Image

നിങ്ങളൊന്നുകൂടി ചോദിക്കു അമേരിക്കയോട് (മീനു എലിസബത്ത്)

Published on 03 October, 2017
നിങ്ങളൊന്നുകൂടി ചോദിക്കു അമേരിക്കയോട് (മീനു എലിസബത്ത്)
വാരാന്ത്യം ആഘോഷിക്കാനും സന്തോഷിക്കുവാനും കൂടിയവരായിരുന്നു ഞങ്ങള്‍ വെറുതെ പാട്ടു കേള്‍ക്കുവാനും, ഡാന്‍സ് ചെയ്യാനും പോയവര്‍
പാര്‍ട്ടി കഴിഞ്ഞു അവരവരുടെ വീട്ടിലേക്കു മടങ്ങേണ്ടവര്‍..

ഞങ്ങളില്‍ ചിലര്‍ സ്‌നേഹിതരോടൊപ്പവും, ചിലര്‍ കാമുകി കാമുകന്മാരുടെയൊപ്പവുമായിരുന്നു ചിലര്‍ ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം ചുരുക്കം ചിലര്‍ മക്കളെയും കൂട്ടിയിരുന്നു.

ഞങ്ങള്‍ക്ക് കാത്തിരിക്കുന്ന മാതാപിതാക്കളുണ്ടായിരുന്നു
ഉറ്റവരും ഉടയവരും സ്‌നേഹിതരും ഉണ്ടായിരുന്നു .
ചിലരെ നോക്കി അവരുടെ ഒഴിഞ്ഞ വീടുകള്‍ കാത്തിരുന്നിരുന്നു 

പോരുമ്പോള്‍ ഞങ്ങള്‍ അന്ത്യ യാത്ര പറയുകയോ അന്ത്യ ചുംബനങ്ങള്‍ കൈ മാറുകയോ ചെയ്തിരുന്നില്ല
ഞങ്ങള്‍ വെറുതെ വാരാന്ത്യം ആഘോഷിക്കുവാന്‍ കൂടിയവരാണല്ലോ?

വെടിയുണ്ടകള്‍ മുപ്പത്തിരണ്ടാം നിലയില്‍ നിന്ന് വരുന്നത് ആര് കണ്ടു?
മിന്നല്‍ വേഗത്തില്‍ അവ ഞങ്ങളുടെ നെഞ്ച് തുളച്ചു തലയോട്ടികള്‍ ചിതറിച്ചു കൊണ്ട് കുടല്‍ മാലകള്‍ വെളിയില്‍ വരുത്തി രക്തം വാര്‍ത്ത് വിറങ്ങലിപ്പിച്ചു കടന്നു പോയി
ജീവന്‍ പോകാത്ത ഞങ്ങള്‍ പിടഞ്ഞു പിടഞ്ഞു കിടന്നു
ഭാഗ്യശാലികള്‍ നിമിഷനേരത്തില്‍ മരിച്ചു
മെല്ലെ ഞങ്ങളും, മരിച്ചു.
അല്ല അരും കൊല ചെയ്യപ്പെട്ടു

അവന്റെ ഡസന്‍ കണക്കിനു തോക്കുകളിലൊന്നിനാല്‍ കൊല്ലപ്പെട്ടു
അദൃശ്യനായ ശത്രു അവന്‍ ഭീരുവായിരുന്നു
ഇരുട്ടിന്റെ മറ പറ്റി, ആളൊഴിഞ്ഞ മുറിയിലിരുന്നവന്‍ ബുള്ളറ്റുകള്‍ ഉതിര്ത്തു.
പതിനഞ്ചു മിനിറ്റോളം കലി താണ്ഡവം തുടര്‍ന്നു
അതിനു ശേഷം അവന്‍ തനിയെ ജീവനൊടുക്കി.. ഇരുട്ടിലേക്ക് മടങ്ങി
ഞങ്ങളപ്പോഴേക്കും മരിച്ചിരുന്നു.
ചാനലുകള്‍ ഞങ്ങളുടെ ശവത്തില്‍ ചവിട്ടി നടന്നു മുറ വിളി കൂട്ടുന്നു
പത്രക്കാര്‍ പ്രതിഷേധത്തിന്റെ സ്വരമുള്ള അച്ചുകള്‍ നിരത്തുന്നു
എഴുത്തുകാര്‍ ആവേശത്തോടെ എഴുതിത്തള്ളുന്നു
കവികള്‍ ചോരയില്‍ കുതിര്‍ന്ന കവിതകളെഴുതുന്നു.
രാഷ്ട്രീയക്കാരന്‍ തൊണ്ട കീറി പ്രസംഗിക്കുന്നു
മത നേതാക്കള്‍ അപലപിക്കുന്നു
പ്രസിഡണ്ടും ഭാര്യയും സ്ഥലം സന്ദര്‍ശിക്കുന്നു

ലോകത്തിന്റെ നാനാ കോണിലിരുന്നു ഞങ്ങളുടെ സ്‌നേഹിതര്‍ കരയുന്നു
'അമ്മമാര്‍ അലമുറയിടുന്നു
ഭാര്യമാര്‍ തല തല്ലുന്നു
കാമുകികമാര്‍ കണ്ണ് നീര്‍ വീഴ്ത്തുന്നു
മക്കള്‍ വിതുമ്പുന്നു വിങ്ങുന്നു
മുത്തശ്ശിമാര്‍ പൊട്ടിക്കരയുന്നു,

അവന്റെ വീട് തുറക്കുമ്പോള്‍ എതിരേറ്റത് തോക്കുകളുടെ കൂമ്പാരമായിരിന്നു
ലൈസന്‍സു ഉള്ളതും, ഇല്ലാത്തതും
ഇനിയും, ഇത് പോലെ എത്രയോ വീടുകളില്‍ തോക്കിന്റെ കൂമ്പാരങ്ങള്‍ കെട്ടിക്കിടക്കുന്നു
ഇനിയും, എത്രയോ സ്റ്റീഫന്‍ പഡോക്കുമാര്‍ മാര്‍ കാത്തിരിക്കുന്നു
ആരെങ്കിലും, അമേരിക്കയോട് ഒന്ന് കൂടി ചോദിക്കു..
അവരുടെ തോക്കു നയങ്ങളെ ഒന്ന് കൂടി ചോദ്യം ചെയ്യൂ..
ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ ചോദിക്കു അമേരിക്കന്‍ ഭരണകൂടത്തോട്....

മരിച്ചവരയായ ഞങ്ങള്‍ക്കിനിയതിനു കഴിയില്ലല്ലോ? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക