Image

സാന്ദ്രമായ നമ്മുടെ വീരാരാധന - എന്‍. പി. ഷീല

എന്‍. പി. ഷീല Published on 08 March, 2012
സാന്ദ്രമായ നമ്മുടെ വീരാരാധന - എന്‍. പി. ഷീല
അനേകം കാര്യങ്ങള്‍ക്കു നാം ഒന്നാംസ്ഥാനത്താണ്. അവയില്‍ ചിലതുമാത്രമാണ് അഴിമതി, അക്രമം, അരുംകൊല, പത്തും നൂറും പേര്‍ സംഘം ചേര്‍ന്നു ഏകസ്ത്രീ പീഢനം, കള്ളക്കടത്ത്, ആദിയായവ. എന്നാല്‍ ഇവയൊക്കെ അധഃകരിക്കുന്ന രീതിയിലാണ് നമുക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള വീരാരാധനാസ്വഭാവത്തിന്റെ ഗതിവേഗം. പൊങ്ങച്ചം പറയുന്നതിലും യാഥാര്‍ത്ഥ്യലേശമില്ലാത്ത മുഖസ്തുതി പറയുന്നതിലും നോബല്‍ സമ്മാനാര്‍ഹര്‍ നാം തന്നെ. നമുക്ക് ടാജ് മഹലുണ്ട്, അതിപ്രാചീനവും പ്രസിദ്ധങ്ങളുമായ അജന്ത-എല്ലോറ പിന്നെ, തക്ഷശില, നമ്മുടെ വാസ്തുകാലാ വൈഭവം എന്നിങ്ങനെ എല്ലാമെല്ലാം ചൂണ്ടികാണിച്ചും എണ്ണിയെണ്ണി പറഞ്ഞും ഊറ്റം കൊള്ളാവുന്നവ തന്നെ. എന്നാല്‍ മഹത്തായ ഈ പാരമ്പര്യത്തിലേക്കു നിങ്ങള്‍ നല്‍കിയ സംഭാവന എന്ത് എന്ന ചോദ്യത്തിന് 'ക്ഷമിക്കണം ഞാനല്പം തിരക്കിലാണ്' എന്നോ മറ്റോ പറഞ്ഞ് ആള്‍ അപ്രത്യക്ഷനാകും. അതു നില്‍ക്കട്ടെ,
ഈയിടെ ഞാന്‍ സാക്ഷ്യം വഹിച്ച ചില സംഭവങ്ങളാണ് നമ്മുടെ വീരാരാധനാ സമ്പ്രദായത്തെക്കുറിച്ച് പ്രത്യേകമായി ഓര്‍ക്കാന്‍ സംഗതിയായത്. ഈയിടെ ചില അനുശോചനങ്ങളും അനുസ്മരണങ്ങളും ഏതാണ്ടൊരു മത്സരാടിസഥാനത്തില്‍ തന്നെ അരങ്ങേറുകയുണ്ടായി. ഷഷ്ടിയും സപ്തതിയും വാര്‍ദ്ധക്യത്തില്‍ ഇപ്പോള്‍ പെടുത്തുന്നില്ലെങ്കില്‍ പോകട്ടെ; അശീതി(80)യും നവതിയും മറ്റും വാര്‍ദ്ധക്യത്തിനു പരിഗണിക്കാവുന്ന പ്രായമാണ്. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാനുള്ള ഭാഗ്യം വിരളമാണെന്നാണു സങ്കല്‍പം. പണ്ടു നാം കരുതിയിരുന്നത് മരണം വാര്‍ദ്ധ്യക്യത്തിലേ വരു എന്നായിരുന്നു. ഇപ്പോള്‍ എല്ലാ സങ്കല്പങ്ങളും നിയമങ്ങളും തിരുത്തിക്കുറിക്കുന്ന കാലം! എങ്കിലും വാര്‍ദ്ധക്യവും മാറാരോഗവും ഒരുമിച്ചു പിടികൂടി മൃതിപ്പെട്ടാലും ബന്ധുമിത്രാദികളെയും കുടുംബാംഗങ്ങളെയും കടത്തിവെട്ടുന്നതാണ് പരേതാത്മാവിനെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ഒപ്പാരി.
ഏതാനും ദിവസം മുമ്പ് കാലം ചെയ്ത മാര്‍ ഒസ്താത്തിയോസ് തിരുമേനി, ഒരു നിശ്ശബ്ദ കര്‍മ്മയോഗിയായിരുന്നു. ആയിരക്കണക്കിനു യുവതീ യുവാക്കളെ പഠിപ്പിച്ച് ഉപജീവതത്തിനു വഴിതെളിക്കയും, നിര്‍ദ്ധനരായ ഒട്ടേറെ യുവതികള്‍ക്കു സാമ്പത്തിക സഹായം നല്‍കി വിവാഹജീവിതത്തിലേക്ക് അവരെ നയിക്കയും-അങ്ങനെ ജാതിയോ മതമോ വര്‍ഗ്ഗമോ നോക്കാതെ മാനവികതയുടെ ആള്‍രൂപമായി വര്‍ത്തിച്ച തിരുമേനി; അറുപത്തെട്ടിലധികം കൃതികളുടെ കര്‍ത്താവ്, ഇരുപത്തയ്യായിരത്തിലേറെ പ്രഭാഷണങ്ങള്‍ ഇവയെപ്പറ്റിയൊന്നു തിരുമേനി വിളിച്ചുകൂവിയില്ല. പേരും പ്രശസ്തിയും വിളംബരം ചെയ്തില്ല. അത്രമേല്‍ മഹാത്മാവായിരുന്ന തിരുമേനിയുടെ നിര്യാണത്തില്‍ സാഹിത്യസംഘടനകളെല്ലാം ദുഃഖാധിക്യത്താല്‍ വാക്കുകള്‍ കിട്ടാതെ മൗനം ഭജിക്കുകയാണ്. ഭാവത്തിന്‍ പരകോടിയില്‍ അഭാവത്തില്‍ ഭാവം വരിക സ്വാഭാവികം! വിശ്വാസികള്‍ ഒരനുശോചനം കൂടിയാ കാര്യം മറക്കുന്നില്ല.
അന്തരിച്ച സുകുമാര്‍ അഴീക്കോടിന്റെ അപദാനങ്ങള്‍ വര്‍ണ്ണിച്ചു വര്‍ണ്ണിച്ച് മാധ്യമങ്ങളും സാഹിത്യ സംഘടനകളുടെ പേരുകേട്ട സാഹിത്യകാരന്മാരും ക്ഷീണിച്ചു എന്നു പറഞ്ഞാല്‍ ജനാഭിപ്രായം മാത്രമാണ്. അദ്ദേഹത്തിന്റെ രചനകളില്‍ നിന്ന് ഊര്‍ജ്ജം നുകര്‍ന്ന് അവരെല്ലാം വര്‍ദ്ധിതവീര്യരായിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അവര്‍ക്ക് ഹിതമായേക്കാം. തെരഞ്ഞെടുത്ത പദാവലികള്‍ കൊണ്ടുമാത്രമല്ല, അവര്‍ അദ്ദേഹത്തെ ആദരിച്ചത്. അദ്ദേഹം ജീവിച്ചിരുന്നപ്പോഴും തന്റെ ആത്മകഥയിലുമെല്ലാം സ്വന്തം മഹത്വം പ്രഘോഷിക്കയുണ്ടായല്ലോ. താന്‍ അത്യന്ത ലളിത ജീവിതം നയിക്കുന്ന ഒരു ഗാന്ധിയനാണെന്ന് വെളിപ്പെടുത്തല്‍ പലയാവര്‍ത്തി നാം കേട്ടതാണ്. 'പച്ചയായ' ഗാന്ധിയെക്കുറിച്ച് ഒരേകദേശ രൂപം കിട്ടാന്‍ ഈ ഫെബ്രുവരി ലക്കം ജനനിയിലെ കെ. എം. റോയിയുടെ 'ഹരിലാല്‍ എന്ന ചോദ്യ ചിഹ്നം' വായിച്ചാല്‍ മതിയാകും. തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍ നിന്നു കൂടുതല്‍ ഗ്രഹിക്കാം. ആ 'മഹാന്‍ ആത്മാവിന്റെ' സന്തതസഹചാരിയായിരുന്നു മഹാദേവ ദേശായിയുടെ “ബാപ്പുജി” ശേഷവും പറയും. രണ്ട് ടീനേജ് പെണ്‍കുട്ടികളുടെ നടുവില്‍ നഗ്നനായി കിടന്നല്ലേ ആ ബ്രഹ്മചാരി ബ്രഹ്മചര്യാവ്രതം ശീലിച്ചതു തന്നെ. ദേശായിയും മറ്റ് അടുപ്പക്കാരും കഠിനമായി എതിര്‍ത്തെങ്കിലും ആ (ദുഃ)ശാഠ്യകാരന്‍ തരിമ്പും കൂസിയില്ല എന്നതു തന്നെ മറ്റൊരു കാര്യം. ഒരിക്കല്‍ ഒപ്പിടാന്‍ ഒരു ഫൗണ്ടന്‍ പെന്‍ കൊടുത്തപ്പോള്‍ ആ സ്വദേശഭക്തന്‍ ദേശായി കൊടുത്ത പേന തെടാതെ പകരം മഷിക്കട്ട കലക്കി മഷിയുണ്ടാക്കിച്ച് പണ്ട് ചെറിയ ക്ലാസ്സില്‍ കുട്ടികള്‍ മഷിമുക്കിയെഴുതുന്ന തരം സറ്റീല്‍ പേന കൊണ്ടാണത്രെ ഒപ്പിട്ടത്! ഈ സിംപിള്‍ടനെ ഫേറ്റാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എഴുതിത്തള്ളിയത് എത്രകോടി! സുകുമാരനെന്ന ഈ ഗാന്ധിയനും ഒരു പക്ഷേ ചര്‍ക്കയില്‍ സ്വയം നൂല്‍നൂറ്റ് നെയ്തുണ്ടാക്കിയ ഖദറായിരിക്കും ഉടുത്തത്! അക്കാര്യം അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പികാരനേ സൂക്ഷ്മമായി അിറയൂ. കോപമോ മുന്‍ശുണ്ഠിയോ ലവലേശമില്ലാതെ ഒരു കരുണാവാരിധി ആയിരുന്നു തന്റെ യജമാനനെങ്കിലും പലകുറി ഡ്രൈവര്‍ പദവി വെടിഞ്ഞ് പോകാന്‍ തുടങ്ങിയത് ക്ഷമാശീലനായ തന്റെ യജമാനന്റെ ആശ്രിത വാത്സല്യത്തിന്റെ കൂടുതല്‍ കൊണ്ടായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തി. ഈയിടെ നൈഷ്ഠിക ബ്രഹ്മചാരിയായ തന്റെ യജമാനനെക്കുറിച്ച് കാല്‍നൂറ്റാണ്ടോളം ഡ്രൈവര്‍ തസ്തികയെന്നതിലുപരി കാര്യസ്ഥന്‍, അക്കൗണ്ടന്റ്, വിശ്വസ്തനായ വീട് സൂക്ഷിപ്പുകാരന്‍ , നിഴല്‍ പോലെ പിന്‍ചെന്ന സന്തതസഹചാരി എന്നീ നിലകളിലൊക്കെ വിവിധ തസ്തികകളുടെ അധികഭാരം പേറിയിരുന്ന ഈ സാധു ഇപ്രകാരമൊരു പ്രസ്താവന നടത്തി-
“സാറിന് യഥാര്‍ത്ഥ പ്രണയം വിലാസിനി ടീച്ചറിനോടല്ലായിരുന്നു അന്തരിച്ച മാധവിക്കുട്ടി (കമലാസുരയ്യ)യോടായിരുന്നു.” അതു കേട്ട് താനാണ് ഏക പ്രണയിനി എന്നു വിശ്വസിച്ചിരുന്ന വിലാസിനി അമ്പരന്നുപോയി. ഇനിയിപ്പോള്‍ കാലചക്രസീമയില്‍ മറഞ്ഞുപോയ ആളിനോടു ചോദിച്ച് നിജസ്ഥിതി അറിയാനും വയ്യ! പോട്ടെ, ഒരിക്കല്‍ കിട്ടിയ ജീവിതം തുലഞ്ഞതില്‍ വലുതല്ലല്ലോ ഇത്തരം കല്ലുവച്ച നൂതന വെളിപ്പെടുത്തലുകള്‍. ഏതായാലും ഒന്നാന്തരമൊരു ഇരുനിലക്കെട്ടിടവും അതിനുതക്ക അനുസാരികളും പിന്നെ ചികിത്സയ്‌ക്കെന്നു പറഞ്ഞു കാശുള്ളവരില്‍ നിന്നും രഹസ്യപ്പിരിവു നടത്തിയ ഇത്തരത്തില്‍ ലഭിച്ച പല ആയിരങ്ങളും ഒക്കെക്കൂടി, മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ ഒരടിയോ വഴക്കോ ശകാരമോ സഹിച്ചാലെന്താ ജീവിതത്തിന് ഒരു സ്വസ്ഥത വന്നല്ലൊ, അതുമതി; കാശൊന്നുമില്ലെന്ന് ദാരിദ്ര്യം പറയുന്ന ഈ ലളിതജീവിയുടെ ചികിത്സയെല്ലാം സര്‍ക്കാര്‍ ചെലവിലും-
സുകുമാരന്‍ സാര്‍ ഒരിക്കലും ഒരി കമ്മ്യൂണിസ്റ്റല്ല, അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റാകാന്‍ പറ്റുകയില്ല തനി ഗാന്ധിയനായിരുന്നു. കോണ്‍ഗ്രസുകാരനായിരുന്നു എന്നു മറ്റും അദ്ദേഹത്തോട് ഉറ്റ സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ വളരെ കട്ടിയായിതന്നെ രണ്ടു ദിവസം മുമ്പു പറഞ്ഞതു കേട്ടു, എങ്കില്‍, അതത്രെ വാസ്തവം! ഇരുപത്തഞ്ചു പൈസയ്ക്കു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം തരപ്പെടുത്താനാവില്ലല്ലോ. നിരീക്ഷണ പരീക്ഷണങ്ങളുടെ എന്തെല്ലാം കടമ്പകള്‍ കടന്ന് യോഗ്യത നേടിയാലാണ് ആ ഇരുമ്പുവേലിക്കകത്ത് ഒന്നു കയറികൂടാനാവുക. കയറിയാല്‍ പിന്നെ ആ ചക്രവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നമ്മുടെ ഇപ്പോഴത്തെ ജനനായകന്മാര്‍ ചിലരെപ്പോലെ മറുകണ്ടം ചാടി കാലുമാറാന്‍ അത്ര എളുപ്പമല്ല. വാര്‍ത്ത സൃഷ്ടിക്കാമെന്ന മെച്ചം മാത്രം!
അഴീക്കോട് തീവ്രമായി പ്രണയിച്ച വിലാസിനിയെ ഒടുവില്‍ പെണ്ണുകാണല്‍ ചടങ്ങ് എന്ന പ്രഹസനം നടത്തി, ചില നൊടുന്യായങ്ങള്‍ പറഞ്ഞു തിരസ്‌കരിച്ചു. എങ്കിലും ഗാന്ധിയന്‍ , ആദര്‍ശവാദി, സാംസ്‌കാരിക നായകന്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ സ്വയം നല്‍കുകയും കുറെപ്പേര്‍ അതേറ്റുപാടുകയും ചെയ്തപ്പോള്‍ തന്റെ ശിരസ്സിനുചുറ്റും ഒരു ഹേലോ(halo) ഉണ്ടെന്ന് സുകുമാര്‍ ധരിച്ചുവശായി. രാജാവ് നഗ്നനാണെന്നും പറയാന്‍ ഒരു ബാലനും ഇല്ലാതെ പോയി. നമുക്ക് എല്ലാം “ഗംഭീരം, ഉജ്ജ്വലം, കെങ്കേമം” എന്ന് ഏതു സ്റ്റുപിഡിറ്റി കണ്ടാലും വാഴ്ത്താതെ വയ്യ. ഒരിക്കല്‍ ശശി തരൂര്‍ എംപി ഇവിടെ വ
ന്നപ്പാള്‍ എപ്പോഴത്തെയും പോലെ ഇത്തരം മഹാന്മാരായ നേതാക്കളോടൊപ്പം കൂടാറുള്ള 'ലംഗൂല'ങ്ങളില്‍ ഒരാള്‍ സ്റ്റേജില്‍ കയറി നിന്ന് ഒരു പ്രവചന പ്രഖ്യാപനം- 'ഇതാ നമ്മുടെ അടുത്ത പ്രധാനമന്ത്രി'! ഗുരുത്തത്തിന് അടുത്ത് ബാന്ധവിക്കാന്‍ പോകുന്ന തന്റെ പ്രേയസി സുനന്ദയെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരുന്ന തരൂര്‍ അതു കേട്ടില്ല. കേട്ടില്ലെന്നു പറയാന്‍ കാരണം, ആ മുഖത്ത് അതുകേട്ടാല്‍ ഉണ്ടാകുമായിരുന്ന തെളിച്ചമൊന്നും കണ്ടില്ല. അതേസമയം അദ്ദേഹത്തിന്റെ - ഒരൊന്നാന്തരം കൃതിയാണെന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ കേള്‍വിക്കാരില്‍ വായനാശീലമുള്ള ആരെങ്കിലും അതിനെക്കുറിച്ച് അന്വേഷിച്ചേനെ. പുസ്തക വിരോധികള്‍ക്ക് അതൊക്കെ തോന്നാബുദ്ധിയാണല്ലോ. അതു നില്‍ക്കട്ടെ, നാം പ്രഭാഷണകലയുടെ കുലപതി സാഗരഗര്‍ജ്ജനം നടത്തുന്നു എന്നു വാതോരാതെ വാഴ്ത്തുന്ന കാര്യത്തിലേക്കു മടങ്ങുക.
പ്രസംഗകലയുടെ തമ്പുരാക്കന്മാര്‍ നമുക്ക് ഇതേ കാലഘട്ടത്തില്‍ പലരുമുണ്ടായിരുന്നു. പ്രസംഗത്തിന് സ്വര്‍ണ്മമെഡല്‍ ലഭിച്ചവരും മുപ്പത്തഞ്ചിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചവരും അവാര്‍ഡുകള്‍ 'വാരിക്കൂട്ടിയവരും' അക്കൂട്ടത്തിലുണ്ട്. വിലാസിനിയും പ്രശംസാര്‍ഹമാംവിധം സംസാരിക്കുമെന്ന് ഡോ. സിറിയക് തോമസിനെപ്പോലുള്ളവര്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ, സാഗര ഗര്‍ജ്ജനത്തില്‍ ഡോണ്‍ ശാന്തമായൊഴുകുന്ന മന്ത്രധ്വനി മുങ്ങിപ്പോയി. അത്യുന്നതങ്ങളില്‍ അഴീക്കോടിന് ഓശാനപാടുന്നവര്‍ക്ക് മറ്റെന്തും അഗണ്യം. അഴീക്കോടു സ്തുതിഗീതം അദ്ദേഹത്തിന്റെ ചരമാനന്തരം നാടെങ്ങും അലയടിച്ചു. അതിനുമുമ്പോ പിമ്പോ സുകുമാറിന്റെ ഏതെങ്കിലുമൊരു കൃതിയുടെ പഠനമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നുള്ളത് അതിലേറെ ആശ്ചര്യകരം! ഭാഷാപരമായി അദ്ദേഹത്തിനുള്ള അവഗാഹം അതിനത സാധാരണം തന്നെ. അതുനേടാന്‍ അത്യധ്വാനം ചെയ്തതിന്റെ സാഫല്യം. അതിന്‍ ഊര്‍ജ്ജം പകരാന്‍ വിലാസിനിയും പങ്കുവഹിച്ച കാര്യം പക്ഷേ അദ്ദേഹം മറന്നു!
ലേഖനം ദീര്‍ഘിച്ചു പോയതിലെ ഔചിത്യമില്ലായ്മയെക്കുറിച്ച് ബോധമുണ്ടെങ്കിലും നിങ്ങളെന്നില്‍ ബഹുഭാഷിത്വം ആരോപിച്ചേക്കുമെങ്കിലും ഒന്നു രണ്ടു കാര്യങ്ങള്‍കൂടി സൂചിപ്പിക്കാതെ വയ്യ. ഇവിടെ അദ്ദേഹത്തെ കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമില്ലാത്തവര്‍ പോലും അഴീക്കോട് എന്ന സാംസ്‌ക്കാരിക നായകനക്കുറിച്ച് വാചാലരാകുന്നതു കേട്ടു. ഒരാളിന്റെ വാക്കും നോക്കും പെരുമാറ്റവും മറ്റും അന്തസ്സും ആഭിജാത്യവും തോന്നിപ്പിക്കുമ്പോഴാണ് 'സംസ്‌ക്കാരമുളളവന്‍' എന്ന ബഹുമതി നാം-പൊതുജനം- ആ ആളിനു നല്‍കുന്നത്. നമ്മുടെ കഥാനായകന് മാധ്യമശ്രദ്ധയാകര്‍ഷിക്കുന്നത് പ്രായമേറുന്തോറും ഏതാണ്ടൊരു ഭൂതാവേശം പോലെയായി. ഒരു കാലത്ത് വാഗ്‌ദ്ധോരണിയില്‍ മയങ്ങുന്ന പാമരന്‍മാര്‍ക്കുകൂടി 'വാണീദേവിയുടെ ദയാമൃതധാരയുടെ അനശ്വര വചസ്സുകള്‍” ആ നാവിന്‍ തുമ്പത്തു നൃത്തം വയ്ക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും ഒരു ലഹരിയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വികടസരസ്വതിയുടെ വികൃതജല്പനങ്ങള്‍ കേട്ട് ആബാലവൃദ്ധം അന്തം വിട്ടു. അധ്യാപകപദവിയുടെ ഉന്നതസോപാനത്തിലെത്തിയ ഒരാളുടെ എല്ലാ അര്‍ത്ഥത്തിലും ദയനീയമായ പതനം! ഉയരത്തില്‍ നിന്നുള്ള വീഴ്ചയ്ക്കു ശക്തിയേറുമല്ലോ.
താന്‍ കവിയേ അല്ലെന്നു പറഞ്ഞു മുറിപ്പെടുത്തിയ ജിയുടെ ചന്ദനക്കട്ടില്‍ എന്ന കാവ്യത്തിലെ ആനറാഞ്ചിപ്പക്ഷിയുടെ ദയനീയാവസ്ഥയാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. മരവും കൂടും കുഞ്ഞും നഷ്ടപ്പെട്ട പക്ഷി,
'അരികത്തു കണ്ട കിളികളോടും/ നരിയോടും നത്തോടും ശണ്ഠകൂടി'
താന്‍ ഒരു കാലത്ത് മല്ലീശരന്റെ ചിന്തയില്‍ മുഴുകിയിരുന്നപ്പോള്‍ എഴുതിയ പ്രണയലേഖനങ്ങളും പ്രണയകഥയുമെല്ലാം മാധ്യമങ്ങളും ബഹുജനവും ഘോഷിച്ചും. ഒടുവില്‍ കോടതിയിലുമെത്തി, പെരുവഴിയിലുമിട്ട് അലക്കി. അത് അദ്ദേഹത്തിന്റെ ഫെയിമിനെ കണ്ടമാനം ബാധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ തദുപരി അതു വിലാസിനിയെ ബാധിച്ചില്ലേ? അഴമേഘം കാത്തിരിക്കുന്ന ചാരുകപ്പക്ഷിയെപ്പോലെ നിഷ്ഠയില്‍ താന്‍ കാത്തിരുന്നത്(ഇപ്പോഴും അടുത്ത ജന്മം ഈ വിഫലപ്രേമം സഫലമാകുമെന്ന വിശ്വാസം) ഒരു വന്ധ്യമേഘത്തെയാണെന്ന യാഥാര്‍ത്ഥ്യവും അവരിലും അവരുടെ അച്ഛനമ്മമാരിലും മറ്റും ഏല്പിച്ച ആഘാതം എത്രവലുതാണ്! നമ്മുടെ സമൂഹത്തിനുള്ള അലിഖിത നിയമങ്ങള്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണല്ലോ. മനസ്സിന്റെ അപാരശക്തിയെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. വ്രണിതമായ ഒരു മനസ്സിന് പാറയെപ്പോലും പൊടിക്കാനുള്ള ശക്തിയുണ്ട്; ദുര്‍ബ്ബലമായ നാവിന് അസ്ഥിയെ പിളര്‍ക്കാനും.
എന്നേപ്പോലുള്ള ഒരു സാധാരണ സ്ത്രീയുടേതുപോലെ 'പോനാല്‍ പോകട്ടും പോ-ടാ' എന്നു കരുതാനുള്ള ഒരു ചപല(?) മനസ്സിന്റെ ഉടമയായിരുന്നില്ലല്ലോ ഒരു കാലത്തെ അഴീക്കോടിന്റെ ഈ മാനസേശ്വരി. ഒരൊറ്റ സ്തുതിപാഠകരും അവരുടെ ശോച്യാവസ്ഥയില്‍ - ഒരു ജീവിതം പ്രേമത്തിന്റെ ബലിവേദിയില്‍ ഹോമിക്കേണ്ടി വന്നതില്‍ വേദനിച്ചു കണ്ടില്ല. പക്ഷേ, നിയതിതന്‍ തട്ടു താഴുന്നതും പൊങ്ങുന്നതു നമ്മുടെ അിറവോടും അനുവാദത്തോടെയുമല്ല; എങ്കിലും ഇതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്കും കര്‍മ്മഫലത്തില്‍ വിശ്വാസം കാണാതിരിക്കില്ല. ഡമോക്ലീസിന്റെ ഖണ്ഗം എല്ലാവരുടെ തലയ്ക്കുമുകളില്‍ തൂങ്ങുന്നുണ്ടെന്ന ബോധം നമ്മുടെ ചെയ്തികളെ ഭരിക്കയും നയിക്കയും ചെയ്യട്ടെ!
സാന്ദ്രമായ നമ്മുടെ വീരാരാധന - എന്‍. പി. ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക