Image

ദിലീപിനും ഫാന്‍സിനും ഇനി ആഘോഷിക്കാം, പക്ഷേ സൂക്ഷിക്കണം (എ.എസ് ശ്രീകുമാര്‍)

Published on 03 October, 2017
ദിലീപിനും ഫാന്‍സിനും ഇനി ആഘോഷിക്കാം, പക്ഷേ സൂക്ഷിക്കണം (എ.എസ് ശ്രീകുമാര്‍)
എണ്‍പത്തിയഞ്ചു ദിവസത്തെ ആലുവ സബ്ജയില്‍ വാസത്തിനു ശേഷം ഹൈക്കോടതിയുടെ കര്‍ശന ജാമ്യ വ്യവസ്ഥകളിന്‍മേല്‍ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ നടന്‍ ദിലീപ് പുറത്തിറങ്ങിയപ്പോള്‍ ലോകത്തില്‍ എന്തോ വലിയൊരു അത്ഭുതം സംഭവിച്ച മട്ടിലായിരുന്നു സബ്ജയില്‍ പരിസരത്തെ ഫാന്‍സ് ആഘോഷവും ചാനലുകളില്‍ ദിലീപ് സ്തുതിപാഠകരുടെ വീരസ്യം പറച്ചിലും. കേരള ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് ദിലീപിന് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചപ്പോള്‍, ''കോടതിമുറിയില്‍ സൂര്യനുദിച്ചു, ഇനിയെല്ലാം ഞങ്ങളുടെ വരുതിക്ക് വരും...'' എന്നൊക്കെയായിരുന്നു ദിലീപ് അനുകൂലികളുടെയും പ്രതിപുരുഷന്‍മാരുടെയും ആഘോഷ വെല്ലുവിളികള്‍. ദിലീപ് ചിത്രം രാമലീലയുടെ ജനകീയ കോടതിയിലെ വിജയവിധി കണ്ട് ഭയന്ന് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം കൊടുക്കുകയായിരുന്നു എന്ന തരത്തിലുള്ള വിവരംകെട്ട അഭിപ്രായപ്രകടനങ്ങളും കേള്‍ക്കുവാന്‍ സാധിച്ചു. ദിലീപ് ജയില്‍ മോചിതനായതോടെ നടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ് ഇല്ലാതായി എന്ന് ഊറ്റം കൊള്ളുന്ന രീതിയിലായിരുന്നു ഫാന്‍സ്‌കാരുടെയും മറ്റും എഴുന്നള്ളത്ത്.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് മുമ്പ് രണ്ടു വട്ടം ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ചതും മൂന്നാം വട്ടം അനുവദിച്ചതും. ഇത് കോടതിയുടെ വിവേചനാധികാരത്തില്‍ വരുന്ന കാര്യമാണ്. കോടതിയുടെ സാധാരണ നടപടിക്രമം മാത്രം. പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് സ്വാഭാവികമായി കിട്ടുന്ന അവകാശമായേ ഇതിനെ കാണാനൊക്കൂ. ഇത്തരം ഗൂഢാലോചനക്കേസുകളെ 90 ദിവസം വരെ ജയില്‍ വാസം അനുഭവിക്കാം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കില്‍ 91-ാമത്തെ ദിവസം കുറ്റാരോപിതന് സ്റ്റാറ്റിയൂട്ടറി ബെയില്‍ ലഭിക്കും. ഇവിടെ ദിലീപിന്റെ കാര്യത്തില്‍ രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു വട്ടം ഹൈക്കോടതിയും ജാമ്യം നിഷേധിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അന്വേഷണത്തിന്റെ ആ ഘട്ടങ്ങളില്‍ ദിലീപിനെ പുറത്തുവിട്ടാല്‍ തെളിവ് നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. മാത്രമല്ല, അന്വേഷണം പൂര്‍ണമായി അവസാനിച്ചിട്ടുമില്ലായിരുന്നു.

ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം തയ്യാറാക്കുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപിന് ജാമ്യം കിട്ടിയ സ്ഥിതിക്ക് വരുന്ന ആറാം തീയതി തന്നെ കുറ്റപത്രം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇരുപതോളം സാക്ഷിമൊഴികള്‍, ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകള്‍ എന്നിങ്ങനെ പഴുതടച്ച തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നിരിക്കെ ഈ 85-ാം ദിവസം നടനെ ജാമ്യത്തില്‍ വിട്ടാല്‍ അദ്ദേഹം തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെയോ ഇരയെത്തന്നെയോ സ്വാധീനിക്കുകയോ ചെയ്യില്ലെന്ന് ജസ്റ്റിസ് സുനില്‍ തോമസിന് ബോധ്യപ്പെട്ടതുകൊണ്ടാണ് കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് അദ്ദേഹം ജാമ്യം അനുവദിച്ചത്. അല്ലാതെ രാമലീലയുടെ ജനവിധിയല്ല കോടതി പരിഗണിച്ചത്. മാത്രമല്ല, ഇനി നടന്റെ ഭാഗത്തുനിന്ന് പ്രതികൂലമായ നീക്കങ്ങള്‍ ഉണ്ടാവില്ലെന്ന് വ്യക്തം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളെപ്പറ്റി എല്ലാരെക്കാളും നല്ല ബോധ്യം ദിലീപിന് ഉണ്ട്. ആ നിലയ്ക്ക് ഇനി അകാരണമായി കുറ്റാരോപിതനെ തടവില്‍ പാര്‍പ്പിക്കേണ്ട കാര്യവുമില്ല.

തെളിവു നശിപ്പിക്കല്‍ പരിപാടിക്ക് മുതിരാതിരിക്കാന്‍ കോടതി കര്‍ശനമായ ജാമ്യവ്യവസ്ഥകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ദിലീപിന്റെ പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് പേരുടെ ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയും കെട്ടിവയ്ക്കണം. സാക്ഷികളെയും കക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണയെ തടസ്സപ്പെടുത്തരുത,് അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകുക, കേസുമായി ബന്ധപ്പെട്ട് പ്രിന്റ്-ഇലക്‌ട്രോണിക്-വിഷ്വല്‍ മീഡിയകളോട് അഭിപ്രായപ്രകടനം നടത്തരുത് എന്നീ കര്‍ശന ഉപാധികള്‍ പാലിക്കണമെന്ന് കോടതി നിഷ്‌ക്കര്‍ഷിച്ചു. ദിലീപ് ജയിലില്‍ നിന്നിറങ്ങി പറവൂരുള്ള അനുജന്റെ വസതിയിലെത്തിയ ശേഷവും പിന്നെ ചാനല്‍ ചര്‍ച്ചകളിലും നടക്കുന്ന വികാരപ്രകടനങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളാണിത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ദിലീപിനെ ആലുവാ പോലീസ് അറസ്റ്റു ചെയ്യുന്നത് കഴിഞ്ഞ ജൂലായ് 10-ാം തീയതിയാണ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും നടിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉള്ള ബോധ്യത്തിലായിരുന്നു അറസ്റ്റ്.

ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷനേറ്റ വന്‍ തിരിച്ചടിയാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാലിത് ശരിയല്ല. പ്രോസിക്യൂഷന്‍ ഇക്കുറിയും ജാമ്യത്തെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ അന്വേഷണ സംഘത്തിന് അവര്‍ കണക്കുകൂട്ടിയ സമയവും സാഹചര്യങ്ങളും ലഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള തെളിവുകളും മൊഴികളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആവശ്യമായ തെളിവുകളും മൊഴികളും അന്വേഷണ സംഘം സ്വീകരിച്ചു കഴിഞ്ഞു എന്നാണ് അറിയുവാന്‍ സാധിക്കുന്നത്. ഇനി അവയെല്ലാം കൂട്ടിയിണക്കി പഴുതുകള്‍ അടയ്ക്കുന്ന പണി മാത്രമേയുള്ളു. ഈ സാഹചര്യത്തില്‍ ദിലീപ് പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയോ അതിനുമപ്പുറം ഭീഷണിയോ അല്ല.

കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ വിചാരണയാണ്. ജാമ്യത്തിലിരുന്നുകൊണ്ട് വിചാരണയാവാമല്ലോ. പ്രമാദമായ സൂര്യനെല്ലിക്കേസിലെ പ്രതികള്‍ ജാമ്യത്തിലിരുന്നുകൊണ്ടാണ് വിചാരണ നേരിട്ടത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ചില പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും ജയിലില്‍ കിടന്നുകൊണ്ടും വിചാരണ നേരിടുകയുണ്ടായി. ദിലീപിന് വിചാരണ തുടങ്ങുന്നതുവരെ സാധാരണ ജീവിതം നയിക്കാം. ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ ഇല്ലാത്തതിനാല്‍ സിനിമാ അഭിനയത്തിനും തടസ്സമില്ല. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിനാല്‍ ഷൂട്ടിങ് സംബന്ധിച്ച വിദേശ യാത്ര നടക്കില്ലെന്നു മാത്രം. വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രമേ ദിലീപിന് ഇനി കോടതിയിലേക്ക് പോകേണ്ടി വരൂ.

ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സ്വന്തം അനുജന്‍ നടത്തിയ ഒരു വെല്ലുവിളി ഇവിടെ പ്രസക്തമാകുന്നു. ''എല്ലാവരും കളി നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ കളി തുടങ്ങും...'' എന്നായിരുന്നു സഹോദരന്റെ മുന വച്ച വാക്കുകള്‍. കളിക്കുന്നതില്‍ കുഴപ്പമില്ല. ഓരോ കളിക്കും അതിന്റേതായ നിയമങ്ങളുണ്ട്. നിയമത്തിന്റെ വരുതിയില്‍ നിന്നു വേണം കളിക്കാന്‍. അല്ലാത്ത പക്ഷം ഇതുപോലുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകും.

ഇനിയാണ് ദിലീപ് ശ്രദ്ധിക്കേണ്ടത്. വിചാരണ കാലയളവില്‍ നടന്റെ നീക്കങ്ങള്‍ അന്വേഷണ സംഘം സൂക്ഷ്മമായി നിരീക്ഷിക്കും. കേസുമായി ബന്ധപ്പെട്ടവരെയോ സാക്ഷികളെയോ ഇരയെത്തന്നെയോ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന് ബോധ്യപ്പെട്ടാല്‍ നടന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം. അതിനാല്‍ വളരെ ശ്രദ്ധിച്ച് മാത്രമായിരിക്കും നടന്റെ കളികള്‍. ഭീമാകാരമായ സ്വന്തം കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നവരെയും, ചാനലുകാരെയും പത്രക്കാരെയും പോലീസിനെയും കോടതിയെയുമൊക്കെ വെല്ലുവിളിച്ച് ആഘോഷം നടത്തുന്ന ഫാന്‍സുകാരെയും ഒക്കെ ഒന്നടക്കിനിര്‍ത്തിയാല്‍ ദിലീപിന് കൊള്ളാം.
ദിലീപിനും ഫാന്‍സിനും ഇനി ആഘോഷിക്കാം, പക്ഷേ സൂക്ഷിക്കണം (എ.എസ് ശ്രീകുമാര്‍)ദിലീപിനും ഫാന്‍സിനും ഇനി ആഘോഷിക്കാം, പക്ഷേ സൂക്ഷിക്കണം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക