Image

ശമ്പളം വര്‍ധിപ്പിച്ചില്ല, സ്വകാര്യ നേഴ്‌സുമാര്‍ വീണ്ടും സമരപാതയിലേക്ക്

എ.എസ്. ശ്രീകുമാര്‍ Published on 02 October, 2017
ശമ്പളം വര്‍ധിപ്പിച്ചില്ല, സ്വകാര്യ നേഴ്‌സുമാര്‍ വീണ്ടും സമരപാതയിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ വാഗ്ദന ലംഘനത്തിന്റെ പേരില്‍ വീണ്ടും സമരം ചെയ്യുമെന്ന് സൂചന. സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താത്പര്യമെടുത്ത് ഉണ്ടാക്കിയ ധാരണ നടപ്പായില്ലെന്ന് റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പ് നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലത്രേ. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മുപ്പത് ദിവസത്തോളം നേഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞ ജൂലൈ 20ന് ശമ്പളം കൂട്ടാന്‍ ധാരണയായിരുന്നു. എന്നാല്‍ അത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

അന്‍പത് കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാനാണ് അന്ന് തീരുമാനമായത്. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ നേഴ്‌സുമാരുമായി ധാരണ ആയെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി അന്ന് അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം നേഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതായി നേഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയും അറിയിച്ചു. നേഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും പഠിക്കാന്‍ തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുള്ള പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായെന്നായിരുന്നു കേട്ടത്. സമരം നടത്തിയ നേഴ്‌സുമാരോട് യാതൊരു വിധത്തിലുള്ള പ്രതികാര നടപടികളും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

എന്നാല്‍ ഈ തീരുമാനങ്ങളും നിര്‍ദേശങ്ങളും പാലിക്കപ്പെട്ടില്ല എന്നുമാത്രമല്ല സമരം നടത്തിയവര്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നതായും വിവരങ്ങളുണ്ട്. തരംതാഴ്ത്തല്‍ അടക്കമുള്ള ശിക്ഷാ നടപടികളാണ് നടക്കുന്നത്. സമരം ചെയ്തവര്‍ക്കെതിരെ പ്രതികാരനടപടി പാടില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഉയര്‍ന്ന തസ്തികകളില്‍ നിന്നും നേഴ്‌സുമാരെ തരംതാഴ്ത്തുകയാണെന്നും ആറും ഏഴും വര്‍ഷം പ്രവൃത്തി പരിചയമുള്ളവരെ പിരിച്ചു വിടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് നേഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്.

ധാരണ പ്രകാരമുള്ള ശമ്പള വര്‍ധന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയില്‍ (ഐ.ആര്‍.സി) മാനേജ്മെന്റുകള്‍ എതിര്‍ത്തിരിക്കുകയാണ്. ഐ.ആര്‍.സിയും പിന്നാലെ മിനിമം വേജസ് ബോര്‍ഡും അംഗീകരിച്ചാലെ ശമ്പളം പരിഷ്കരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയുള്ളൂ. സര്‍ക്കാര്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങളും യൂണിയന്‍ ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരുതവണ യോഗം ചേര്‍ന്നെങ്കിലും ഒന്നും നടന്നില്ല. ശമ്പള വര്‍ധനയില്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ശമ്പളം അതേപടി അംഗീകരിച്ചാല്‍ ചികിത്സ ചിലവ് ഉള്‍പ്പെടെ കൂടുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സമരം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഈ മാസം അഞ്ചിന് ശേഷം ഉണ്ടാകുമെന്നാണ് നേഴ്‌സുമാരുടെ സംഘടന നല്‍കുന്ന വിവരം. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അഞ്ചിന് ചേരുന്ന ഐ.ആര്‍.സി യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. അന്ന് തീരുമാനമായില്ലെങ്കില്‍ സമരം നടത്താനാണ് നേഴ്‌സുമാരുടെ തീരുമാനം.

അതേസമയം, ഡല്‍ഹിയിലെ നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മലയാളി നേഴ്‌സിനെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച നേഴ്സിന് മാനസിക പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അപ്രതീക്ഷിത പിരിച്ചുവിടലിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിലെ മലയാളി നേഴ്‌സ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് നേഴ്‌സിനെ എയിംസ് ആശുപത്രിയിലെ വാര്‍ഡിലേയ്ക്ക് മാറ്റി. നേഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എല്‍.ബി.എസ് ആശുപത്രിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നേഴ്‌സുമാരുടെ സമരം തുടരുന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്.

ഇതിനിടെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച വാര്‍ത്തയും വന്നു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി സൂര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.താമസ സ്ഥലത്താണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. സൂര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ച വിവരം. പിന്നീട് ആത്മഹത്യയാണെന്ന വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചു. അറിയിച്ചത്. സഹപ്രവര്‍ത്തകനും കൊട്ടാരക്കര സ്വദേശിയുമായ ഒരാളുമായി സൂര്യയ്ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സൂര്യയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സൂര്യയുടെ അടുത്ത ബന്ധുക്കള്‍ മഥുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക