Image

രാമലീല- പ്രേക്ഷകര്‍ സിനിമയ്‌ക്കൊപ്പം

Published on 29 September, 2017
രാമലീല- പ്രേക്ഷകര്‍ സിനിമയ്‌ക്കൊപ്പം
യഥാര്‍ത്ഥമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് മലയാള പ്രേക്ഷകസമൂഹവും സിനിമാ ലോകവും ഉറ്റു നോക്കിയ ഒന്നായിരുന്നു ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകന്‍ സൃഷ്ടിച്ച രാമലീല എന്ന ചിത്രം. ഇതിലെ നായകനായ ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സമീപകാലത്തു സംഭവിച്ച ചില കാര്യങ്ങളുമായി കൂട്ടി വായിച്ചു മാത്രമേ പ്രേക്ഷകര്‍ക്ക് ഈ ചിത്രം കാണാന്‍ കഴിയൂ.

രാമലീല ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആദ്യാവാനം സസ്‌പെന്‌സും ട്വിസ്റ്റും ഒക്കെയായി മുന്നേറുന്ന ഒരു സിനിമ. പലപ്പോഴും ജോഷി സംവിധാനം ചെയ്ത റണ്‍വേ, ലയണ്‍ റണ്‍ ബേബി റണ്‍ തുടങ്ങിയ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ പ്രമേയവും അതിന്റെ അവതരണവും.
മലയാളത്തിലെ നായക സങ്കല്‍പ്പങ്ങളെ ചുറ്റിപ്പറ്റി തന്നെയാണ് രാമലീലയും മുന്നേറുന്നത്. സമകാലീന രാഷ്ട്രീയത്തിലെ ഇടതു വലതു രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളും രക്‌സസാക്ഷിയെ സൃഷ്ടിക്കാന്‍ ഇടതുരാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളും വളരെ വ്യക്തമായി തന്നെ ചിത്രം തുറന്നു കാട്ടുന്നു.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ(ഡി.സി.പി) യുവ എം.എല്‍.എ ആയ രാമനുണ്ണി സ്വന്തം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായ മോഹനുമായി തെറ്റി പാര്‍ട്ടി വിടുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്ന പിതാവിന്റെ കൊലപാതകത്തിനു പിന്നിലെ ആള്‍ ആരാണെന്നറിഞ്ഞതോടെയാണ് അയാള്‍ പാര്‍ട്ടി വിടുന്നത്. പിന്നീട് വലതു പക്ഷ പാര്‍ട്ടിയായ എന്‍.എസ്.പിയുടെ പിന്തുണയോടെ അയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഡി.സി.പിയുടെ വനിതാ നേതാവായ രാമനുണ്ണിയുടെ അമ്മയെ എതിര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നതോടെ രംഗം കൊഴുക്കുന്നു. പ്രചാരണ പരിപാടികള്‍ക്കിടയില്‍ രാമനുണ്ണി പങ്കെടുത്ത വേദിയില്‍ ജില്ലാ സെക്രട്ടറി മോഹന്‍ കൊല്ലപ്പെടുന്നു. സാഹചര്യങ്ങള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം രാമനുണ്ണിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാതെ അയാള്‍ ഒളിവില്‍ പോകുന്നു. അവിടെയിരുന്ന് പോലീസ്, നിയമം, മാധ്യമം എന്നിവ ഉപയോഗിച്ച് അയാള്‍ തനിക്കനുകൂലമായ തെളിവും തരംഗവും സൃഷ്ടിക്കുന്നു. അങ്ങനെ താന്‍ നിരപരാധിയാണെന്ന് സമര്‍ത്ഥിക്കാനുളള രാമനുണ്ണിയുടെ ശ്രമങ്ങളും തന്ത്രങ്ങളുമാണ് ചിത്രം പറയുന്നത്.
രണ്ടര മണിക്കൂര്‍ നീളുന്ന ചിത്രത്തില്‍ ആക്ഷനു കാര്യമായ സ്ഥാനമില്ല. തമാശകളുമായി പ്രേക്ഷകനെ ചിരിപ്പിച്ച് ജനപ്രിയ നായകനായ ദിലീപ് ബുദ്ധിമാനും തന്ത്രശാലിയുമായ രാഷ്ട്രീയക്കാരനായി ഈ ചിത്രത്തില്‍ തിളങ്ങിയിട്ടുണ്ട്. ഒരു പക്ഷേ വ്യക്തി ജീവിതത്തില്‍ ഇപ്പോള്‍ സംഭവിച്ച ഈ പാളിച്ചകള്‍ ഉണ്ടാകാതിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി രാമനുണ്ണിയെ പ്രേക്ഷകര്‍ വിലയിരുത്തുമായിരുന്നു എന്നതില്‍ സംശയമില്ല.

ഇടവേളയ്ക്കു ശേഷം കഥ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അതോടൊപ്പം ഹാസ്യവും പാകത്തിനു ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കണ്ടിരിക്കാന്‍ നല്ല രസവുമാണ്. ദിലീപിന്റെ വ്യക്തിജീവിതത്തില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ കാരണം റിലീസിങ്ങിനായി ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വന്ന ചിത്രമാണ് രാമലീല. യഥാര്‍ത്ഥ ജീവിതത്തിലും സിനിമയിലും നായകനായ ദിലീപ് താന്‍ നിരപരാധിയാണെന്നു തെളിയിക്കാനുളള പരിശ്രമങ്ങളിലാണ്. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്ന താരത്തില്‍ സിനിമയില്‍ നായകന്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാനും തോല്‍പ്പിക്കാനുമുളള അയാളുടെ പരിശ്രമങ്ങളും തമ്മില്‍ പ്രേക്ഷകന്‍ താരതമ്യപ്പെടുത്തല്‍ നടത്തിയേക്കാം. നിയമത്തിനു മുന്നില്‍ തന്റെ നിരപരാധിത്വം ബോധിപ്പിക്കുന്നതിനിടയില്‍ അയാള്‍ കടന്നു പോകുന്ന വഴികളിലും ദിലീപിന്റെ ഇപ്പോഴത്തെ ജീവിതം ഇടകല്‍ന്നു കിടക്കുന്നതായി തോന്നും. പല സംഭാഷണങ്ങളും മുന്‍കൂട്ടി കണ്ടതുപോലെയാണ് ഈ സിനിമയില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ തന്നെ അത് പഞ്ച് ഡയലോഗുകളായി മാറിയിട്ടുമുണ്ട്. തിയേറ്ററുകളില്‍ ദിലീപിന്റെ ആരാധകര്‍ ഈ രംഗങ്ങള്‍ കൈയ്യടിച്ചാണ് സ്വീകരിക്കുന്നത്.

രാമനുണ്ണിയുടെ അമ്മയായെത്തിയ രാധികാ ശരത്കുമാര്‍ തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കുളള രാധികയുടെ വരവ് ഗംഭീരമായി. വിജയരാഘവന്‍, മുകേഷ്, സിദ്ദിഖ് എന്നിവരുടെ അഭിനയം തകര്‍ത്തു എന്ന വാക്കില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. കലാഭവന്‍ ഷാജോണിന്റെ തമാശകള്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പര്യാപ്തമാണ്. കഥയില്‍ കുറച്ചെങ്കിലും പ്രാധാന്യമുളള കഥാപാത്രമായി എത്തിയ പ്രയാഗ മാര്‍ട്ടിനും തന്റെ കഥാപാത്രത്തോടു നീതി പുലര്‍ത്തി. മേനക സുരേഷ് കുമാര്‍, സായ്കുമാര്‍, സലിംകുമാര്‍ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ച വച്ചു.

ഷാജികുമാറിന്റെ ഛായാഗ്രഹണം മികച്ചതായി. ഗോപീ സുന്ദറിന്റെ സംഗീതവും മികച്ചതാണ്. പൊളിറ്റിക്കല്‍ ത്രില്ലറായാലും അമ്മയ#േും മകനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ചിത്രമായാലും കണ്ടിരിക്കാന്‍ കൊള്ളാവുന്ന ഒരു ചിത്രമാണ് രാമലീല. നായകന്റെ വ്യക്തിജീവിത്തിലെ സംഭവവികാസങ്ങളും അതിന്റെ പിന്നാമ്പുറങ്ങളും മാറ്റി നിര്‍ത്തിയാല്‍ ഇത് സിനിമയുടെ വിജയമാണെന്നും പറയാം.
രാമലീല- പ്രേക്ഷകര്‍ സിനിമയ്‌ക്കൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക