Image

മുല്ലപ്പെരിയാറില്‍ സംഭവിക്കുന്നതെന്ത്? (പകല്‍ക്കിനാവ്- 71 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 03 October, 2017
മുല്ലപ്പെരിയാറില്‍ സംഭവിക്കുന്നതെന്ത്? (പകല്‍ക്കിനാവ്- 71 : ജോര്‍ജ് തുമ്പയില്‍)
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ചു പറയുമ്പോള്‍ കേരളത്തില്‍ മാത്രമല്ല, ഇങ്ങ് അമേരിക്കയില്‍ വരെ അതിന്റെ തുടര്‍ തരംഗങ്ങള്‍ അലയടിക്കും. വൈകാരികമായി പോലും ഒട്ടേറെ ബന്ധമുള്ള ഹൈറേഞ്ചിനെ പ്രത്യക്ഷമായും കേരളത്തിന്റെ മറ്റു ജില്ലകളെ പരോക്ഷമായും ബാധിക്കുന്ന അണക്കെട്ട് തകരുമോ എന്നായിരുന്നു, ഓരോ മഴക്കാലത്തും മാനത്ത് മഴക്കാര്‍ രൂപം കൊള്ളുമ്പോഴേ മലയാളിയുടെ പേടി. എന്നാല്‍, എല്ലാം ശരിയാക്കും എന്ന പേരിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍  അധികാരത്തിലെത്തിയതോടെ, ആ പേടി പോയി. ഇപ്പോള്‍ എത്ര ശക്തമായ മഴ പെയ്താലും കേരളത്തില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടിലും മുല്ലപ്പെരിയാറിനെക്കുറിച്ച് കേള്‍ക്കുന്നതേയില്ല. എപ്പോഴും ഈ വാര്‍ത്തയ്ക്കു വേണ്ടി സാകൂതം പരതിയിരുന്ന എനിക്ക് എന്നാല്‍ മറ്റൊരു വാര്‍ത്ത അടുത്തിടെ കാണാനിടയായി. തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഉയരം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. പറയുന്നത്, മറ്റാരുമല്ല, മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ സാക്ഷാല്‍ ഒ.പനീര്‍ശെല്‍വം. കേട്ടപ്പോള്‍ നെഞ്ചിടിച്ചു പോയി. 136 അടി തന്നെ വലിയ പ്രശ്‌നമായിരിക്കുമ്പോഴാണ് അതു 152 അടിയാക്കി ഉയര്‍ത്തുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് അതിനെ എതിര്‍ത്തു കൊണ്ടൊരു കൊച്ചു വാര്‍ത്ത പോലും കേട്ടില്ല.

അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിനു വേണ്ടി കേരളസര്‍ക്കാരുമായി ചര്‍ച്ചനടത്തുമെന്നും ഒപിഎസ്. കാര്‍ഷികാവശ്യത്തിനു തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്നതിനുള്ള ഷട്ടര്‍ തുറക്കുന്നതിനാണ് പനീര്‍സെല്‍വം തേക്കടിയിലെത്തിയത്. അദ്ദേഹം ഷട്ടറിനു മുന്നില്‍ നടന്ന പൂജയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രവും ഇ-പത്രത്തില്‍ കണ്ടു. ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ടസമിതി അടിയന്തര പരിശോധന നടത്തണമെന്നാവശ്യവുമായി കേരളം രംഗത്തെത്തി. പക്ഷേ ആരു കേള്‍ക്കാന്‍.  ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയ സാഹചര്യത്തിലാണു കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 125 അടി പിന്നിട്ടാല്‍ എല്ലാ ആഴ്ചകളിലും മേല്‍നോട്ട സമിതി പരിശോധന നടത്തണമെന്നാണു സുപ്രീംകോടതിയുടെ നിര്‍ദേശം. കേരളം ആവശ്യപ്പെട്ടിട്ടും പരിശോധന ഇതുവരെ നടന്നിട്ടില്ല. അണക്കെട്ടിന്റെ 10-11 ബ്ലോക്കുകള്‍ക്കിടയിലാണു വെള്ളം പുറത്തേക്കൊഴുകുന്നതു കാണപ്പെട്ടത്. കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് സന്ദര്‍ശിച്ചു ചോര്‍ച്ചയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണു സൂചന. അണക്കെട്ടില്‍ ഇപ്പോള്‍ 127.4 അടി വെള്ളമാണ് ഉള്ളത്. ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജോര്‍ജ് ദാനിയേലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയതത്രേ.

ജലനിരപ്പ് ഉയര്‍ന്നാല്‍ ചോര്‍ച്ച ഗുരുതരമാകുമെന്നാണു വിലയിരുത്തല്‍. ഉപസമിതി കൃത്യമായി സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്കു സമര്‍പ്പിക്കണം എന്നൊക്കെയാണു തീരുമനം. എന്നാല്‍ തമിഴ്‌നാടിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഇരുസമിതികളുടെയും സന്ദര്‍ശനം മുടങ്ങിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. തമിഴ്‌നാട് സമ്മര്‍ദ്ദം നടത്തിയാല്‍ കേരളം മിണ്ടാതിരിക്കുന്നതിന്റെ യുക്തി ഇപ്പോഴും മനസ്സിലാവുന്നില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളിലായി 40 ലക്ഷം പേരെ ബാധിക്കുമെന്നും ദുരന്തവ്യാപ്തി പ്രവചിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പോലും നാലഞ്ചു വര്‍ഷം മുന്നേ പറഞ്ഞിരുന്നത് ഓര്‍ക്കുന്നു. തത്വത്തില്‍ മുല്ലപ്പെരിയാറിലെ 11.21 ടി.എം.സി. (ആയിരം ദശലക്ഷം ഘന അടി) വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി റിസര്‍വോയറിന് സാധിക്കും. പക്ഷെ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതം അചിന്ത്യമാണ്. വെള്ളപ്പാച്ചിലിനൊപ്പം മരങ്ങളും കെട്ടിടങ്ങളും മണ്ണും പാറയുമെല്ലാം കുത്തിയൊലിച്ചുണ്ടാകുന്ന ദുരന്തം എത്രത്തോളമെന്ന് ഊഹിക്കാന്‍ കഴിയില്ല. അഞ്ച് ജില്ലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കണക്കാക്കാനാവാത്ത നാശം വിതക്കും. ഡാം ബ്രേക്ക് അനാലിസിസിലുടെ മാത്രമേ വെള്ളം ഏതൊക്കെ ദിശകളില്‍ നാശമുണ്ടാക്കുമെന്ന് വിലയിരുത്താനാകൂ. ഈ ചുമതല റൂര്‍ഖി ഐ.ഐ.ടി.യെ ഏല്‍പ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ ജലനിരപ്പ് 120 അടി ആക്കി കുറയ്ക്കണമെന്നാണ് സര്‍ക്കാരും ജനങ്ങളും ആവശ്യപ്പെടുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് മാത്രമാണ് പോംവഴിയെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു. ഇടുക്കി സ്വദേശി ചിറ്റൂര്‍ രാജമന്നാരുടെയും മറ്റും ഹര്‍ജികളിലാണ് ഈ വിശദീകരണം നല്‍കിയിരുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 120 അടിയാക്കുമ്പോഴും അണക്കെട്ട് പൊട്ടുമോയെന്ന പേടിക്കു കുറവില്ല, എന്നാല്‍ 152 അടിയാക്കാനുള്ള തമിഴ്‌നാട് നീക്കത്തിനെതിരേ കേരളസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം പോലും ഇങ്ങ് അമേരിക്കയിലിരിക്കുന്ന മലയാളികള്‍ പോലും സംശയം ജനിപ്പിക്കുന്നു.
ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്ന കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം പെട്ടെന്ന് ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മഴ ശക്തമായി തുടരുമ്പോള്‍ ഇടുക്കിയിലെ വെള്ളം ചെറുതോണി ഷട്ടര്‍ വഴി ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്തുകയെന്നത് പ്രായോഗികമാവില്ല. ഇത് കൂടുതല്‍ ദുരന്തത്തിന് വഴി വച്ചേക്കും. ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങള്‍ അപകടസാധ്യത കൂട്ടുന്നുണ്ട്. ഭൂചലനമുണ്ടായാല്‍ അണക്കെട്ട് തകരാനുള്ള സാധ്യത ഏറെയാണെന്ന് റൂര്‍ഖി ഐ.ഐ.ടി . നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 20 25 കൊല്ലം മുമ്പ് നടത്തിയ പരീക്ഷണങ്ങളിലെ വിവരങ്ങളുടെഅടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നിര്‍മാണ സാമഗ്രികളുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ശരിയായ വിശകലനം അത്യാവശ്യമാണ്. 100 വര്‍ഷം കൊണ്ട് അണക്കെട്ടിന്റെ കെട്ടുകളില്‍ നിന്ന് 3500 ടണ്‍ കുമ്മായം ഒലിച്ചു പോയെന്ന് തമിഴ്‌നാട് തന്നെ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് കുറയ്ക്കാന്‍ ചെറുതോണി ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത് പതിവാക്കാനാവില്ലെന്ന് ഊര്‍ജ്ജപ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പറയുന്നു. ഒരു ടി.എം.സി. വെള്ളത്തില്‍ നിന്ന് 41.67ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കി പദ്ധതിയില്‍ ഉല്‍പാദിപ്പിക്കുന്നത്. സ്പില്‍ വേയിലൂടെ ഒരു ടി.എം.സി. വെള്ളം ഒഴുക്കി വിട്ടാല്‍ അതില്‍നിന്ന് ഉല്‍പാദിപ്പിക്കാമായിരുന്ന വൈദ്യുതി പുറമേനിന്ന് വലിയ വിലയ്ക്ക് വാങ്ങേണ്ടിവരും. ഇതിന് 4050 കോടി രൂപ അധികച്ചെലവ് വരും. തന്നെയുമല്ല ഇടുക്കി ജലനിരപ്പ് 2381 അടിയില്‍നിന്ന് 2380 ആക്കാന്‍ കുറഞ്ഞ് ആറ് മണിക്കൂര്‍ എങ്കിലുമെടുക്കുമെന്നാണ് ഏകദേശ കണക്ക്. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ക്കിടയിലെ ദൂരം 58 കിലോമീറ്ററാണെന്ന് സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വെള്ളം മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലെത്താന്‍ എത്രസമയമെടുക്കുമെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പോലും കേരളത്തിന് കഴിഞ്ഞിരുന്നില്ല.
വാസ്തവത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനമാണ് ഏറെ സംശയാസ്പദം. മുല്ലപ്പെരിയാര്‍ പൊട്ടുമോ, പൊട്ടാതിരിക്കുമോ അതിനെ ആ വഴിക്കു വിടാം, എന്നാല്‍ കേരളത്തിന്റെ നട്ടെല്ല് ഇക്കാര്യത്തില്‍ നഷ്ടപ്പെടുന്നതു കാണുമ്പോള്‍ കേരളമെന്ന പേരു കേട്ടാല്‍ അഭിമാന പൂരിതമാകണമെന്‍ അന്തഃരംഗം എന്ന കവിവാക്യത്തില്‍ അഭിമാനത്തിനു പകരം അപമാനമായി പോകുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാവില്ല.

മുല്ലപ്പെരിയാറില്‍ സംഭവിക്കുന്നതെന്ത്? (പകല്‍ക്കിനാവ്- 71 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക