Image

ഉദാഹരണം സുജാത: നല്ല ചിത്രത്തിന്റെ ഉദാഹരണം

Published on 29 September, 2017
ഉദാഹരണം സുജാത: നല്ല ചിത്രത്തിന്റെ ഉദാഹരണം
ഒരു സമ്പൂര്‍ണ നായികാ ചിത്രം. പ്രവീണ്‍.സി.ജോസഫ് എന്ന നവാഗത സംവിധായകന്റെ ആദ്യചിത്രമായ ഉദാഹരണം സുജാതയെ ഇങ്ങനെ വിശേഷിപ്പിക്കാം. നായകന്റെ കരുത്തേതുമില്ലാതെ സിനിമയുടെ വിജയപരാജയങ്ങള്‍ സംബന്ധിച്ച എല്ലാ റിസ്കും ഒറ്റയ്ക്ക് ഒരു നായിക തന്നെ ചുമലിലേറ്റിയ ചിത്രം. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ നമ്മള്‍ ഒന്നു കൂടി ഇഷ്ടപ്പെട്ടു പോകുന്ന സിനിമ.

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയാണ് കഥയുടെ പശ്ചാത്തലം. ആ കോളനിയില്‍ താമസിക്കുന്ന വളാണ് സുജാത. പഠിപ്പില്ലാത്ത ദരിദ്രയായ സുജാത. ജീവിക്കാന്‍ വേണ്ടി അടുക്കള ജോലിയുള്‍പ്പെടെ കൂലിപ്പണി എടുത്താണ് ദിവസങ്ങള്‍ കഴിഞ്ഞു കൂടുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ടവള്‍. പക്ഷേ അവള്‍ മറ്റൊരു വിവാഹജീവിതത്തെ കുറിച്ച് ചിന്തിക്കുന്നതേയില്ല. സുജാതയുടെ മകള്‍ ആതിര കൃഷ്ണന്‍. തനിക്കു പഠിക്കാന്‍ കഴിയാത്തതിനാല്‍ മകളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നാണ് സുജാതയുടെ ആഗ്രഹം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ വിലയറിയാതെ മകള്‍ മറ്റൊരു വഴിക്ക് നീങ്ങുന്നു. ഇത് സുജാതയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മകള്‍ തന്നെയാണ് സുജാതയുടെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതും.ഈ പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിക്കാന്‍ സുജാത നടത്തുന്ന പരിശ്രമങ്ങളും അതിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ മനോഹരമായ ഒരു കൊച്ചു ചിത്രം. അതാണ് ഉദാഹരണം സുജാത. അമ്മയും മകളും തമ്മിലുള്ള കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും രസങ്ങളുമെല്ലാം നിറഞ്ഞ സിനിമ. മക്കളെ ഉപദേശിക്കലല്ല സിനിമയുടെ ലക്ഷ്യം. പക്ഷേ അതില്‍ മികച്ച ഒരു സന്ദേശമുണ്ട്. അമ്മയെ മനസിലാക്കേണ്ടത് എങ്ങനെയെന്നും അമ്മയുടെ സ്‌നേഹം എത്രയെന്നുമുള്ള സന്ദേശം.


ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു പക്ഷേ മഞ്ജു വാര്യര്‍ അല്ലാതെ മറ്റാരെയും സുജാതയായി സങ്കല്‍പ്പിക്കാന്‍ പ്രേക്ഷകനു കഴിയില്ല എന്നു തോന്നിപ്പോകും. കഥാ#ാത്രവുമായി അത്രയ്ക്ക് താദാദ്മ്യം പ്രാപിച്ചിട്ടുണ്ട് മഞ്ജു. ഒരു കോളനിയില്‍ ജീവിക്കുന്ന സാധാരണക്കാരിയായ സ്ത്രീയുടെ ശരീരഭാഷയും സംസാരരീതിയും അതേരീതിയില്‍ തന്നെ പകര്‍ത്തിയിട്ടുണ്ട്. ഒരു പക്ഷേ അവരില്‍ ഒരാളായി തന്നെ നമുക്ക് സുജാതയെന്ന മഞ്ജുവിനെ കാണാനാകും. ഏറെ പ്രതീക്ഷകളോടെ വളര്‍ത്തിക്കൊണ്ടു വരുന്ന മകളില്‍ നിന്നു തിരിച്ചടികള്‍ നേരിടേണ്ടി വരുമ്പോഴും വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും അവളില്‍ നിന്നും മുറിവേല്‍ക്കുമ്പോഴുമുള്ള ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ പ്രേക്ഷകന്റെ മനസിനെ നനയ്ക്കുമെന്നതില്‍ സംശയമില്ല. നല്ല അനായാസതയോടെ ഒഴുക്കിലുള്ള അഭിനയം. സുജാത മഞ്ജുവിന്റെ കൈകളില്‍ അതീവഭദ്രം.

മഞ്ജുവിനൊപ്പം തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ മകളായെത്തിയ അനശ്വര എന്ന കൊച്ചുമിടുക്കിയും തകര്‍ത്തു. പ്രത്യേകിച്ച് ക്‌ളൈമാക്‌സിലെ വികാരനിര്‍ഭരമായ രംഗത്തില്‍ മഞ്ജുവിനൊപ്പം തന്നെ ഈ മിടുക്കിയും തിളങ്ങി. ചലച്ചിത്ര രചയിതാവായെത്തിയ നെടുമുടി വേണു കണക്ക് അധ്യാപകന്‍ "കുതിര'യായെത്തിയ ജോജു കലക്ടര്‍ ആയി വേഷമിട്ട മംമ്താ മോഹന്‍ദാസ് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോടു പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. സീനുകള്‍ കുറവാണെങ്കിലും അലന്‍സിയറും അരിസ്റ്റോ സുരേഷും അഭിജ ശിവകലയും തങ്ങളുടെ രംഗങ്ങള്‍ മികച്ചതാക്കി.

ഒരു നവാഗത സംവിധായകന്റെ സൃഷ്ടിയാണ് ഉദാഹരണം സുജാത എന്നൊരിക്കലും സിനിമ കമ്ടിരിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടില്ല. കാരണം അത്ര കൈയ്യടക്കത്തോടെയും സൂക്ഷ്മതയോടെയുമാണ് ഓരോ രംഗവും എടുത്തിട്ടുള്ളത്. വികാരനിര്‍ഭരമായ നിരവധി രംഗങ്ങള്‍ ഉണ്ടെങ്കിലും അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ കേന്ദ്ര കഥാപാത്രങ്ങളെ താങ്ങി നിര്‍ത്താന്‍ കഴിഞ്ഞതും സംവിധായകന്റെ മിടുക്കു തന്നെ.

ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്‌ളസ്‌പോയിന്റ്. കുറിക്കു കൊള്ളുന്ന ഹൃദയസ്പ്ര്‍ശിയായ സംഭാഷണം. മിതത്വവും ഒതുക്കവും വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ളതുമായ വാക്കുകള്‍. തിരക്കഥാകൃത്തുക്കളായ നവീന്‍ ഭാസ്ക്കറും മാര്‍ട്ടിന്‍പ്രക്കാട്ടും അഭിനന്ദനം അര്‍ഹിക്കുന്നു. മധു നീലകണ്ഠന്റെ ക്യാമറ ചിത്രത്തിന് മികച്ച ദൃശ്യഭാഷയൊരുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഗോപീ സുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മനോഹരമായിട്ടുണ്ട്. ജോജുവും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് നിര്‍മാണം.

അമ്മയും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ, അതിന് ഉലച്ചില്‍ തട്ടുമ്പോഴുളള വേദനയുടെ ഒക്കെ കഥയാണ് ഈ ചിത്രം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു നല്ല കൊച്ചു ചിത്രം. കണ്ണു നനയാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയില്ല. കുടുംബസഹിതം തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഉദാഹരണം സുജാതയെന്ന് സംശയം കൂടാതെ പറയാം.
ഉദാഹരണം സുജാത: നല്ല ചിത്രത്തിന്റെ ഉദാഹരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക