Image

സുരക്ഷാ വീഴ്ച ഉണ്ടായിട്ടും കമ്പനി മേധാവി പിരിയുന്നത് മില്യനുകളുമായി

ഏബ്രഹാം തോമസ് Published on 30 September, 2017
സുരക്ഷാ വീഴ്ച ഉണ്ടായിട്ടും കമ്പനി മേധാവി പിരിയുന്നത് മില്യനുകളുമായി
മൂന്നാഴ്ച മുന്‍പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ എല്ലാം തന്നെ ചോര്‍ന്നു എന്ന് സമ്മതിച്ച ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി ഇക്വിഫാക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചെയര്‍മാനുമായ റിച്ചാര്‍ഡ് സ്മിത്തിനെ പിരിഞ്ഞു പോകാന്‍ അനുവദിച്ചു. 

വലിയ പിഴവുകള്‍ വ്യവസായങ്ങള്‍ക്ക് സംഭവിക്കുമ്പോഴോ ലാഭത്തിന് പകരം നഷ്ടം വരുത്തുമ്പോഴോ ഉന്നതോദ്യോഗസ്ഥരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുക സാധാരണമാണ്. സ്മിത്തിന് മുന്‍പ് ഇക്വിഫാക്‌സിലെ മറ്റ് രണ്ട് ഉന്നതര്‍ റിട്ടയര്‍ ചെയ്തിരുന്നു.

ഇക്വിഫാക്‌സ് ശേഖരിച്ച 14 കോടി 30 ലക്ഷം അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന തീയതി, മറ്റു വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. വ്യക്തികളുടെ ഐഡന്റിറ്റി ചോര്‍ത്താന്‍ ഈ വിവരങ്ങള്‍ മതിയാകും. കഴിഞ്ഞ മൂന്നാഴ്ചയായി വിവിധ ഏജന്‍സികളുടെയും വ്യവസായങ്ങളുടെയും ഫോണും ഇമെയിലും തുടര്‍ച്ചയായി ലഭിക്കുന്നതായി ധാരാളം പേര്‍ പരാതിപ്പെടുന്നു. കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തന്‍ കഴിയും വിധം ഇക്വിഫാക്‌സിന്റെ ഇന്‍ഫ്രാസ്ട്രക്ച റില്‍ പിഴവുണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ല എന്നുമാണ് ആരോപണം.

2005 മുതല്‍ സ്മിത്ത് കമ്പനിയുടെ സിഇഒയും ചെയര്‍മാനുമാണ്. രണ്ട് പദവികളില്‍ നിന്നും സ്മിത്ത് റിട്ടയര്‍ ചെയ്യുന്നതായാണ് കമ്പനി അറിയിച്ചത്. ആന്വല്‍ ബോണസും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും കമ്പനിയുടെ ബോര്‍ഡ് സുരക്ഷാ പിഴവുകള്‍ അവലോകനം ചെയ്തതിന് ശേഷമേ നല്‍കൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

അവലോകനത്തില്‍ സ്മിത്തിന് പാളിച്ച ഉണ്ടായി എന്ന് കണ്ടെത്തിയാലും റിട്ടയര്‍മെന്റ് പാക്കേജില്‍ കുറവുണ്ടാവുകയില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍ പറയുന്നു. സ്മിത്തിന്റെ പാക്കേജ് ഏറ്റവും കുറഞ്ഞത് 18.4 മില്യന്‍ ഡോളറായിരിക്കും എന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ 12 വര്‍ഷത്തെ ഓഹരികളും ഓപ്ഷനുകളും സ്മിത്തിന് ലഭിക്കും.

57 കാരനായ സ്മിത്ത് പ്രതിവര്‍ഷം വേതനം, ബോണസ്, ഓഹരി എന്നിവയായി 15 മില്യന്‍ ഡോളര്‍ നേടിയിരുന്നു. റിട്ടയര്‍മെന്റിന് ശേഷവും കമ്പനിയുടെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കും.

ഏഷ്യ പസഫിക് റീജിയന്റെ പ്രസിഡന്റായിരുന്ന പൗളിനോ ഡോ റെഗോ ബാരോസ് ജൂനിയറായിരിക്കും ഇടക്കാല സിഇഒ ബോര്‍ഡ് മെമ്പര്‍. മാര്‍ക്ക് ഫീഡ് ലര്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരിക്കും. ഒരു സ്ഥിരം സിഇഒയെ ഉടനെ നിയമിക്കുമെന്ന് ഇക്വി ഫാക്‌സ് പറഞ്ഞു.
സാധാരണ സംഭവിക്കാറുള്ളതുപോലെ കമ്പനിയുടെ വീഴ്ച പരസ്യമാകുന്നതിന് മുന്‍പ് ചില ഉദ്യോഗസ്ഥര്‍ 1.8 മില്യന്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. ഇവര്‍ ഓഹരികള്‍ വില്ക്കുമ്പോള്‍ വിവര ചോര്‍ച്ചയെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ല എന്ന് കമ്പനി പറഞ്ഞു.

സാധാരണ കാണാറുള്ളതുപോലെ വീഴ്ച പരസ്യമായി സമ്മതിക്കുന്നതുവരെ ഏവര്‍ക്കും സ്മിത്തിനെക്കുറിച്ച് മതിപ്പാണ് ഉണ്ടായിരുന്നത്. വാള്‍സ്ട്രീറ്റ് അനാലിസ്റ്റുകളും സ്മിത്തിനെ പ്രകീര്‍ത്തിച്ചിരുന്നു.

സ്മിത്തും അയാളുടെ മാനേജ്‌മെന്റ് ടീമും ഇപ്പോള്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നു. സുരക്ഷാ വീഴ്ച പരിഹരിക്കുവാന്‍ നടപടിയെടുത്തില്ല വിവര ചോര്‍ച്ച സമ്മതിച്ചതിനുശേഷവും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ പിഴവ് വരുത്തി എന്നിവയാണ് ആരോപണങ്ങള്‍. ജാമായ ഫോണ്‍ ലൈനുകളും മുന്നോട്ട് നീങ്ങാത്ത വെബ് സൈറ്റും പരാതിക്കാരുടെ അരിശം വര്‍ധിപ്പിച്ചു. കമ്പനിയുടെ ഓഹരി വില മൂന്നിലൊന്ന് കുറഞ്ഞു. 5.5 ബില്യണ്‍ ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയാണ് പൊതു വിപണിയില്‍ നില നില്‍ക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക