Image

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍

Published on 28 September, 2017
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍
  
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ 29, 30 (വെള്ളി, ശനി) തീയതികളില്‍ മെല്‍ബണിലെ മുറൂള്‍ബാര്‍ക്കിലെ ഫൂട്ഹില്‍സ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. 

വെള്ളി രാവിലെ 10ന് പാപ്പുവ ന്യൂഗിനിയയുടെയും സോളമന്‍ ഐലന്‍ഡിന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് കുര്യന്‍ വയലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സമ്മേളനം ആരംഭിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ ഉള്‍പ്പെടെ രൂപതയിലെ എല്ലാ വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായിക്കും. 

സ്വവര്‍ഗ വിവാഹം, യുവജന വര്‍ഷം 2018, സേഫ് ഗാര്‍ഡിംഗ് ചില്‍ഡ്രന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കും. മെല്‍ബണ്‍ അതിരൂപത മാര്യജ് ആന്‍ഡ് ഫാമിലി എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ടോണി കെറിന്‍, ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ.ഡെറില്‍ ഹിഗിന്‍സ്, രൂപത സാന്‍തോം ട്രസ്റ്റിന്റെ ബോര്‍ഡ് മെംബറും ന്യൂകാസില്‍ സീറോ മലബാര്‍ മിഷന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ മെംബറമായ ഡോ.സിറിയക് മാത്യു, രൂപത സേഫ് ഗാര്‍ഡിംഗ് ടീം അംഗങ്ങളായ ലിസി ട്രീസ, ബെന്നി സെബാസ്റ്റ്യന്‍, രൂപത ഫിനാന്‍ഷ്യന്‍ കൗണ്‍സില്‍ മെംബറും രൂപത അക്കൗണ്ടന്റുമായ ആന്റണി ജോസഫ്, ഡാര്‍വിനിലെ മതബോധന വിഭാഗം പ്രധാന അധ്യാപകന്‍ സോജിന്‍ സെബാസ്റ്റ്യന്‍, ലീഡര്‍ഷിപ്പ് കണ്‍സള്‍ട്ടന്റ് ഡോണി പീറ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള അത്മായ പ്രതിനിധികളും ഉള്‍പ്പെടെ 50 പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക