Image

മോദി സര്‍ക്കാറിന്റെ പതനത്തിന്റെ കൗണ്ട്‌ഡൗണ്‍ തുടങ്ങി: സീതാറാം യെച്ചൂരി

Published on 25 September, 2017
മോദി സര്‍ക്കാറിന്റെ പതനത്തിന്റെ കൗണ്ട്‌ഡൗണ്‍ തുടങ്ങി:  സീതാറാം യെച്ചൂരി

കൊച്ചി: രാജ്യത്തെ സാധാരണക്കാര്‍ക്ക്‌ നല്‍കിയ വാക്കു പാലിക്കാതെ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭരണം നടത്തുന്ന മോദിസര്‍ക്കാറിന്റെ പതനത്തിന്‌ തുടക്കമായെന്ന്‌ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളിലും യുവാക്കളിലും മോദിഭരണവിരുദ്ധ വികാരം ശക്തിപ്പെടുകയാണ്‌. രാജ്യത്തെ സര്‍വ്വകലാശാലകളിലെ ഇടതുമുന്നേറ്റം ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ യുവത്വം മോദിക്കെതിരെ ഉണര്‍ന്നു കഴിഞ്ഞു. പലയിടത്തും എ.ബി.വി.പിയുടെ കുത്തക ഭരണം തൂത്തെറിയപ്പെടുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.

സ്വന്തം മണ്ഡലത്തില്‍ വരെ മോദിക്ക്‌ വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം നേരിടേണ്ടിവരികയാണ്‌. മോദി സന്ദര്‍ശിച്ച ദിവസമാണ്‌ ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹുസ്വരവും മതനിരപേക്ഷവുമായ ഇന്ത്യയെ രാഷ്ട്രീയലാഭവും തെരഞ്ഞെടുപ്പുനേട്ടവും ലക്ഷ്യമിട്ട്‌ തകര്‍ക്കുകയാണ്‌ മോദി ഭരണം. സാമ്പത്തിക രംഗം വന്‍തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുന്നതിന്റെ ലക്ഷണങ്ങളാണ്‌ കാണുന്നത്‌. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ടുനിരോധനം കള്ളപ്പണം വെള്ളപ്പണമാക്കുന്നതില്‍ കലാശിച്ചു. അപക്വമായി നടപ്പിലാക്കിയ ജി.എസ്‌.ടിയും കൂടിയായപ്പോള്‍ സാമ്പത്തിക ഭദ്രത തന്നെ തകിടംമറിഞ്ഞെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക