Image

റിയാദില്‍ കുഴഞ്ഞുവീണു മരിച്ച കൊല്ലം സ്വദേശിയുടെ സംസ്‌കാരം നടത്തി

Published on 28 September, 2017
റിയാദില്‍ കുഴഞ്ഞുവീണു മരിച്ച കൊല്ലം സ്വദേശിയുടെ സംസ്‌കാരം നടത്തി
 
റിയാദ്: ജോലിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ച കൊല്ലം സ്വദേശി വിനോദ് വിജയന്റെ (36) മൃതദേഹം കേളി പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലയച്ചു. ദുരിതങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ കാലമായിരുന്നു വിനോദിന്റെ പ്രവാസജീവിതം. അഞ്ചുവര്‍ഷം മുന്‍പ് റിയാദിനടുത്ത തുമാമയില്‍ െ്രെഡവറായി ജോലിക്കെത്തിയ വിനോദിന് അടിസ്ഥാന താമസസൗകര്യങ്ങളോ ജോലി ചെയ്യാന്‍ ആവശ്യമായ രേഖകളോ തൊഴിലുടമ നല്‍കിയിരുന്നില്ല. മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്കും ആടുകള്‍ക്കും പുല്ല് എത്തിച്ചുകൊടുക്കലായിരുന്നു വിനോദിന്റെ തൊഴില്‍. ലൈസന്‍സ് ഇല്ലാതെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. പലപ്പോഴും അതേ വാഹനത്തില്‍ തന്നെയായിരുന്നു അന്തിയുറക്കം. ഒടുവില്‍ തൊഴിലുടമയില്‍ നിന്ന് നീതി ലഭിക്കാനായി ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പ്രതികാര നടപടി എന്നോണം തൊഴിലുടമ വിനോദിനെതിരെ 25,000 റിയാല്‍ മോഷണ കുറ്റം ആരോപിച്ച് ഒരാഴ്ച തടവിലാക്കി. പോലീസ് കേസിന് പുറമെ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ വിനോദ് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ രേഖപ്പെടുത്തിയിരുന്നു. സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ആനുകൂല്യം നേടി നാട്ടില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. 

ദുരിതങ്ങളില്‍ നിന്ന് മോചനം കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ തൊഴിലുടമയുടെ എല്ലാ പീഡനവും സഹിച്ച് കഴിയുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് തുമാമയില്‍ വിനോദ് ജോലിസ്ഥലത്ത് കുഴഞ്ഞു വീണ് മരിക്കുന്നത്. വിനോദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിരവധി സാങ്കേതിക തടസങ്ങളുണ്ടായിരുന്നു. സ്‌പോണ്‍സര്‍ നല്‍കിയ പരാതികള്‍ നിലവിലുള്ളതിനാല്‍ അത് നീക്കിക്കിട്ടാനുള്ള പരിശ്രമത്തിലായിരുന്നു കേളി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുരാജ്, ചെയര്‍മാന്‍ കിഷോര്‍, വിനോദിന്റെ സുഹൃത്തായ സുലൈമാന്‍ എന്നിവര്‍. രണ്ടാഴ്ചത്തെ നിരന്തര പരിശ്രമത്തിനൊടുവില്‍ ഇത്തിഹാദ് എയര്‍വേസിന്റെ വിമാനത്തില്‍ മൃതദേഹം നാട്ടിലയച്ചു. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. 

ഭാര്യ: മഞ്ജു, അച്ഛന്‍: വിജയന്‍. അമ്മ: തങ്കമണി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക