Image

നേരിന്റെ പക്ഷം (കവിത: മഞ്ജുള ശിവദാസ് റിയാദ്)

Published on 24 September, 2017
നേരിന്റെ പക്ഷം (കവിത: മഞ്ജുള ശിവദാസ് റിയാദ്)
വിഭിന്ന സംസ്കൃതിയുള്‍ക്കൊള്ളുന്നവര്‍
വിശുദ്ധിയോടെ വസിച്ചീടുന്നിട
മശുദ്ധമാക്കും കളകള്‍ക്കെതിരേ
തൂലിക നമ്മളെടുത്തീടും.

ഒരിക്കലുള്ളൊരു മരണമതെന്നും
പ്രതീക്ഷ വച്ചു നടക്കുമ്പോള്‍,
ഭയപ്പെടില്ലൊരുനാളും നമ്മള്‍
വാള്‍മുനവന്നു പതിക്കുകിലും.

അരിഞ്ഞുതള്ളും ശിരസ്സുകളോരോ
ന്നുയിര്‍ത്തെണീക്കുമൊരായിരമായ്,
പക്ഷം ചേരാത്തക്ഷരമെയ്തു തളക്കും
നന്മകള്‍ വിളയിക്കും.

വിശാല മനസ്സിന്‍ വീക്ഷണമല്‍പ്പം
വിഷമം സൃഷ്ടിച്ചീടുകിലും,
ആശയമാണിവിടായുധമതിനെ
തിരാശയമെയ്തു തടുത്തീടൂ.

തൂലികകൊണ്ടു വിരോധം തീര്‍ക്കാന്‍
തുനിഞ്ഞിറങ്ങിയതല്ല,നമ്മുടെ
കാഴ്ച്ചപ്പാടുകള്‍ കച്ചവടത്തിനു
തെരുവിലിറക്കുകയില്ല.

പരതന്ത്രതയുടെ വിലങ്ങു ഭേദി
ച്ചനീതിതന്‍ വേരറുത്തിടാന്‍,
നേരിനെ നേരായ് മാത്രമുരക്കും
സത്യത്തിന്‍ സഹയാത്രികര്‍ നാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക