Image

യോങ്കേഴ്‌സില്‍ ഒരുമയുടെ ഓണം (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 20 September, 2017
യോങ്കേഴ്‌സില്‍ ഒരുമയുടെ ഓണം (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ തൊട്ടടുത്തു കിടക്കുന്ന യോങ്കേഴ്‌സിലെ മലയാളികള്‍ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടു ഒരിക്കല്‍ക്കൂടി ഒരുമിച്ച് അണിനിരക്കുന്നു. യോങ്കേഴ്‌സിന്റെ ചരിത്രത്തില്‍ ഇന്നെവരെ നടത്താത്ത ഏറ്റവും കേമമായ ഓണസദ്യയായിരിക്കും സെപ്റ്റംബര്‍ 23 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നടത്താനിരിക്കുന്നത്.

അടുത്തകാലം വരെ രണ്ടായി വിഭജിച്ചു നിന്നിരുന്ന യോങ്കേഴ്‌സിലെ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന് യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഷിനു ജോസഫും, അദ്ദേഹത്തിന്റെ ടീമുമാണ് മുന്‍കൈ എടുത്തത് എന്നുള്ള കാര്യം എടുത്തു പറയത്തക്കതാണ്. 2000-ല്‍ സ്ഥാപിതമായ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍ ഫൊക്കാനാ വിഭജിച്ച അവസരത്തില്‍ അധികാര വടംവലി ഉണ്ടായതിന്റെ പേരില്‍ വിഭജിക്കപ്പെടുകയാണുണ്ടായത്.

ഫൊക്കാന പിളര്‍ന്ന അവസരത്തില്‍ ത്തന്നെ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷനെയും പിളര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവില്‍ സുപ്രീംകോടതി വരെ എത്തിയെങ്കിലും അന്നത്തെ ഒരു വിവരമുള്ള ജഡ്ജി രണ്ടു കൂട്ടരോടും നിങ്ങള്‍ തമ്മിലടിക്കാതെ വിഭജിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം തമ്മിലടിച്ചാല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടപ്പെടാന്‍ കാരണമാകും. അങ്ങിനെ വരുന്നപക്ഷം നിങ്ങളുടെ വരുംതലമുറയ്ക്കുതന്നെ അത് ഒരു ശാപമായിരിക്കും എന്ന് ഉപദേശിക്കുകയും, ഉണ്ടായിരുന്ന പണം രണ്ടായി വിഭജിച്ചെടുത്ത് പിരിയുകയും പിരിഞ്ഞവര്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന പേരില്‍ ചെറിയൊരു ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ ലേഖകന്‍ അന്ന് സുപ്രീം കോടതിയില്‍ പോയതിനാല്‍ സത്യാവസ്ഥ അറിയാവുന്ന ആളുമാണ്. ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്(ഐ.എ.എം.സി.വൈ.) യില്‍ ഫൊക്കാനയില്‍ അധികാരവടം വലിക്കുവേണ്ടി വീണ്ടും വിഭജനം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പല മെമ്പര്‍മാരോടുമൊപ്പം ഈ ലേഖകനും മാറി നില്‍ക്കുകയാണ്.

വാസ്തവത്തില്‍ ഫോമാ, ഫൊക്കാന തിരിവാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പല സംഘടനകളും തമ്മിലടിച്ച് ക്ഷയിക്കാനുണ്ടായ കാരണം എന്നു നമുക്കു കാണുവാന്‍ സാധിക്കും. ധാരാളം മലയാളികള്‍ ഒന്നിച്ചു താമസിക്കുന്ന യോങ്കേഴ്‌സില്‍ മലയാളികള്‍ ഒരു ശക്തി തന്നെ ആണെന്നു പറയാം. യോങ്കേഴ്‌സില്‍ മലയാളികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഷിനു  ജോസഫിനെപ്പോലുള്ള ഒരാള്‍ നേതൃസ്ഥാനത്തേയ്ക്കു കടന്നു വന്നത് യോങ്കേഴ്‌സ് നിവാസികളായ മലയാളികള്‍ക്കെല്ലാം പ്രത്യാശയ്ക്കു കാരണമായി ത്തീര്‍ന്നിരിക്കുകയാണ്. എന്തിനേറെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏറെക്കുറെ വൈരികളെപ്പോലെ കഴിഞ്ഞിരുന്ന എന്റെ തൊട്ടയല്‍പക്കക്കാരയ മുന്‍കാല സുഹൃത്തുക്കള്‍ കഴിഞ്ഞകാല തെറ്റുകള്‍ മറന്ന് സ്‌നേഹത്തിന്റെ കൂട്ടായ്മയിലേക്കു വന്നതു കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം.

ഐ.എ.എം.സി.വൈ.യുടെ സ്ഥാപക സെക്രട്ടറിയും, ഔദ്യോഗികമായി ഇപ്പോഴും അതിന്റെ ചെയര്‍മാന്‍ സ്ഥാനം ഉണ്ടെന്നു പറയാവുന്ന ഞാന്‍ കഴിഞ്ഞ 9 വര്‍ഷത്തോളം പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ത്തന്നെ ഉണ്ടായിരുന്നു. കൂടാതെ ഐ.എ.എം.സി.വൈ.യെ പ്രതിനിധീകരിച്ച് ഔദ്യോഗികമായി ഫൊക്കാനായിലെ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍കൂടിയാണ്.

എന്റെ നേരിട്ടുള്ള അനുഭവത്തില്‍ പ്രാദേശിക സംഘടനകള്‍ ഒന്നിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ഫൊക്കാനായിലെ കുരുട്ടുബുദ്ധികളായ ചില നേതാക്കന്മാരാണെന്ന സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്തരക്കാരോട് ഒരു വിധത്തിലും മാനസികമായി പൊരുത്തപ്പെട്ടു പോകാന്‍ എനിക്കു സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ യോങ്കേഴ്‌സ് മലയാളികളുടെ കൂട്ടായ്മയ്ക്കു വിഘാതമായി നില്‍ക്കാതിരിക്കാന്‍ വേണ്ടി ഫൊക്കാനായിലുള്ള എന്റെ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ എന്ന സ്ഥാനം ഇതോടൊപ്പം രാജിവച്ചതായി ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെയെങ്കിലും ഫോമാ-ഫൊക്കാനാ എന്ന പേരില്‍ യോങ്കേഴ്‌സിലെ മലയാളികള്‍ തമ്മിലടിക്കാതെ ഒന്നിക്കാനിടവരട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതോടൊപ്പം ഷിനു ജോസഫിന്റെ നേതൃത്വത്തിലുള്ള യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. 

ഐ.എ.എം.സി.വൈയിലുള്ള എല്ലാ മെമ്പര്‍മാരും സാധിക്കുമെങ്കില്‍ സോണ്‍ഡേഴ്‌സ് ഹൈസ്‌ക്കൂളില്‍ വച്ചു നടക്കുന്ന മഹത്തായ ഓണാഘോഷത്തില്‍ പങ്കെടുത്ത് യോങ്കേഴ്‌സ് മലയാളികളുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
യോങ്കേഴ്‌സില്‍ ഒരുമയുടെ ഓണം (തോമസ് കൂവള്ളൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക