Image

പുതുമയില്ലാത്ത ഷെര്‍ലക് ടോംസ്

Published on 04 October, 2017
   പുതുമയില്ലാത്ത ഷെര്‍ലക് ടോംസ്
ഷാഫി എന്ന സംവിധായകന്റെ നിരവധി ചിത്രങ്ങള്‍ കണ്ട് ചിരിച്ചു രസിച്ചവരാണ് മലയാളി പ്രേക്ഷകര്‍. മായാവി, പുലിവാല്‍ കല്യാണം, കല്യാണരാമന്‍ മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകള്‍ ഇതിനുദാഹരണമാണ്. ബിജു മേനോന്‍ നായകനായി എത്തിയ ഷെര്‍ലക് ടോംസാണ് ഷാഫിയുടെ പുതിയ ചിത്രം.

ചിത്രത്തിന്റെ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ അപാരമായ ബുദ്ധി കൂര്‍മ്മതയുള്ള കഥകളില്‍ നിറഞ്ഞു നിന്ന ആ കുറ്റാന്വേഷകനെ നമ്മള്‍ ഓര്‍ത്തുപോകും. ഷെര്‍ലക് ഹോംസ്. ഈ ചിത്രത്തിലെ നായകനായ തോമസിനും ആ പേരു വീഴുന്നത് സമാനമായ സ്വഭാവം ഉള്ളതുകൊണ്ടാണ്. എന്നാല്‍ ടൈറ്റിലില്‍ മാത്രമേ ഈ രസം നിലനിര്‍ത്താന്‍ സംവിധായകനു കഴിയുന്നുള്ളൂ എന്നതാണ് ചിത്രത്തിന്റെ പോരായ്മ.

ബിജുമേനോന്റെ താരമൂല്യവും ഷാഫി എന്ന സംവിധായകന്റെ മുന്‍കാല ചിത്രങ്ങളിലെ നര്‍മരസങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് ഈ ചിത്രവും നിര്‍മിച്ചിട്ടുള്ളതെങ്കിലും ഷെര്‍ലക് ടോംസ് അതിന്റെ നിഴലായിപോയി എന്നു വേണം പറയാന്‍. ബിജു മേനോന്‍ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. സ്‌കൂളിലെ അധ്യാപകന്റെ കള്ളത്തരങ്ങള്‍ ഒരു രഹസ്യാന്വേഷകനെ പോലെ തോമസ് കണ്ടു പിടിക്കുന്നു. പിന്നീട് കോപ്പിയടിച്ചെന്ന കാരണത്താല്‍ തോമസിനുംആ സ്‌കൂളില്‍ നിന്നു പോകേണ്ടി വരുന്നു. പിതാവ് തോമസിനെ ഒരു വര്‍ക്ക് ഷോപ്പില്‍ കൊണ്ടു ചെന്നാക്കുന്നു. എന്നാല്‍ അയാള്‍ അതു തുടരുന്നില്ല. നിരവധി പ്രതിസന്ധികളോടു പടവെട്ടി അയാള്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാകുന്നു. എന്‍ഫോഴ്‌സ്‌മെന്റിലേക്ക് ഡെപ്യൂട്ടേഷനില്‍ വരുന്നതോടെയാണ് അയാളുടെ പ്രതിസന്ധികള്‍ ആരംഭിക്കുന്നത്. തന്റെ ആത്മാഭിമാനത്തിനും ജോലിക്കും ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങളെ തോമസ് അതിജീവിക്കുന്നതും അതുമായി ബന്ധപ്പെട്ട് അയാള്‍ നടത്തുന്ന തന്ത്രങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ബിജുമേനോന്റെ വെള്ളിമൂങ്ങ പോലൊരു ചിത്രം പ്രതീക്ഷിച്ചു തിയേറ്ററില്‍ പോകുന്ന പ്രേകഷകനു ഈ ചിത്രം നല്‍കുന്നത് നിരാശയായിരിക്കും. ഷാഫിയും സച്ചിയും നജീം കോയയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ദുര്‍ബലമായതിരക്കഥയാണ് കഥയുടെ ഏറ്റവും വലിയ പോരായ്മ. ബിജുമേനോന്റെ കൈയ്‌മെയ് മറന്നുള്ള പ്രകടനമൊന്നും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പര്യാപ്തമല്ല. ചിത്രത്തിലെ കഥയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവവികാസങ്ങളും സ്‌കീനില്‍ ഒരാള്‍ക്കൂട്ടത്തെ സൃഷ്ടിക്കാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ. അധ്യാപകന്റെ അവിഹിതബന്ധവും വഴക്കാളിയായ ഭാര്യയുമായി വീട്ടിനകത്തും പുറത്തും ഉണ്ടാക്കുന്ന ബഹളങ്ങളും മദ്യപാനവും മോഷണവുമെല്ലാം കണ്ട് അല്‍പം അസഹ്യത തോന്നുമെന്നല്ലാതെ ചിരിപ്പിക്കാന്‍ കഴിയുന്നില്ല. കോമഡി നിറഞ്ഞ രംഗങ്ങള്‍ അവതരിപ്പിക്കാന്‍ ബിജുമേനോന്‍ എന്ന നടന്റെ കഴിവിനെ പരമാവധി മുതലാക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെ ഈ ചിത്രത്തിലില്ല. നായകന്റെ വഴക്കാളിയായ ഭാര്യയായി എത്തിയ സ്രിന്റ ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞു നിന്നു. തിരക്കഥയ്‌ക്കൊപ്പിച്ച് തന്നാലാകും വിധം ആ കഥാപാത്രത്തെ ഭംഗിയായി സ്രിന്റ് അവതരിപ്പിച്ചു. എങ്കിലും ചിലപ്പോഴെല്ലാം അതിരു കവിഞ്ഞു പോകുന്ന ബഹളങ്ങളായി ബിജുവും സ്രിന്റയും തമ്മിലുള്ള വഴക്കിന്റെ രംഗങ്ങള്‍ മാറുന്നുണ്ട്. അതുപോലെ തന്നെ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളും ചിത്രത്തില്‍ കുറവല്ല.

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഹാസ്യതാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ ചിത്രത്തിലുണ്ട്. സലിം കുമാര്‍, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍തങ്ങളാ#ാകും വിധം കോമഡി രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. എങ്കിലും ഹരീഷിന്റെ ചില നമ്പറുകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്. ഇവര്‍ക്കൊപ്പം സുരേഷ്‌കൃഷ്ണയും വിജയരാഘവനും കൂടി ചേരുന്നു. മാധ്യമപ്രവര്‍ത്തകയായി എത്തിയ മിയ ജോര്‍ജിന് ഈ ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

ക്‌ളൈമാക്‌സില്‍ കോമഡി വിട്ട് ചെറിയൊരു ത്രില്ലര്‍ മൂഡിലേക്ക് സിനിമ മാറുന്നുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ സംവിധായകനു കഴിഞ്ഞോ എന്നു സംശയമാണ്. ബിജിപാല്‍ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ കഥയ്ക്കും കഥാസന്ദര്‍ഭത്തിനും അനുയോജ്യമാണ്. വലിയ പ്രതീക്ഷകള്‍ കൂടാതെ പോയാല്‍ അത്യാവശ്യം കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രമണ് ഷെര്‍ലക് ടോംസ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക