Image

'മനോഹരം ഘനശ്യാമം വനപാളികളെങ്കിലും' (പ്രൊഫ. ജോസഫ് ചെറുവേലി സാറുമായുള്ള സംഭാഷണം തുടര്‍ച്ച -3) -സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 21 September, 2017
'മനോഹരം ഘനശ്യാമം വനപാളികളെങ്കിലും'  (പ്രൊഫ. ജോസഫ് ചെറുവേലി സാറുമായുള്ള സംഭാഷണം തുടര്‍ച്ച -3) -സുധീര്‍ പണിക്കവീട്ടില്‍
അമേരിക്കന്‍ സാഹിത്യത്തെക്കുറിച്ച് പ്രൊഫസ്സര്‍ സാറുമായുള്ള ഫോണ്‍ സല്ലാപത്തിനു തിരശ്ശീല വീഴ്ത്തുന്ന പോലെ സന്ധ്യ കറുത്തു തുടങ്ങി. രാത്രിയുടെ യാമങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. ഒരു ദിവസം അവസാനിക്കുകയാണ്. സാറിന്റെ പാണ്ഡിത്യപ്രധാനമായ സൗഹ്രുദ സംഭഷണങ്ങള്‍ക്ക് വിരാമമിടാറായി. എല്ലാം മനസ്സില്‍ ഓര്‍ത്തു വച്ചു. ചിലതെല്ലാം കുറിച്ച് വച്ചു. കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി ആ സംഭാഷണത്തിന്റെ ഒരു രൂപരേ വിശദീകരിച്ചിരുന്നു. ഇനിയും പറയാന്‍ ബാക്കിയുള്ളത് ഇവിടെ തുടരട്ടെ.

പഠിച്ച പാഠങ്ങള്‍, അവയില്‍ നിന്നും ഗ്രഹിച്ച അറിവുകള്‍, വിവരങ്ങള്‍ എല്ലാം സാധാരണ ജീവിതത്തില്‍ കാണുകയും അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഒരു സവിശേഷം പ്രൊഫസ്സര്‍ സാറിനുണ്ടെന്നു തോന്നും അദ്ദേഹം സംഭാഷണ മദ്ധ്യേ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍. അമേരിക്കയിലെ സാഹിത്യത്തെക്കുറിച്ച് സംസാരിച്ച്‌കൊണ്ടിരുന്നപ്പോള്‍ (അതൊരു ക്ലാസ്സ് റൂം ലെക്ചര്‍ പോലെയായിരുന്നു) അദ്ദേഹം അവിടത്തെ കാല്‍പ്പനിക കവികളെക്കുറിച്ച് വിവരിച്ചു. കാല്‍പ്പനിക കവി എന്ന വിശേഷണത്തില്‍ ഒരു പക്ഷെ ചേര്‍ക്കാവുന്ന  റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതകളെക്കുറിച്ചും അദ്ദേഹത്തിന്റെ ചില കവിതകളെക്കുറിച്ചും പറഞ്ഞപ്പോള്‍ പ്രൊഫസ്സര്‍ സാര്‍ വാചാലനായി. അമേരിക്കയിലെ കണക്ടികറ്റ് എന്ന സ്ഥലത്ത് താമസിക്കുന്ന ബന്ധുവിനെ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ മതിലുകള്‍ കണ്ടപ്പോള്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ''മെന്‍ഡിങ്ങ് ദ വാള്‍' എന്ന കവിത ഓര്‍മ്മ വന്ന കാര്യം മനോഹരമായി വര്‍ണ്ണിച്ചു. അവിടെ വച്ച് എടുത്ത ഒരു ഫോട്ടൊ എനിക്ക് അയച്ചു തന്നു. (താഴെ കാണുക).  റോബര്‍ട് ഫ്രോസ്റ്റിനെക്കുറിച്ച് പറയുന്നത് ആധുനിക ചിന്താഗതി പ്രസ്ഥാനത്തിന്റെ വക്താവ് എന്നാണെങ്കിലും അദ്ദേഹം തന്റെ സമകാലികരായ ഏലിയാറ്റ്, എസ്ര പൗണ്ട്  മുതല്‍പേരെ അപേക്ഷിച്ച് പരമ്പരാഗതിയിലുള്ള കവിതകളില്‍ അവയുടെ വൃത്തനിബദ്ധതയില്‍ നിഷകര്‍ഷത പലിച്ചിരുന്നു. സാധാരണ ജീവിതത്തിലെ അനുഭവങ്ങളും ഭാഷയുമുപയോഗിച്ച് അദ്ദേഹം കവിതകള്‍ എഴുതി.ല്പഅതിനുള്ള നല്ല ഉദാഹരണമാണു ''മെന്‍ഡിങ്ങ് ദ വാള്‍' ആ കവിതയെക്കുറിച്ച് അദ്ദേഹം വിവരിച്ച് തന്നത് ഇങ്ങനെ സംഗ്രഹിക്കാം.
 
Mending the Wall   (മതിലുകളുടെ കേടുപാട് തീര്‍ക്കല്‍)

രണ്ടു പേരുടെ വസ്തുക്കളെ വേര്‍തിരിക്കുന്ന മതിലുകളുടെ കേടുപാടുകള്‍ തീര്‍ക്കുക എന്നത് അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റിനു കവിതക്ക്  വിഷയമായി. എന്തിനാണു അയല്‍ക്കാര്‍ തമ്മില്‍ മതിലിന്റെ ആവശ്യമെന്നാണു കവി ചോദിക്കുന്നത്. കവിയെ ആശ്ചര്യപ്പെടുത്തികൊണ്ട് അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ പറയുന്നു, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നു. 'നല്ല മതിലുകള്‍ നല്ല അയല്‍ക്കാരെ ഉണ്ടാക്കുന്നു.' മതില്‍ എന്നു പറയുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ തെളിയുന്നത് കല്ലും സിമന്റും ഉപയോഗിച്ച് അതിര്‍ത്തി വേര്‍തിരിക്കുന്ന  മതിലുകളായിരിക്കും. എന്നാല്‍ ന്യൂ ഇംഗ്ലണ്ടിന്റെ (NEW ENGLAND) പ്രാന്ത പ്രദേശങ്ങളില്‍ അതിര്‍ത്തികള്‍ വേര്‍തിരിച്ചിരുന്നത് ഉരുളന്‍ കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച മതില്‍കള്‍ കൊണ്ടായിരുന്നു.

വാസ്തവത്തില്‍ ഈ ചൊല്ല് പതിനേഴാം ശതാബ്ദത്തില്‍ കോളനികളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നതാണു. അതേസമയം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ ചൊല്ല്  വ്യത്യസ്തതയോടെ പറഞ്ഞിരുന്നു. നോര്‍വെയ്ക്കാര്‍ക്ക് ഇതു  'നല്ല അയല്‍ക്കാര്‍ തമ്മില്‍ ഒരു മതില്‍ ഉണ്ടായിരിക്കണമെന്നാണ്'. ജര്‍മ്മനി ഇങ്ങനെ ഉപയോഗിച്ചു. അയല്‍പക്കകാരുടെ ഉദ്യാനത്തിനു ഇടയില്‍ ഒരു മതില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണു. ജപ്പാന്‍- 'എത്ര ഉറ്റ സുഹൃത്തുക്കളായാലും അവര്‍ തമ്മില്‍ ഒരു മതില്‍ പണിയുക'. നമ്മുടെ ഭാരതത്തിലും പറഞ്ഞിരുന്നു ഇങ്ങനെ- 'അയല്‍പക്കക്കാരനെ സ്‌നേഹിച്ചോളു എന്നാല്‍ നിങ്ങള്‍ക്കിടയിലെ മതില്‍ പൊളിച്ച് കളയണ്ട'. എല്ലാ വര്‍ഷവും തണുപ്പു കാലത്ത് ഈ മതിലുകള്‍ ഉണ്ടാക്കിയിരിക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉരുണ്ട് വീണു അവിടവിടെ വിടവുകള്‍ ഉണ്ടാകുക സാധാരണയാണ്. ഈ കേടുപാടുകള്‍ തീര്‍ക്കുന്നതാണു കവിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മനുഷ്യന്‍ സ്രുഷ്ടിക്കുന്ന ഈ മതില്‍ 'തുഭേദങ്ങള്‍ക്കനുസരിച്ച് ഇളകി വീഴുന്നെങ്കില്‍ അതു പ്രക്രുതി ഇഷ്ടപ്പെടില്ലെന്നതിനുള്ള ഉദാഹാരണമാണെന്നും കവി സംശയിക്കുന്നു.

 എഡ്വിന്‍ ആര്‍ലിങ്ങ്ടന്‍ റോബിന്‍സണ്‍ എന്ന കവിയെക്കുറിച്ച് റോബര്‍ട്ട് ഫ്രോസ്റ്റ് അഭിപ്രായ്‌പ്പെട്ടത് 'അദ്ദേഹത്തിന്റെ ജീവിതം ഭാഷയുടെ ആനന്ദത്തില്‍ നിറഞ്ഞ ഒരു മദിരോത്സവമായിരുന്നുവെന്നാണ്.' ഇത് പക്ഷെ റോബര്‍ട്ട് ഫ്രോസ്റ്റിനും ബാധകമാണു. റോബര്‍ട് ഫ്രോസ്റ്റ് അദ്ദേഹത്തിന്റെ കവിതകള്‍ സര്‍വ്വകലാശാലകളില്‍ പോയി ഉറക്കെ ചൊല്ലുവാന്‍ ആഗ്രഹിച്ചിരുന്നു അങ്ങനെ ചെയ്തിരുന്നു.ല്പകവിതയുടെ ചൊല്‍കാഴ്ച്ചകള്‍ രൂപം കൊണ്ടത് ഇതില്‍ നിന്നായിരിക്കുമോ? റോബര്‍ട്് ഫ്രോസ്റ്റിന്റെ പ്രശസ്തിക്ക് കൂടുതല്‍ തിളക്കം കിട്ടിയത് ജോണ്‍ എഫ് കെന്നഡിയുടെ പ്രസിഡണ്ടാവരോഹണ ചടങ്ങില്‍ കവിത ചൊല്ലാന്‍ വിളിച്ചപ്പോഴാണു. അവിടെ അദ്ദേഹം വായിച്ച കവിത 'THE GIFT OUTRIGHT' ആയിരുന്നു. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന അവസരത്തില്‍ല്പ1941 ല്‍ പ്രസിദ്ധീകരിച്ചതാണെങ്കിലും 1960 ല്‍ നടന്ന ചടങ്ങില്‍ അതു ചൊല്ലുമ്പോഴും ജനം അതെക്കുറിച്ച് അറിവുള്ളവരായിരുന്നു. ഈ കവിതക്ക് എടുത്ത് പറയത്തക്ക സവിശേഷതകള്‍ ഇല്ലെങ്കിലും ഇതിനെ കവി തന്നെ അമേരിക്കയുടെ ദേശീയ ഗാനത്തോട് താരതമ്യം ചെയ്തിട്ടുണ്ടു. ഈ കവിതയില്‍ ബ്രാക്കറ്റുകള്‍ക്കുള്ളില്‍ കൊടുത്ത പതിമൂന്നാമത്തെ വരിയാണു ശ്രദ്ധേയമായത്. (Such as we we gave ourselves outright,(The deed of gift was many deed of war.)അമേരിക്കന്‍ പൗരന്മാര്‍ അവരുടെ രാജ്യത്തോട് പ്രതിജ്ഞബദ്ധരാകുമ്പോള്‍ തന്നെ ഭൂമിക്ക് വേണ്ടി നടത്തിയ യുദ്ധങ്ങളും അതിലൂടെ ജീവനര്‍പ്പിച്ച അനവധി ദേശഭക്തരും ഓര്‍മ്മിക്കപ്പെടണമെന്ന സൂചന ഈ വരികള്‍ തരുന്നു. കൂടാതെ ഈ കവിതയില്‍ ഞങ്ങളുടെ എന്നു പറയുന്നത് അമേരിക്കയിലെ ആദിനിവാസികളെക്കുറിച്ചല്ല മറിച്ച് ഇവിടെ കുടിയേറിയ വെള്ളക്കാരെ ഉദ്ദേശിച്ചാണു. കോളനി സ്ഥാപിക്കാന്‍ എത്തിയവരും ദേശവാസികളും ഉണ്ടായ ഉരസല്‍ കവി അവഗണിച്ചിട്ടുണ്ടു. അതേസമയം കോളനി സ്ഥാപിച്ചവര്‍ ഇവിടെ താമസിക്കുമ്പോഴും അമേരിക്കയുമായി ഒരു അകല്‍ച്ച മനസ്സില്‍ കണക്കാക്കുകയും ബ്രിട്ടനെ അവരുടെ പിത്രുഭൂമിയായി കാണുകയും ചെയ്തിരുന്നു. പിന്നീട് അവര്‍ അവരുടെ മനോദൗര്‍ബല്യം മനസ്സിലാക്കുകയും ഈ ദേശത്തെ സ്‌നേഹിക്കുകയും അവരുടെ സ്വന്തം നാടായി അതിനെ കാണുകയും ചെയ്തു. അവര്‍ ഈ ദേശത്തിനു അവരെ മുഴുവനായി സമര്‍പ്പിച്ചു, ഭൂമിക്ക് ഒരു ദാനമായി. ദേശഭക്തി വരികളില്‍ തുളുമ്പുന്നുണ്ട്. മലയാളി അമേരിക്കന്‍സ് ഈ കവിത വായിക്കേണ്ടതാണെന്ന് സാര്‍ അഭിപ്രായപ്പെട്ടു. അവര്‍ ഇപ്പോഴും ചോറിങ്ങും കൂറങ്ങും എന്ന നിലയില്‍ രണ്ടു വഞ്ചിയില്‍ കാലിട്ട് സഞ്ചരിക്കയാണു. പൂര്‍ണ്ണമായി അമേരിക്കയോട് സത്യ്‌സന്ധത പാലിക്കേണ്ടതുണ്ടു. ചുരുങ്ങിയ കാലാവുധിയില്‍ വന്ന് കുറച്ച് പണം സമ്പാദിച്ച് തിരിച്ച്‌പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു പക്ഷെ അമേരിക്കയോട് രാജഭക്തി കാണിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചതിനു ശേഷവും പിറന്ന നാടിനോട് മാത്രം കൂറുമായി കഴിയുന്നത് ഒരു തരം ആത്മ വഞ്ചനയാണ്. പുതിയ തലമുറക്കാര്‍ കൂടുതല്‍ അമേരിക്കയോട് സ്‌നേഹവും വിശ്വസ്തതയും പുലര്‍ത്തുന്നവരായിരിക്കുമെന്നു പെരുമാറുമെന്ന്  പ്രതീക്ഷിക്കാം.സാറുമായുള്ള സംഭാഷണത്തിന്റെ പ്രസക്തി വെറുതെ ഇംഗ്ലീഷ് സാഹിത്യം കേള്‍ക്കല്‍ മാത്രമല്ല. കവികളും, എഴുത്തുകാരും ജീവിതത്തിനു നല്‍കുന്ന ഉപദേശങ്ങള്‍, സന്ദേശങ്ങള്‍ എല്ലാം അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞ് വിവരിക്കുമെന്നുള്ളതാണു.

വനത്തിനരികെ, മഞ്ഞണിഞ്ഞ ഒരു സായം സന്ധ്യയില്‍
    റോബര്‍ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ കവിത, വനത്തിനരികെ മഞ്ഞണിഞ്ഞ ഒരു സായം സന്ധ്യയില്‍ '.Stopping of by woods on a snowy evening' വിദ്യാര്‍ത്ഥി ജീവിതകാലത്ത് പഠിച്ചതെങ്കിലും പ്രൊഫസ്സര്‍ സാര്‍ വിവരിച്ചപ്പോള്‍ കൂടുതല്‍ ആസ്വാദ്യത തോന്നി. കവിതയിലെ വരികളില്‍ നിന്നും മനസ്സിലാകുന്നത് ആ സംഭവങ്ങള്‍ നടക്കുന്നത് ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള ഒരു സന്ധ്യയിലാണെന്നാണു. ഒരു കുതിരപ്പുറത്ത് വന്ന ഒരാള്‍ വഴിയാത്രക്കിടയില്‍ കണ്ട വനത്തിനരികെ വണ്ടി നിറുത്തുന്നു. തൂവ്വല്‍ പോലെ പതിച്ച്‌കൊണ്ടിരിക്കുന്ന  മഞ്ഞലകള്‍ നിശബ്ദതയെ തഴുകുന്ന നിശ്ചല സന്ധയില്‍ അതിശൈത്യം മൂലം അടുത്തുള്ള തടാകത്തിലെ വെള്ളം ഘനീഭവിച്ച് കിടക്കുമ്പോള്‍, ചുറ്റും വിജനതയുടെ അപാരതീരം മയങ്ങുമ്പോള്‍ തന്റെ യജമാനന്‍ എന്തിനാണു വണ്ടി നിറുത്തിയതെന്നു ശങ്കിച്ച് കൊണ്ടു മണികള്‍ കിലുക്കി അതേക്കുറിച്ച് ചോദിക്കുന്ന കുതിര. എന്നാല്‍ യജമാനന്‍ ത്രിസന്ധ്യയുടെ മൂടല്‍ പ്രകാശത്തില്‍ ആ വനത്തിന്റെ  അഴകു കണ്ടു വിസ്മയാധീനനാകുകയാണു. ഉടനെ തന്നെ അദ്ദേഹം പരിസരബോധത്തിലേക്ക് തിരിച്ച് വരുന്നു. അതേ, യാത്ര ഇനിയും ബാക്കിയാണു. വാഗ്ദാനങ്ങള്‍ ഒത്തിരി പാലിക്കാനുണ്ട്, കാതങ്ങള്‍ ഏറെ പോകാനുണ്ടു. നിരൂപകരും  സഹൃദയരും ഒത്തിരി കൊട്ടി ഘോഷിച്ച ഈ കൊച്ചു കവിത അനവധി വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടു. ഒരു പക്ഷെ ലോകത്തിലെ മിക്ക പാഠശാലകളിലും ഇതു പഠിപ്പിക്കുന്നു. ഇതിലൂടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച് പകരുകയാണു കവി. ലക്ഷ്യസ്ഥാനത്തേക്കുള്ള  പ്രയാണത്തിനിടയില്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി യാത്ര മുടക്കരുത്.

Tthe woods are lovely, dark and deep,   

But I have promises to keep,   

And miles to go before I sleep,   

And miles to go before I sleep.


വിശ്രമത്തിനു മുമ്പ് മൈലുകള്‍ താണ്ടാനുണ്ടു എന്നു രണ്ടു തവണ ഉപയോഗിച്ചിട്ടുണ്ടു.  ഈ കവിതയില്‍ ദ്യോതിപ്പിക്കുന്ന (denote) അര്‍ത്ഥവും വ്യജ്ഞിപ്പിക്കുന്ന (Connote) അര്‍ത്ഥവും വേര്‍തിരിച്ചറിയേണ്ടതുണ്ടു. ഇതിന്റെ പദാനുപദ അര്‍ത്ഥം എടുക്കുകയാണെങ്കില്‍ ഇതില്‍ പറയുന്ന യാത്രക്കാരന്‍ വീട്ടില്‍ നിന്നും വളരെ അകലെയാണു. വീടെത്താന്‍ ഒത്തിരി ദൂരം സഞ്ചരിക്കേണ്ടതുണ്ടു എന്നാകാം. എന്നാല്‍ ആ വരികള്‍ സൂചിപ്പിക്കുന്നത് ഓരോ വ്യക്തിക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങള്‍ ഉണ്ടു. അതു പൂര്‍ത്തീകരിക്കേണ്ടത് അവരുടെ കടമയാണു. വന്വീഥികള്‍ മനോഹരിതയില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ കഠിനമായ തണുപ്പുണ്ടായിരുന്നെങ്കിലും നിശഭ്ഡമായ വായുവില്‍ മഞ്ഞു കണങ്ങള്‍ അവിടെ പാറി വീഴുന്നുണ്ടെങ്കിലും അതു ഹ്രുദയത്തെ മദിക്കുന്നെങ്കിലും അവിടെ നിന്നു യാത്ര മുടക്കാന്‍ യാത്രക്കരന്‍ തായാരാകുന്നില്ല. അദ്ദേഹത്തിനു ജീവിതത്തോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനുണ്ട്. മരണത്തിനു മുമ്പ് നമ്മള്‍ നമ്മുടെ ഉത്തരവദിത്വങ്ങള്‍ നിറവേറ്റിയിരിക്കണം. എങ്കിലെ ജീവിതം സഫലമാകൂ. ഇതിന്റെ മുന്‍ ലക്കങ്ങള്‍ വായിച്ച ഒരാള്‍ എന്നോട് ചോദിച്ചു ഇങ്ങനെ എഴുതുന്നത്‌കൊണ്ട് എന്തു പ്രയോജനം. വായനക്കാര്‍  എല്ലാവരും വിദ്യാഭ്യാസവും ഡിഗ്രിയുമുള്ളവരല്ലെ, അവര്‍ക്കെന്തിനീ ലേഖനങ്ങള്‍. ശരിയായിരിക്കാം, പക്ഷെ ഇതൊരു മടക്കയാത്രയാണു. കഴിഞ്ഞകാലങ്ങളിലേക്ക് ഒരു തിരിച്ച്‌പോക്കു. സന്തോഷകരമായ വിദ്യാര്‍ത്ഥി ജീവിത ത്തിലേക്ക് ഒന്നുകൂടി എത്തിനോക്കാന്‍ അവസരം. അതും ഒരു അദ്ധ്യാപകന്റെ ഒപ്പമാകുമ്പോള്‍ എത്രയോ ഹൃദ്യമായ അനുഭവമാണു അതു നല്‍കുന്നത്. അതു വായനക്കാരുമായി (ഏഴുപേരില്‍ കൂടുതലായി ആ സംഖ്യ വര്‍ദ്ധിക്കുന്നത് സന്തോഷകരം) പങ്കു വയ്ക്കുകയെന്ന പ്രസന്നമായ ഒരു സാഹിതീസേവനം ആണ് ഈ ലേനങ്ങള്‍ക്ക് പിറകില്‍. ഒരു പക്ഷെ സാഹീതി തല്‍പ്പരരായവര്‍ക്ക് കൂടുതല്‍ ഇതേക്കുറിച്ച അന്വേഷിക്കാനോ ഓര്‍മ്മകള്‍ പുതുക്കാനോ സാധിച്ചെങ്കില്‍ ഈ പരിശ്രമം വൃഥാവിലാകുകയില്ലല്ലോ.. (തുടരും..)



'മനോഹരം ഘനശ്യാമം വനപാളികളെങ്കിലും'  (പ്രൊഫ. ജോസഫ് ചെറുവേലി സാറുമായുള്ള സംഭാഷണം തുടര്‍ച്ച -3) -സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
James Mathew, Chicago 2017-09-21 14:34:55
ഇമ്മാതിരി ലേഖനങ്ങളല്ല അമേരിക്കൻ മലയാളി വായനക്കാരിൽ പലരും പ്രതീക്ഷിക്കുന്നത്.  ദിലീപിന്റെ വിധി, ഇരയുടെ ഭാവനകൾ, ഈഴവൻ ചാതുര്വര്ണ്ണത്തിൽ പെടുമോ, കൃസ്ത്യാനി ബ്രാഹ്മണനോ, നമ്പൂതിരിയൊ, പള്ളികളിൽ എന്തിനു ഡൊണേഷൻ കൊടുക്കുന്ന് പി.സി. ജോർജ് എന്ത് ചെയ്യുന്നു. ഇതൊക്കെ എഴുത്തുകാർ കൈകാര്യം ചെയ്‌താൽ ധാരാളം വായനക്കാർ ഉണ്ടാകും.  ജ്യോതി ലക്ഷ്മി നമ്പ്യാർ നാട്ടിലെ വാർത്തകൾ ഓരോ വാരവും തരുന്ന പോലെ ഇവിടത്തെ എഴുത്തുകാർ വിവാഹമോചനം, കറമ്പനും മലയാളിപെണ്ണുമായ വിവാഹം, അങ്ങനെ യൊക്കെ വല്ലതുമുണ്ടെങ്കിൽ എഴുതുക. സാഹിത്യം ആസ്വദിക്കാൻ മാത്രം ഇവിടെ എഴുത്തുകാരും വായനക്കാരും ഉണ്ടോ? എനിക്ക്  സാഹിത്യത്തിലൊന്നും കാര്യമായ ഗ്രാഹ്യം ഇല്ലാത്ത്തത്കൊണ്ട് എല്ലാം വായിക്കുന്നു. മോശം പറയരുതല്ലോ സുധീറിന്റെ  എഴുത്ത് രസകരം, ചില കാര്യങ്ങളൊക്കെ മനസ്സിലായി. ഉരുളൻ കല്ലുകൾ വച്ച് മതിൽ കെട്ടുന്ന വിദ്യയൊക്കെ. ഇ മലയാളിക്ക്, സുധീറിന്, പ്രൊഫസ്സർ ജോസഫ് ചെറുവേലിക്ക് അഭിനന്ദനങൾ .ജ്യോതിലക്ഷ്മി നമ്പ്യാർക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക