Image

അത്യാവശ്യം രുചികരമായ കാപ്പുച്ചീനോ

Published on 25 September, 2017
അത്യാവശ്യം രുചികരമായ കാപ്പുച്ചീനോ
  കണ്ടിരിക്കാന്‍ സുഖമുളള ഒരു കൊച്ചു ചിത്രം. വമ്പന്‍ താരനിരയൊന്നുമില്ലെങ്കിലും അത്യാവശ്യം ചിരിതമാശകളും ആകാംക്ഷയുമൊക്കെയായി മുന്നേറുന്ന സിനിമ.
കാപ്പുച്ചീനോ കോഫി കുടിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ സ്വാദ്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്ന അത്ര സ്വാദില്ലെങ്കിലും നല്ലൊരു സിനിമയെടുക്കാനുള്ള ശ്രമങ്ങളും പ്രതിഭയുള്ളൊരു സംവിധായകന്റെ മിന്നലാട്ടവും ഇതില്‍ കാണാം.

പുതുമുഖങ്ങളെ വച്ച് നവാഗതനായ നൗഷാദ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കാപ്പൂച്ചീനോ. ഈയിടെ ഇതൊരു ട്രെന്‍ഡായിട്ടുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണിത്. പ്രധാനമായും ചെറുപ്പക്കാരെ ലക്ഷ്യം വച്ചാണ് സിനിമയെടുത്തിട്ടുള്ളത്. അതിന്റെ പ്രമേയവും അങ്ങനെ തന്നെ.

തൃശൂരാണ് സിനിമയുടെ ലൊക്കേഷന്‍. കുറേ ചെറുപ്പക്കാര്‍  ചേര്‍ന്ന് ചാപ്പ എന്ന പരസ്യക്കമ്പനി നടത്തുകയാണ്. ബിസിനസ് സംബന്ധിച്ച പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമെല്ലാം ഇവര്‍ക്കൊപ്പമുണ്ട്. അതെല്ലാം എങ്ങനെയെങ്കിലുമൊക്കെ തരണം ചെയ്ത് മുന്നോട്ടു പോവുകയാണ് ഇവര്‍. അങ്ങനെയിരിക്കെയാണ് തികച്ചും അവിചാരിതമായി നായകന്റെ(അനീഷ്.ജി.മേനോന്‍) ജീവിതത്തിലേക്ക് പ്രണയവുമായി ഒരജ്ഞാതസുന്ദരി കടന്നു വരുന്നത്. ആദ്യം കുറച്ചു കാലം ശബ്ദം മാത്രം കേട്ടറിഞ്ഞു കൊണ്ട് നായകന്‍ നായികയുമായി തീവ്രപ്രണയത്തിലാകുന്നു.  അങ്ങനെ ദിവസങ്ങള്‍ കടന്നു പോകേ നായികയുടെ ഫോട്ടോ നായകന് അയച്ചു കൊടുക്കുന്നു. ഇവിടം മുതല്‍ നായകനും കൂട്ടുകാരും നെട്ടോട്ടമോടുകയാണ്.

ആദ്യ പകുതി തമാശയും കളിയുമായി പോവുകയാണ്. പ്രത്യേകിച്ച് ന്യൂജെന്‍ വിഭാഗത്തിലെ ചെറുപ്പകാരുടെ ജീവിതത്തിലെ ആഘോഷങ്ങള്‍ രസങ്ങള്‍ അവരുടെ ചിന്താഗതികള്‍ സ്വപ്നങ്ങള്‍ ജീവിതരീതി ഇതൊക്കെ വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകനു കഴിയുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി കഥ ഉദ്വേഗജനകമാവുകയാണ്. കഥയുടെ ഗതി മാറ്റി മറിക്കാന്‍ തക്ക ശക്തമായ കഥാപാത്രമായാണ് ശ്രീജി എത്തുന്നത്. നായികയുടെ കുടുംബസുഹൃത്തായിട്ടാണ് ശ്രീജി എത്തുന്നത്. ചിത്രത്തില്‍ ധര്‍മ്മജന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. നായകനും സുഹൃത്തുക്കളായി എത്തുന്നവരും താരതമ്യേന നല്ല അഭിനയം തന്നെ കാഴ്ച വച്ചിട്ടുണ്ട്. പ്രത്യേകിച്ച് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അനീഷ്.ജി.മേനോന്‍, അന്‍വര്‍ ഷെരീഫ്, നടാഷ, അനിത എന്നിവര്‍.

ജീവിതത്തില്‍ നമ്മള്‍ തമാശയായി പല കാര്യങ്ങളും ചെയ്യും. എന്നാല്‍ അതൊക്കെ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നു ചിന്തിക്കാറില്ല. അത് വ്യക്തമാക്കി തരുന്ന ചിത്രമാണ് കാപ്പുച്ചീനോ. രസകരമായ കഥയാണെങ്കിലും അവതരണത്തിലെ പോരായ്മ കൊണ്ട് കഥയില്‍ പലയിടത്തും

ഒരു ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയും പ്രകടമാണ്. പല സീനുകളും അനാവശ്യമായി വലിച്ചു നീട്ടിയതിലൂടെ അല്‍പം വിരസതയും പ്രേക്ഷകന് നല്‍കുന്നു. എങ്കിലും അതിഭാവുകത്വങ്ങളിലേക്ക് വഴുതി വീഴാതെ കഥയെ മുന്നോട്ടു കൊണ്ടു പോകാന്‍ സംവിധായകനു കഴിയുന്നുണ്ട്. 

റഫീക്ക് അഹമ്മദ്, വേണു.വി.ദേശം, ഹസീന കാനം എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഹിഷാം അബ്ദുല്‍ വഹാബ് ആണ്. ജയചന്ദ്രന്‍ വിനീത് ശ്രീനിവാസന്‍, മഞ്ജരി, ഷഹബാസ് അമന്‍, നിവാസ് എന്നിവരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക