Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ന്യൂസിലന്‍ഡില്‍

Published on 22 September, 2017
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ന്യൂസിലന്‍ഡില്‍

ഓക്ലന്‍ഡ്: സീറോ മലബാര്‍ സഭമേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂസിലന്‍ഡിലെത്തി. രാത്രി 11ന് ഓക്ലന്‍ഡ് എയര്‍പോര്‍ട്ടിലെത്തിയ ആലഞ്ചേരി പിതാവിനെ സ്വീകരിക്കാന്‍ ഓക്ലന്‍ഡ്, ഹാമില്‍ട്ടണ്‍ കമ്യൂണിറ്റികളെ പ്രതിനിധീകരിച്ചു അനേകര്‍ എത്തച്ചേര്‍ന്നു. 

ഓസ്‌ട്രേലിയായില്‍ നിന്നും എത്തിച്ചേര്‍ന്ന ന്യൂസിലന്‍ഡ് അപ്പസ്‌തോലിക് വിസിറ്ററും മെല്‍ബണ്‍ രൂപത ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂരിനോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്കുവന്ന കര്‍ദിനാളിനെ ന്യൂസിലന്‍ഡ് സീറോ മലബാര്‍ മിഷന്‍ കോര്‍ഡിനേറ്ററും ഓക്ലന്‍ഡ് മിഷന്‍ ചാപ്ലിനുമായ ഫാ. ജോയി തോട്ടങ്കര, അസിസ്റ്റന്റ് ചാപ്ലിന്‍ ഫാ. തോമസ് ചെറുകാനായില്‍, ഹാമില്‍ട്ടണ്‍ കമ്യൂണിറ്റി ചാപ്ലിന്‍ ഫാ. ജോബിന്‍ വന്യംപറന്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

തുടര്‍ന്ന് ഹാമില്‍ട്ടണിലേക്കു പുറപ്പെട്ട കര്‍ദിനാള്‍ വെള്ളിയാഴ്ച വൈകിട്ട് ഹാമില്‍ട്ടണിലും ശനിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലും വിശുദ്ധ ബലി അര്‍പ്പിക്കുകയും രൂപതാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഞായറാഴ്ച രാവിലെ ഓക്ലന്‍ഡില്‍ തിരിച്ചെത്തുന്ന കര്‍ദിനാള്‍ ഉച്ചയ്ക്കുശേഷം മലയോല കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മധ്യേ 25 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്‌തൈര്യലേപനവും നടത്തും. കര്‍ദിനാള്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഓഷ്യാനിയ പ്രൊവിന്‍ഷ്യല്‍ ഫാ. എഡ്മണ്ട് നിക്‌സണ്‍, കേരള പ്രൊവിന്‍ഷ്യാല്‍ ഫാ. ജോയി പൂണേലി, ഓക്ലന്‍ഡ് മിഷന്‍ സ്ഥാപക ചാപ്ലിന്‍ ഫാ. അലക്‌സ് വിരുതുകുളങ്ങര, ഫാ. മനോജ് കുന്നത്ത്, ഫാ. ജോബിന്‍, ഫാ. തോമസ് എന്നിവര്‍ക്കു പുറമേ ന്യൂസിലന്‍ഡിലെ മറ്റു മലയാളി വൈദികരും സഹകാര്‍മികരാവും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഓക്ലന്‍ഡ് സീറോ മലബാര്‍ മിഷന്റെ പത്താംവാര്‍ഷികാഘോഷങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍ ബോസ്‌കോ അധ്യക്ഷത വഹിക്കും. ഫാ. ജോയി സ്വാഗതം ആശംസിക്കും. ചടങ്ങില്‍ വച്ചു മിഷന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച വിവിധ വ്യക്തികളെയും സണ്‍ഡേസ്‌കൂള്‍ അധ്യാപകരേയും ആദരിക്കും. തുടര്‍ന്നു കലാപരിപാടികളും ബൈബിള്‍ നാടകം 'വാഗ്ദത്തഭൂമി'യും അവതരിപ്പിക്കപ്പെടും. സ്‌നേഹവിരുന്നോടു കൂടി ചടങ്ങുകള്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: രാജി ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക