Image

ഒമാനില്‍ അറസ്റ്റിലാവുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ എംബസിക്ക്‌ കൈമാറാന്‍ ധാരണ

Published on 08 March, 2012
ഒമാനില്‍ അറസ്റ്റിലാവുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ എംബസിക്ക്‌ കൈമാറാന്‍ ധാരണ
മസ്‌കത്ത്‌: ഒമാനില്‍ അറസ്റ്റിലാവുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ എംബസിക്ക്‌ കൈമാറുന്നത്‌ സംബന്ധിച്ച്‌ റോയല്‍ ഒമാന്‍ പൊലീസുമായി ധാരണയിലെത്തിയതായി പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ഇന്നലെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന്‌ മുമ്പ്‌  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ ആല്‍ ശുറൈഖിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇതുസംബന്ധിച്ച ധാരണയിലെത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക്‌ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കുന്നത്‌ സംബന്ധിച്ചും പൊലീസ്‌ മേധാവിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്‌. ഖത്തര്‍, യു.എ.ഇ., ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പര്യടനം തൃപ്‌തികരമായിരുന്നുവെന്നും പ്രവാസി സമൂഹവുമായി നടത്തിയ കൂടിക്കാഴ്‌ചയിലൂടെ നിരവധി പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

പ്രശ്‌നപരിഹാരത്തിനായി വിവിധ തലങ്ങളിലെ നടപടിക്ക്‌ ശ്രമിക്കുകയാണ്‌ അടുത്തഘട്ടം.
സന്ദര്‍ശിച്ച മൂന്ന്‌ രാജ്യങ്ങളിലും സന്ദര്‍ശകവിസയില്‍ സ്‌ത്രീകളെ കൊണ്ടുവന്നും, തൊഴിലാളികളെ കൊണ്ട്‌ വന്നും ദ്രോഹിക്കുന്നത്‌ ഗുരുതരമായ പ്രശ്‌നമാണ്‌. ഈ സാഹചര്യത്തില്‍ സന്ദര്‍ശകവിസയില്‍ വരുന്നവരുടെ ലക്ഷ്യം എന്താണെന്നും അവരെ കൊണ്ടുപോകുന്നത്‌ ആരാണെന്നും കൂടുതല്‍ ശക്തമായി നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുന്നുണ്ട്‌. ഇഎമിഗ്രേഷന്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്‌ കൂടുതല്‍ എളുപ്പമാകും. അപോസ്റ്റില്‍ അറ്റസ്‌റ്റേഷന്‌ കേരളത്തില്‍ സൗകര്യമില്ലാത്തതും, പ്രവാസി നികുതിയെ കുറിച്ചുമുള്ള പൊതു ആശങ്കകളാണ്‌ കൂടുതല്‍ പേരും ഒമാനില്‍ പങ്കുവെച്ചത്‌. ഇക്കാര്യത്തില്‍ പരിഹാരത്തിന്‌ ശ്രമിക്കുന്നുണ്ട്‌. പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ പ്രോല്‍സാഹിപ്പിക്കുന്നതിനും, ഉടന്‍ നടപ്പാവുന്ന പെന്‍ഷന്‍ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സന്ദര്‍ശനം ഉപയോഗപ്പെടുത്തിയിരുന്നു.

പ്രവാസികള്‍ക്ക്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ ജില്ലാ കലക്ട്രേറ്റുകള്‍ വഴി സൗകര്യമൊരുക്കാന്‍ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നിര്‍ദേശം മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. സാധാരണക്കാരായ പ്രവാസികള്‍ക്ക്‌ നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക്‌ പണമടക്കേണ്ടത്‌ എങ്ങനെയാണ്‌ എന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്‌. ബാങ്കുകള്‍ വഴി, മണി എക്‌സചേഞ്ചുകള്‍ വഴി അങ്ങിനെ വിവിധ നിര്‍ദേശങ്ങള്‍ മുന്നിലുണ്ട്‌. പെന്‍ഷന്‍ പദ്ധതിയുടെ ഉത്തരവ്‌ ഉടന്‍ ഇറങ്ങുമെന്നും പദ്ധതി ഈവര്‍ഷം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക