Image

അമ്മ ജീവിതം (ബിലു പദ്മിനി നാരായണന്‍)

Published on 24 September, 2017
അമ്മ ജീവിതം (ബിലു പദ്മിനി നാരായണന്‍)
”രാവിലെയമ്മ കുളിപ്പിയ്ക്കും.......“
അമ്മജീവിതത്തെക്കുറിച്ച്, മക്കള്‍ക്കുവേണ്ടി തൊഴില്‍ജീവിതം വേണ്ടെന്നുവെയ്ക്കുന്ന സ്ത്രീകളുടെ തീരുമാനം എത്ര നല്ലതെന്ന ത്യാഗനിര്‍ഭരപുനര്‍വിചാരത്തെക്കുറിച്ച് ചില എഴുത്തുകള്‍ നടക്കുന്നുവെന്ന് മനസിലായി .ആര്‍ത്തവത്തില്‍ അകത്തിരിക്കുന്ന പോലെ ഇത്ര ദിവസമെന്നു കൂടിയില്ലാത്ത വീട്ടമ്മജീവിതകാല്‍പ്പനികതകള്‍...! ഏറ്റവും രസമായി തോന്നിയത് കുട്ടികളുടെ പിതാവ് എന്ന കഥാപാത്രം ഇവകളിലൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല എന്നതാണ്...!

മൂന്നു വര്‍ഷം വര്‍ഷത്തില്‍ പാതി ആഴ്ചയവസാനം മാത്രം വീട്ടില്‍ മക്കളുടെയടുത്ത് വന്നിരുന്ന അമ്മയാണ് ഞാന്‍. രണ്ടുവര്‍ഷത്തെ അവധിയ്ക്കു ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്ന സാഹചര്യത്തില്‍ വീട്ടിലും പുറത്തുമുള്ള പ്രതികൂലസമീപനങ്ങളെ മറികടന്ന് ലീവു നീട്ടാതെ പോയി ജോയിന്‍ ചെയ്തു. ഒരു മുഴുവന്‍ സമയ സഹായിയെ കുട്ടികള്‍, അടുക്കള കാര്യങ്ങള്‍ക്കായി കൂടെ നിര്‍ത്തി എന്നതു മറ്റൊരു കാര്യം.

ഇതു പോലെ തങ്ങളുടെ വീട്ടു, കുട്ടി വേലകളെ ഔട്ട് സോഴ്‌സ് ചെയ്‌തോ അല്ലാതെയോ ജോലിയ്ക്കു പോകുന്ന എത്രയോ അമ്മമാരുടെ ജീവിതത്തെ പലതരത്തില്‍ കുറ്റബോധത്തില്‍ മുക്കാന്‍ വഴിവെയ്ക്കുന്ന ഒരു സമീപനം ഈ ചര്‍ച്ചകളിലുണ്ട്. അത് ഒട്ടും തന്നെ നിഷ്കളങ്കമല്ല.ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഏറ്റവും പ്രൊഡക്റ്റീവ് ആയ ഒരു കാലത്തെയാണ് അത് വൈകാരികമായി റ്റാര്‍ഗെറ്റ് ചെയ്യുന്നത്.തങ്ങളുടെ സ്വതന്ത്രമായ ഊര്‍ജത്തിന്റെ സ്വാഭാവിക ഭാഗമെന്ന നിലയില്‍ മക്കളോടൊപ്പം കുട്ടിയും കൗമാരക്കാരിയും ആയി പുറത്തേയ്ക്കു തന്നെ അവരുടെ കൈ പിടിച്ചുള്ള വളര്‍ച്ചയെ, ശാക്തീകരിക്കപ്പെട്ട കുറെക്കൂടി സാമൂഹികമായ രാഷ്ട്രീയമായ വളര്‍ച്ചയെ ആണ് തലോടി അമര്‍ത്തിക്കൊല്ലുന്നത്.

ഭാര്യയും അമ്മയുമാകുമ്പോള്‍ അവളിലേയ്ക്ക് വന്നുവീഴുന്ന, ആണിന്റെ ഭാഗത്തു നിന്നുള്ള അംഗീകൃത പങ്കാളിത്തമില്ലായ്മയാല്‍ സ്വയമറിയാതെ ശീലിക്കുന്ന, “ബട്‌ളര്‍പണി“യെ അമ്മത്തത്തിന്റെ കുപ്പിയില്‍ റൊമാ!ാന്റിക്കായി ഒന്നൂടെ പൊതിഞ്ഞു വെയ്ക്കുകയാണ് നമ്മള്‍.

സ്വന്തം പേരു വിളി എടുത്തുവെയ്‌ക്കേണ്ട അടിയുടുപ്പിന്റെയും ആഹാരത്തിന്റെയും അടിച്ചുകളയേണ്ട അഴുക്കിന്റേയും കുട്ടികളുടെ അപ്പിമൂത്രങ്ങളുടേയും ഒരു ചുരുക്കരൂപമായി മാറുന്നത് തിരിച്ചറിയാതെ ജീവിക്കുന്നവര്‍ ... “ഞാനില്ലെങ്കി ഒരു നേരം കഴിയില്ല്യ“ എന്ന ഒരു പറച്ചിലിന്റെ പാവം പിടിച്ച അഹങ്കാരത്തില്‍ ഒരു ജന്മം മുഴുമിക്കുന്നവര്‍...സപ്പോര്‍ട്ട് സിസ്റ്റമെന്നത് ഒരിക്കലും ഒരു സമഗ്രജീവിതമല്ലെന്നും മറ്റൊന്നിന്റെ വളമാകല്‍ മാത്രമാണെന്നും അറിയാതെ പോകുന്നവര്‍.

പുതിയ അണുകുടുംബസാഹചര്യത്തില്‍ മക്കളുടെ കാര്യത്തിനായി ഒരാള്‍ രണ്ടോ മൂന്നോ വര്‍ഷം ജോലി മാറ്റിവെയ്ക്കുക എന്ന പൊതുവായ തീരുമാനം എടുക്കാന്‍ കഴിയുന്ന സാമ്പത്തിക സാഹചര്യം ഉള്ളവര്‍ക്ക് അങ്ങനെയാവാം. പക്ഷേ അത് ഒരു ചര്‍ച്ചയിലും ആണിലേയ്ക്ക് പോകുന്നതേയില്ല. മുലയൂട്ടല്‍ കാലമായ ആറു മാസ മോ അതിനപ്പുറത്തുള്ള കുറച്ചുകൂടിയോ സ്ത്രീകുത്തക ആവട്ടെ. ശേഷമുള്ള സ്കൂള്‍ പോക്ക്, ഹോംവര്‍ക്ക്, നാലുമണിച്ചായ, വിശേഷം പറച്ചില്‍ ഇതിലേയ്ക്ക് കാര്യങ്ങള്‍ എത്തുമ്പോഴാണ് കഷ്ടം വെച്ചു പോകുന്നത്. സത്യത്തില്‍ കുട്ടികളുടെ സ്കൂള്‍ കാലം തുടങ്ങുമ്പോഴാണ് കൃത്യതയുള്ള ഔദ്യോഗിക, വ്യക്തിപര ജീവിതത്തിന്റെ മറ്റൊരു ഘട്ടം അവള്‍ക്കു മുന്നില്‍ വരുന്നത്.അവിടെയാണ് വിഷയത്തിന്റെ കാതലും കിടക്കുന്നത്.

അവിടെ.ഇരട്ട റോളിന്റെ നുകമാണ് “അമ്മ“ യെ ചതച്ചു കളയുന്നത്.. മക്കള്‍ക്കൊപ്പം ഇത്തിരി നേരം ഇരിയ്ക്കാന്‍ അവള്‍ക്കു സാധിക്കാതെ വരുന്നത് പലപ്പോഴും തുണിമാറി നേരെ അടുക്കളയിലേയ്ക്ക് ഓടുന്നതു കൊണ്ടാണ്. കുടുംബജോലികളിലേയ്ക്ക്, അടുത്ത നേരം, ദിവസം എന്ത് എങ്ങനെ എന്ന കാല്‍കുലേറ്റര്‍ യാന്ത്രികതയിലേയ്ക് പോകേണ്ടി വരുന്നതു കൊണ്ടാണ്.

ജോലി കളയാതെ തന്നെ നല്ല അമ്മയാവാന്‍ വനിത പറയുന്ന പോലെ ഒരു എളുപ്പവഴിയുമുണ്ട്. കൂലിപ്പണിയായാലും കോര്‍പ്പറേറ്റ് പണിയായാലും മക്കളുടെ കാര്യം കേന്ദ്രീകരിച്ച് അടുക്കള, വീട്ടു കാര്യങ്ങള്‍ നോക്കുക. പങ്കാളിത്തപ്രയത്‌നമില്ലാത്ത ഭര്‍ത്താക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അങ്ങു മാറ്റിവെയ്ക്കുക... വസ്ത്ര, വൃത്തി കാര്യങ്ങളൊക്കെ സ്വയമോ പുറം സഹായത്താലോ അദ്ദേഹം തന്നെ ചെയ്യുമാ!ാറാക്കുക.അദ്ദേഹത്തിന്റെ അതിഥികളെ അദ്ദേഹം തന്നെ സല്‍ക്കരിക്കണം എന്നാക്കുക.അതായത് ഇത്തിരി ഉത്തമഭാര്യയില്‍ നിന്ന് കിഴിച്ചാല്‍ സ്വതന്ത്ര സന്തോഷ അമ്മയിലേയ്ക്ക് നിങ്ങള്‍ക്ക് ഒത്തിരി കൂട്ടാം.

അധ്യാപകര്‍, ദിവസ വേതനക്കാര്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍, ഓണ്‍ലൈന്‍ / ഓഫ് ലൈന്‍ ആക്റ്റിവിസ്റ്റുകള്‍ ഇങ്ങനെ ഏതിനം ആള്‍ക്കാരിലും പരീക്ഷിച്ചു വിജയിച്ചവരുണ്ട്...!
എന്റെ പെണ്ണുങ്ങളേ, മക്കള്‍ ഉസ്ലൂളു വിട്ടു വരുമ്പോള്‍ വിളമ്പി വെയ്ക്കുന്ന അപ്പോം അടയും ഉറപ്പാക്കിയാല്‍ റൊക്കം വീട്ടുകാര്യങ്ങള്‍ക്ക് തൊഴിലുറപ്പായി. കലര്‍പ്പില്ലാത്ത പാലിനായി പുതു തലമുറയുടെ ആരോഗ്യത്തിനായി “തൊടിയില്‍ ഒരു ഗോമാതാവു“ കൂടെയായാല്‍ പൂര്‍ത്തിയായി.

ആ പാട്ടിപ്പോഴും അങ്ങനെത്തന്നെയുണ്ട് ഒന്നാം പാഠത്തില്‍....
" രാവിലെയമ്മ കുളിപ്പിയ്ക്കും പുത്തനുടുപ്പുകള്‍.....“.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക