Image

ലാസ് വേഗാസില്‍ കേട്ടത് അരാജകത്വത്തിന്റെ വെടിയൊച്ചകള്‍

എ.എസ് ശ്രീകുമാര്‍ Published on 03 October, 2017
ലാസ് വേഗാസില്‍ കേട്ടത് അരാജകത്വത്തിന്റെ വെടിയൊച്ചകള്‍
ഇന്ത്യയില്‍ അസഹിഷ്ണുതയും അക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പങ്കുവെച്ച് അമേരിക്ക. പൗരന്‍മാരെ സംരക്ഷിച്ച് നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും സ്റ്റേറ്റ്  ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചതിന് രണ്ട് മുസ്ലീം സ്ത്രീകളെ അക്രമിച്ച പശ്ചാത്തലത്തിലാണ് കിര്‍ബിയുടെ പരാമര്‍ശം. കിര്‍ബിയുടെ അഭിപ്രായ പ്രകടനം കഴിഞ്ഞയുടന്‍ ലോകം കേട്ടത്, ലാസ് വേഗാസില്‍ ഒരു നരാധമന്റെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയില്‍ ''പൈശാചികമായ'' കൊലവിളിയാട്ട വാര്‍ത്തയാണ്. ഒരു സൈക്കോപാത്തിന്റെ നികൃഷ്ട സന്താനമായ സ്റ്റീഫന്‍ ക്രെയ്ഡ് പാഡക് നിരപരാധികളായ മനുഷ്യരെ വെടിവച്ച് കൊന്ന ഭീകര വാര്‍ത്ത. ഇന്ത്യയില്‍ അസഹിഷ്ണുതയും അക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ കണ്ണീര്‍ വാര്‍ക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന് സ്വന്തം നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന, അപലപിക്കാന്‍ വാക്കുകള്‍ കിട്ടാത്ത ഇത്തരം കുടിലതകളെ എപ്രകാരം ന്യായീകരിക്കാനാവുമെന്ന ഗൗരവതരമായ ചോദ്യം നിലനില്‍ക്കുന്നു.

കിര്‍ബിയുടെ അഭിപ്രായ പ്രകടനത്തിന്റെ കാമ്പും കഴമ്പും പരിശോധിക്കപ്പെടുന്നതോടൊപ്പം അമേരിക്കയിലെ ഇത്തരം നരനൃശംസതയ്ക്ക് അടിയന്തിരമായി ഒരു മനോരോഗ വിദഗ്ദന്റെ ചികില്‍സ ആവശ്യമാണ് എന്ന ചിന്തയും രൂപപ്പെടുകയാണ്. അത്രയേറെ അരാജകത്വത്തിലൂടെയാണ് ഈ നാട് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നതിന് ഉദാഹരണങ്ങള്‍ തേടി അലയേണ്ടതില്ല. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അമേരിക്ക സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ കൂട്ടക്കൊലയാണ് ലാസ് വേഗാസില്‍ നടന്നത്. ഒരു തോക്കുധാരി നടത്തുന്ന ഏറ്റവും വലിയ നരഹത്യ. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോ നൈറ്റ്ക്ലബില്‍ 2016ല്‍ ഉണ്ടായ വെടിവെപ്പില്‍ ഒന്നുമറിയാത്ത 49 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതില്‍ തീവ്രവാദ ബന്ധം കണ്ടെത്താനുമായില്ല. സ്‌കൂളുകളില്‍ പോലും വെടിവയ്പ്പുകള്‍ സര്‍വസാധാരണമാണിവിടെ. കുട്ടികള്‍ തോക്കുമേന്തി പ്രതികാര ദാഹം തീര്‍ക്കുന്നു. അപ്പോള്‍ മുതിര്‍ന്നവരുടെ കാര്യം വിശേഷിപ്പിക്കേണ്ടതില്ലല്ലോ.

അരാജകത്വത്തില്‍ അമേരിക്ക ഇങ്ങനെ ആടി ഉലയുമ്പോള്‍ സമാധാനപ്രിയരായ ഒരു ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണ കവചം തിര്‍ക്കാന്‍ ഏത് രക്ഷകനുണ്ട്...? ലാസ് വേഗാസ് കൂട്ടക്കുരുതിയില്‍ തീവ്രവാദ ബന്ധമൊന്നും പൊലീസിന് കണ്ടെത്താനാകുന്നില്ല. ഒരു മനുഷ്യമൃഗത്തിന്റെ വെറും മാനസിക പ്രശ്‌നമായി അത് ലഘൂകരിക്കപ്പെടുന്നു. അമേരിക്കയിലെ ആക്രമണങ്ങളുടെ പൊതു സ്വഭാവമാണിതെന്ന് സാധൂകരിക്കപ്പെടുന്നു. തോക്കുധാരികള്‍ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് പൊലീസ് പറയുന്ന ന്യായം കേട്ട് ഉറക്കം നഷ്ടപ്പെട്ടവരുടെ രാജ്യമായി അമേരിക്ക മാറിക്കഴിഞ്ഞുവെന്നും വിചാരിക്കണം. ഗ്യാസ് സ്റ്റേഷനും മറ്റും നടത്തുന്ന മലയാളികളുടെ, പോയിന്റ് ബ്ലാങ്കില്‍ നിന്ന് ജീവന്‍ ഹോമിച്ചതും, ഭാഗ്യത്തിന് രക്ഷിച്ചതുമായ സംഭവങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 

സമീപകാലത്തെ ചില വെടിവയ്പ്പുകള്‍ ഇങ്ങനെ ക്രോഡീകരിക്കാം...2007ല്‍ വിര്‍ജീനിയയില്‍ ദക്ഷിണ കൊറിയക്കാരനായ വിദ്യാര്‍ത്ഥി നടത്തിയ ആക്രമണത്തില്‍ 32 പേരും 2012ല്‍ സാന്‍ഡിഹുക്കില്‍ 20കാരനായ അമേരിക്കക്കാരന്റെ ആക്രമണത്തില്‍ 26 പേരും കൊല്ലപ്പെട്ടിരുന്നു. 2012 ഡിസംബര്‍ 14ന് കണക്ടിക്കട്ടിലെ ന്യൂ ടൗണില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം 26 പേരെയാണ് ഒരു യുവാവ് വെടിവച്ചുകൊന്നത്. 2015 ഡിസംബര്‍ മൂന്നിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ക്രിസ്മസ് വിരുന്നിനിടെ ദമ്പതികള്‍ നടത്തിയ വെടിവയ്പില്‍ 14 പേര്‍ മരിച്ചിരുന്നു. 2009 ഏപ്രില്‍ മൂന്നിന് ന്യൂയോര്‍ക്കില്‍ ഇമിഗ്രേഷന്‍ സേവന കേന്ദ്രത്തില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2012 ജൂലൈ 20ന് 12 കൊളറാഡോയിലെ അറോറയില്‍ ബാറ്റ്മാന്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയറ്ററിനുള്ളില്‍ അക്രമി നടത്തിയ ഗണ്‍വാഷില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 1991ല്‍ ടെക്‌സസ് റസ്റ്റാറന്റില്‍ 22 പേരും 2015ല്‍ സാന്‍ ബെര്‍നാര്‍ഡിനോയില്‍ 14 പേരും 2009ല്‍ ഫോര്‍ട് ഹുഡ് സൈനിക താവളത്തില്‍ 13 പേരും സമാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതിനൊപ്പം വാര്‍ത്തകളിലിടം പിടിക്കാത്ത ചെറിയെ വെടിവയ്പ്പുകളും നടക്കുന്നുണ്ട്.

ലാസ് വേഗാസിലെ അക്രമി സ്റ്റീഫന്‍ പാഡക് ചൂതുകളിയില്‍ കമ്പമുള്ളയാളാണെന്നും ഇയാള്‍ക്ക് സുഹൃത്തുക്കള്‍ക്കിടയില്‍ പ്രൊഫഷണല്‍ ചൂതാട്ടക്കാരനെന്ന പേരുണ്ടെന്നും പോലീസ് വെളിപ്പെടുത്തുന്നു. ഇയാളുടെ മതവിശ്വാസം അടക്കം ഒന്നും അറിവില്ലെന്നു ക്ലാര്‍ക്ക് കൗണ്ടി നഗരപിതാവ് ജോസഫ് ലൊംബാര്‍ഡോ വ്യക്തമാക്കി. പാഡോക്കിനൊപ്പം കഴിഞ്ഞിരുന്ന ഏഷ്യന്‍ വംശജയായ മരിലു ഡാന്‍ലി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വെടിവയ്പുമായി ബന്ധമുണ്ടോയെന്നു വെളിപ്പെടുത്തിയിട്ടില്ല. പാഡക്കിന്റെ രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാഡകിന്റെ ഹോട്ടല്‍ മുറിയിലും വീട്ടിലും വന്‍ ആയുധ-സ്‌ഫോടക വസ്തു ശേഖരം ഉണ്ടായിരുന്നു. 16 തോക്കുകള്‍, 18 ആയുധങ്ങള്‍, ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എന്നിവയാണ് ഇയാളുടെ വീടുകളില്‍ നിന്നായി കണ്ടെടുത്തത്.  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെങ്കിലും എഫ്.ബി.ഐ ഇക്കാര്യം നിഷേധിച്ചു.

മാസ് കില്ലര്‍ പാഡകിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഇക്കാലയളവിനുള്ളില്‍ ഇയാള്‍ക്കെതിരെ ട്രാഫിക് നിയമ ലംഘനവുമായി ബന്ധപ്പെട്ട ഒരു കുറ്റം മാത്രമേ നിലവിലുള്ളൂവെന്നുമാണ് പാഡകിന്റെ സഹോദരന്‍ എറിക് പാഡക്കിനെ  ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അക്കൗണ്ടന്റായി വിരമിച്ച പാഡകിന്റെ പിതാവ്  ബെഞ്ചമിന്‍ ഹോസ്‌കിന്‍സ് പാഡക്ക് 1960-70 കളില്‍ പോലീസിന് തലവേദന സൃഷ്ടിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നു. ഇയാളെ 1961ല്‍ 20 വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചെങ്കിലും 1968ല്‍ ടെക്‌സസിലെ ലാ ടൂണ ഫെഡറല്‍ പ്രിസണില്‍ നിന്നും രക്ഷപ്പെട്ടു. ജയില്‍ ചാടിയ ഇയാള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇടം പിടിച്ചെങ്കിലും ഒറിഗണില്‍ യൂസ്ഡ് കാര്‍ ഡീലറായും ബിങ്കോ പാര്‍ലര്‍ ഓപ്പറേറ്ററായും കഴിഞ്ഞു. ഏതായാലും ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് സ്റ്റീഫന്‍ പാഡക്ക് തോക്കെടുത്ത് ചൂതാടി കൊടും കൊലയാളിയായി വളര്‍ന്ന് മുറ്റി ജീവനൊടുക്കിയത്.





ലാസ് വേഗാസില്‍ കേട്ടത് അരാജകത്വത്തിന്റെ വെടിയൊച്ചകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക