Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബ സംഗമം

ജോയിച്ചന്‍ പുതുക്കുളം Published on 08 March, 2012
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബ സംഗമം
സൗഹൃദബന്ധങ്ങള്‍ സുദൃഢമാക്കിയ കുടുംബ സംഗമം 2012 ഫെബ്രുവരി 18-ന്‌ ആഘോഷിച്ചു. ഗ്രീന്‍ബര്‍ഗിലുള്ള റോയല്‍ പാലസായിരുന്നു സംഗമവേദി. പതിവിലേറെ അംഗങ്ങള്‍ പങ്കെടുത്ത സദസ്സിന്‌ കെ.കെ. ജോണ്‍സണ്‍ 2012-ലെ ഭാരവാഹികളെ സദസിന്‌ പരിചയപ്പെടുത്തി.

സംഘടനയുടെ പ്രസിഡന്റായി രണ്ടാം തവണയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട തോമസ്‌ കോശിയെ സദസ്‌ ആവേശപൂര്‍വ്വം സ്വീകരിച്ചു. കുടുംബ സംഗമത്തില്‍ സാന്നിധ്യംകൊണ്ട്‌ അനുഗ്രഹിച്ച സദസിനെ സ്വാഗതം ചെയ്‌തു. ഇന്നേവരെ ഈ സംഘടനയുടെ പ്രസിഡന്റു പദവി അലങ്കരിച്ചിട്ടുള്ളവരില്‍ സ്ഥലത്തുള്ള എല്ലാവരും ഈ സംഗമത്തില്‍ പങ്കാളികളായിട്ടുള്ളത്‌ സംഘടനയുടെ സവിശേഷതയാണെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ എന്നിവരും സഹോദര സംഘടനകളില്‍പ്പെട്ടവരും ഈ സദസ്‌ ധന്യമാക്കിയെന്ന്‌ അദ്ദേഹം വിലയിരുത്തി.

നിക്കോള്‍ മാത്യു, കാതറിന്‍ മാത്യു, മെര്‍ലിന്‍ മാത്യു എന്നിവരുടെ ദേശീയ ഗാനാലാപനത്തിനുശേഷം വിശിഷ്‌ടാതിഥികളും സംഘടനാ പ്രവര്‍ത്തകരും നിലവിളക്ക്‌ കൊളുത്തി യോഗ നടപടികള്‍ ആരംഭിച്ചു.

എം.സിമാരായി പ്രവര്‍ത്തിച്ചത്‌ പുതിയ തലമുറയുടെ പ്രതിനിധികളായ അലീഷാ ഐസക്കും, ജോസഫ്‌ കുര്യാക്കോസുമായിരുന്നു. അവരുടെ കാര്യമാത്ര പ്രസക്തമായ സംസാരശൈലി അഭിനന്ദനാര്‍ഹമായി. രാജൂ ഗീവര്‍ഗീസ്‌, മറീനാ വര്‍ഗീസ്‌, ഗോര്‍ഡ്‌ലി വര്‍ഗീസ്‌ എന്നിവരുടെ ഹൃദ്യമായ ഗാനാലാപനം ഉന്നത നിലവാരം പുലര്‍ത്തി. ബ്രയന്‍ ജേക്കബിന്റേയും അലീഷാ ഐസക്കിന്റേയും നൃത്തപരിപാടികള്‍ കലാവൈഭവത്തിന്റെ പ്രകടനമായിരുന്നു.

ഡോ. ജോര്‍ജ്‌ കോശി അച്ചന്‍, അദ്ദേഹം അംഗമായിരിക്കുന്ന ഈ സംഘടനയ്‌ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും അനുഗ്രഹാശംസകള്‍ നേര്‍ന്നു.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തില്‍ സംഘടന നടത്തിവരുന്ന മാതൃകാപരമായ പരിപാടികളെ അഭിനന്ദിച്ചു. ഈ സംഘടനയുടെ കഴിവ്‌ കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതിന്‌ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌' പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു.

ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ സംഘടനയുടെ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനെപ്പറ്റിയും ഇതര സാമൂഹ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിച്ചു. റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ മലയാളികള്‍ കൂടുതല്‍ പങ്കെടുക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു.

1996-98 -ല്‍ ഫൊക്കാന പ്രസിഡന്റായിരുന്ന ജെ. മാത്യൂസ്‌ ഫൊക്കാന-ഫോമാ സംഘടനകളുടെ നേതൃനിരയിലേക്ക്‌ ഡബ്ല്യു.എം.എ പ്രവര്‍ത്തകര്‍ക്ക്‌ അംഗീകാരം ലഭിച്ചത്‌ ഉദാഹരണ സഹിതം ഓര്‍മ്മിപ്പിച്ചു. ഡബ്ല്യു.എം.എ സ്‌ത്രീകള്‍ക്ക്‌ നല്‍കിവരുന്ന അംഗീകാരങ്ങള്‍ക്ക്‌ തെളിവാണ്‌ ക്ലാരാ ജേക്കബ്‌, രത്‌നമ്മ രാജന്‍ എന്നിവര്‍ പ്രസിഡന്റുപദത്തില്‍ പ്രകടമാക്കിയ നേതൃത്വവൈഭവം. ഡബ്ല്യു.എം.എയുടെ മുഖപത്രവും സാമ്പത്തികസ്രോതസുമായ കേരള ദര്‍ശനത്തിന്റെ ചുമതല വഹിക്കുന്ന ടറാന്‍സണ്‍ തോമസ്‌, പ്രസിദ്ധീകണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹകരണാഭ്യര്‍ത്ഥന നടത്തി. ഈ വര്‍ഷം ഗ്ലോറി ഓഫ്‌ ഇന്ത്യാ അവാര്‍ഡ്‌ നേടി ആദരിക്കപ്പെട്ട ജോണ്‍ സി. വര്‍ഗീസ്‌ (സലീം) ആശംസകള്‍ അര്‍പ്പിച്ചു.

പരിപാടികളിലെ മുഖ്യ ഇനമായ വോഡാഫോണ്‍ കോമഡി ഷോയിലെ മുഖ്യതാരം കൊല്ലം കിഷോര്‍ അവതരിപ്പിച്ച ഫലിതപ്രകടനം, കൊച്ചുമ്മന്‍ ജേക്കബ്‌, ജോണ്‍ സി. വര്‍ഗീസ്‌, തോമസ്‌ കോശി എന്നിവര്‍ നടത്തിയ ചോദ്യോത്തര പരീക്ഷയില്‍ വിജയികളായവര്‍ക്ക്‌ കുറൂര്‍ രാജന്‍ സ്‌പോണ്‍സര്‍ ചെയ്‌ത വാച്ചുകള്‍ സമ്മാനിച്ചു. കൊച്ചുമ്മന്‍ ജേക്കബ്‌ കൃതജ്ഞത പറഞ്ഞു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കുടുംബ സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക