Image

കായല്‍ കൈയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു

എ.എസ് ശ്രീകുമാര്‍ Published on 21 September, 2017
കായല്‍ കൈയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു
ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവവും ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് മുക്കിയ ഫയല്‍ പൊങ്ങിയതുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് താമസിയാതെ പിടിവീഴുമെന്നാണ് മനസിലാക്കേണ്ടത്. മന്ത്രിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. പ്രാഥമിക പരിശോധന നടത്തിയില്ലെങ്കില്‍ പരാതി കോടതിയിലെത്തുമെന്ന സൂചനയെ തുടര്‍ന്നാണ് വിജിലന്‍സിന്റെ നീക്കങ്ങളത്രേ. ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി കായല്‍ കൈയ്യേറിയതു സംബന്ധിച്ച് ആരോപണ വിധേയനായ തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുന്നത്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഡി ബാബുവിന്റെ നിയമോപദേശം ലഭിച്ചാലുടന്‍ ത്വരിതപരിശോധനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധന നടക്കട്ടെയെന്ന നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. അല്ലെങ്കില്‍ പരാതി കോടതിയില്‍ എത്തുമെന്ന് വിജിലന്‍സും കരുതുന്നു.

വിജിലന്‍സ് നിയമോപദേശം തേടിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ഓഫീസിന് നേരേ ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. പുലര്‍ച്ചെയായിരുന്നു ആക്രമണം. അക്രമികള്‍ ഓഫീസിന് മുന്‍പിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദ് ബ്യൂറോയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒന്നര മാസക്കാലമായി തോമസ് ചാണ്ടിയുടെ നിരവധി അഴിമതികള്‍ പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടറാണ് ടി.വി പ്രസാദ്. തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് വ്യാപകമായി വയല്‍ നികത്തി, വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചത് നിയമവിരുദ്ധമായാണെന്ന് ഏഷ്യാനെറ്റ് തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അടക്കം നിരവധി ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നു വന്നിട്ടുള്ളത്. നേരത്തെ തന്നെ ആരോപണ വിധേയനാണ് തോമസ് ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം ഇത് ആയുധമാക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ തോമസ് ചാണ്ടിയുടെ പേരില്‍ വിജിലന്‍സ് കുരുക്ക് മുറുകാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. മാധ്യമങ്ങളെ വിരട്ടി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഏഷ്യാനെറ്റ് ന്യൂസിനു നേരേയുള്ള ആക്രമണമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കണമെങ്കില്‍ സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം കിട്ടണം. എന്നാല്‍ അതിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് പാര്‍ലമെന്റ് അംഗങ്ങളായ കെ.ഇ ഇസ്മായിലും പി.ജെ കുര്യനും പണമനുവദിച്ച ലേക് പാലസ് റിസോര്‍ട്ടിനായുള്ള ഈ റോഡ് നിര്‍മ്മിച്ചതെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നതായും ടി.വി പ്രസാദിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേസമയം കുട്ടനാട്ടില്‍ താന്‍ ഒരു സെന്റ് കായല്‍ കൈയെറിയെന്ന ആരോപണം തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതിത്തരുമെന്നും മന്ത്രി സ്ഥനം രാജിവച്ച് വീട്ടില്‍ പോകുമെന്നുമാണ് തോമസ് ചാണ്ടിയുടെ നിലപാട്. കായലില്‍ പൈപ്പുകള്‍ സ്ഥാപിച്ച് അതിരിട്ട് കയ്യേറിയത് അഴിമതി നിരോധന നിയമവും ഭൂസംരക്ഷണ നിയമവുമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും, കര്‍ഷകര്‍ക്ക് വിതരണം ചെയ്ത മാര്‍ത്താണ്ഡം കായലിലെ മിച്ച ഭൂമി നികത്തിയത്് അധികാര ദുര്‍വിനിയോഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനിടെ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ട്. ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തിരിച്ചെത്തിയ ഫയലില്‍ നിന്ന് പ്രധാന റവന്യു രേഖകള്‍ കാണാതാവുകയും ചെയ്ത സംഭവത്തില്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുകയാണ്. സ്ഥലത്തിന്റെ ആധാരം, കരമടച്ച രസീത് തുടങ്ങിയ നിരവധി രേഖകളാണ് ഇല്ലാത്തത്. ഉള്ളതാകട്ടെ 18 കെട്ടിടങ്ങള്‍ക്കുള്ള അനുവാദ രേഖയും. എഞ്ചിനീയറിംങ് വിഭാഗത്തിലെ രണ്ട് സുപ്രണ്ടുമാരെയും രണ്ട് ക്ലര്‍ക്കുമാര്‍ക്കുമാരെയും നിലവില്‍ വഹിച്ചിരുന്ന ചുമതലകളില്‍ നിന്ന് നീക്കി. സംഭവത്തില്‍ സംസ്ഥാന നഗരകാര്യ സെക്രട്ടറി ആലപ്പുഴ നഗരസഭയോട് വിശദീകരണം തേടിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ ഫലയുകള്‍ തിരിച്ചുവന്നതില്‍ ക്രമക്കേട് നടന്നതായി വ്യക്തമായിരുന്നു.

മന്ത്രയുടെ റിസോര്‍ട്ടിന്് കെട്ടിട നികുതിയിനത്തില്‍ ആലപ്പുഴ നഗരസഭ നല്‍കിയത് വന്‍ നികുതി ഇളവ് നല്‍കിയതും പുറത്തു വന്നിട്ടുണ്ട്. യു.ഡി.എഫും എല്‍.ഡി.എഫും നികുതിയിളവ് നല്‍കുന്നതിനെ അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 കെട്ടിടങ്ങള്‍ക്കായി ഒരു വര്‍ഷം ആകെ പതിനൊന്ന് ലക്ഷം രൂപയുടെ ഇളവാണ് നല്‍കികൊണ്ടിരിക്കുന്നത്. ലേക്ക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി 2004ല്‍ തോമസ് ചാണ്ടി അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ തോമസ് ചാണ്ടിയുടെ അപേക്ഷ സ്വീകരിക്കുകയും നികുതി ഇളവ് നല്‍കുകയും ചെയ്തു. അന്ന് ആലപ്പുഴ നഗരസഭ ഭരിച്ചിരുന്ന എല്‍.ഡി.എഫ് ഭരണസമിതി ഈ ഉത്തരവ് ശരിവെക്കുകയായിരുന്നു. നികുതി ഇളവിലൂടെ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണ് നഗരസഭക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 
കായല്‍ കൈയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക