Image

മധ്യപ്രദേശില്‍ ഐപിഎസ്‌ ഓഫീസറെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തി

Published on 08 March, 2012
മധ്യപ്രദേശില്‍ ഐപിഎസ്‌ ഓഫീസറെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തി
ഭോപാല്‍: ഖനന മാഫിയ മധ്യപ്രദേശില്‍ ഐപിഎസ്‌ ഓഫീസറെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തി. മൊറേന ജില്ലയിലെ ബാര്‍മോറ സബ്‌ ഡിവിഷണല്‍ ഓഫീസറായ നരേന്ദ്രകുമാര്‍ ഐപിഎസ്‌ (27) ആണ്‌ കൊല്ലപ്പെട്ടത്‌.

അനധികൃത ഖനനത്തെക്കുറിച്ച്‌ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ടാറ്റ സുമോയില്‍ അന്വേഷണം നടത്താന്‍ എത്തിയതായിരുന്നു നരേന്ദ്രകുമാര്‍. ഓഫീസറെ കണ്‌ടയുടന്‍ ട്രാക്‌ടര്‍ ട്രോളിയില്‍ ഖനനം ചെയ്‌ത രത്‌നക്കല്ലുകളുമായി ഡ്രൈവര്‍ രക്ഷപെട്ടു. തന്റെ വാഹനത്തില്‍ ട്രോളിയെ നരേന്ദ്രകുമാര്‍ പിന്തുടരുകയായിരുന്നു. ഇടയ്‌ക്കുവച്ച്‌ ട്രോളി ഡ്രൈവര്‍ പ്രധാന റോഡ്‌ വിട്ട്‌ ഇടവഴിയിലേക്ക്‌ കയറി. ഇതേത്തുടര്‍ന്ന്‌ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ നരേന്ദ്രകുമാര്‍ അതിവേഗത്തില്‍ ഓടി ട്രാക്‌ടര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെ ട്രോളി ഡ്രൈവര്‍ നരേന്ദ്രകുമാറിന്റെ ദേഹത്തേക്ക്‌ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നരേന്ദ്രകുമാറിനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക്‌ കൊണ്‌ടുപോയെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിക്കുകയായിരുന്നു.ട്രോളി ഡ്രൈവറെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക