Image

ബോഫേഴ്‌സ് പീരങ്കി വീണ്ടും ഗര്‍ജ്ജിക്കുവാന്‍ തുടങ്ങുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 29 September, 2017
ബോഫേഴ്‌സ്  പീരങ്കി വീണ്ടും ഗര്‍ജ്ജിക്കുവാന്‍ തുടങ്ങുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ് )
ഇത് വളരെ പഴയ ഒരു കഥയാണ്. ബോഫേഴ്‌സ് പീരങ്കി കോഴക്കേസ്. ഇത് ഐ എസ് ആര്‍ ഒ ചാരക്കേസിനേക്കാളും പ്രമാദമാണ്. ഇത് വീണ്ടും തല ഉയര്‍ത്തുകയാണ്.

കോണ്‍?ഗ്രസിനേയും രാജീവ് ഗാന്ധിയേയും പുകച്ച് പുറത്ത് ചാടിച്ച കോഴക്കേസാണിത്. 1980 ന്റെ മദ്ധ്യം മുതല്‍ 2000 ത്തിന്റെ ആരംഭം വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന ബോഫേഴ്‌സ് പീരങ്കി കോഴോക്കേസ് വീണ്ടും മോഡി സര്‍ക്കാര്‍ കൊണ്ടുവരികയാണ്. കോണ്‍ഗ്രസ്സിന്റേയും രാജീവ് ഗാന്ധിയുടേയും അധികാരം നഷ്ടമാക്കിയ ഒരു അഴിമതിക്കേസ്സാണിത്. രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയൂടേയും കുടുംബ സുഹൃത്തായ ഓട്ടാവിയൊ ക്വോട്ടറോക്കി ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് പണം ബോഫേഴ്‌സ് പീരങ്കി ഇടപാടില്‍ പിടുങ്ങി എന്നാണ് ആരോപണം. ഇന്ത്യയിലെ ബിസിനസ്സുകാരായ ഹിന്ദുജ സഹോദരന്മാരുടെ പേരും ഈ കേസ്സില്‍ ഉള്‍പ്പെട്ടിരുന്നു. ഒപ്പം അമിതാ ബച്ചന്റേയും. അമിതാ ബച്ചന്‍ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. ഹിന്ദുജ സഹോദരന്മാരും. രാജീവ് മരിച്ചു. കിട്ടറോക്കിയും. പക്ഷെ  ബീ ജെ പി ഗവണ്മെന്റ് ഈ കേസ്സ് വീണ്ടും പൊക്കിക്കൊണ്ട് വരുകയാണ്.

ഇത് ആദ്യംപുറത്ത് വന്നത് 1987 ല്‍ ആയിരിക്കാം, സ്വീഡിഷ് റേഡിയോ ആണ് അന്ന് അത് ഒരു അഴിമതിക്കേസ് മാതരമായിരുന്നു. ഇന്ത്യക്ക് എ ബി ബോഫേഴ്‌സ് എന്ന സ്വീഡിഷ് ആയുധ നിര്‍മ്മാണ കമ്പിനി വിറ്റ പീരങ്കി കച്ചവടത്തില്‍ ഒരു ഇടനിലക്കാരന്‍ ഉണ്ടായിരുന്നു എന്നതായിരുന്നു വാര്‍ത്ത. പക്ഷേ, ആ ഇടനിലക്കാര്‍ ആരായിരുന്നു എന്നറിഞ്ഞപ്പോഴാണ് ആ കേസ്സ് രാഷ്ട്രീയം ആയത്. ക്വട്ടറോക്കി എന്ന ഇറ്റാലിയന്‍ കച്ചവടക്കാരന്റെ പേരും അദ്ദേഹത്തിന് സോണിയ ഗാന്ധിയോടും അങ്ങനെ രാജീവ് ഗാന്ധിയോടും ഉള്ള ബന്ധവും ഇതിനെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു കേസ്സ് ആക്കി മാറ്റി. അങ്ങനെ ബോഫേഴ്‌സ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവ് ആയി. ആ കേസ്സ് ആണ് വീണ്ടും മോഡി സര്‍ക്കാര്‍ പൊടി തട്ടി എടുക്കുന്നത്. ഉന്നം സോണിയ ഗാന്ധിയും, രാഹുലും കോണ്‍ഗ്രസ് പാര്‍ട്ടിയും ആണ് എന്നതില്‍ തര്‍ക്കം ഇല്ല. പക്ഷെ, കേസ്സ് കേസ്സ് അല്ലേ? അഴിമതി അഴിമതി അല്ലേ? രാഷ്ട്രീയം രാഷ്ട്രീയവും അല്ലേ? അതാണ് ഇവിടെ പരിശോധിക്കേണ്ടത്.

ഞാന്‍ 1989-ല്‍ ദല്‍ഹിയില്‍ ഒരു രാഷ്ട്രീയ ലേഖകന്‍ ആയി എത്തുമ്പോള്‍ ബോഫേഴ്‌സ് പീരങ്കി കോഴക്കേസ് കത്തി നില്‍ക്കുകയായിരുന്നു. ദിവസവും പാര്‍ലമെന്റില്‍ ബഹളം. സഭാസ്തംഭനം. പ്രധാന മന്ത്രി രാജീവ് ഗാന്ധി ആയിരുന്നു പ്രധാന ഇര. ബി ജെ പി അന്ന് പേരിന് മാത്രം ആയ ഒരു കക്ഷി ആയിരുന്നു. പാര്‍ലമെന്റിലും പുറത്തും. ഒടുവില്‍ ബോഫേഴ്‌സ് കോഴവിവാദം മൂത്തപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ലോകസഭയില്‍ നിന്നും രാജിവച്ചു. ഇതിന്റെ പ്രധാനകാരണം കംപ്‌റ്റോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ (സി.എ.ജി.) ബോഫേഴ്‌സ് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അവസാന ഖണ്ഡികയില്‍ രാജീവ് ഗാന്ധിക്ക് എതിരായി നടത്തിയ ഒരു പരാമര്‍ശനം ആയിരുന്നു. ആ സി.എ.ജി.യെ റ്റി.എന്‍.ചതുര്‍വേദി, പിന്നീട് ബി.ജെ.പി. അധികാരത്തില്‍ വന്നപ്പോള്‍ ഗവര്‍ണ്ണര്‍ ആയി നിയമിച്ച് ആദരിച്ചു. ഇത് വസ്തുതയും രാഷ്ട്രീയവും ആണ്. ഏതായാലും രാജീവ് ഗാന്ധിയും കോണ്‍ഗ്രസും 1989-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു. ബോഫേഴ്‌സ് എന്ന ഒറ്റക്കാരണത്താല്‍. എന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലനില്‍ക്കുകയും ചെയ്തു. 1984 ല്‍ 100 ലേറെ സീറ്റു കിട്ടിയ പാര്‍ട്ടി! ജനവിധി കോണ്‍ഗ്രസിന് എതിരാണെന്ന് പറഞ്ഞ് ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ വിസമ്മതിച്ചു. പിന്നീട് അദ്ദേഹം ഒരിക്കലും പ്രധാനമന്ത്രി ആയിട്ടില്ല. അതാണ് ബോഫേഴ്‌സ് കോണ്‍ഗ്രസിലും രാജീവ് ഗാന്ധിയിലും ഏല്‍പിച്ച ആഘാതം. ആ ബോഫേഴ്‌സിനെയാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍ ഉയര്‍ത്തെഴുന്നേപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഇത് രാഷ്ട്രീയം ആണ്. രാഷ്ട്രീയമായി നല്ല ഒരു അടവ് നയവും ആണ്. കാരണം അത് ഡെമോക്ലീഷിന്റെ വാള് പോലെ സോണിയയുടെയും രാഹുലിന്റെയും കോണ്‍ഗ്രസിന്റെ ഒന്നടങ്കം ശിരസിനു മുകളില്‍ തൂങ്ങിനില്‍്ക്കും. പക്ഷേ, എന്താണ് ബോഫേഴ്‌സ് കേസില്‍ കോണ്‍ഗ്രസിന്റെയും രാജീവിന്റെയും ചരിത്രം? അതും അത്ര ശോഭനം അല്ല.

രാജീവ് ബോഫേഴ്‌സ് പീരങ്കി വാങ്ങി, 1986-ല്‍. അത് മികച്ചത് അല്ലെന്നും ഇടനിലക്കാര്‍ക്ക് കോഴകൊടുത്തതിന്റെ ഫലമായി ഇന്‍ഡ്യയില്‍ അടിച്ചേല്‍പിച്ചതാണെന്നും ഉള്ള ആരോപണത്തിന്റെ ആദ്യഭാഗം കാര്‍ഗില്‍ യുദ്ധത്തില്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ബോഫേഴ്‌സ് പീരങ്കി കാര്‍ഗിലില്‍ പൊടിപാറ്റിച്ചു. പക്ഷേ, കോഴക്കേസ്. അതാണ് പ്രധാന വിഷയം ഇറ്റാലിയന്‍ കച്ചവടക്കാരന്‍ ക്വൊട്ടറോക്കിക്കോ അദ്ദേഹത്തിന്റെ രാജീവ്- സോണിയ ബന്ധത്തിനോ വിമുക്തികിട്ടിയില്ല. അമിതാബച്ചന്‍ അനുകൂലമായ ഒരു വിധി ലണ്ടനിലെ ഒരു കോടതിയില്‍ നിന്നും നേടി. ഹിന്ദുജ സഹോദരങ്ങള്‍ക്കും 2005-ല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ ഒരു വിധികിട്ടി. അന്ന് കോണ്‍ഗ്രസിന്റെ യു.പി.എ.സര്‍ക്കാര്‍ ആണ് ഭരണം. എന്തുകൊണ്ട് സുപ്രീംകോടതിയില്‍ അപ്പീലിന് പോയില്ല? അതാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ ചോദ്യം. അങ്ങനെ കേസ് വീണ്ടും ഉയര്‍ന്നു വരുകയാണ്.

സി.ബി.ഐ.യും പാര്‍ലിമെന്റി പബ്ലിക്ക് അക്കൗണ്ട്‌സ്  കമ്മിറ്റിയും ആണ് പ്രധാന കരുക്കള്‍. ബി.ജെ.പി. എം.പി.മാര്‍ ബോഫേഴ്‌സ് വിഷയം പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ശക്തമായി ഉയര്‍ത്തുകയുണ്ടായി. പിന്നീട് പാര്‍ലിമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയിലും അതിന്‍ പ്രകാരം സി.ബി.ഐ. ബോഫേഴ്‌സ് അന്വേഷണം തുടരും എന്ന് കമ്മറ്റിയെ അറിയിച്ചു. അതിന് ഗവണ്‍മെന്റിന്റെ ഉപദേശം തേടുമെന്നും അറിയിച്ചു. സി.ബി.ഐ.ക്ക് ഗവണ്‍മെന്റിന്റെ പച്ചക്കൊടി ലഭിക്കുകയും ചെയ്തു.
ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് 2005-ല്‍ സി.ബി.ഐ. ദല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീലിനു പോയില്ല? യു.പി.എ.യുടെയും പ്രത്യേകിച്ചു രക്ഷാമന്ത്രാലയത്തിന്റെയും അനാസ്ഥയാണ് ഇതിന് കാരണം എന്ന് സി.ബി.ഐ. പറയുന്നു. അത് ശരിയായിരിക്കാം. ഇപ്പോള്‍ എന്താണ് അതിനെതിരെ ഒരു അപ്പീല്‍ നല്‍കുവാന്‍ സി.ബി.ഐ.യെ പ്രേരിപ്പിച്ചത്? അത് എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദം ആണോ? ചോദ്യം ഉത്തരം അര്‍ഹിക്കുന്നത് ആണ്. ഇതു കൊണ്ടൊക്കെ തന്നെയാണ് സുപ്രീം കോടതി മുമ്പൊരിക്കല്‍ സി.ബി.ഐ.യെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ചത്. അത് വളരെ ശരിയും ആണ്. അതാതുകാലത്തെ ഗവണ്‍മെന്റുകള്‍ സ്വന്ത്ം അധികാര താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന ഒരു ഉപകരണമായിമാറിയിരിക്കുന്നു സി.ബി.ഐ., കക്ഷി, രാഷ്ട്രീയ ഭേദം ഇല്ലാതെ.

പക്ഷേ, കോണ്‍ഗ്രസിന്റെയും യു.പി.എ.യുടെയും കൈകളില്‍ തെറ്റുണ്ട്. എന്തുകൊണ്ട് അവര്‍ ക്വട്ടറോക്കിയെ സംരക്ഷിച്ചു? ഇന്‍്ഡ്യ വിടുവാന്‍ അനുവദിച്ചു? എന്തുകൊണ്ട് ലണ്ടനിലെ ബി.എസ്.ഐ.എ.ജി. ബാങ്കില്‍ നിന്നും ഒരു മില്ല്യണ്‍ ഡോളറും മൂന്ന് മില്ല്യണ്‍ ഡോളറും പിന്‍വലിക്കുവാന്‍ അനുവദിച്ചു? ഈ പണം ബോഫേഴ്‌സിന്റെ കോഴവിഹിതം ആണെന്നാണ് സി.ബി.ഐ.യുടെ കേസ്. അത് എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ ഭരണകാലത്ത് മരവിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. എന്നാല്‍ 2006 ജനുവരി 13-ാം തീയതി ഈ പണം ക്വട്ടറോക്കി പിന്‍വലിച്ചു. അതേ ദിവസം തന്നെയാണ് സുപ്രീം കോടതി ക്വട്ടറോക്കിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ സ്റ്റാറ്റസ് ക്വോ നിലനിര്‍ത്തി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനുപിറകില്‍ ഗൂഢാലോചന ഉണ്ട്. ഇന്‍ഡ്യയില്‍ യു.പി.എ.യിലെ ചില ശക്തികള്‍ ക്വട്ടറോക്കിയെ സഹായിക്കുന്നുണ്ടായിരുന്നു എന്നു വേണ്ടേ അനുമാനിക്കുവാന്‍. ഇതേ രാഷ്ട്രീയ ശക്തികള്‍ തന്നെ ആണ് ഭോപ്പാല്‍ വാതകദുരന്തത്തിന് ശേഷം യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്റേഴ്‌സനെ രായ്ക്ക് രാമാനം അമേരിക്കയിലേക്ക് രക്ഷപ്പെടുവാന്‍ സഹായിച്ചത്. ഇവര്‍ തന്നെയാണ് ലളിത് മോഡിയെയും വിജയ് മാല്ല്യയയെയും രക്ഷപ്പെടുവാന്‍ സഹായിച്ചത്.

ക്വട്ടറോക്കി 2013- ല്‍ മരിച്ചു. രാജീവ് ഗാന്ധി 1991-ല്‍ മരിച്ചു. സി.ബി.ഐ. 65 കോടി രൂപയുടെ ഈ അഴിമതിക്കേസ് അന്വേഷിക്കുവാന്‍ 250 കോടി രൂപ ചിലവഴിച്ചു. 33 വര്‍ഷവും. ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ല. ഒരു പുനരന്വേഷണത്തിന് എന്ത് കാരണം ആണ് ഉളളത്? രാഷ്ട്രീയം അല്ലാതെ. അഴിമതിക്കേസില്‍ സോണിയയെയും രാഹുലിനെയും മുള്‍മുനയില്‍ നിറുത്തുകയാണ് മോഡിയുടെയും ബി.ജെ.പി.യുടെയും അവരുടെ പാവയായ സി.ബി.ഐ.യുടെയും ലക്ഷ്യം. ജനങ്ങള്‍ക്ക് എന്ത് നേട്ടം? ബോഫേഴ്‌സ് കേസില്‍ കോഴകൊടുത്തിട്ടുണ്ടെന്നും വാങ്ങിയിട്ടുണ്ടെന്നും സംശയം ഇല്ല. ഇനി ഒരു അന്വേഷണം കൊണ്ട് ഫലം എന്തെങ്കിലും ഉണ്ടോ? നടക്കട്ടെ.

ബോഫേഴ്‌സ്  പീരങ്കി വീണ്ടും ഗര്‍ജ്ജിക്കുവാന്‍ തുടങ്ങുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക