Image

വനിതയെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചു

Published on 27 September, 2017
വനിതയെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചു
അല്‍ഹസ്സ: സൗദിഅറേബ്യയില്‍ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ കൊണ്ടുവന്ന് ഏറെ പീഡനങ്ങള്‍ക്ക് ഇരയാക്കിയ ഇന്ത്യന്‍ വനിതയെ, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകര്‍ സൗദി പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചു.

മാംഗ്ലൂര്‍ സ്വദേശിനിയായ ബീന കൗസറാണ് ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയത്. നാല് പെണ്‍കുട്ടികളുടെ അമ്മയായ ഈ ഇരുപത്തിഏഴുകാരി സ്വന്തം കുടുംബത്തിന്റെ ജീവിതം രക്ഷപ്പെടുമെന്ന് കരുതി, മുംബൈ ആസ്ഥാനമായ ഒരു ട്രാവല്‍ ഏജന്‍സിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് ഹൌസ്‌മൈഡ് ജോലി സ്വീകരിച്ചു സൗദിയില്‍ എത്തിയത്. മികച്ച ശമ്പളവും, ജോലി സാഹചര്യങ്ങളും കിട്ടുമെന്ന് വാഗ്ദാനം ചെയ്ത ഏജന്റ്, ബീനയെ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ആദ്യം ഒമാനിലും, പിന്നീട് ബഹറിനിലും കൊണ്ട് വരികയും, അവിടെ നിന്ന് സൗദിയിലെ അല്‍ഹസ്സയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ എത്തിയ്ക്കുകയുമായിരുന്നു.

എന്നാല്‍ ആ വീട്ടില്‍ എത്തിയപ്പോള്‍, വീട്ടിന് ഏറ്റവും മുകളിലുള്ള മുറിയില്‍, പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിയ്ക്കാതെ അവരെ പൂട്ടിയിടുകയാണ് സ്‌പോണ്‍സര്‍ ചെയ്തത്. നാലുമാസം ആ വീട്ടിലെ ജോലി ചെയ്ത ബീനയ്ക്കു, ശാരീരികവും മാനസികവുമായ ഏറെ പീഡനങ്ങള്‍ നേരിടേണ്ടി വന്നു. തന്റെ ദയനീയാവസ്ഥ നാട്ടിലെ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞതനുസരിച്ച്, ആ കുടുംബം കര്‍ണ്ണാടക പോലീസിനും, ഇന്ത്യന്‍ എംബസിയ്ക്കും ഒക്കെ പരാതി നല്‍കി. വിദേശകാര്യമന്ത്രി സുഷമസ്വരാജിന് വരെ പരാതി കൊടുത്തെങ്കിലും, ബീനയെ കണ്ടുപിടിയ്ക്കാനോ, രക്ഷിയ്ക്കാനോ കഴിഞ്ഞില്ല.

നാട്ടില്‍ നിന്നും ചില ബന്ധുക്കള്‍ അല്‍ഹസ്സയിലെ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന്, ഹുസ്സൈന്‍ കുന്നിക്കോട്, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, മണി മാര്‍ത്താണ്ഡം എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിന് ഒടുവില്‍, ബീനയെ തടവില്‍ പാര്‍പ്പിച്ച വീട് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് സൗദി പോലീസില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, പോലീസ് സ്റ്റേഷനിലേയ്ക്ക് സ്പോണ്‍സറെ വിളിച്ചു വരുത്തി. എന്നാല്‍ കുറ്റങ്ങളൊക്കെ നിഷേധിച്ച സ്‌പോണ്‍സര്‍ കൈകഴുകാന്‍ നോക്കിയെങ്കിലും, വ്യക്തമായ തെളിവുകള്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നിര്‍ത്തിയതോടെ അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കുറ്റം സമ്മതിച്ച സ്‌പോണ്‍സര്‍, പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ചു ബീനയെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍, നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി, ബീനയ്ക്ക് കൊടുക്കാനുള്ള ശമ്പളകുടിശ്ശികയും,ആനുകൂല്യങ്ങളും, ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. ഹുസ്സൈന്‍ കുന്നിക്കോടിന്റെയും, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെയും ജാമ്യത്തില്‍ ബീനയെ പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയയ്ക്കുകയും ചെയ്തു.

നിയമനടപടികള്‍ വേഗം പൂര്‍ത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞ്, ബീന കൗസര്‍ നാട്ടിലേയ്ക്ക് മടങ്ങി.

നിയമവിരുദ്ധമായി ഇന്ത്യയിലെ ചില വിമാനത്താവളങ്ങള്‍ വഴി സ്ത്രീകളെ സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് 'ചവിട്ടിക്കയറ്റി' വിടുന്ന ഏജന്റുമാരെ നിയന്ത്രിച്ചില്ലെങ്കില്‍, ഇനിയും ഒരുപാട് ഇന്ത്യന്‍ വനിതകള്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ക്ക് ഇരയാകുമെന്നും, ഈ വിസ മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നവയുഗം ജീവകാരുണ്യവിഭാഗം ആവശ്യപ്പെട്ടു.

ഫോട്ടോ: ബീന കൗസറിന് മണി മാര്‍ത്താണ്ഡം യാത്രാരേഖകള്‍ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഹുസ്സൈന്‍ കുന്നിക്കോട്, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക