Image

ഫാ. ടോം ഉഴുന്നാലിനെ പിഎംഎഫ് ഭാരവാഹികള്‍ വത്തിക്കാനില്‍ സന്ദര്‍ശിച്ചു

Published on 21 September, 2017
ഫാ. ടോം ഉഴുന്നാലിനെ പിഎംഎഫ് ഭാരവാഹികള്‍ വത്തിക്കാനില്‍ സന്ദര്‍ശിച്ചു

വത്തിക്കാന്‍സിറ്റി: തീവ്രവാദികളുടെ തടവറയില്‍ നിന്നും മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ പ്രവാസി മലയാളി ഫെഡറേഷന്‍(പിഎംഎഫ്) ഭാരവാഹികള്‍ വത്തിക്കാനില്‍ സന്ദര്‍ശിച്ചു.

പിഎംഎഫ് റോം റീജിയന്‍ പ്രസിഡന്റ് ബിനോയ് കരവാളൂരിന്റെ നേതൃത്വത്തിലാണ് ഫാ.ടോമിനെ സന്ദര്‍ശിച്ചു തങ്ങളുടെ പിന്തുണ അറിയിച്ചത്. തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉത്ക്കണ്ഠപ്പെടുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ദൈവം എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ കേട്ടതിന്റെ ഫലമായാണ് തനിക്കു മോചനം ലഭിച്ചതെന്ന് ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു.

വത്തിക്കാനിലുള്ള സലേഷ്യന്‍ സഭയുടെ സംരക്ഷണയിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. ദൈവത്തിന്റെ സ്‌നേഹവും കരുണയും ഒരിക്കലും അവസാനിക്കാത്തതാണെന്ന് ഫാ. ടോം പറഞ്ഞു. ദൈവത്തിനു നമ്മള്‍ ഓരോരുത്തരിലും ഓരോ ലക്ഷ്യമുണ്ട്. തനിക്കു ശാരീരികമായി കുറച്ചു കൂടി സുഖപ്പെടുവാനുണ്ടെന്നു അദ്ദേഹം പറഞ്ഞു. വത്തിക്കാനില്‍ ഡോക്ടര്‍മാര്‍ തന്നെ സന്ദര്‍ശിച്ചു പരിശോധിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യുമെന്നും വൈദികന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഫാ. ടോം റോമില്‍ എത്തിയത്. തുടര്‍ന്ന് പിറ്റേദിവസം മാര്‍ പാപ്പയെ സന്ദര്‍ശിച്ച അദ്ദേഹം തനിക്കു വേണ്ടി മാര്‍പാപ്പാ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞിരുന്നു. വിവിധ ചികിത്സകള്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനും മറ്റുമായി അദ്ദേഹത്തെ വത്തിക്കാനിലെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക