Image

ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നേഴ്‌സ് കൊടിയ തൊഴില്‍ ചൂഷണത്തിന്റെ ഇര

എ.എസ് ശ്രീകുമാര്‍ Published on 30 September, 2017
ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നേഴ്‌സ് കൊടിയ തൊഴില്‍ ചൂഷണത്തിന്റെ ഇര
തൊഴില്‍ ചൂഷണത്തിനെതിരെ കേരളത്തിലെ നേഴ്‌സുമാര്‍ പലയിടങ്ങളില്‍ സമരത്തിലാണ്. മാനേജ്‌മെന്റുകളുടെ പീഡനം സഹിക്കവയ്യാതെയാണ് ഒന്ന് ജീവിച്ചുപോകാനുള്ള ഈ ധര്‍മ്മ സമരം കേരളത്തില്‍ നടക്കുന്നത്. അതേസമയം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും കാര്യങ്ങള്‍ വഷളാവുകയാണ്. അവിടെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടേത് തോന്ന്യാസമാണ്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ആര്‍ക്കുമാവുന്നില്ല. തൊഴിലിടത്തെ പീഡനം ചോദ്യം ചെയ്താല്‍ പിരിച്ചുവിടലാണ് കടുത്ത ശിക്ഷ. സമരങ്ങള്‍ക്ക് പുല്ലുവിലയാണ് മാനേജ്‌മെന്റുകള്‍ കല്‍പിക്കുന്നത്. ഈ സംഭവ പരമ്പരകള്‍ക്ക് വീണ്ടും ഒരു മലയാളി ഇര കൂടി. തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നേഴ്‌സ്, ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യയിലെ നേഴ്‌സുമാരുടെ വര്‍ത്തമാനകാല ഭീകരാവസ്ഥയിലേയ്ക്ക് വെളിച്ചം വീശുന്നു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ് (ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലിയറി സയന്‍സസ്) ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ആലപ്പുഴ സ്വദേശിനിയായ നേഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് നേഴ്‌സിനെ കണ്ടത്.

നേഴ്‌സുമാരെ പീഡിപ്പിക്കുന്ന ആശുപത്രി അധികൃതരുടെ നിലപാടിനെതിരേ ഈ നേഴ്‌സിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് കഴിഞ്ഞദിവസം നേഴ്‌സിനെ പിരിച്ചുവിട്ടതായി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള നേഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിനിടെയാണ് നേഴ്‌സ് ശുചിമുറിയിലേക്ക് പോയത്. തന്റെ മകളെ മറ്റൊരു നേഴ്‌സിനെ ഏല്‍പ്പിച്ചാണ് ഇവര്‍ ശുചിമുറിയിലേക്ക് പോയത്. നേഴ്‌സിനെ കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തിരയുകയായിരുന്നു. കൈ ഞരമ്പ് അറ്റ് രക്തം വാര്‍ന്ന നിലയിലാണ് നേഴ്‌സിനെ കണ്ടത്. ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ തന്നെയാണ് ഇവര്‍ക്ക് ചികില്‍സ നല്‍കിയത്. പിന്നീട് എയിംസിലേക്ക് മാറ്റി. നേഴ്‌സിനെ തിരിച്ചെടുക്കുംവരെ പണിമുടക്കിലാണ് ഇവിടുത്തെ മറ്റ് നേഴ്‌സുമാര്‍.

എന്നാല്‍ നേഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മലയാളി നേഴ്‌സിനുനേരെ പ്രതികാര നടപടികളുമായി ഐ.എല്‍.ബി.എസ് ഹോസ്പിറ്റല്‍ നേരത്തെയും രംഗത്ത് വന്നിരുന്നു. പുറത്താക്കാനുള്ള നീക്കത്തിനെതിരേ നേഴ്‌സിങ് സംഘടനകള്‍ രംഗത്ത് വരികയും ചെയ്തു. കേരളത്തിലേതിന് സമാനമായ ഐക്യം ഡല്‍ഹിയിലും നേഴ്‌സുമാര്‍ക്കിടയില്‍ രൂപപ്പെട്ടു. ഇതാണ് ആശുപത്രി മാനേജ്‌മെന്റിനേയും പ്രകോപിപ്പിച്ചത്. മെമോ കൊടുത്തും, ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ചും നേഴ്‌സ് മാനേജര്‍, ഇന്‍ചാര്‍ജ്, സൂപ്പര്‍വൈസര്‍, എന്നിവര്‍ പല നേഴ്‌സുമാരേയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കകയാണ്. ഭര്‍ത്താവിന്റെ ജോലി മാനേജ്‌മെന്റ് ഇടപെട്ട് കളഞ്ഞവെന്നു ആരോപണമുയര്‍ത്തിയ നേഴ്‌സുമാരുമുണ്ടിവിടെ. ഇവര്‍ പരാതികളുമായി മുട്ടാത്ത വാതിലും ഇല്ല. എന്നാല്‍ എല്ലാവരും ആശുപത്രി മാനേജ്‌മെന്റിനൊപ്പമാണ്.

സ്വകാര്യ നേഴ്‌സുമാരുടെ ദുരിതങ്ങള്‍ക്ക് അറുതിയില്ല ഇന്നും. മെച്ചപ്പെട്ട വേതന വ്യവസ്ഥയ്ക്കും മാന്യമായ തൊഴിലല്‍ സാഹചര്യത്തിനും വേണ്ടി സമരം ചെയ്ത, കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നേഴ്‌സുമാരെ ഒന്നടങ്കം പിരിച്ചുവിട്ടത് ഇകക്കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെയാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ 41 ദിവസമായി സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്കെതിരെ വീണ്ടും മാനെജ്‌മെന്റിന്റെ പ്രതികാര വാര്‍ത്ത വന്നത്. സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം ഇതുവരെ നല്‍കാതെയാണ് പ്രതികാര നടപടി. കൂടാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഭീഷണി സന്ദേശവും നേഴ്‌സിങ്ങ് സൂപ്രണ്ട് അയച്ചു. നേഴ്‌സുമാരുടെ വാട്ട്‌സ് ആപ്പിലാണ് സന്ദേശമെത്തിയത്.

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നേഴ്‌സുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെ.വി.എം ആശുപത്രിയില്‍ നേഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങിയത്. മന്ത്രിമാര്‍ അടക്കം ഇടപെട്ടിട്ടും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും സമരം ഒത്തു തീര്‍പ്പാക്കാനും മാനെജ്‌മെന്റ് തയ്യാറായിരുന്നില്ല. കൂടുതല്‍ പേരെ പിരിച്ചുവിടും എന്ന ഭീഷണിയാണ് മാനെജ്‌മെന്റ് മുഴക്കിയത്. അതുകൂടാതെയാണ് ഇപ്പോള്‍ പുതിയ പ്രതികാരനടപടിയായി വന്നിരിക്കുന്നത്.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ നടത്തി വന്നിരുന്ന സമരം കഴിഞ്ഞ ജൂലൈയിലാണ് ഒത്തുതീര്‍പ്പായത്. 50 കിടക്കക്ക് മുകളിലുള്ള ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തീരുമാനമായി. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ നേഴ്‌സുമാരുമായി ധാരണ ആയെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി അന്ന് അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം നേഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതായി നേഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയും അറിയിച്ചു. നേഴ്സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും പഠിക്കാന്‍ തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുള്ള പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായി. സമരം നടത്തിയ നേഴ്‌സുമാരോട് യാതൊരു വിധത്തിലുള്ള പ്രതികാര നടപടികളും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി മാനേജിമെന്റുകളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതെല്ലാം ജലരേഖയാവുന്ന കാഴ്ചയാണ്.

മാറിവരുന്ന സര്‍ക്കാരുകളുടെ നയങ്ങളും അപക്വമായ നിയമങ്ങളും നേഴ്‌സുമാരുടെ തീരാശാപമാണ്. കോഴ്‌സ് കഴിഞ്ഞിറങ്ങുമ്പോഴുള്ള വന്‍ കടബാധ്യതയും മറ്റൊരു വിഷയം തന്നെ. മിക്കവാറും നേഴ്‌സിങ് പഠനത്തിനെത്തുന്നത് നിര്‍ധന കുടുംബത്തിലുള്ളവരോ ഇടത്തരം കുടുംബത്തിലുള്ളവരോ ആണ്. ലോണെടുത്തും കടം വാങ്ങിയും എങ്ങിനെയെങ്കിലും ദീര്‍ഘകാല കോഴ്‌സും പ്രവര്‍ത്തനപരിചയവും കഴിഞ്ഞിറങ്ങുന്ന നേഴ്‌സുമാരില്‍ വിരലിലെണ്ണാവുന്നര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലി ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ സ്വകാര്യമേഖലയിലേക്ക് തള്ളപ്പെടുന്നു. തുഛമായ ശമ്പളം, തൊഴില്‍ ദാതാക്കളുടെ തൊഴില്‍പരമായ ചൂഷണങ്ങള്‍, ശക്തവും അംഗീകൃതവുമായ നേഴ്‌സിങ് സംഘടനകളുടെ അഭാവം, മേലധികാരികളുടെ മാനസിക പീഡനം, രോഗികളുടെയും അവരുടെ കൂടെ നില്‍ക്കുന്നവരുടെയും മോശം പെരുമാറ്റം, സാംക്രമിക രോഗങ്ങള്‍ക്കുള്ള സാധ്യത, മാറി മാറി വരുന്ന ജോലിസമയങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക-ശാരീരിക ക്ലേശങ്ങള്‍ തുടങ്ങിയവയും സ്വാകാര്യ നേഴ്‌സുമാരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പിന്നോട്ടടിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക