Image

അരുണിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് വി.ഡി.സതീശന്‍

Published on 08 March, 2012
അരുണിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചതും ഐഎച്ച്ആര്‍ഡിയില്‍ സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയതും ഉന്നത സാങ്കേതിക വകുപ്പിനെ നോക്കുക്കുത്തിയാക്കിയാണെന്ന് അരുണിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി അധ്യക്ഷന്‍ വി.ഡി.സതീശന്‍. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളാണ് സമിതി ആരോപച്ചത്.

അരുണിനുവേണ്ടി ഐഎച്ച്ആര്‍ഡിയും ഐടി വകുപ്പും നേരിട്ട് നടത്തിയ ഇടപാടുകള്‍ ക്രമവിരുദ്ധമാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐസിടി അക്കാദമി ഡയറക്ടറായും ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറായും അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമായാണ്.

ഐസിടി അക്കാദമി ഡയറക്ടറെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ അങ്ങനെ നിയമനം നടത്തിയിട്ടില്ലെന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് സമിതി മുമ്പാകെ മൊഴി നല്‍കിയത്. ഐസിടി അക്കാദമിയെ സൊസൈററിയായി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ രേഖയില്‍ ആദ്യമായി ഒപ്പുവെച്ചത് ഐടി ചുമതല കൂടിയുണ്ടായിരുന്ന വി.എസ് ആണ്. ഈ രേഖയില്‍ പതിനൊന്നാമതായി ഒപ്പുവെച്ചിരിക്കുന്നത് ഐസിടി അക്കാദമി ഡയറക്ടര്‍ എന്ന നിലയില്‍ വി.എ അരുണ്‍ കുമാറാണ്. ഡയറക്ടറായി അരുണിനെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെങ്കില്‍ എങ്ങനെയാണ് അരുണ്‍ ഇതില്‍ ഒപ്പുവെക്കുകയെന്നും സതീശന്‍ ചോദിച്ചു.

ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറയി അരുണിനെ നിയമിച്ചതിലും ക്രമക്കേട് ഉണ്‌ടെന്നും സതീശന്‍ പറഞ്ഞു. ജോയിന്റ് ഡയറക്ടറാവാനുള്ള യോഗ്യത ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്പീരിയന്‍സും എംസിഎ ബിരുദവുമാണ്. അരുണിന് ഒരു ദിവസത്തെ അധ്യാപന പരിചയം പോലുമില്ല. ഐഎച്ച്ആര്‍ഡി ഡയരക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ ജോയിന്റ് ഡയറക്ടറാക്കിയത്. അരുണിന്റെ നിയമനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും സമിതിക്ക് വ്യത്യസ്ത മൊഴികളാണ് നല്‍കിയത്.

അതേസമയം, മോഡല്‍ ഫിനിഷിംഗ് സ്‌കൂളുമായി ബന്ധപ്പെട്ടും സ്വകാര്യ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പി.സി.വിഷ്ണുനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സതീശന്‍ പറഞ്ഞു.

വി.എ.അരുണ്‍കുമാറിനെതിരായുള്ള നാല് ആരോപണങ്ങളാണ് വി.ഡി.സതീശന്‍ അധ്യക്ഷനായ ഒന്‍പത് അംഗ നിയമസഭാ സമിതി പ്രധാനമായും അന്വേഷണ വിധേയമാക്കിയത്. ഐസിടി അക്കാദമി ഡയറക്ടറായുള്ള നിയമനം, അക്കാദമിക്ക് പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡിയിലെ സ്ഥാനകയറ്റങ്ങള്‍, സ്വകാര്യ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍എന്നിവയാണ് അന്വേഷിച്ചത്. ഏഴ് മാസംകൊണ്ടാണ് സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക