Image

പി.സി ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഊഷ്മള സ്വീകരണം

Published on 25 September, 2017
പി.സി ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഊഷ്മള സ്വീകരണം
ഹൂസ്റ്റണ്‍: കേരള രാഷ്ട്രീയത്തിലെ ഒറ്റയാള്‍ പോരാളിയും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഊഷ്മള സ്വീകരണം നല്‍കി. ചേംബറിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ ബിസിനസ് സംരംഭകര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറയില്‍പ്പെട്ട നിരവധി പേര്‍ പങ്കെടുത്തു. ''അമേരിക്കയില്‍ ബിസിനസ്സ് വിജയം നേടിയ ഒരു കൂട്ടം വ്യക്തികളുടെ സംരംഭമാണ് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇവിടെ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശവും പ്രോല്‍സാഹനവും സഹായവുമൊക്കെ നന്‍കിവരുന്ന ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. അതുപോലെ ഏവരെയും ദുരിതക്കയത്തിലാഴ്ത്തിയ ഹാര്‍വി ചുഴലിക്കാറ്റില്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും കഷ്ടതയനുഭവിച്ച മലയാളികള്‍ക്ക് യഥാസമയം പലവിധ സഹായമെത്തിച്ച ചേമ്പറിന്റെ ഇടപെടല്‍ മാതൃകാപരമാണ്. ഈ സംഘടനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു...'' സ്വീകരണത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് പി.സി ജോര്‍ജ് പറഞ്ഞു.

കേരള സമൂഹത്തിലെ അനുദിന സംഭവങ്ങളില്‍ ഇടപെടുകയും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ മുഖം നോക്കാതെ ശബ്ദിക്കുകയും ജനപക്ഷ സമീപനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമാനതകളില്ലാത്ത ജനപ്രതിനിധിയാണ് പി.സി ജോര്‍ജ് എന്ന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഫിനാന്‍സ് ഡയറക്ടര്‍ സണ്ണി കാരിക്കല്‍ പറഞ്ഞു. ചേംബറിന്റെ സ്‌നേഹാദരങ്ങളുടെ പ്രതീകമായി അദ്ദേഹം പി.സി ജോര്‍ജിന് മെമന്റോ നല്‍കി. തദവസരത്തില്‍ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയെ യോഗം അഭിനന്ദിച്ചു.

ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ ബിസിനസ് സംരംഭകരുടെ ഈടുറ്റ സംഘടനയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ ജൈത്രയാത്ര തുടരുന്നു. ബിസിനസുകാര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം സാമൂഹിക വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താനും ചേംബറിന് സാധിക്കുന്നു. ബിസിനസ്സ് സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി ചാല് കീറുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചേംബര്‍ ഒരു നിയോഗം പോലെ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുന്നു.

യോഗത്തില്‍ ചേംബര്‍ ഭാരവാഹികളായ ജിജു കുളങ്ങര, ജോര്‍ജ് കോളാച്ചേരില്‍, ജോര്‍ജ് ഈപ്പന്‍, ജോര്‍ജ് ഡബ്ല്യൂ വര്‍ഗീസ്, ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവരും മലയാളി അസോസിയേഷന്‍ ഭാരവാഹികളായ പ്രേംദാസ്, ഡോ. സാം ജോസഫ്, രാജന്‍ യോഹന്നാന്‍, സെബാസ്റ്റ്യന്‍ ജോസഫ്, വിജു തുടങ്ങിയവരും സംബന്ധിച്ചു.
പി.സി ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഊഷ്മള സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക