Image

6 മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 28 September, 2017
6 മാസക്കാലമായി ശമ്പളമോ ആഹാരമോ കിട്ടാതെ ദുരിതത്തിലായ തൊഴിലാളികള്‍  നാട്ടിലേയ്ക്ക് മടങ്ങി
രാസ്തനൂറാ : ആറു മാസക്കാലത്തോളം ശമ്പളമോ, ആഹാരമോ കിട്ടാതെ ദുരിതത്തിലായ 8 തൊഴിലാളികള്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

രാസ്താനൂറയിലെ മന്‍സൂര്‍ സലഹ് സമീര്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ തൊഴിലാളികളാണ് ദീര്‍ഘകാലമായി ശമ്പളം ലഭിയ്ക്കാതെ ദുരിതത്തില്‍ ആയത്. കമ്പനിയുടെ സാമ്പത്തികപ്രതിസന്ധിയാണ് ഈ പ്രതിതിസന്ധിയ്ക്ക് കാരണമായത്. ആഹാരം കഴിയ്ക്കാന്‍ പോലും പണമില്ലാതെ വിഷമത്തിലായ തൊഴിലാളികള്‍, ഗത്യന്തരമില്ലാതെ തങ്ങളെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന് കമ്പനി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും, അവര്‍ വഴങ്ങിയില്ല.

ജീവിതം ആകെ വഴിമുട്ടി നിന്ന ആ സമയത്താണ് തൊഴിലാളികള്‍, നവയുഗം രാസ്തനൂറ യൂണിറ്റ് ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ പുളിമൂട്ടില്‍ ഉണ്ണിയെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. ഉണ്ണിയും നവയുഗം പ്രവര്‍ത്തകരും തൊഴിലാളികളെ താമസിച്ചിരുന്ന ക്യാമ്പ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളില്‍, മതിയായ സൗകര്യങ്ങളില്ലാതെ, ആഹാരം കഴിയ്ക്കാന്‍ പോലും വകയില്ലാതെ, ആകെ ദുരിതത്തിലായിരുന്നു അവിടെ തൊഴിലാളികളുടെ അവസ്ഥ. തൊഴിലാളികളുടെ ആഹാരത്തിനായി താത്കാലികമായ സഹായങ്ങള്‍ നല്‍കിയിട്ടാണ് നവയുഗം പ്രവര്‍ത്തകര്‍ മടങ്ങിയത്.

തുടര്‍ന്ന് നവയുഗം കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ സഹായത്തോടെ തൊഴിലാളികള്‍ കമ്പനിയ്ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് നല്‍കി.
ഇതറിഞ്ഞ കമ്പനി മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി. സ്വന്തം ചിലവില്‍ വിമാനടിക്കറ്റ് എടുക്കുന്നപക്ഷം, തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് കമ്പനി വാഗ്ദാനം മുന്നോട്ടു വെച്ചു. എന്നാല്‍ നവയുഗം പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ശമ്പളം പോലും കിട്ടാത്ത തൊഴിലാളികള്‍ ടിക്കറ്റ് എടുക്കില്ലെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. ഏറെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവില്‍ ഫൈനല്‍ എക്‌സിറ്റും വിമാനടിക്കറ്റും നല്‍കാമെന്ന് കമ്പനി മാനേജ്മെന്റ് സമ്മതിച്ചു.

അങ്ങനെ നീണ്ട കാലത്തെ ദുരിതങ്ങള്‍ അവസാനിപ്പിച്ച് 8 തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: തൊഴിലാളികളുടെ യാത്രാരേഖകള്‍ കമ്പനി പ്രതിനിധി ഷാജി മതിലകത്തിന് കൈമാറുന്നു. പുളിമൂട്ടില്‍ ഉണ്ണിയും നവയുഗം പ്രവര്‍ത്തകരും തൊഴിലാളികളും സമീപം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക