Image

തരംഗം, ആസ്വാദ്യകരം

Published on 04 October, 2017
തരംഗം, ആസ്വാദ്യകരം


തന്റെ മുന്‍തലമുറ സംവിധായകരാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ചിത്രത്തിലെ സാദൃശ്യങ്ങള്‍ യാദൃശ്ചികമല്ലെന്നുമുള്ള സംവിധായകന്‍ അരുണ്‍ ഡൊമിനിക്കിന്റെ മുന്‍കൂര്‍ ജാമ്യത്തോടെയാണ്‌ തരംഗം എന്ന ചിത്രം ആരംഭിക്കുന്നത്‌. 

മലയാള സിനിമയിലെ പതിവു രീതികളില്‍ നിന്നു മാറി സിനിമയെടുക്കാനും പ്രമേയത്തിലും ആഖ്യാനത്തിലും ആ പുതുമ നിലനിര്‍ത്താനും ശ്രമിക്കുന്ന പ്രതിഭയുള്ള ഒരു സംവിധായകന്റെ കൈയ്യൊപ്പ്‌ ഈ ചിത്രത്തില്‍ കാണാനാകും.

വിഗ്രഹം മോഷ്‌ടിച്ചതിന്‌ ആളുകള്‍ തല്ലിക്കൊന്ന കള്ളന്‍ പവിത്രന്‍ പരലോകത്തെത്തുന്നു.ഈ പവിത്രനും ദൈവവവും തമ്മിലുളള സംഭാഷണത്തിലൂടെയാണ്‌ കഥ തുടങ്ങുന്നത്‌. ദൈവം എന്നു പറയുമ്പോള്‍ ദൈവികമായ പരിവേഷങ്ങളോ അടയാളങ്ങളോ ഇല്ല. 

സാധാരണക്കാരനേ പോലെ സംസാരിക്കുകയും വസ്‌ത്രം ധരിക്കുകയും ചെയ്യുന്ന ദൈവമായി എത്തുന്നത്‌ ദിലീഷ്‌ പോത്തനാണ്‌. ഹീബ്രുവും ലത്തീനും കലര്‍ന്ന ഭാഷ സംസാരിക്കുന്ന ദൈവം. 

പരലോകത്തെത്തിയ പവിത്രനോട്‌ ദൈവത്തിന്‌ ആദ്യം ദേഷ്യമായിരുന്നു. അതിനാല്‍ പവിത്രന്റെ രണ്ടാം തലമുറയെ ദൈവം നല്ല അസലായി ശപിച്ചു. ദൈവത്തിനും വീണ്ടുവിചാരമൊക്കെ ആകാമല്ലോ. പവിത്രനോട്‌ ചെയ്‌തത്‌ ഇത്തിരി കൂടുതലായി പോയില്ലേ എന്നൊരു സംശയം. 

അതോടെ പവിത്രന്റെ പിന്‍തലമുറ ഒരു തെറ്റു തിരുത്തിയാല്‍ ശാപമോക്ഷം തരാമെന്ന്‌ ദൈവം വാക്കു കൊടുത്തു. അതോടെ കഥ ഭൂമിയിലെത്തുന്നു. പിന്നീട്‌ പവിത്രന്റെ മൂന്നാം തലമുറയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌.

സിനിമ തുടങ്ങുന്നതുംഅവസാനിക്കുന്നതുമെല്ലാം ഒരു ഫാന്റസി സ്റ്റൈല്‍ മാതൃകയിലാണ്‌. ട്രാഫിക്‌ പോലീസുകാരാണ്‌ പത്മനാഭ പിളള എന്ന പപ്പനും(ടൊവീനോ) ജോയും(ബാലു വര്‍ഗീസ്‌). പപ്പന്റെ പെണ്‍സുഹൃത്താണ്‌ മാലു(ശാന്തി ബാലകൃഷ്‌ണന്‍). ഇവര്‍ മൂവരുടെയും ജീവതത്തെ ചുറ്റിപ്പറ്റിയാണ്‌ കഥ വികസിക്കുന്നത്‌.

 ജീവിതത്തെ തമാശയായി കാണുന്ന ആളാണ്‌ പപ്പന്‍. അയാളുടെ കാമുകി മാലിനിയുമൊത്ത്‌ വിവാഹിതരാകാതെ ജീവിക്കുകയാണ്‌. ഇവര്‍ക്കിടയിലെ രസങ്ങളും പ്രശ്‌നങ്ങളും വളരെ ഹൃദ്യമായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

വിഗ്രഹ മോഷ്‌ടാക്കളെ കണ്ടെത്തുന്നതിന്റെ ദൗത്യ നിര്‍വഹണത്തിനിടയില്‍ മേലുദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു. ഇതോടെ പപ്പനും ജോയും സസ്‌പെന്‍ഷനിലാകുന്നു. 

ഈ അവസരത്തില്‍ ആക്‌സിഡന്റ്‌ കേസില്‍ പെട്ട മകനെ രക്ഷിക്കാം എന്നു പറഞ്ഞ്‌ പപ്പനും ജോയും കൂടി വാങ്ങിയ അഞ്ചു ലക്ഷം രൂപ കൈക്കൂലി തിരിച്ചു കൊടുക്കണം എന്നു പറഞ്ഞ്‌ ഇട്ടിമാണി(അലന്‍സിയര്‍) എന്ന ആള്‍ ഇവരെ സമീപിക്കുന്നു. 

ഈ പണം കണ്ടെത്താന്‍ പപ്പനും ജോയും കൂടി നടത്തുന്ന ശ്രമങ്ങള്‍ അവരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും സങ്കീര്‍ണതകളിലേക്കും തള്ളിവിടുന്നു. ഇതില്‍ പപ്പന്റെ കാമുകിയായ മാലിനി കൂടി ഉള്‍പ്പെടുന്നതോടെ സംഭവങ്ങള്‍ ഗൗരവമേറിയതാകുന്നു.

അയാളുടെ കളളന്‍ പവിത്രനായി എത്തുന്നത്‌ മഹേഷിന്റെ പ്രതികാരത്തിലെ മെമ്പറായി വേഷമിട്ട അച്യുതാനന്ദനാണ്‌. പപ്പനായി വേഷമിട്ട ടൊവീനോ, ജോയായി എത്തിയ ബാലു വര്‍ഗീസ്‌ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. 

നായിക മാലിനിയായി വേഷമിട്ട ശാന്തി വ്യക്തിത്വമുള്ള കഥാത്രമായി തിളങ്ങിയിട്ടുണ്ട്‌. ചിന്താശേഷിയുള്ള നായകനേക്കാള്‍ കാര്യപ്രാപ്‌തിയുള്ള വ്യക്തിയായി നായികയെ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.

 ഇട്ടിമാണിയായെത്തിയ അലന്‍സിയര്‍, ഓമന വര്‍ഗീസ്‌ അവരുടെ സംശയരോഗിയായ ഭര്‍ത്താവായി എത്തിയ ഷമ്മി തിലകന്‍ എന്നിവരെല്ലാം തന്നെ മികച്ച അഭിനയം കാഴ്‌ച വച്ചിട്ടുണ്ട്‌. നേഹ അയ്യരും മികച്ചു നിന്നു. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്‌, വിജയരാഘവന്‍ എന്നിവര്‍ തങ്ങളുടെ കഥപാത്രങ്ങളോടു പരമാവധി നീതി പുലര്‍ത്തി.

ദൈവത്തെ തേടിയുള്ള ഒരന്വേഷണമാണ്‌ ഈ ചിത്രം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ ആസ്വദിച്ചു കാണാവുന്ന ചിത്രമാണിത്‌ എന്നതില്‍ സംശയമില്ല. താരരാജാക്കന്‍മാരില്ലാതെ തന്നെ തരക്കേടില്ലാത്ത ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കാന്‍ കഴിയുമെന്നും അതു കാണാന്‍ തിയേറ്ററില്‍ ആളുകളെത്തുമെന്നതിനും തെളിവാണ്‌ ഈ ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക