Image

വിജയദശമി...വിദ്യയുടെ വസന്തം അറിവിന്റെ മഹോല്‍സവം (എ.എസ് ശ്രീകുമാര്‍)

Published on 29 September, 2017
വിജയദശമി...വിദ്യയുടെ വസന്തം അറിവിന്റെ മഹോല്‍സവം (എ.എസ് ശ്രീകുമാര്‍)
ഇന്ന് മഹാനവമി. കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ദിവസം. മഹാനവമിയോട് അനുബന്ധിച്ച് എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും നടന്നു. അക്ഷരദേവതയ്ക്ക് മുന്നില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. നാളെ (സെപ്റ്റംബര്‍ 30) നാം വിജയദശമി ആചരിക്കുന്നു. ഒന്‍പതുനാള്‍ നീണ്ടു നില്‍ക്കുന്ന ദേവീപൂജയുടെ സമാപനദിനമാണത്. ഈ നവരാത്രി കാലം പ്രകൃതിശക്തിയുടെ തിരുമുമ്പില്‍ ആത്മസമര്‍പ്പണത്തിലൂടെ, എങ്ങനെ ജീവിതസാഫല്യം നേടാമെന്ന് നമുക്കു കാണിച്ചുതരുന്ന സന്ദര്‍ഭമാണ്. അസുരശക്തികളുടെമേല്‍ ദുര്‍ഗ്ഗാദേവി വിജയം നേടുന്നതിന്റെ അനുസ്മരണമാണ് വിജയദശമി.

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ധ രൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ...

വിദ്യാ ദേവതയായ സരസ്വതിയെ അകമഴിഞ്ഞ് സ്തുതിക്കുന്ന പവിത്ര ദിനമാണ് വിജയദശമി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ ആഘോഷിക്കുന്ന ഉത്സവ കാലം. അതായത് ദുര്‍ഗാപൂജയുടെ ഭക്തിനിര്‍ഭരമായ വൃതദിനങ്ങള്‍. നവരാത്രി ദീപങ്ങള്‍ പ്രകാശമാനമാകുന്ന പുലരികളും തൃസന്ധ്യാ വേളകളും. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. അസമിലും ഒറീസയിലും ശക്തിയുടെ പ്രതീകമായി ദുര്‍ഗാദേവിയെ ആരാധിക്കുന്നു. പഞ്ചാബികള്‍ക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്‌നാട്ടില്‍ ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം ലക്ഷ്മീദേവിയേയും അടുത്ത മൂന്നു ദിവസം പാര്‍വതീ ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീ ദേവിയേയും ആരാധിക്കുന്നു. കേരളത്തില്‍ ഇത് പൂജവയ്പ്പിന്റെ ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തുന്നു. നവരാത്രിയുടെ ഒടുവില്‍ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്.

വിദ്യയെന്നാല്‍ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ഹൈന്ദവ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

നവരാത്രിയുടെ ഏറ്റവും പ്രധാന ദിനങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എിവയാണ്. ദക്ഷയാഗം മുടക്കുവാനായി ഭദ്രകാളി തിരുഅവതാരമെടുത്ത പുണ്യ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി. ദുര്‍ഗ്ഗാദേവി മഹിഷാസുരനേയും, ശ്രീരാമന്‍ രാവണനെയും, ദേവേന്ദ്രന്‍ വൃത്രാസുരനേയും, മഹാവിഷ്ണു മധു കൈടഭന്മാരേയും നിഗ്രഹിച്ച ദിവസമാണ് വിജയദശമി. വിരാട രാജ്യം ആക്രമിച്ച കൗരവരെ അര്‍ജ്ജുനന്റെ നേതൃത്വത്തില്‍ പാണ്ഡവര്‍ തോല്പിച്ചതും വിജയദശമിനാളിലാണ്. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെയും, അജ്ഞാനത്തിനു മേല്‍ ജ്ഞാനത്തിന്റെയും വിജയം സംഭവിച്ച ദിവസമായതുകൊണ്ടാണ് ഈ ദിനം വിജയദശമി എന്നറിയപ്പെടുന്നത്. വിജയന് (അര്‍ജ്ജുനന്) ജയം ലഭിച്ച ദിനമെന്നും അര്‍ത്ഥമുണ്ട്.

ക്രൂരനായ മഹിഷാസുരന്‍ തപസുചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. സ്ത്രീകള്‍ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവര്‍ഷം നീണ്ടുനിന്ന മഹായുദ്ധത്തില്‍ മഹിഷാസുരന്‍ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാര്‍ ശിവനേയും മഹാവിഷ്ണുവിനേയും ശരണം പ്രാപിച്ചു. അവരുടെ ശരീരത്തില്‍ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയില്‍ പതിച്ച് ദുര്‍ഗാദേവി രൂപംകൊണ്ടു. ദേവന്മാര്‍ ആയുധങ്ങളും ആഭരണങ്ങളും ദുര്‍ഗാദേവിക്ക് നല്‍കി. ഹിമവാന്‍ ഒരു സിംഹത്തെയും ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്റെ പുറത്തുകയറി ദുര്‍ഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം. കുട്ടികളെ ആദ്യമായി അക്ഷരങ്ങള്‍ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികള്‍ക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് വിദ്യാരംഭം കുറിക്കുന്നത്.

വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുക. തുടര്‍ന്ന് സരസ്വതീ ദേവിക്കു പ്രാര്‍ത്ഥന നടത്തുന്നു. പണ്ട് വിശിഷ്ടമായ താന്ത്രികവിദ്യാദീക്ഷ നടന്നിരുന്നു. മഹാത്രിപുര സുന്ദരിയുടെ ശ്രീവിദ്യാമന്ത്രം, വിദ്യാരാജ്ഞിയായി താരാദേവീമന്ത്രം തുടങ്ങി മഹാശാക്തേയ മന്ത്രങ്ങളുടെ ഉപാസകര്‍ വിധിപ്രകാരം വിജയദശമി പൂജ നടത്തിയതിനുശേഷം ഗുരു കുട്ടിയെ മടിയില്‍ ഇരുത്തിയശേഷം സ്വര്‍ണമോതിരം കൊണ്ടു നാവില്‍ "ഹരിശ്രീ' എന്നെഴുതുന്നു. "ഹരി' എന്നത് ദൈവത്തേയും "ശ്രീ' എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരല്‍ കൊണ്ട് ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തില്‍ "ഓം ഹരി ശ്രീ ഗണപതയെ നമഃ' എന്ന് എഴുതിക്കുന്നു. ധാന്യങ്ങള്‍ നിറച്ച പാത്രത്തില്‍ എഴുതുന്നത് അറിവ് ആര്‍ജിക്കുന്നതിനേയും പൂഴിമണലില്‍ എഴുതുന്നത് അറിവ് നിലനിര്‍ത്തുന്നതിനേയും സൂചിപ്പിക്കുന്നു. ഇന്ന് ജാതി മത ഭേദമെന്യേ വിവിധ കേന്ദ്രങ്ങളില്‍ എഴുതിതുനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചുവരുന്നു. െ്രെകസ്തവരും ഇസ്ലാം മതവിശ്വാസികളും വിദ്യാരംഭം അനുഷ്ഠിക്കുന്നവരാണിപ്പോള്‍. കാരണം അറിവിന് വര്‍ണവര്‍ഗ ഭേദങ്ങളില്ലെന്നതുതന്നെ.

പ്രധാന വിദ്യാരംഭ സ്ഥലങ്ങള്‍ ഇവയാണ്. തുഞ്ചന്‍ പറമ്പ് (തിരൂര്‍, മലപ്പുറം ജില്ല), ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ( തിരുവനന്തപുരം), പനച്ചിക്കാട് സരസ്വതി ക്ഷേത്രം (കോട്ടയം), മൂകാംബിക സരസ്വതി ക്ഷേത്രം (വടക്കന്‍ പറവൂര്‍), എഴുകോണ്‍ മൂകാംബിക ക്ഷേത്രം (കൊല്ലം), തിരുവുള്ളക്കാവ് ശ്രീ ധര്‍മശാസ്ത ക്ഷേത്രം, (തൃശ്ശൂര്‍), ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ത്രിക്കാവ് ശ്രീദുര്‍ഗ്ഗാ ക്ഷേത്രം, (പൊന്നാനി), ആവണംകോട് സരസ്വതി ക്ഷേത്രം (ആലുവയ്ക്ക് സമീപം), കൊല്ലൂര്‍ മൂകംബികാ ക്ഷേത്രം. കര്‍ണാടകയിലെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലണ് ചടങ്ങ്. ഇവിടെ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ ഭാവിയില്‍ ഉന്നത ജീവിത വിജയം നേടുമെന്നാണ് വിശ്വാസം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്നലെ വൈകിട്ടാണ് പൂജവയ്പ് ചടങ്ങ് നടന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലും ദുര്‍ഗാഷ്ടമി പൂജവയ്പ്പ് നടന്നു. ഇതിനോട് അനുബന്ധിച്ച് അക്ഷര സന്ദേശം വിദ്യാര്‍ത്ഥികളുടേയും അമ്മമാരുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തില്‍ അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നളളിപ്പ് എന്നിവ നടന്നു. വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍നിന്നും സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്കൂളില്‍ നിന്നുമായിരുന്നു ഗ്രന്ഥമെഴുന്നള്ളിപ്പ് ഘോഷയാത്രകള്‍. നാളെ നടക്കുന്ന വിദ്യാരംഭത്തിന് പങ്കെടുക്കുന്നതിനായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കും പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലേക്കും ഭക്തജന പ്രവാഹം ആരംഭിച്ചു കഴിഞ്ഞു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്‌നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്.

വിജയദശമിയുടെ പുണ്യദിനത്തില്‍ നമ്മുടെ മുന്നിന്‍ വിദ്യയാല്‍ നേടിയ വിജയത്തിന്റെ പുതു ചക്രവാളം കാണാനാവും. ഏവര്‍ക്കും വഴികാട്ടിയാവാന്‍ പോന്നവിധം ലോകത്തെവിടെയായാലും ഇന്ത്യക്കാര്‍ നന്‍മയുടെ ജീവിതം കരുപ്പിടിപ്പിക്കണം. സൃഷ്ടിയിലെ വിഭിന്നതകളത്രയും ഹൃദയത്തിലേറ്റി സമന്വതത്തോടെ ഭാവിയിലേയ്ക്ക് സഞ്ചരിക്കുന്ന ഉത്തമമാതൃകളാവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ദിനമാണ് പടിവാതില്‍ക്കലെത്തിനില്‍ക്കുന്നത്. വിജയദശമി വിജയത്തിന്റെ മാത്രം അധ്യായമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക