Image

വാര്‍ദ്ധക്യം ഒരു ജീവിത യാഥാര്‍ത്ഥ്യം (ജോയ് ഇട്ടന്‍)

Published on 01 October, 2017
വാര്‍ദ്ധക്യം ഒരു ജീവിത യാഥാര്‍ത്ഥ്യം (ജോയ് ഇട്ടന്‍)
ഇന്ന് അന്താരാഷ്ടര വയോജന ദിനം .കഴിഞ്ഞ മാസം ബോംബെയിലും,ഇന്ന് തിരുവന്തപുരത്തും രണ്ടു വൃദ്ധ ജനങ്ങള്‍ മരണപ്പെട്ടിട്ട് മാസങ്ങള്‍ ആയ വിവരം ലോകം അറിയുന്നു.പൂര്‍ണ്ണമായും ജീര്‍ണ്ണിച്ച രണ്ടു മൃത ദേഹനാണ് നമ്മെ എന്തെല്ലാം ചോദ്യങ്ങള്‍ ആണ് ഉയര്‍ത്തുന്നത് .അയല്‍വാസികള്‍ പോലും അറിയാത്ത രണ്ടു മരണം .മക്കള്‍ പോലും അന്വേഷിക്കാതെ ബോംബയില്‍ ഒരു അമ്മയും ,ഇന്ന് തിരുവനതപുരത്ത് ഒരു അച്ഛനും."കഷ്ടമായിപ്പോയി "എന്ന ഒറ്റവാക്കില്‍ നാം ഈ രണ്ടുമരണങ്ങളെയും മാര്‍ക്കും.അത് നമ്മുടെയൊക്കെ പൊതു സ്വഭാവം .വാര്‍ദ്ധക്യവും തുടര്‍ന്നുള്ള മരണവുമൊക്കെ നമ്മെ എന്തെല്ലാം ചിന്തിപ്പിക്കുന്നു.

ബുദ്ധിജീവികളും മതപണ്ഡിതന്മാരും സാമൂഹ്യനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പരക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് കേരളത്തിലെ വയോജനങ്ങള്‍ക്കു നേരെയുണ്ടാകുന്ന അവഗണന. പക്ഷേ, ആരും തന്നെ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല എന്നുള്ളതും ഒരു വസ്തുതയായി നിലനില്ക്കുന്നു.

കേരളത്തിലെ ഭവനങ്ങളിലൊക്കെയും വൃദ്ധജനങ്ങള്‍ക്ക് “ഈ സന്തോഷം” ലഭിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ബന്ധുമിത്രാദികളെപ്പോലെ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്.

എങ്ങനെയാണ് ഈ സന്തോഷകരമായ അവസ്ഥ സൃഷ്ടിക്കുക എന്നതിനെക്കുറിച്ചു സമൂഹത്തിന് അറിവുണ്ടാകുമ്പോഴേ ഒരു പരിഷ്കൃതസമൂഹമെന്നുപോലും അവകാശപ്പെടാന്‍ കഴിയൂ.

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടതു മക്കളുടെ കടമയാണെന്നും അതവരുടെ വീടുകളില്‍തന്നെ ആവട്ടെയെന്നും ഒറ്റയടിക്കു പറഞ്ഞു വിഷയത്തില്‍നിന്നും ഓടിയകലുന്ന ഒരു സമൂഹം ഇന്നുണ്ട് എന്നത് സത്യമാണ്.

പ്രായമെത്രയായാലും സാമൂഹികമായി ഇടപെട്ടും കൂടിക്കലര്‍ന്നും ജീവിക്കാനല്ലാതെ ഒറ്റപ്പെട്ട് ഏകന്തതയില്‍ കഴിയാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല. കേരളത്തിലെ ഭവനങ്ങളില്‍ കഴിയുന്ന വൃദ്ധജനങ്ങള്‍ക്കു മാനസികോല്ലാസത്തിനു വഴി നല്കുന്ന കൂട്ടായ ജീവിതമാണ് ഏറ്റവും അഭികാമ്യം. വൃദ്ധജനങ്ങളുടെ വികാരവിചാരങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍, ലഭിക്കേണ്ടുന്ന പരിചരണങ്ങള്‍, ശ്രദ്ധ, സ്‌നേഹം അങ്ങനെ മറ്റെന്തും ലോകത്തെവിടെയും ഏതാണ്ടൊരുപോലെയാണ്.

ചില രാജ്യങ്ങള്‍ നാടിന്‍റെ ജീവിതനിലവാരത്തെ അളക്കാനുപയോഗിക്കുന്ന പ്രധാന ഘടകംതന്നെ പൗരന്‍റെ ജീവിതസന്തോഷമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആനുപാതികമായി വൃദ്ധരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പഴയകാലങ്ങളിലേതുപോലെ അവരെ ദിവസം മുഴുവന്‍ പരിചരിക്കുന്നതിനായി കുടുംബാംഗങ്ങള്‍ ലഭ്യമല്ല. വീടുകളില്‍ ഹോംനഴ്‌സുമാരെ നിര്‍ത്താന്‍ പലര്‍ക്കും ആകുന്നില്ല. ഉള്ളവര്‍തന്നെ വിശ്വസനീയരല്ല. കാരണം അവരുടെ മറവില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്ന വാര്‍ത്തകളും വിരളമല്ലല്ലോ.

വാര്‍ദ്ധക്യശുശ്രൂഷ എന്ന ശാസ്ത്രീയമായ ആതുരശുശ്രൂഷാമേഖലതന്നെ കേരളത്തിലും ഇന്ത്യയിലും ഇതുവരെ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. കാരണം ആ തൊഴില്‍ മേഖലയില്‍ കാര്യമായ നൈപുണ്യവും അതിന്‍റെ സാദ്ധ്യതകളും ഇന്നും വിലയിരുത്തപ്പെട്ടിട്ടില്ല എന്നതുതന്നെ. കേരളംപോലെ സേവനമേഖലയില്‍ ഊന്നിയുള്ള ഒരു സമ്പദ്ഘടനയില്‍ ഓള്‍ഡ്ഏജ് ഹോമുകള്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും എടുത്തുപറയാവുന്ന സംഗതിയാണ്.

ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍റ്, ആസ്ട്രിയ തുടങ്ങിയ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നു മുതല്‍മുടക്കിയിട്ടുള്ള വൃദ്ധമന്ദിരങ്ങള്‍ തായ്‌ലന്‍റ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമായും യൂറോപ്പില്‍ നിന്നുള്ളവര്‍ക്കുവേണ്ടി മാത്രമായി നടത്തിവരുന്നതു പലര്‍ക്കും അതിശയമായി തോന്നാം. കുറഞ്ഞ ചെലവില്‍ വളരെ കൂടുതല്‍ സേവനം നല്കാന്‍ ഈ സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നതിനാല്‍ ഇതില്‍ കഴിയുന്ന യൂറോപ്യന്‍ അന്തേവാസികളും അവരുടെ കുടുംബങ്ങളും വളരെ സന്തുഷ്ടരാണെന്നും അറിയുന്നു. കേരളത്തിന് ഇതു ചിന്തിക്കാവുന്നതും പരീക്ഷിക്കാവുന്നതുമാണ്.

മദര്‍ തെരേസയുടെ കര്‍മ്മമേഖലയിലെ പ്രധാന ലക്ഷ്യം മനുഷ്യനെ മാന്യമായി മരിക്കാന്‍ സഹായിക്കുകയെന്നതായിരുന്നു. തിരസ്കരിക്കപ്പെട്ടു തെരുവില്‍ അലയേണ്ടിവരുന്ന വൃദ്ധരെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ മടങ്ങു വൃദ്ധരായ സ്ത്രീപുരുഷന്മാര്‍ വീടുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി ഏകാന്തതയില്‍ ദുഃഖിതരായി കഴിയുന്നു എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒട്ടുമിക്ക പാശ്ചാത്യസമൂഹങ്ങളിലും വൃദ്ധജനങ്ങള്‍ക്കായുള്ള ഭവനങ്ങള്‍ സ്ഥാപിച്ചും നടത്തിയും വരുന്നത് എത്രയോ പതിറ്റാണ്ടുകളായി തന്നെ തുടര്‍ന്നുപോരുന്നുണ്ട്. നമ്മള്‍ ഇന്നും അത്തരം സംവിധാനങ്ങളെ വിമര്‍ശിക്കുന്നതല്ലാതെ അതിലെ നന്മയെയും പുരോഗമനചിന്തകളെയും അഭിനന്ദിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക