Image

സിബിഐ കോടതി വിധിക്കെതിരേ ഗുര്‍മീത് റാം ഹൈക്കോടതിയില്‍

Published on 25 September, 2017
സിബിഐ കോടതി വിധിക്കെതിരേ ഗുര്‍മീത് റാം ഹൈക്കോടതിയില്‍
 ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി തടവു ശിക്ഷ വിധിച്ച നടപടിക്കെതിരേ ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക സിബിഐ കോടതി വിധിക്കെതിരേ പഞ്ചാബ്ഹരിയാന കോടതിയിലാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ച ഗുര്‍മീത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്കു കഴിവില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. 

അനുയായികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ രണ്ടു കേസുകളിലായി പത്തു വര്‍ഷം വീതം തടവാണു ഗുര്‍മീതിനു കോടതി വിധിച്ചത്. രണ്ടു ശിക്ഷയും ഒന്നിനു പുറകേ ഒന്നായി അനുഭവിക്കണം. ഇതിനു പുറമേ 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതില്‍ 14 ലക്ഷം രൂപ വീതം കേസിലെ പരാതിക്കാരായ രണ്ട് വനിതകള്‍ക്കു നല്‍കണമെന്നും സിബിഐ കോടതി പ്രത്യേക ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചു. കഠിനതടവിനു വിധിക്കപ്പെട്ട ഗുര്‍മീതിനെ ഇപ്പോള്‍ റോഹ്തക് ജില്ലാ ജയിലിലാണു പാര്‍പ്പിച്ചിട്ടുള്ളത്. 

കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനേത്തുടര്‍ന്നു ഹരിയാനയിലുണ്ടായ അക്രമങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഗുര്‍മീതിന്റെ 'വളര്‍ത്തുമകള്‍’ ഹണിപ്രീത് ഒളിവിലാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക