Image

രാഹുല്‍ ഗാന്ധിയുടെ ബെര്‍ക്കലെ വിളംബരം അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയുടെ മനോവ്യഥകള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 23 September, 2017
രാഹുല്‍ ഗാന്ധിയുടെ ബെര്‍ക്കലെ  വിളംബരം അല്ലെങ്കില്‍  ഒരു രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയുടെ മനോവ്യഥകള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )
ഒക്ടോബര്‍ അവസാനത്തോടെ കോണ്‍ഗ്രസിന്റെ പ്രസിഡന്റും തദ്വാര പ്രതിപക്ഷത്തിന്റെ 2019-ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ആകുവാന്‍ തയ്യാറെടുക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയു കൃത്രിമ ബുദ്ധിയുടെ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വഴി തേടി അമേരിക്കയിലെ സിലിക്കോണ്‍ താഴ് വരയിലും പര്യമ്പ്രത്തും നടത്തിയ സന്ദര്‍ശനം ഇന്‍ഡ്യയില്‍ വളരെ ശ്രദ്ധേയം ആയി. പ്രത്യേകിച്ചും ബെര്‍ക്കിലിയിലെ യൂണിവാഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, പ്രിന്‍സുറ്റന്‍ യൂണിവാഴ്‌സിറ്റി, ടൈസ് സ്‌ക്വയര്‍ എന്നിവിടങ്ങളിലെ പ്രസ്താവനകളും ചോദ്യോത്തര വേദികളും. ഇവ രാഹുലിന് പുതിയ ഒരു പ്രതിച്ഛായ നല്‍കിയിരിക്കുകയാണ്. ബി.ജെ.പി. തീര്‍ച്ചയായും അവയെ അടച്ച് ആക്ഷേപിച്ചു. 

പക്ഷേ, അത് സ്വഭാവികം ആണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയതിനു ശേഷം അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇരുസഭകളെയും പ്രസ്‌ക്ലബിനെയും അഭിമുഖീകരിച്ച് അവയെ സ്തംബ്ദനാക്കിയതുപോലെ തന്നെ ആയിരുന്നുള്ളത്. കൃത്രിമബുദ്ധിതേടിപോയെ രാഹുല്‍ അദ്ദേഹത്തിന്റെ പ്രാവീണ്യവും വ്യക്തവും കൃത്യവും ആയ ചിന്താധാരയും പ്രകടിപ്പിച്ചു. ഇന്‍ഡ്യയില്‍ ഇതുവരെ ഇതായിരുന്നില്ല നിജസ്ഥിതി. ഇതിന് പല കാരണങ്ങളും ഉണ്ടായിരുന്നു. സംഘപരിവാറിന്റെ അതിശക്തമായ രാഹുല്‍ വിരുദ്ധപ്രചരണം ആയിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് മാധ്യമങ്ങളുടെ കടന്നാക്രമണം. ഞാനും പല കാരണങ്ങളാലും ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ രാഹുലിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും വിമര്‍ശിച്ചെന്നിരിക്കും. അത് വേറെ കാര്യം. പക്ഷേ, രാഹുല്‍ അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ചില വസ്തുതകള്‍ സത്യസന്ധമായി വെളിപ്പെടുത്തുകയുണ്ടായി.

രാഹുലിലെ ബെര്‍ക്കിലി പ്രസംഗവും ചോദ്യോത്തരവും(വാഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ) ആണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ ചോദ്യോത്തരവേളയില്‍ അദ്ദേഹം വെളിപ്പെടുത്തി കോണ്‍ഗ്രസിന്റെ നേതൃത്വസ്ഥാനം ഏറ്റെടുക്കുവാന്‍ അദ്ദേഹം തയ്യാര്‍ ആണെന്ന്.

ഇതാണ് ഒന്നാമത്തെ വിവാദവും വിമര്‍ശനവും. രണ്ടാമതായി അദ്ദേഹം പറഞ്ഞു, അതും ഒരു ചോദ്യത്തിന് ഉത്തരമായി, ഇന്‍ഡ്യയില്‍ രാഷ്ട്രീയ കുടുംബഭരണം- പൊളിറ്റിക്കല്‍ ഡൈനാസ്റ്റി- ഒരു സ്വാഭാവിക സംഭവം ആണ്. എന്തിന് അദ്ദേഹത്തെ മാത്രം മാറ്റിനിറുത്തണം? അഖിലേഷ് യാദവും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും, ലാലുപ്രസാദ് യാദവിന്റെ കുടുംബവും, പഞ്ചാബിലെ ബാദല്‍മാറും, കാശ്മീരിലെ അബ്ദുള്ളമാരും മുഫ്ത്തി മഹമ്മുദ് കുടുംബവും, തമിഴ്‌നാട്ടിലെ കരുണാനിധി കാന്താനും എല്ലാം എല്ലാം ഇതിന് ഉദാഹരണം ആണ്. ഏറ്റവും ഒടുവിലായി മായാവതിയും(ബഹുജന്‍ സമാജ് പാര്‍ട്ടി) സ്വന്തം കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയാണ്. രാഹുല്‍ ഈ കുടുംബഭരണത്തിന്റെ ഉദാഹരണമായി അമിതാബ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചന്റെ ഉദാഹരണവും ഉദ്ധരിക്കുകയുണ്ടായി. ശരിയാണ് ഇത്. രാഹുലിന്റെ സത്യസന്ധമായ ഒരു പ്രസ്താവന ആയിട്ടേ ഞാന്‍ ഇതിനെ വിലയിരുത്തുന്നുള്ളൂ. വിമര്‍ശനത്തോടെ തന്നെ ഇതിലേക്ക് ആഴത്തില്‍ പിന്നീട് വരാം. ആദ്യം രാഹുലിന്റെ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത് സംബന്ധിച്ച വിളംബരം ചര്‍ച്ച ചെയ്യാം.

രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുവാന്‍ തയ്യാര്‍ ആണെന്ന് പ്രസ്താവിച്ചു. ഇതില്‍ ആര്‍ക്കും സംശയം ഇല്ല. അമ്മ സോണിയ ഗാന്ധി ആണ് അദ്ധ്യക്ഷ. രാഹുല്‍ ഉപാദ്ധ്യക്ഷനും. രാഹുലിന്, എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആകാം. പോരെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പ് നടക്കുകയും ആണ്. ഇവിടെ രാഹുലിന്റെ സമ്മതം മാത്രം അല്ല പ്രശ്‌നം. എത്രമാത്രം ജനാധിപത്യപരം ആണ് അത്. എത്രമാത്രം സുതാര്യത അതിന് ഉണ്ട്? രാഹുലിന്റെ പ്രസ്താവന സുതാര്യം ആണ്. പക്ഷേ, അത് മാത്രം മതിയോ? അദ്ദേഹം തയ്യാര്‍ ആണ്. നല്ല കാര്യം തന്നെ. പക്ഷേ, വേറെ ആരും ഈ 130 വര്‍ഷം പഴക്കമുള്ള ഇന്‍ഡ്യയിലെ ഏറ്റവും പഴക്കമുള്ള ഈ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇല്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? നെഹ്‌റു-ഗാന്ധി കുടുംബത്തിനുവെളിയില്‍ ആരെയും വളരുവാന്‍ അനുവദിച്ചില്ല, അനുവദിക്കുന്നില്ല എന്നതാണ് ദയനീയമായ സത്യം. മറ്റ് നേതാക്കന്മാരെ അവരുടെ സംസ്ഥാനങ്ങളില്‍ മാത്രം ഒതുക്കും. ദേശീയ തലത്തില്‍ കുടുംബം മാത്രം. അത് ഇപ്പോള്‍ സോണിയ, രാഹുല്‍, പ്രിയങ്ക മാത്രം. ഇത് എന്തൊരു ജനാധിപത്യം ആണ്? ഏതായാലും രാഹുല്‍ അദ്ദേഹത്തിന്റെ സമ്മതം വിളംബരം ചെയ്തത്, അത് ഒരു വിദേശമണ്ണില്‍ വച്ച്, നല്ലതു തന്നെ.അതില്‍ സത്യസന്ധതയും സുതാര്യതയും ഉണ്ട്.

അടുത്തത് രാഷ്ട്രീയ കുടുംബാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സത്യകുമ്പസാരം. അത് നൂറ് ശതമാനവും ശരിയാണ്. വസ്തുതാപരമായി. അതിന്റെ ധാര്‍മ്മികത ആര്‍ക്കും ചോദ്യം ചെയ്യാം. അത് വേറെ വിഷയം. പക്ഷേ, ഇന്‍ഡ്യയില്‍ ഈ രാഷ്ട്രീയ കുടുംബ മേല്‍ക്കോയ്മ ഒരു യാഥാര്‍ത്ഥ്യം ആണ്. എന്തിന് അദ്ദേഹത്തെ മാത്രം മാറ്റി നിറുത്തി ക്രൂശിക്കണം എന്ന ചോദ്യവും ശരിയാണ്. രാഷ്ട്രീയത്തില്‍ മാത്രം അല്ല കലയിലും മറ്റ് മേഖലകളിലും ഇത് ഉണ്ട്. പക്ഷേ, അത് രാഷ്ട്രീയത്തില്‍ ആകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. കാരണം അത് രാഷ്ട്രത്തിന്റെ ഭരണവും ഭാവിയും ആയി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് രാഹുലിന്റെ ബെര്‍ക്കിലിന്‍ പ്രഭാഷണത്തിനു ശേഷം സുപ്രീം കോടതി ജസ്റ്റീസ് ജെ.ചെലമേശ്വര്‍ ഇതിനെ രാഷ്ട്രീയ അനീതി എന്ന് വിശേഷിപ്പിച്ചത്. അത് വളരെ ശരിയാണ് താനും. എന്തുകൊണ്ട് ഒരു ജനാധിപത്യത്തില്‍ അധികാരം ചില കുടുംബങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു? എന്തുകൊണ്ട് മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥം അല്ലെങ്കില്‍ മാധ്യമ വ്യവസായം ചില കുടുംബങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു? ഈ രണ്ട് ചോദ്യവും ഒരുപോലെ പ്രസക്തം ആണ്.

അപ്പോള്‍ രാഹുല്‍ പറഞ്ഞത് വസ്തുത ആണ്. രാഷ്ട്രീയത്തിലും മറ്റ് മേഖലകളിലും കുടുംബാധിപത്യം ഉണ്ട്. അതിന്റെ ആദ്യകണ്ണികളില്‍ ഒന്നു മാത്രം ആണ് രാഹുല്‍ ഉള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി രാഷ്ട്രീയ സാമ്രാജ്യം.

ഇന്‍ഡ്യയില്‍ മാത്രം അല്ല രാഷ്ട്രീയകുടുംബസാമ്രാജ്യങ്ങള്‍ നിലനിന്നതും നിലനില്‍ക്കുന്നതും. ഏഷ്യയിലും, ആഫ്രിക്കയിലും, യൂറോപ്പിലും, അമേരിക്കകളിലും കാലാകാലങ്ങള്‍ ആയി രാഷ്ട്രീയ കുടുംബാധിപത്യം നിലനിന്നിട്ടുണ്ട്. മിക്കതും രാജവാഴ്ചയുമായി ചേര്‍ന്നുനിന്നത് ആയിരുന്നു, മറ്റ് ചിലത് ആകട്ടെ തെരഞ്ഞെടുക്കപ്പെട്ട ഭരണവ്യവസ്ഥയുടെ ഭാഗവും. മറ്റ് ചിലത് ഏകാധിപത്യവും പട്ടാളഭരണവും ആയി ബന്ധപ്പെട്ടതും. പാക്കിസ്ഥാനില്‍ ഭൂട്ടോമാരും, ബംഗ്ലാദേശില്‍ മുജിബ്-ഉര്‍-റഹ്മാന്റെ കുടുംബവും നേപ്പാളില്‍ കൊയ്‌റാലമാരും ഇതിന് ഉദാഹരണങ്ങള്‍ ആണ്. അമേരിക്കയിലെ കെന്നഡിമാര്‍ മറ്റൊരു ഉദാഹരണം. അത് രണ്ടില്‍ അവസാനിച്ചു. മൂന്നാമത്തെ കെന്നഡി സ്വയം വിരമിച്ചു. ബുഷും രണ്ടില്‍ ഒതുങ്ങി. വിന്റണ്‍ ഒന്നിലും. മ്യാന്‍മാറിലെ ആംങ്ങ് സാന്‍സൂകിയുടെ പിതാവ് ആങ്ങ് സാന്‍ ആ രാഷ്ട്രത്തിന്റെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സ്വാതന്ത്ര്യസമര പോരാളി ആയിരുന്നു. പക്ഷേ, കുടുംബാധിപത്യത്തിന്റെ വലിയ ഒരു പരാജയം അത് അന്ധമായ വിരാരാധന ചെയ്യും. വ്യക്തിപൂജയെയും പാദസേവയെയും വളര്‍ത്തുന്നു എന്നതാണ്. അത് ജനാധിവിരുദ്ധം ആണ് എന്നത് മാത്രം അല്ല. അഴിമതിയെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

രാഹുലിന്റെ മറ്റൊരു ബെര്‍ക്കിലി കുമ്പസാരം 2012 ആയപ്പോഴേക്കും കോണ്‍ഗ്രസ് കൂടുതലായി ഗര്‍വ്വ് കാണിച്ച് തുടങ്ങിയെന്നും അതാണ് 2014 ലെ പരാജയത്തിലേക്ക് വഴിതെളിച്ചത് എന്നതും ആണ്. ഒപ്പം ജനങ്ങളില്‍ നിന്നും അകന്നു. ഞാന്‍ ഇതിനോട് ഭാഗികമായി യോജിക്കുന്നു. ജനങ്ങളില്‍ നിന്നും അകന്നു എന്നത് ശരിയാണ്. ധിക്കാരം കൂടുകയും ചെയ്തു. പക്ഷേ, പരാജയത്തിന്റെ കാരണങ്ങള്‍ ഇത് മാത്രം അല്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം(സുരേഷ് കല്‍മാഡി- ഷീല ദീക്ഷിത്ത്), ,2-ജി സ്‌പെക്ട്രം- കല്‍ക്കരിഖനി ലേല അഴിമതി അങ്ങനെ ഒട്ടേറെ കേസുകള്‍ കോണ്‍ഗ്രസിന്റെ പ്രതിഛായ നശിപ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങ് കഴിവുള്ള, സത്യസന്ധനായ ഒരു ഭരണാധികാരി ആയിരുന്നു. പക്ഷേ, അദ്ദേഹം കൂട്ടുകക്ഷി ഭരണത്തില്‍ ഒരു വന്‍ പരാജയം ആയിരുന്നു. കാരണം അദ്ദേഹത്തിന് രാഷ്ട്രീയം അറിയില്ലായിരുന്നു. 

സോണിയഗാന്ധി രഹസ്യമായും രാഹുല്‍ഗാന്ധി പരസ്യമായും അദ്ദേഹത്തിന്റെ അധികാരത്തെ തുരങ്കം വയ്ക്കുകയായിരുന്നു. അതോടൊപ്പം മോഡി എന്ന കൗശലക്കാരനും അതിസമര്‍ത്ഥനും ആയ സംഘപരിവാറിയുടെ ആവിര്‍ഭാവവും കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തി ആക്കി. ചുരുക്കത്തില്‍ കോണ്‍ഗ്രസിന് ഒരു നേതാവ് ഉണ്ടായിരുന്നില്ല 2014-ല്‍. ആ വിടവ് നികത്തുവാന്‍ ആണ് രാഹുല്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആ ആരംഭം അമേരിക്കയില്‍ നിന്നും ആയി എന്ന് മാത്രം. അത് ഇതുവരെ ഫലവത്തും ആണ്. അതിന്റെ സത്യസന്ധതയും ഉദ്ദേശശുദ്ധിയും ജനം പ്രത്യേകിച്ചും മാധ്യമങ്ങള്‍ മുഖവിലക്ക് എടുക്കുന്നുണ്ട്. രാഹുലിന്റെ പ്രധാന ദോഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ആണ്. അദ്ദേഹം രാഷ്ട്രീയത്തെയും ഭരണമീംമാസയെയും ഗൗരവമായി എടുക്കുന്നുണ്ടോയെന്ന് ജനം സംശയിക്കുന്ന രീതിയില്‍ ആണ് അദ്ദേഹത്തിന്റെ പ്രഖ്യാപിതവും അപ്രഖ്യാപിതവും ആയ വിദേശ അജ്ഞാത വാസങ്ങള്‍ അല്ലെങ്കില്‍ ഉല്ലാസ-അവധിക്കാലങ്ങള്‍.

രാഹുലിനെ പരാജയപ്പെട്ട ഒരു കുടുംബവാഴ്ചക്കാരന്‍ ആയിട്ടാണ് ബിജെപിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിശേഷിപ്പിച്ചത്. അതുപോലെതന്നെ മോഡിയെ ഒരു വിദേശ രാജ്യത്ത് വച്ച് വിമര്‍ശിച്ചതും ഇന്‍ഡ്യയില്‍ കുടുംബവാഴ്ച സര്‍വ്വസാധാരണം ആണെന്ന് സമ്മതിച്ചതും വലിയ കുറവ് ആയി ബി.ജെ.പി.കാണുന്നു. ഇന്‍ഡ്യ അഴിമതിയുടെ രാഷ്ട്രം ആണെന്നും ഇന്‍ഡ്യക്കാര്‍ പിച്ചച്ചട്ടിയും ആയി ലോകംചുറ്റുന്നവര്‍ ആണെന്ന ധാരണ ഉണ്ടെന്നും ഇന്‍ഡ്യക്കാരന്‍ ആണ് എന്ന് പറയുവാന്‍ ദേശവാസികള്‍ മടിച്ചകാലം ഉണ്ടെന്നും വിദേശപര്യടനവേളയില്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡി ആണ് എന്ന് ഓര്‍മ്മിക്കണം. 

രാഹുല്‍ ഒരു കാര്യം കൂടെ അഭിമാനപൂര്‍വ്വം ബെര്‍ക്കലി വിളംബരത്തില്‍ പറയുകയുണ്ടായി. അതായത്, ഇന്‍ഡ്യയെകുറിച്ച് ആര് എന്തുപറഞ്ഞാലും ഇന്‍ഡ്യയെപോലെ ഇത്രമാത്രം പട്ടിണിപാവങ്ങളെ ഭാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവന്ന ഒരു ജനാധിപത്യ രാഷ്ട്രവും ലോകചരിത്രത്തില്‍ ഉണ്ടാവുകയില്ല. ശരിയാണ് അത്. രാഹുല്‍ ഒരു കാര്യം സവിനയം സമ്മതിച്ചതും ശ്രദ്ധേയം ആയി. മോഡി നല്ലൊരു ആശയ വിനിമയ വിദഗദ്ധന്‍ ആണ്. തന്നെക്കാള്‍ പതിന്മടങ്ങ്. അതും വളരെ ശരിയാണ്. മോഡിയുടെ ഭരണത്തില്‍ അഹിംസ ആക്രമിക്കപ്പെടുന്നതും അസഹിഷ്ണുത വളരുന്നതും രാഹുല്‍ അക്കമിട്ടു നിരത്തി. ഒപ്പം സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യതയും. മോഡിയുടെ വിദേശനയത്തിന്റെ വൈകല്യങ്ങളും രാഹുലിന്റെ നിശിതമായ വിമര്‍ശനത്തിന് വിധേയമായി.

ഇന്‍ഡ്യയില്‍ ഇതിനെ അംഗീകരിക്കുന്നവരും തള്ളികളയുന്നവരും ഉണ്ട്. പക്ഷേ, ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ രാഹുല്‍ ഇരുത്തംവന്ന ഒരു ദേശീയ-അന്താരാഷ്ട്ര നേതാവായി വളരുന്നതിന്റെ സൂചനയായി ഞാന്‍ അമേരിക്കന്‍ പര്യടനത്തെ വിലയിരുത്തുന്നു. ഞാന്‍ കുടുംബ വാഴ്ചയെ അംഗീകരിക്കുന്നില്ല. പക്ഷേ, ഒരു യാഥാര്‍ത്ഥ്യം ആണെന്ന രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആരാണ് ഇതിന് കാരണക്കാര്‍? നമ്മള്‍ തന്നെ അല്ലേ?

രാഹുല്‍ ഗാന്ധിയുടെ ബെര്‍ക്കലെ  വിളംബരം അല്ലെങ്കില്‍  ഒരു രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയുടെ മനോവ്യഥകള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
Indian 2017-09-25 00:14:28
പ്രധാനമന്തിക്ക് നേരെ ഏതോ പെണ്‍ കൊച്ച് ചെരിപ്പെറിഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അതു തമസ്‌കരിച്ചു. രാഹുല്‍ ഗാന്ധിക്കു നേരെ ആയിരുന്നെങ്കില്‍? 
JEJI 2017-09-25 09:59:04
ചെരുപ്പേറ് മറച്ചുവച്ചു എന്നാണല്ലോ ആക്ഷേപം. ശ്രീ പി വി തോമസ് ഡൽഹിയിൽ വളരെക്കാലമായി ഉള്ള സീനിയർ പത്ര പ്രവർത്തകനും തികഞ്ഞ കോൺഗ്രസ് അനുഭാവിയും മോഡി വിരോധിയും ആണല്ലോ. ഇദ്ദേഹത്തിന് അതൊന്നു റിപ്പോർട്ട് ചെയ്യാമായിരുന്നല്ലോ. 
ഒരു ജനാധിപധ്യ രാജ്യത്തു ഒരു ജനപ്രതിനിധിയുടെ നേരെയും ചെരുപ്പ് എറിയുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. പ്രത്യേകിച്ച് പ്രധാനമന്ദ്രിക്കു നേരെ. നമുക്ക് അദ്ദേഹത്തെയും പാർട്ടിയെയും ഇഷ്ടമല്ലായിരിക്കാം നടപ്പാക്കുന്ന കാര്യങ്ങൾ മണ്ടത്തരങ്ങൾ ആയിരിക്കാം. പക്ഷെ പ്രദാനമന്ത്രിയോ മുഖ്യ മന്ത്രിയോ ആയിരിക്കുന്നകാലത്തോളം രാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ നേതാവാണ്. 
observer-2 2017-09-25 12:35:05
വര്‍ഗീയവാദികളൊഴിച്ചുള്ള ഇന്ത്യാക്കാര്‍ക്ക് മതിയായി എന്നര്‍ഥം. ആ പെണ്‍കൊച്ചിനു നമൊവാകം. ഗുജറാത്ത് കലാപം ആണല്ലോ അദ്ധേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.രാഹുലാണോ കോമാളി? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക