Image

മലങ്കരയിലെ സഭാഭിന്നതകള്‍ക്കു ഒരു സമവായത്തിന് സാധ്യത ഉണ്ടോ? (കോരസണ്‍, ന്യൂയോര്‍ക്ക്)

Published on 01 October, 2017
മലങ്കരയിലെ സഭാഭിന്നതകള്‍ക്കു ഒരു സമവായത്തിന് സാധ്യത ഉണ്ടോ? (കോരസണ്‍, ന്യൂയോര്‍ക്ക്)
വാരിക്കോലി പള്ളയില്‍ നടന്ന അനിഷ്ഠ സംഭവങ്ങളെപ്പറ്റി പരസ്പരം വിരല്‍ ചൂണ്ടി പഴിചാരാതെ, കലഹത്തിനിടയില്‍ മുതലക്കണ്ണീര്‍ പൊഴിച്ച് അവസരവാദികളായുള്ള കപട സഭാസ്‌നേഹികളെ തിരിച്ചറിഞ്ഞു, സഭാ സമാധാനത്തിനുള്ള എന്തെങ്കിലും പോംവഴികള്‍ നിലനില്‍ക്കുന്നുണ്ടോ എന്നു ചിന്തിക്കുക. പകയും വിധ്വേഷവും ആളി പടര്‍ത്താത്ത, സ്‌നേഹത്തിന്റെ കിരണങ്ങള്‍ കടന്നുവരുവാന്‍ അനുവദിക്കുക.അവിശ്വസ്തതയുടെ ഒടുങ്ങാത്ത തീയുടെ ചൂടുമാത്രമാണ് നാം സൃഷ്ടിക്കുന്നത്, ഇവിടെ ഒരു തിരിവെളിച്ചം തെളിയിക്കാന്‍ ആകുന്നില്ല എന്നതാണ് വിധിവൈപരീത്യം. പലപ്പോഴും നേതൃത്വത്തിന് കഴിയാത്ത നല്ല നീക്കങ്ങള്‍ താഴെതലത്തില്‍ നടന്നേക്കാം, അത്തരം താണനിലത്തെ നീരോട്ടത്തില്‍ ദൈവം കരുണ ചെയ്യാതിരിക്കില്ല. നാം പൊരുതുന്നത് സഹോരന്മാരോടാണ്, ഒരേ രക്തത്തോടും ഒരേ അപ്പത്തിന്റെ അവകാശികളോടുമാണ്. അതുകൊണ്ടു തന്നെ ഒന്നാകാന്‍ കൂടുതല്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്.

വാരിക്കോലിയില്‍ നടന്ന അനിഷ്ഠ സംഭവത്തെക്കുറിച്ചു ശ്രേഷ്ഠ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പ്രതികരിച്ചത് ശ്രദ്ധിക്കണം:

'ഇങ്ങനെ ഞാന്‍ കടന്നു പോയാല്‍ നിങ്ങളുടെ ഗതി എന്താകും ? ആ പരിശുദ്ധ ബാവാതിരുമേനി വന്നു ഭംഗിയായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു അദ്ദേഹത്തിന് പോകേണ്ട സമയത്തു പോലീസിന്റെ സഹായത്തോടെ , വന്‍ ജനാവലിയുടെ ആരവത്തോടുകൂടെ അവിടെനിന്നു കടന്നു പോയി. ഇതൊക്കെ ഞാന്‍ ടീവിയില്‍ കണ്ടു ഭാരപ്പെട്ടു, എന്റെ കുഞ്ഞുങ്ങള്‍ക്കൊന്നും കഴിയുന്നില്ലല്ലോ എന്ന് ദുഖത്തോടെ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ കൊക്കന്‍പീച്ച ഒക്കെ അവിടെ കാണിച്ചതുകൊണ്ടു അവിടെയിപ്പോള്‍ മുപ്പത്തിനാല് അംഗീകരിച്ചുകൂട്ട് അവര്‍ എടുക്കുമോ എന്ന് എനിക്കറിയില്ല. അതുകൊണ്ടു അവരോടു അധികം കളിക്കാനൊന്നും പോകാതെ റെട്ടിലും വെണ്ണീറിലും ഇരുന്നു പ്രാര്‍ത്ഥിക്കേണ്ട സമയമാണ്. ഒരുഗതിയും പരഗതിയുമില്ലാതെ ഇവിടെക്കിടന്നു നെട്ടോട്ടം ഓടാന്‍ ഇടയാകാതെ അവരുടുകൂടെ എങ്ങനെയെങ്കിലും ചേര്‍ന്ന് പോകാനുള്ള ശ്രമം നമ്മുടെ കുഞ്ഞുഞ്ഞള്‍ക്കു ആ ഒരു ബുദ്ധി ഉണ്ടാകണമെന്ന് നിങളുടെ സ്‌നേഹത്തോടെ ഈ അവസരത്തില്‍ ഓര്‍പ്പിക്കയാണ്. അവരുടെ പിതാക്കന്മാരെ ഒക്കെ അവര്‍ എന്ത് ഭംഗിയായിട്ടാണ് കൊണ്ട് നടക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. '

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ തോമസ് പ്രഥമന്‍ തിരുമനസ്സുകൊണ്ട് വളരെ വേദനയോടെ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെടാതെ പോകരുത്. അത് ഏതുഅര്‍ത്ഥത്തില്‍ ഉള്‍കൊണ്ടാലും , ഒരു വലിയ ജനതയെ നടത്തിക്കൊണ്ടു പോയ മോശയുടെ വിലാപം പോലെ അതിനെ കാണണം. വാരിക്കോലി എന്ന സംഭവം സഭാ സമാധാനത്തിനു തിരിച്ചടിയാകാതെ മുന്നോട്ടു പോകാനുള്ള ഒരു കൈത്തിരി അവിടെയുണ്ടോ എന്ന് തിരയണം . പരിശുദ്ധ കാതോലിക്കാ ബാവ പൗലോസ് ദിതിയന്‍ തിരുമനസ്സ് വേദനിച്ചതു സഭയുടെ നന്മക്കുവേണ്ടി ഉള്ള ദീര്‍ഘമായ വിലാപത്തിന്റെ ഭാഗമാണ്. ഈ പിതാക്കന്മാരുടെ കണ്ണീരില്‍ കഴുകി തീരാത്ത കളങ്കങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. പരിശുദ്ധ അന്ത്യോക്യന്‍ പാത്രിയര്കിസിനു കൊടുക്കേണ്ട സ്ഥാനത്തെപ്പറ്റി പിതാക്കന്മാര്‍ രേഖപ്പെടുത്തിവച്ചിട്ടുള്ളതിനാല്‍ അത് ഒരു തര്‍ക്ക വിഷയമേ അല്ല. അഭിഷക്തന്മാരെ ബഹുമാനിക്കാനാണ് നാം നമ്മുടെ പൂര്‍വികരില്‍ നിന്നും പഠിച്ചിട്ടുള്ളത്. വാക്കുകള്‍ കൊണ്ടുള്ള ഹിംസയില്‍നിന്നും ചിതറിയ രഥങ്ങളുടെ, തകര്‍ന്ന ആയുധങ്ങളുടെ, രക്തത്തില്‍ കുതിര്‍ന്നുകിടക്കുന്ന കബന്ധങ്ങളും അല്ല നമ്മള്‍ തിരയേണ്ടത്, സമാധാനത്തിനു എന്തെങ്കിലും ഒരു ചെറു തിരി അവശേഷിക്കുന്നുണ്ടോ എന്നാണ്.

വിരുദ്ധമായ ആശയങ്ങള്‍ക്കിടയില്‍ ഒരു സമവാക്യം സൃഷ്ട്ടിക്കാന്‍ പ്രയാസമാണ്. അത്തരം ഇടങ്ങളിലാണ് ശരിയായ നേതൃത്വത്തിന്റെ സാംഗത്യം തെളിഞ്ഞു വരുന്നത്. നേതൃത്വം നിഷ്പക്ഷ-നിഷ്‌ക്രിയ നിശ്ശബ്ദതത പാലിക്കയും, മിതവാദികള്‍ നിശ്ശബ്ദരാകുകയും ചെയ്യുമ്പോള്‍ തീവ്രവാദികള്‍ ഇരുഭാഗത്തും പൊരുതാന്‍ഇറങ്ങാന്‍ അനുവദിച്ചുകൂടാ.

സ്വന്തം അറിവുകളെയും നിലപാടുകളെയുംകാള്‍ മുന്‍തൂക്കം, പൊരുത്തമില്ലാത്ത നിരവധി സൂചനകളുടെയും അടയാളങ്ങളുടെയും നക്ഷത്രമാലയില്‍ ഊന്നിക്കൊണ്ടാണ് സമര്‍ഥനായ നാവികന്‍ തന്റെ ദീര്‍ഘസഞ്ചാരം തുടങ്ങുന്നത്. അത്തരമൊരു മനമൊരുക്കത്തിന്, എതിരഭിപ്രായമുള്ളവരുമായി നിരന്തരം സംവദിക്കേണ്ടതുണ്ട്. അന്ത്യോക്യന്‍ ബന്ധത്തെ അന്ധമായി വാരിപുണരാന്‍ ആഗ്രഹിക്കുന്നവരും, അന്ത്യോക്യന്‍ അടിമത്തം അവസാനിപ്പിക്കണം എന്നും തീവ്ര അഭിപ്രയമുള്ളവരുമായി അഭിപ്രായം പങ്കിട്ടു , മലങ്കരയില്‍ നമുക്ക് എന്താണ് ശ്വാശ്വതമായി നമ്മെ ഭരിക്കേണ്ട നിലപാടുകള്‍ എന്ന് തീരുമാനിക്കണം. നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും സഹോര്യത്തിനും വേണ്ടവ തിരഞ്ഞെടുക്കണം, അപ്രധാന്യമായവ അതിന്റെ പരിധിയില്‍ നിക്ഷേപിക്കണം. എന്നാല്‍ കൂടുതല്‍ വിഷം കുത്തിവച്ചു ആളുകളെ തമ്മില്‍ അകത്താനുള്ള ഗൂഢ നീക്കങ്ങളെയും നിരീക്ഷിക്കണം. ഇരുഭാഗങ്ങളും ഒന്നായി ചേര്‍ന്ന് നിന്നാലുള്ള ശക്തിയെപ്പറ്റി ഭയക്കുന്നവരും ചുറ്റും ഉണ്ട് എന്ന തിരിച്ചറിവും ഉണ്ടാകണം. ഒരേസമയം ഒന്നിലധികം ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കെല്‍പ്പുള്ള മിതവാദികള്‍ ഇരുഭാഗത്തും ഉണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.

വിനാശകാരികളായ കപ്പല്‍ വ്യൂഹത്തെ നയിക്കുന്ന കപ്പിത്താന്റെ ചേതോവികാരമാണ് മിതവാദികള്‍ക്കു ഉണ്ടാകേണ്ടത്. ഓരോ പ്രത്യേക സാഹചര്യത്തിനും അനുകൂലമായി സംവിധാനം ചെയ്യുന്ന കപ്പല്‍ വ്യൂഹത്തിന്റെ രൂപീകരണം ആണ് ഓരോ ദിവസവും എല്ലാ കപ്പലുകളെയും ഒന്നിച്ചു സുരക്ഷിതമായി മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്. ഇത് കേവലം ആശയപരമായ നീക്കമല്ല, സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ നടുവില്‍ പൊങ്ങിവരുന്ന ഒറ്റപ്പെട്ട തുരുത്തുകളായിരിക്കാം.

സത്യത്തിനു ബഹുരൂപം ഉണ്ട്. എല്ലാ പ്രശ്ങ്ങള്‍ക്കും ഒറ്റ ഉത്തരം മാത്രമല്ല ഉള്ളത് . പ്രശ്‌നമുഖത്തിലെ ഓരോ വാദത്തിനും അതിന്റെതായ സത്യത്തിന്റെ മുഖം ഉണ്ടാകാം. ഓരോ സാഹചര്യത്തിലും ഓരോ സത്യത്തിന്റെ മുഖം കണ്ടെത്താന്‍ നമ്മുടെ പിതാക്കന്മാര്‍ക്കു ആയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഈ കഴിഞ്ഞ കണ്ടെത്തലുകളില്‍ ഉണ്ടായ കാഴ്ചപ്പാടിന്റെ കുറവുകള്‍ എന്നതും തീവ്രമായി പരിഗണിക്കേണ്ടതുണ്ട്. എന്താണ് സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടത്? വീണ്ടും ഒരു പുതിയ പരീക്ഷണത്തിന് സാധ്യത ഈ പുതിയ സാഹചര്യത്തില്‍ തള്ളിക്കളയേണ്ടതായുണ്ടോ? 1934 ഭരണഘടന എല്ലാവരും പൊതുവായി അംഗീകരിച്ചതിനു ശേഷം സഭ ഒന്നായി മുന്നോട്ടു പോയപ്പോള്‍ എവിടെയാണ് ആര്‍ക്കാണ് പിഴച്ചത്? ഇനിയും അങ്ങനെ ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യാം? ഈ കപ്പല്‍വ്യൂഹത്തില്‍ ഒരു കപ്പലും മുങ്ങിപ്പോകാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പാടവവും വിവേകവുമാണ് നേതൃത്വത്തിനു ഉണ്ടാകേണ്ടത്.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോര്‍ട്ട് അക്കമിട്ടു പ്രസ്താവിച്ച വിധി, കലര്‍പ്പില്ലാത്ത നീതിയുടെ അനാവരണം ആണ് . കോടതിവിധി നടപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഇതൊക്കെ ആരും ആരെയും ബോധ്യപ്പെടുത്തേണ്ട വസ്തുതകളല്ല. നൂറ്റാണ്ടുകള്‍ വലിച്ചുനീക്കപ്പെട്ട വ്യവഹാരങ്ങള്‍ കൊണ്ട് എന്താണ് നേടിയത് എന്ന് ചിന്തിക്കണം. കോടതിയും ഭരണകൂടവും നീതി നടപ്പാക്കാനുള്ള വ്യവസ്ഥാപിത തിട്ട മാത്രമാണ് ഉയര്‍ത്തിത്തന്നിരിക്കുന്നത്. സംരക്ഷണവും, പരിപാലനവും വ്യവസ്ഥയും ഉറപ്പാക്കുക മാത്രമാണ് അവരുടെ ധര്‍മ്മം. നല്ല ജീവിതത്തിനു വേണ്ട സമാധാനവും സംതൃപ്തിയും ഉണ്ടാവുന്നത് സ്‌നേഹമുള്ള ബന്ധങ്ങളില്‍ നിന്നും, കെട്ടുറപ്പുള്ള കൂട്ടായ്മകളില്‍ നിന്നും, വിവേകമുള്ള സ്‌നേഹിതരില്‍ നിന്നുമാണ്. സഹാദരരെ, അവരുടെ സ്‌നേഹത്തെ, സംസര്‍ഗ്ഗത്തെ തള്ളിപ്പറഞ്ഞുകൊണ്ടു എന്ത് സ്വര്‍ഗ്ഗമാണു നാം പടുത്തുയര്‍ത്തുന്നത് ? ആ സ്വര്‍ഗത്തില്‍ ഏതെങ്കിലും ദൈവത്തെ പ്രതീക്ഷിക്കാമോ? ആളുകളെ ഇളക്കി തമ്മിലടിപ്പിച്ചു എന്ത് ദൈവ നീതിയാണ് നാം പ്രഘോഷിക്കുന്നത്? ഏതു സിംഹാസനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്? നമ്മുടെ കൂടപ്പിറപ്പുകളുടെ, ഒരേ ആരാധനയില്‍ അഭയം പ്രാപിക്കുന്നവരുടെ വൈകാരികവും അദ്ധ്യാല്മീകവും, ബുദ്ധിപരവും ആയ മാനസീക അവസ്ഥക്ക് കരുതലോടെ കാത്തിരിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ എന്ത് സഭ, എന്ത് വിശ്വാസം ?

വിവാഹ ബന്ധം കൊണ്ടും അല്ലാതെയും രണ്ടു ചേരിയിലും നിലനില്‍ക്കുന്ന സഹോദരീ സഹോദരര്‍ ഓര്‍ത്തഡോക്ള്‍സ് യാക്കോബായ സമുദായത്തില്‍ ഉണ്ട്. ഈ അടുത്ത ദിവസം, ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഒരു പ്രധാന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു നടത്തിയ ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നു, അങ്കിള്‍ എന്നെ ഓര്‍ക്കുന്നില്ലേ ? ആശയാണ്, ഇപ്പോള്‍ ആശകൊച്ചമ്മ, യാക്കോബായ സഭയിലെ വൈദീകനാണ് വിവാഹം ചെയ്തിരിക്കുന്നത്. ഓരോ കുര്‍ബാനക്കും അങ്കിളിന്റെ പിതാവ് ചിട്ടപ്പെടുത്തിയ 'ലിവിങ് സാക്രിഫൈസ് ' എന്ന ബുക്കാണ് ഉപയോഗിക്കുന്നത്. അപ്പച്ചന്‍, കേരളത്തിന് പുറത്തുള്ള എന്നെപ്പോലുള്ള കുട്ടികളെ ആരാധനയുടെ സാരാംശം മനസിലാക്കി കൊടുക്കാന്‍ സഹായിച്ചു.അപ്പച്ചനെ എനിക്കും അച്ചനും മറക്കാനൊക്കില്ല. എന്റെ കണ്ണ് നിറഞ്ഞു പോയി. നാം ഇരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും, അതിരുകളില്ലാത്ത പുതിയ തലമുറ ഒന്നായി ആരാധിക്കാന്‍ വെമ്പുന്നു എന്ന സത്യം തിരിച്ചറിയുക തന്നെ വേണം.

ക്രിസ്തീയതയിലെ ഉയരങ്ങളുടെ ഉയരങ്ങളെക്കാള്‍ താഴ്ചകളുടെ താഴെയാണ് സഭകളുടെ താഴ്ചകള്‍. ചങ്കില്‍ കുത്തുന്നവരെ പൊറുക്കാനും സ്‌നേഹം നടിച്ചു ചതിച്ചവരെ സഹിക്കാനും ആണിയടിച്ചുകയറ്റുന്ന ക്രൂരരോട് ക്ഷമിക്കുവാനും, ഒരു ദിവ്യ ബലിയായി തീരാനും പ്രഘോഷിക്കുന്ന വിശ്വാസം, നമുക്ക് പുലര്‍ത്താനാകുന്നില്ല, എങ്കില്‍ പരാജയപ്പെടുന്നത് ക്രിസ്തു മാത്രമാണ്. പരാജിതനായ ഒരു മൂര്‍ത്തി സങ്കല്‍പ്പാതയാണല്ലോ ക്രിസ്തുവായി നാം ഉയര്‍ത്തിക്കാണിക്കുന്നത്. അവന്റെ കുരിശു സ്വര്‍ണത്തില്‍ മുക്കി ദേവാലയത്തിന്റെ മൂര്‍ദ്ധാവില്‍ നാം പ്രതിഷ്ഠിക്കും. അവന്റെ അനുഭവങ്ങള്‍, ഉപദേശങ്ങള്‍ ഒന്നും ഇന്ന് നമുക്ക് വേണ്ട. ഒരു മിതവാദിക്കു സഹിക്കാനാവാത്ത ചില അബദ്ധങ്ങളില്‍ നിന്നും ചില നേരായ വഴികള്‍ തുറന്നുകിട്ടും. അത് അവനു വെളിവാക്കപ്പെടുമ്പോള്‍ അത് പുറത്തു പറയാനും അവനു മടിയില്ല. ഒപ്പം നില്‍ക്കുന്നവര്‍ ചതിയന്‍ എന്ന് വിരല്‍ ചൂണ്ടുമ്പോഴും അവന്‍ അത് തന്നെ മന്ത്രിച്ചുകൊണ്ടേയിരിക്കും. ചില അപ്രിയ സത്യങ്ങള്‍, അനവസരത്തില്‍ വെളിപ്പെടുത്തുന്നത് എതിരാളികളെ സഹായിക്കും എന്ന് കരുതി ആല്‍മാര്‍ത്ഥമായ വസ്തുതകള്‍ പറയുന്നവരെ നിശ്ശബ്ദരാക്കരുത്.

സുറിയാനി ക്രിസ്ത്യാനി ഒരു നാടോടിയായിട്ടു കാലം കുറെയായി. സിറിയയിലെ ക്രിസ്ത്യാനികളും അങ്ങനെ പലായനത്തിലാണ്, ഏതു ദേശീയതയാണ് ഉള്‍ക്കൊള്ളാനാവും എന്ന് അവര്‍ക്കറിയില്ല. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളും നോടോടികളില്‍ പെടുത്താം, അവന്‍ കുറേക്കാലം അന്ത്യോക്യന്‍, മലങ്കര, സിറിയന്‍,ദേശീയന്‍ എന്നൊക്കെയുള്ള സ്വത്വ ബോധം സൂക്ഷിച്ചു. രാഷ്രീയ കാരണങ്ങളും സാമ്പത്തീക കാരണങ്ങളുമായി അവന്‍ അറിയാതെ നഷ്ടപ്പെടുത്തിയ സത്വം ഒരു സുഖകരമായ വളച്ചുതിരിക്കല്‍ പ്രക്രിയയിലാണ്. അതുകൊണ്ടു ഏക സത്വത്തില്‍ നിന്ന് യുക്തിയുള്ള ബഹു സത്വത്തില്‍ എത്തിച്ചേരാതിരിക്കാനാവില്ല. അതായതു ഇന്ന് പിടിച്ചിരിക്കുന്ന പിടിവാശികള്‍ എന്തിനായിരുന്നു എന്ന് ചിന്തിക്കാന്‍ അധിക കാലം വേണ്ടി വരില്ല.

പക്ഷപാതപരമായ സംവാദങ്ങള്‍ ഒഴിവാക്കാവില്ല , അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ അവ സഹായിക്കും. സ്വയം നീതീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ , സ്വയം വിലയിരുത്താനുള്ള വിശാലത കൂടി പുലര്‍ത്തണം. മിതവാദികളെ അവര്‍ പറയുന്നത് എതിരാളികള്‍ക്ക് സഹായകരമായി ഭവിക്കും എന്ന് പറഞ്ഞു അടിച്ചമര്‍ത്തരുത്. സ്വയം കല്‍പ്പിച്ച അഭിപ്രായങ്ങളില്‍ നിന്നും വേറിട്ട് ചിന്തിക്കാനുള്ള വിശാലതയും വിനയവും ഉള്ള മൗലികമായ കാഴ്ചപ്പാട് ഉണ്ടാവണം. യാഥാര്‍ഥ്യങ്ങള്‍ അടുത്ത് അറിയുമ്പോള്‍ മാത്രമേ നമ്മുടെ അറിവുകളുടെ പരിമിതി ബോധ്യപ്പെടുകയുള്ളൂ. ഒരു മിതവാദിയാകാന്‍ തീവ്രമായ ശ്രമം ഉണ്ടാവണം, അതിനുള്ള ധൈര്യം ലഭിക്കണം . ഒരു മിതവാദി, സ്വയംനിര്‍മ്മിത അഭിപ്രായ പടക്കപ്പലിന്റെ സുരക്ഷിതത്വത്തില്‍ നിന്നും, സ്വന്തം ഗോത്രത്തില്‍നിന്നും വേറിട്ട് ചിന്തിക്കുന്നവനാകണം. അവനു തനിക്കെതിരെ അടിച്ചുയരുന്ന തിരമാലകളെ നേരിടാന്‍ കഴിയണം, അതിനു അവനു കൊടുക്കേണ്ടി വരുന്ന വലിയ വിലയെപ്പറ്റി ബോധ്യം ഉണ്ടാവണം. അവനു വിരുദ്ധ ആശയങ്ങള്‍ക്കിടയില്‍ ഗുണകരമായ സമവായം സൃഷ്ടിക്കാനാവും.

ഇവിടെ ഇനിയും മിതവാദികള്‍ ഉയര്‍ന്നുവരട്ടെ, ഒരു നല്ല നാളേക്കുള്ള ശുഭ പ്രതീക്ഷയില്‍, ഇതുവരെ തമ്മില്‍ തമ്മില്‍ ഏല്‍പ്പിച്ച കനത്ത മുറിവുകള്‍ ഉണങ്ങാനുള്ള മരുന്ന് പുറത്തുവരാതിരിക്കില്ല. നമുക്ക് ഇസ്രയേലും പാലസ്തീന്‍ അവസ്ഥയേക്കാള്‍, ഈസ്റ്റ് - വെസ്റ്റ് ജര്‍മ്മന്‍ കൂടിച്ചേരലാണ് അഭികാമ്യം.

'ഞങ്ങളുടെ കടക്കാരുടെ കടങ്ങള്‍ ഞങ്ങള്‍ പൊറുത്തതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കേണമേ', സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അവിടുത്തെയിഷ്ടം പോലെ ഭവിക്കട്ടെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക