Image

കോടതിയോട് അനാദരവ് കാട്ടിയ അസ്ഹറുദ്ദീന് പിഴശിക്ഷ

Published on 08 March, 2012
കോടതിയോട് അനാദരവ് കാട്ടിയ അസ്ഹറുദ്ദീന് പിഴശിക്ഷ
ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസ്സില്‍ ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി മുഹമ്മദ് അസ്ഹറുദ്ദീന് ഡല്‍ഹി കോടതി 15 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചു. നിയമ വ്യവസ്ഥയോട് അനാദരവ് കാട്ടിയതിനും കോടതിയുടെ സമയം പാഴാക്കിയതിനുമാണ് മൊറാദാബാദ് എം.പിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ അസ്ഹറുദ്ദീന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിക്രാന്ത് വെയ്ദ് പിഴശിക്ഷ വിധിച്ചത്. കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍പ്പാക്കിയെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ.

ചെക്ക് തുകയുടെ 10 ശതമാനം പിഴയെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒരു മാസത്തിനുള്ളില്‍ ഡല്‍ഹി നിയമ സഹായ അതോറിറ്റിയില്‍ അടയ്ക്കണം. അതേസമയം, ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്ഹറുദ്ദീന്‍ നല്‍കിയ അപേക്ഷ കോടതി അനുവദിച്ചു.

നേരത്തേ, ജനവരി 19നും മാര്‍ച്ച് 3നും നടന്ന വിചാരണാ വേളയില്‍ അസ്ഹറുദ്ദീന്‍ ഹാജരായിരുന്നില്ല. ഇതിന് കോടതി രണ്ടുവട്ടം അദ്ദേഹത്തിന് 20, 000 രൂപ വീതം പിഴശിക്ഷ വിധിച്ചിരുന്നു. ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണം നടത്തുകയാണെന്ന പേരിലാണ് കോടതിയില്‍ ഹാജരാകാതിരുന്നത്.

കേസില്‍ അസ്ഹറുദ്ദീന് ജാമ്യം നിന്ന സുഹൃത്തിനും കോടതി ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിച്ചു. 

ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി സഞ്ജയ് സോളങ്കിയാണ് പരാതി നല്‍കിയത്. അസ്ഹറുദ്ദീന്റെയും ഭാര്യയുടേയും പേരില്‍ മുംബൈയിലുള്ള വസ്തു സോളങ്കി വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി 1.5 കോടി രൂപ സോളങ്കി മുന്‍കൂറായി നല്‍കി. എന്നാല്‍ അസ്ഹറുദ്ദീനും ഭാര്യയും തമ്മിലുള്ള തര്‍ക്കം കാരണം വസ്തു വില്‍പ്പന നടന്നില്ല. പണം തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക