് അമേരിക്കന്‍ മണ്ണില്‍ വരെ വന്‍ തരംഗമാണ് ഈ ഗാനം. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഗാനമാണിത്. പാട്ട് ഹിറ്റല്ല, സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ഈ പാട്ടിന്റെ വരികളെ ചുറ്റിപ്പറ്റി നിരവധി ലേഖനങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു. നിരവധി പേര്‍ ഈ പാട്ടിനൊപ്പിച്ച് ചുവടു വച്ചു. അവരില്‍ പലരും ഹിറ്റായി കഴിഞ്ഞു. ഒരു പാട്ട് ഇങ്ങനെ ഹിറ്റാകുമോ? ഇങ്ങനെയൊക്കെ ഒരു പാട്ടിന് കവര്‍ വേര്‍ഷന്‍സ് ഉണ്ടാകുമോ? എന്നൊക്ക ചിന്തിച്ച് അന്തംവിടാന്‍ വരട്ടെ, ഓരോ ദിവസവും ഓരോ മണിക്കൂറും ഈ പാട്ട് മലയാളികള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. കോളേജ് കുട്ടികളും കല്യാണസ്ഥലങ്ങളിലും മുതിര്‍ന്നവരും കുട്ടികളും എന്നു വേണ്ട റീമിക്‌സിംഗ് വരെ ഈ പാട്ടിന് സംഭവിച്ചുകൊണ്ടിരിക്കുന്നു.

ദക്ഷിണേന്ത്യയും തമിഴകവും കടന്ന് അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ വരെ മലയാളിയുടെ ഈ ജിമിക്കി കമ്മല്‍ പാട്ട് കട്ടോണ്ടുപോയിരിക്കുന്നു. യൂട്യൂബ് ഓണ്‍ ചെയ്താല്‍ ജിമിക്കി കമ്മല്‍ പാട്ടിന്റെ വിവിധ വേര്‍ഷനുകളാണ് എങ്ങും. ഫെയ്‌സ് ബുക്കില്‍ ഈ ഗാനത്തിനോത്ത് ചുവടുവെക്കുന്ന ചെറുപ്പക്കാരുടെ വീഡിയോകള്‍ക്ക് പുറമേ ഓണക്കാലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം ജിമിക്കി കമ്മലിനു ചുവടു വെക്കുന്ന മുതിര്‍ന്നവരെയും കാണാം. കേരളത്തിന് പുറമേ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും ജിമിക്കി കമ്മല്‍ സൂപ്പര്‍ ഹിറ്റാണ്. ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു, അതിനെ ആഘോഷമാക്കുന്നു എന്നുള്ളത് ഗാനത്തിന്റെ വിജയം തന്നെയാണ്. എന്നാല്‍ അവ എത്രനാള്‍ പ്രേക്ഷക മനസില്‍ നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണ്. പാട്ടെഴുതിയ അനില്‍ പനച്ചൂരാന്‍ പോലും വിചാരിക്കാത്ത വിധത്തില്‍ വൈറല്‍ ഇഫക്ട് സൃഷ്ടിച്ച പാട്ട് കേരളം പിന്നിട്ട് ഇപ്പോള്‍ തമിഴ്‌നാട്ടിലും തരംഗമുണ്ടാക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ വിവിധ ഓണം മാമാങ്കങ്ങൡും ഈ പാട്ട് വന്‍ ഹിറ്റായിരുന്നു.

എന്തുകൊണ്ട് ഈ ഗാനത്തിനു ഇത്ര സ്വീകാര്യത ലഭിച്ചു. മലയാളികള്‍ അല്ലാത്തവര്‍ ഈ ഗാനത്തിന് സ്വീകാര്യത നല്‍കുന്നത് താളത്തിനോടുള്ള പ്രിയം കൊണ്ട് തന്നെയാണെന്നാണ് പറയപ്പെടുന്നത്. ശരിയാണ് ആദ്യ കേള്‍വിയില്‍ തന്നെ അതിന്റെ സ്വരസംഗീതമാണ് പ്രിയങ്കരമായി തോന്നിയത്. പിന്നെയാണ്, ആ പാട്ടിന്റെ വരികളിലെ ലാളിത്യവും നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍ തോന്നുന്നത്. വാസ്തവത്തില്‍ എന്തെങ്കിലും പ്രിയങ്കരമായി ഉണ്ടോയെന്നു ചോദിച്ചാല്‍ ഒന്നുമില്ല താനും.

ജിമിക്കി കമ്മലിനു സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ കേരളത്തിലെ യുവാക്കളുടെ പ്രിയ സംഗീത സംവിധായകനാണെന്നതു വേറെ കാര്യം. അദ്ദേഹം സംഗീതം പകര്‍ന്ന മിക്ക സിനിമകളിലെയും പാട്ടുകള്‍ ഹിറ്റാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, അടി കപ്യാരെ കൂട്ടമണി, ആന്‍ മരിയ കലിപ്പിലാണ്, ആട് ഒരു ഭീകര ജീവിയാണ്, ഗോദ തുടങ്ങി മലയാളത്തില്‍ ചെയ്ത എല്ലാ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടിലെത്തിയിട്ടുണ്ട്. ഇത് കേരളത്തില്‍ മാത്രമല്ല, അമേരിക്കന്‍ മലയാളികള്‍ക്കിടയിലും പ്രേക്ഷക പ്രീതി നേടിയവയാണ്. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ ഭാഷകളിലും ഷാന്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ജിമിക്കി കമ്മലും ബ്രാന്‍ഡി കുപ്പിയുടെയും ഈണം പിറന്നു വീണത്.

ഇതിലെ വരികളാണ് ഏറ്റവും ഹൃദ്യമായി അനുഭവപ്പെട്ടത്. ഒരു നാടന്‍ അനുഭവം ഇതില്‍ പ്രകടമാകുന്നുണ്ട്. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ലിനെ എങ്ങനെ കാവ്യത്മകമായി ഈ പാട്ടില്‍ കൊണ്ടു വരാമെന്നും പനച്ചൂരാന്‍ തെളിയിച്ചു. പാട്ടിന്റെ ആദ്യവരികളായ എന്റമ്മേടെ ജിമുക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയേ... എന്ന വരി തന്നെ തനി നാടന്‍ കേരളീയ ജീവിതത്തിന്റെ ഗൃഹാതുരത്വം വരച്ചു കാട്ടുന്നു. അതാവണം, അമേരിക്കന്‍ മലയാളികളെയും ഈ പാട്ടിന്റെ പിന്നാലെ പോകാന്‍ പ്രേരിപ്പിച്ചത്. പനച്ചൂരാന്‍ കൂടുതല്‍ ജനകീയനായത് അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ എന്ന ഗാനത്തോടെയാണ്. അതിനു ശേഷം കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാര്‍ബര്‍ ബാലനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കി. പാടിമറന്ന പാട്ടിന്റെ ഈണമാവണം ശ്രോതാക്കളെ ഈ വരികളോട് ചേര്‍ത്തു നിര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം. ഒരേ പോലെ പാട്ടും വരികളും കൂടികലര്‍ന്നു. താളവും വാക്കുകളും ഒരേപോലെ സ്വീകാര്യത ഉണ്ടാക്കി. അത്രമേല്‍ ഹൃദ്യമായി ഓരോരുത്തര്‍ക്കും ഇത് അനുഭവപ്പെടുന്നു. അതാവണം ഈ ഗാനത്തിന്റെ വിജയത്തിനു പിന്നിലെ അതീവരഹസ്യം. അല്ലാതെ മറ്റെന്തെങ്കിലും ഒരു കൂട്ടുണ്ടെന്നോ ഫോര്‍മുലയുണ്ടോന്നോ തോന്നുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമായി ഈ ആഘോഷം ഒതുങ്ങിയെന്നു കരുതേണ്ടതില്ല. ഇന്ത്യയ്ക്ക് പുറത്തേക്കും ഈ ഗാനത്തിനു ആരാധകര്‍ ഉണ്ടായി. അതിലും രസകരമായ ഒരു വസ്തുത പാട്ടിന്റെ ആദ്യ വരിയായ ജിമിക്കി കമ്മല്‍ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ ജിമ്മി കിമ്മേലുമായി ഉള്ള താരതമ്യപ്പെടുത്തല്‍ ആണ്. കിമ്മേലിനെ ഇക്കാര്യം ആരാധകര്‍ അറിയിച്ചപ്പോള്‍ അദ്ദേഹം ട്വിറ്ററില്‍ ഈ ഗാനത്തെക്കുറിച്ചു പറഞ്ഞുവത്രേ. അതിന് നൂറുകണക്കിനു റിട്വീറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചതും.

ഇതിനു മുന്‍പ് വൈ ദിസ് കൊലവറി എന്ന ഗാനമായിരുന്നു രാജ്യത്തിനു പുറത്ത് പോലും ആഘോഷമായത്. ധനുഷ് വരികളെഴുതി പാടി അഭിനയിച്ച ത്രീ എന്ന സിനിമയിലെ ഈ ഗാനവും നവസമൂഹ മാധ്യമങ്ങള്‍ തന്നെയാണ് പ്രശസ്തമാക്കിയത്. തൃശൂര്‍ സ്വദേശിയായ രഞ്ജിത്ത് ഉണ്ണി എന്ന ഗായകനാണ് ജിമിക്കി കമ്മല്‍ പാട്ട് പാടിയിരിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ജിമിക്കി കമ്മല്‍ ഇത്രത്തോളം പേരെടുത്ത നിലയ്ക്ക് ഇത്തവണ ഒരു ദേശീയ അവാര്‍ഡിന് അര്‍ഹതയുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിനു ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മഴ എന്ന സിനിമയ്ക്ക് യൂസഫലി കേച്ചേരിക്ക്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മലയാളത്തിനു ലഭിച്ചത് 2015ല്‍ എം. ജയചന്ദ്രനാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി. എന്നാല്‍ 1999ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം കിട്ടിയതിനുശേഷം ആ വിഭാഗത്തിലും മലയാള ചലച്ചിത്രഗാനത്തിന് നിരാശയാണ്. 1988ല്‍ വൈശാലിയില്‍ ചിത്ര മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തില്‍ കൊണ്ടുവന്നശേഷം അവിടെയും മറ്റൊരാളെ കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ ജനപ്രിയ ഗാനമെന്ന നിലയില്‍ ഇത്തവണ ജിമിക്കിക്ക് വല്ല സ്‌കോപ്പുമുണ്ടോ ആവോ?

എന്തായാലും, ഈ ഹിറ്റ് എല്ലാവരെയും അതിശയിപ്പിക്കുന്നുണ്ടെന്നതു സത്യം. എങ്ങനെ ഇങ്ങനെ സംഭവിക്കുന്നുവെന്ന കാര്യത്തില്‍ അതിന്റെ സൃഷ്ടാക്കള്‍ക്കു പോലും സംശയമാണ്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു, അതിനൊപ്പിച്ച് ഡാന്‍സ് കളിക്കാന്‍ തോന്നുന്നു, അതു തന്നെയാണ് ഈ പാട്ടിന്റെ വെളിപാട് വ്യക്തമാക്കുന്നത്. എന്തായാലും, എത്ര കാലം നിന്നു എന്നതിലല്ല, എത്ര പേര്‍ ഈ പാട്ട് ആസ്വദിച്ചു എന്നതിലാണ് ഇതിന്റെ വിജയം കണക്കാക്കേണ്ടത്. ആ നിലയ്ക്ക് ജിമിക്കി കമ്മല്‍ വെറും ഹിറ്റല്ല, ഒരു ഒന്നൊന്നര ഹിറ്റ് തന്നെയാണ്.

Join WhatsApp News
J.Mathew 2017-09-18 13:26:22
ജിമിക്കി കമ്മല് അപ്പൻ കട്ടോണ്ടു പോയി.അപ്പന്റെ ബ്രാണ്ടി കുപ്പി 'അമ്മ കുടിച്ചു തീർത്തു.എന്തൊരു സന്തുഷ്ടമായ ഒരു കുടുംബം!.ഇത്രയും നാൾ കരുതിയത് ദ്രാവക രൂപത്തിലുള്ളത് മാത്രമേ കുടിക്കാൻ പറ്റുഎന്നായിരുന്നു .എന്നാൽ ഖര രൂപത്തിലുള്ളതും കുടിക്കാൻ പറ്റും എന്ന് പനച്ചൂരാൻ തെളിയിച്ചു. ഇങ്ങനെയുള്ള "ഗാനങ്ങൾ " കേൾക്കാൻ മലയാളികളുടെ  ജീവിതം പിന്നെയും ബാക്കി.      
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക